സെമിഫൈനല്‍ കടക്കാന്‍ രാഹുലിനാകുമോ?

വരാന്‍ പോകുന്ന നിര്‍ണ്ണായകമായ ലോകസഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന യുദ്ധത്തിനു കേളിക്കൊട്ടുയര്‍ന്നതോടെ ഇന്ത്യന്‍ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസ്സിനും മാത്രമല്ല, മറ്റു പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണ്. അതിനേക്കാളുപരി മോദിയും രാഹുലും മുഖാമുഖം ഏറ്റുമുട്ടുന്ന വേദിയായി ഈ തെരഞ്ഞെടുപ്പുകള്‍ മാറുകയാണ്. 5 വര്‍ഷം മുമ്പ് മോദിക്കുമുന്നില്‍ ഒന്നുമല്ലാതിരുന്ന താന്‍, ഇന്നങ്ങനെയല്ല എന്നു തെളിയിക്കേണ്ട ഉത്തരവാദിത്തമാണ് രാഹുലിനുള്ളത്. മോദിക്കാകട്ടെ തനിക്ക് ഒരു ക്ഷീണവുമില്ല എന്നു തെളിയിക്കാനുള്ള ബാധ്യതയും. […]

rrr

വരാന്‍ പോകുന്ന നിര്‍ണ്ണായകമായ ലോകസഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന യുദ്ധത്തിനു കേളിക്കൊട്ടുയര്‍ന്നതോടെ ഇന്ത്യന്‍ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസ്സിനും മാത്രമല്ല, മറ്റു പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണ്. അതിനേക്കാളുപരി മോദിയും രാഹുലും മുഖാമുഖം ഏറ്റുമുട്ടുന്ന വേദിയായി ഈ തെരഞ്ഞെടുപ്പുകള്‍ മാറുകയാണ്. 5 വര്‍ഷം മുമ്പ് മോദിക്കുമുന്നില്‍ ഒന്നുമല്ലാതിരുന്ന താന്‍, ഇന്നങ്ങനെയല്ല എന്നു തെളിയിക്കേണ്ട ഉത്തരവാദിത്തമാണ് രാഹുലിനുള്ളത്. മോദിക്കാകട്ടെ തനിക്ക് ഒരു ക്ഷീണവുമില്ല എന്നു തെളിയിക്കാനുള്ള ബാധ്യതയും.
ബി.ജെ.പിയുടെ ശക്തരായ മൂന്നു ശക്തരായ മുഖ്യമന്ത്രിമാരാണ് ഒരിക്കല്‍ ജനിധി തേടുന്നത്. രാജസ്ഥാന്‍- വസുന്ധര രാജെ, മധ്യപ്രദേശ് – ശിവ്രാജ് സിങ് ചൗഹാന്‍, ഛത്തീസ്ഗഡ് – രമണ്‍ സിങ് എന്നിവരുടെ രാഷ്ട്രീയഭാവിയാണു നിര്‍ണയിക്കപ്പെടുന്നത്. ഈ സംസ്ഥാനങ്ങളില്‍ മുഖ്യമായും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള ബലപരീക്ഷണമാകും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഏതാണ്ടു തൂത്തുവാരിയ സംസ്ഥാനങ്ങളാണിവ. ഈ സംസ്ഥാനങ്ങലിലെ 65 ലോക്സഭാ സീറ്റുള്ളതില്‍ 62 എണ്ണവും അവര്‍ സ്വന്തമാക്കിയിരുന്നു. ബിജെപിക്കെതിരെ മഹാസഖ്യമെന്ന കോണ്‍ഗ്രസിന്റെ സ്വപ്നം ഫലിക്കാത്ത രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സീറ്റുതര്‍ക്കംമൂലം എസ് പി.യും ബിഎസ്പിയും കോണ്‍ഗ്രസ്സുമായി അടുക്കുന്ന ലക്ഷണമില്ല.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഒരു മുഖ്യമന്ത്രിക്കും ഭരണത്തുടര്‍ച്ച നല്‍കാത്ത സംസ്ഥാനമാണു രാജസ്ഥാന്‍ എന്നതു കോണ്‍ഗ്രസ്സിനു പ്രതീക്ഷ നല്‍കുന്നു. ഛത്തീസ്ഗഡില്‍ 2003 മുതല്‍ രമണ്‍ സിങാണ് ബി.ജെ.പിയുടെ അമരക്കാരന്‍. എന്നാല്‍ ഓരോ തെരഞ്ഞെടുപ്പിലും അവരുടെ ഭൂരിപക്ഷം കുറയുന്നതാണ് ചരിത്രം. 15 വര്‍ഷമായി ബി.ജെ.പിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി ചൗഹാന് ഇപ്പോള്‍ പഴയ പ്രതിഛായയില്ല. ഇതെല്ലാം കോണ്‍ഗ്രസ്സിനു പ്രതീക്ഷ നല്‍കുന്നു. ഭരണവിരുദ്ധ വികാരം എല്ലായിടത്തുമുണ്ട്. അത് ചൂഷണം ചെയ്താല്‍ കോണ്‍ഗ്രസിന് പുഷ്പം പോലെ ജയിക്കാം. എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള അന്തരം വളരെ വലുതായതിനാല്‍ എത്രത്തോളം മുന്നോട്ടുപോകാനാവുമെന്ന് പറയാനാവില്ല. എന്നാലും ചില സര്‍വ്വേകള്‍ നല്‍കിയ ആവേശത്തിലാണ് കോണ്‍ഗ്രസ്സ് രംഗത്തിറങ്ങിയിട്ടുള്ളത്.
വവടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഏകസംസ്ഥാനമാണ് മിസോറം. അതു പിടിക്കാനായാല്‍ ആ മേഖലയില്‍ ബി.ജെ.പിയുടെ ആധിപത്യം ഏകദേശം പൂര്‍ണമാകും. അതേസമയം നിയമസഭ പിരിച്ചുവിട്ട് നേരത്തേ നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കിയ ടി.ആര്‍.എസ്. നേതാവ് കെ. ചന്ദ്രശേഖര്‍ റാവു ഇത്തവണയും വിജയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇവക്കൊപ്പം കര്‍ണാടകയിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലും രണ്ടു നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പു നടക്കുന്നുണ്ട്.
സംസ്ഥാനങ്ങളിലെ പ്രത്യേകവിഷയങ്ങള്‍ പ്രചരണത്തില്‍ ഉന്നയിക്കുമെങ്കിലും മുഖ്യമായും അഖിലേന്ത്യാരാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടുചോദിക്കാനാണ് കോണ്‍ഗ്രസ്സ് നീക്കം. വിലക്കയറ്റവും പണപ്പെരുപ്പവും നോട്ടുനിരോധനവും ജിഎസ്ടിയും റഫാല്‍ അഴിമതിയും പോലെ നിരവധി വിഷയങ്ങള്‍ അവര്‍ക്കുമുന്നിലുണ്ട്. മോദിയുടെ അഞ്ചുവര്‍ഷത്തെ ഭരണത്തിന്റെ പരാജയത്തിന്റെ പട്ടികയെടുത്താല്‍ അതുരപറഞ്ഞുമാത്രം കോണ്‍ഗ്രസ്സിനു ജയിക്കാനാകും. അതൊക്കെ ഫലപ്രദമായി ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധിക്കു കഴിയുമോ, കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനവും തെരഞ്ഞെടുപ്പ് മെഷിനറിയും അവസരത്തിനൊത്ത് ഉയരുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. നാല് സംസ്ഥാനങ്ങളില്‍ വിജയിക്കാനായാല്‍ ആത്മവിശ്വാസത്തോടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാം. എങ്കില്‍ ഇപ്പോള്‍ മടിച്ചു നില്ക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ യുപിഎയോട് അടുക്കുമെന്ന് രാഹുലിനും കൂട്ടര്‍ക്കും അറിയാം. അതിനാല്‍ തന്നെ ജീവന്മരണപോരാട്ടത്തിനാണ് കോണ്‍ഗ്രസ്സ് തയ്യാറാകുന്നത്.
അധികാരത്തില്‍ വന്നാല്‍ വിദേശത്തുള്ള മൊത്തം കള്ളപ്പണവും ഇന്‍ഡ്യയില്‍ കൊണ്ടു വരും, ഓരോ ഇന്‍ഡ്യക്കാരന്റെ അക്കൗണ്ടിലും 15 ലക്ഷം രൂപ വീതം ഇട്ടുകൊടുക്കും, പെട്രോള്‍ വില 40 രൂപയായി കുറയ്ക്കും, കോര്‍പ്പൊറേറ്റുകളുടെ കിട്ടാക്കടവും മുടങ്ങിക്കിടക്കുന്ന നികുതിയും പിരിച്ചെടുത്ത് ഇന്‍ഡ്യയിലെ കര്‍ഷകരുടെ കാര്‍ഷികകടം എഴുതിത്തള്ളും, മേക്കിംഗ് ഇന്‍ഡ്യാ പദ്ധതിയില്‍ക്കൂടി ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാക്കും, ഓരോ വര്‍ഷവും രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ കൊടുക്കും, GSTയും ആധാറും നടപ്പാക്കില്ല, നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറക്കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ക്ക് എന്തുപറ്റി എന്ന ചോദ്യം കൃത്യമായി ജനങ്ങളില്‍ എത്തിക്കാന്‍ പറ്റിയാല്‍ മാത്രം മതി ചരിത്രം മാറാന്‍. ഇന്ത്യന്‍ രൂപയുടെ വില റെക്കോര്‍ഡ് താഴ്ച്ചയിലെത്തിച്ചതും മറ്റാരുമല്ല. നോട്ട് നിരോധനത്തിന്റെ ദുരന്തങ്ങള്‍ ഇന്നും തുടരുന്നു. റാഫേല്‍ ഇടപാടോടെ അവിമതി വിരുദ്ധതയുടെ മുഖംമൂടിയും ഊര്‍ന്നുവീണു. 3 വര്‍ഷത്തിനിടെ 2.4 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് ലോണാണ് എഴുതി തള്ളിയത്. കിട്ടാക്കടം കാരണം ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 7.31 ലക്ഷം കോടി കവിഞ്ഞു. ഇന്ത്യന്‍ ബാങ്കുകളുടെ ചരിത്രത്തില്‍ ഇതൊരു റെക്കോര്‍ഡാണ്. നിരവധി ഭീമന്മാര്‍ ബാങ്കുകളെ വഞ്ചിച്ച് വിദേശത്തേക്കു കടന്നു. 2008 ലെ ആഗോള മാന്ദ്യത്തില്‍ പോലും പിടിച്ചു നിന്ന ബാങ്കുകള്‍ ഇക്കഴിഞ്ഞ പാദത്തില്‍ 44,000 കോടിയുടെ നഷ്ടത്തിലായിരുന്നു. 2014 ന് മുന്‍പ് സ്വിസ് ബാങ്കിലെ കള്ളപ്പണത്തില്‍ 50% വര്‍ദ്ധനവ് എന്ന് 2018 ജൂണിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കള്ളപ്പണം തിരിച്ചു വരികയല്ല, കൂടുകയാണ് എന്ന് വ്യക്തം. ബിജെപി പ്രസിഡന്റ് അമിത്ഷായുടെ മകന്‍ ജെയ്ഷയുടെ സ്വത്തില്‍ 16000 മടങ്ങ് വര്‍ദ്ധനവുണ്ടായി. 2012 ല്‍ അമിത് ഷായുടെ ആസ്തി 1.90 കോടിയായിരുന്നത് 2017 ല്‍ 19 കോടിയായി. മറുവശത്ത് കടബാധ്യതമൂലം കര്‍ഷക ആത്മഹത്യ 40% മാണ് കൂടിയത്. അവരില്‍ 68% പേരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.് കാര്‍ഷിക വരുമാന വളര്‍ച്ച നിരക്ക് 4.2 % ആയിരുന്നു എങ്കില്‍ ഇപ്പോഴത് 1.9% ആയി ചുരുങ്ങി. കാര്‍ഷിക ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 9 ബില്യണ്‍ ഡോളര്‍ ഇടിവുണ്ടായി.
മോദി ഏറ്റവും കൊട്ടിഘോഷിച്ചിരുന്ന രാജ്യരക്ഷയുടെ കാര്യമോ? 2014 മുതല്‍ മൂന്നു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ ജവാന്മാരുടെ എണ്ണം 191 ആണ്. ഇത് upa ഭരണ കാലത്തേക്കാള്‍ 72% കൂടുതലാണ്. കാശ്മീരിലെ ഭീകരാക്രമണങ്ങളില്‍ 42% വര്‍ദ്ധനവുണ്ടായി. കൊല്ലപ്പെട്ട സിവിലിയന്‍സിന്റെ എണ്ണം 37% കൂടി. അയല്‍രാജ്യങ്ങളോടെല്ലാം സംഭവിച്ചത് നയതന്ത്ര പരാജയമാണെന്ന് വിദഗ്ധര്‍ പറയുന്നു. ആഭ്യന്തരരംഗത്ത് ഗോമാംസത്തിന്റെ പേരില്‍ മനുഷ്യരെ അടിച്ചു കൊല്ലുന്ന വാര്‍ത്തകള്‍ സാധാരണയായി.
ദാരിദ്ര ഇന്‍ഡക്‌സില്‍ ഇന്ത്യ വീണ്ടും മോശമാവുകയാണ്. 119 രാജ്യങ്ങളില്‍ ഇന്ത്യ ഇപ്പോള്‍ 100-ാം റാങ്കിലാണ്. അഫ്ഗാനും പാക്കിസ്ഥാനും മാത്രമാണ് അയല്‍ രാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ മോശം. അഭ്യന്തര കലഹവും യുദ്ധവും നടക്കുന്ന ഇറാഖ് പോലും ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നില്‍ ചാടി. സ്ഥാനം 78 ആണ്. സ്ത്രീ സുരക്ഷയിലാകട്ടെ വലിയ മോശം റെക്കോര്‍ഡാണ്. 12 % മാണ് ബലാത്സംഗത്തിലെ വര്‍ദ്ധനവ്. കത്വയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതികളെ രക്ഷിക്കാന്‍ ബിജെപി റാലി നടത്തിയത് അനുഭാവികളെപോലും ഞെട്ടിച്ചു. ഉന്നാ കേസില്‍ കുറ്റവാളിയായ ബിജെപി എം. എല്‍. എയെ സംരക്ഷിക്കാനും ശ്രമം നടന്നു.
സ്വതന്ത്ര ഇന്ത്യയില്‍ ഒരു സര്‍ക്കാരും ഇത്രമാത്രം പരാജയങ്ങളുടെ പട്ടിക നേരിട്ടിട്ടുണ്ടാവില്ല. ഇതിനെല്ലാം പുറമെയാണ് സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍. ഇതിനെയെല്ലാം വര്‍ഗ്ഗീയവികാരങ്ങള്‍ ഇളക്കി മറികടക്കാനാകും നീക്കം. എന്നാലത് മുമ്പത്തെപോലെ എളുപ്പം നടക്കില്ലെന്ന് ബിജെപിക്കുപോലും അറിയാം. ചോദ്യം ഇവയെല്ലാം സമര്‍ത്ഥമായി ഉന്നയിക്കാനും ബിജെപി വിരുദ്ധശക്തികളെ ഒന്നിപ്പിക്കാനും കോണ്‍ഗ്രസ്സിനും രാഹുലിനും സാധിക്കുമോ എന്നതാണ്. എങ്കില്‍ സെമിഫൈനല്‍ മാത്രമല്ല, ഫൈനലും വിജയിക്കാന്‍ അവര്‍ക്കാകും. രാഹുലിന്റെ യോഗങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ജനക്കൂട്ടം അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply