
സെക്യുലറിസം: വിപണിയുടേയും ദേശരാഷ്ട്രത്തിന്റേയും മതം
ടോമി മാത്യു വിപണിയുടെ മതമാണ് സെക്യുലറിസം. ആധുനിക ദേശ രാഷ്ട്രങ്ങളുടെ മതവും മറ്റൊന്നല്ല. വികേന്ദ്രീകരിക്കപ്പെട്ട സ്വത്വബോധങ്ങള്‍ക്ക് മേലെ ഒരു ഏകീകൃത വിപണി പടുത്തുയര്‍ത്താനാവില്ല. അക്രമാസക്തമായ ദേശീയതക്കും സ്വത്വങ്ങളുടെ നാനാത്വം സ്വാഭാവികമായ പ്രതിരോധമായി മാറുന്നു. അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള, ജീന്‍സ് ധാരിയും കോള മൊത്തുന്നവനും ബര്‍ഗര്‍ ചവക്കുന്നവനുമായ പുതിയ വിശ്വമാനവനെ സൃഷ്ടിക്കാനുള്ള കോര്‍പ്പറേറ്റ് ലോകത്തിന്റെ ആഗോളതല സോഷ്യല്‍ എഞ്ചിനീയറിംഗ് പദ്ധതിയുടെ ഏറ്റവും വലിയ രാസത്വരകമാണ് സെക്യുലറിസം. ആ തര്‍ക്കത്തിന്റെ മൂല രൂപത്തില്‍ നിന്നുതന്നെ നമുക്ക് തുടങ്ങാം. സെക്യുലര്‍ – […]
വിപണിയുടെ മതമാണ് സെക്യുലറിസം. ആധുനിക ദേശ രാഷ്ട്രങ്ങളുടെ മതവും മറ്റൊന്നല്ല.
വികേന്ദ്രീകരിക്കപ്പെട്ട സ്വത്വബോധങ്ങള്‍ക്ക് മേലെ ഒരു ഏകീകൃത വിപണി പടുത്തുയര്‍ത്താനാവില്ല. അക്രമാസക്തമായ ദേശീയതക്കും സ്വത്വങ്ങളുടെ നാനാത്വം സ്വാഭാവികമായ പ്രതിരോധമായി മാറുന്നു. അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള, ജീന്‍സ് ധാരിയും കോള മൊത്തുന്നവനും ബര്‍ഗര്‍ ചവക്കുന്നവനുമായ പുതിയ വിശ്വമാനവനെ സൃഷ്ടിക്കാനുള്ള കോര്‍പ്പറേറ്റ് ലോകത്തിന്റെ ആഗോളതല സോഷ്യല്‍ എഞ്ചിനീയറിംഗ് പദ്ധതിയുടെ ഏറ്റവും വലിയ രാസത്വരകമാണ് സെക്യുലറിസം.
ആ തര്‍ക്കത്തിന്റെ മൂല രൂപത്തില്‍ നിന്നുതന്നെ നമുക്ക് തുടങ്ങാം. സെക്യുലര്‍ – സേക്രഡ് എന്നായിരുന്നു തുടക്കം. മതവിശ്വാസങ്ങള്‍ക്കോ മതാധികാരത്തിനോ എതിരെ യൂറോപ്യന്‍ നവോത്ഥാനമോ, ആധുനികതയോ, ഉല്പതിഷ്ണുത്വമോ നേരെ കയറി സെക്യുലറിസത്തിന്റെ പതാക ഉയര്‍ത്തുകയായിരുന്നില്ല. ഈശ്വരവിശ്വാസവും നിരീശ്വരവാദവും തമ്മിലോ, ഭക്തിയും യുക്തിയും തമ്മിലോ ആയിരുന്നില്ല ആദ്യകാല വേര്‍പിരിയല്‍. സേക്രഡിന്റെ വിപരീതമല്ല സെക്യുലര്‍ എന്നു നമുക്കറിയാം. പ്രൊഫെയ്ന്‍ എന്ന വാക്കാണ് സേക്രഡിന് വിപരീതമായി പറയുന്നത്. സൂക്ഷ്മ നിഷ്‌ക്കര്‍ഷയില്ലാതെ തര്‍ജ്ജമ ചെയ്താല്‍ പവിത്രം- മ്ലേച്ഛം, പൂജ്യം – നിന്ദ്യം എന്നൊക്കെയാവാം. യൂറോപ്യന്‍ ചരിത്രത്തിലെ ഒരു പരിമിത ഏടായ ഇരുണ്ട്, മധ്യകാല യുഗത്തിലെ മതാധികാരഘടനയുടെ, പവിത്ര-മ്ലേച്ഛ സങ്കല്പങ്ങള്‍ക്കെതിരെ അവിടത്തെ ‘നവോത്ഥാനം’ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രതിഭാസം ഉയര്‍ത്തിയ വെല്ലുവിളിയാണ് സെക്യുലറിസം. അത്രയും പ്രസക്തി അതിനുണ്ട്. അത്രയും പ്രസക്തിയേ അതിനുള്ളൂ എന്നതാണ് പ്രധാനം.
വ്യവസായ വിപ്ലവത്തിന്റെ ആശയ പരിസരത്തില്‍ പ്രധാന സ്ഥാനമലങ്കരിക്കുന്നുണ്ട് സെക്യുലറിസം. മനുഷ്യരുടെ സ്വാതന്ത്ര്യ വാഞ്ഛയേയും സ്വയം നിര്‍ണ്ണായാവകാശത്തേയും വിഭവ -അവസര ലഭ്യതയേയും അസാധ്യമാക്കുന്ന ഭീകര രൂപമാര്‍ന്ന സൈനീക- വ്യവസായ സമുച്ഛയമായി വ്യവസായ സംസ്‌കൃതി ഇന്ന് മാറിയിരിക്കുന്നു. ഭൗമഗൃഹത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കുന്ന കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും അതിന്റെ സൃഷ്ടിയാണ്. ഒരു അപവളര്‍ച്ചാ സമൂഹമായി, പോസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സമൂഹമായി സ്വയം പരിവര്‍ത്തിപ്പിച്ചുകൊണ്ടല്ലാതെ മനുഷ്യകുലത്തിന് അതിജീവനം സാധ്യമല്ല. വ്യവസായ സംസ്‌കൃതിയു#െ ആശയപരിസരമായ സെക്യുലറിസത്തോട് കണക്കു തീര്‍ത്തുകൊണ്ടല്ലാതെ ഈ മാറ്റം സാധ്യമല്ല.
ഗുണദോഷ വിചാരങ്ങളെ പൗരോഹിത്യത്തിന്റെ പവിത്ര-മ്ലേച്ഛ സങ്കല്പങ്ങളില്‍ നിന്നും മാത്രമല്ല സെക്യുലറിസം അടര്‍ത്തിമാറ്റിയത്. പൗരോഹിത്യം നിര്‍ണ്ണയിച്ചതും വ്യാഖ്യാനിച്ചതുമായ പവിത്ര-മ്ലേച്ഛ തരംതിരിവുകളോ ശുദ്ധാശുദ്ധ നിര്‍ണ്ണയങ്ങളോ മാത്രമല്ല സെക്യുലറിസം തിരസ്‌കരിച്ചത്. ഭൗതികേതരവും അളവുകള്‍ക്ക് വഴങ്ങാത്തതുമായ എല്ലാ മൂല്യപരിസരങ്ങളില്‍ നിന്നുമുള്ള പിന്‍മാറ്റവും അത്തരം മൂല്യപരിസരങ്ങളുടെ നിരാകരണവുമാണ് നടന്നത്.
ഒന്നും പവിത്രമല്ലാതിരുന്നാലേ എന്തും ചൂഷണം ചെയ്യാനാവൂ. വേദാന്തക്ക് നിയാംഗിരി കുന്നുകളുടെ പവിത്രതയാണ് പ്രതിബന്ധം. റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് കാവുകളുടെ പവിത്രത ഇല്ലാതാവണം. അസ്ഥിത്തറകളും കുഴിമാടങ്ങളും പവിത്രമല്ലാതായാലേ പുരയിടങ്ങള്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് വഴി മാറുകയുള്ളൂ. അയ്യപ്പന്റെ പൂങ്കാവനം എന്ന പവിത്രസങ്കല്പം ഇല്ലാതായാലേ വിജൃംഭിത ഹിന്ദുത്വത്തിന് കോണ്‍ക്രീറ്റ് സമുച്ചയങ്ങളിലൂടെ വ്യവസായം നടത്താനാവൂ. നര്‍മ്മദ പവിത്രമാണെന്ന ജനസഞ്ചയത്തിന്റെ ‘അന്ധവിശ്വാസ’ത്തെ തകര്‍ക്കാതെ സര്‍ദാര്‍ സരോവര്‍ പദ്ധതി നടപ്പാക്കാനോ, ഹിന്ദു ഹൃദയ സാമ്രാട്ടിന് റിസര്‍വോയറില്‍ സര്‍ദാര്‍ പട്ടേലിന്റെ ഭീമാകാര പ്രതിമ സ്ഥാപിക്കാനോ കഴിയില്ല. വിപണിയുടെ പ്രത്യശാസ്ത്രമാണ് സെക്യുലറിസം. വികസനത്തിന്റെയും വിജൃംഭിത ദേശീയ ബോധത്തിന്റെയും
മതേതരത്വമെന്നും മത നിരപേക്ഷതയെന്നും നമ്മള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സെക്യുലര്‍ മനസ്സിനെ ദൃഢീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ സംഭവിക്കുന്നത് സമാന്തരമായൊരു പ്രക്രിയയാണ്: ഭൗതിക മാപിനികള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വഴങ്ങാത്ത മൂല്യബോധങ്ങളുടെ പൊതു ഇടങ്ങളില്‍ നിന്നുമുള്ള തിരോധാനം. മതാതീതമായ ആത്മീയതയെന്ന് കുളിപ്പിച്ച് കുട്ടപ്പനാക്കിയ മൂല്യബോധങ്ങള്‍ നിവര്‍ത്തി വിരിച്ചതുകൊണ്ട് സെക്യുലറിസത്തിന്റെ ജനിതക പരിമിതികള്‍ മറയ്ക്കാനാവില്ലെന്നതും ശ്രദ്ധിക്കണം. സമൂഹത്തിന്റേയും സമുദായങ്ങളുടേയും മൂല്യപരിസരങ്ങളില്‍ നിന്നും സ്വമേധയായോ സാഹചര്യവശാലോ വിച്ഛേദനം സിദ്ധിച്ചവര്‍ക്ക് അവ അത്താണിയാവുന്നുണ്ടെന്നത് നേര്. അത്രത്തോളം അവ സാധൂകരിക്കപ്പെടുന്നു. എന്നാല്‍ ജഡിലാചാര നിഷ്ഠത കൊണ്ടും അധികാര ബാന്ധവം വഴിയും മലീമസമാക്കപ്പെട്ട മൂല്യങ്ങളെ അവയുടെ സ്രോതസ്സുകളുടെ സത്തയില്‍ നിന്നുമാണ് വീണ്ടെടുക്കേണ്ടത്. അജ്ഞതയുടേയും അന്ധവിശ്വാസങ്ങളുടേയും താഴ്ന്ന ബോധ നിലവാരങ്ങളുടേയും പരാവാരത്തിലേ ബോധോദയത്തിന്റെ ദ്വീപുകളായി സ്വയം അവരോധിക്കുവാനുള്ള പഴയ വെള്ളക്കാരന്റെ ഭാരമാണ്. ഇത്തരക്കാര്‍ ചുമലില്‍ നിന്നും ഇറക്കിവെക്കേണ്ടത്. അവബോധം കൊണ്ട് അനുഭൂതികളെ റദ്ദുചെയ്യുന്ന സെക്യുലറിസത്തിന്റെ സമീപനങ്ങളെ വിളിക്കേണ്ടത് യുക്തിയുടെ അക്രമാസക്തത എന്നുതന്നെയാണ്, (- പാഠഭേദം ശില്പശാല- പെരിങ്ങാവ്, ഒക്‌ടോബര്‍ 1999)
അറിഞ്ഞതിനേക്കാള്‍ അറിയാനുണ്ടെന്നും അറിയാനുള്ളത് അറിഞ്ഞതിനെ റദ്ദാക്കിയേക്കാമെന്നുമുള്ള വിനയമാണ് മനുഷ്യസഹജം. മതവിശ്വസികളും സെക്യുലര്‍ വിശ്വാസികളും പങ്കിടേണ്ടപൊതു ഭൂമികയാണിത്. എല്ലാം വെളിപ്പെട്ടിരിക്കുന്നുവെന്ന് മതപൗരോഹിത്യം. അറിഞ്ഞതുവെച്ച് തന്നെ ഈ പ്രപഞ്ചത്തെ നിയന്ത്രിച്ചു മെരുക്കാമെന്ന് ശാസ്ത്രപൗരോഹിത്യം. സഹജീവിതത്തിനും അതിജീവനത്തിനും നേരെ ഉയരുന്ന ഇരട്ട വെല്ലുവിളികളാണിവര്‍. അവരെ മാറ്റിനിര്‍ത്തിയാല്‍ പ്രപഞ്ചത്തിന്റെ രഹസ്യാത്മകതക്കു മുന്നില്‍ നമ്മള്‍ വിവേകികളോ ജിജ്ഞാസുക്കളോ, വിനയികളോ, നിസ്സംഗരോ, നിസ്സഹായരോ എന്നത് നമ്മെ ഇത്ര കണ്ട് കള്ളി തിരിക്കണമോ?
പാഠഭേദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in