സെക്യുലറിസം ഇന്ത്യന്‍ പൗരത്വം നേടണം

സിവിക് ചന്ദ്രന്‍ ഇന്ത്യന്‍ സെക്യുലറിസമോ എന്നൊരു യുക്തിവാദി ബുദ്ധിജീവി അന്തം വിട്ടുനിന്നത് കോഴിക്കോട്ടെ കേരളാ ലിറ്റററി ഫെസ്റ്റിലാണ്: ഇന്ത്യന്‍ ബയോളജിയുണ്ടോ? ഇന്ത്യന്‍ കെമിസ്ട്രിയുണ്ടോ? ഇന്ത്യന്‍ ഫിസിക്‌സ്? പിന്നെങ്ങനെ ഇന്ത്യന്‍ മതേതരത്വം? സയന്‍സല്ല സോഷ്യല്‍ സയന്‍സ് എന്നു പറയാതെ തന്നെ ചോദിക്കാം: വൈ നോട്ട് ഇന്ത്യന്‍ ഫിസിക്‌സ്,് ബയോളജി, കെമിസ്ട്രി? സെക്യുലറിസത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യമായന്വേഷിക്കേണ്ടത് യുക്തിവാദികളുടെ, ഇടതുപക്ഷക്കാരുടെ, സെക്യുലറിസ്റ്റുകളുടെ തന്നെ സെക്യുലറിസം എങ്ങനെ രൂപപ്പെട്ടു. എന്നതാണ്. യൂറോപ്യന്‍ സിറ്റി സ്റ്റേറ്റുകളില്‍ നിന്ന് രൂപപ്പെട്ട ഓരാശയമാണത്. ഒരേ മതവും […]

sssസിവിക് ചന്ദ്രന്‍
ഇന്ത്യന്‍ സെക്യുലറിസമോ എന്നൊരു യുക്തിവാദി ബുദ്ധിജീവി അന്തം വിട്ടുനിന്നത് കോഴിക്കോട്ടെ കേരളാ ലിറ്റററി ഫെസ്റ്റിലാണ്: ഇന്ത്യന്‍ ബയോളജിയുണ്ടോ? ഇന്ത്യന്‍ കെമിസ്ട്രിയുണ്ടോ? ഇന്ത്യന്‍ ഫിസിക്‌സ്? പിന്നെങ്ങനെ ഇന്ത്യന്‍ മതേതരത്വം?
സയന്‍സല്ല സോഷ്യല്‍ സയന്‍സ് എന്നു പറയാതെ തന്നെ ചോദിക്കാം: വൈ നോട്ട് ഇന്ത്യന്‍ ഫിസിക്‌സ്,് ബയോളജി, കെമിസ്ട്രി? സെക്യുലറിസത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യമായന്വേഷിക്കേണ്ടത് യുക്തിവാദികളുടെ, ഇടതുപക്ഷക്കാരുടെ, സെക്യുലറിസ്റ്റുകളുടെ തന്നെ സെക്യുലറിസം എങ്ങനെ രൂപപ്പെട്ടു. എന്നതാണ്. യൂറോപ്യന്‍ സിറ്റി സ്റ്റേറ്റുകളില്‍ നിന്ന് രൂപപ്പെട്ട ഓരാശയമാണത്. ഒരേ മതവും സംസ്‌കാരവും ഭാഷയുമുള്ളിടങ്ങളില്‍ രൂപപ്പെട്ടത്. ചെറിയ കാറ്റടിച്ചാല്‍ പോലും അക്രമാസക്തമാകാവുന്നത്. പുതിയ ഫ്രാന്‍സ് തന്നെ ഉദാഹരണം.
മതത്തെ മുന്‍വാതിലില്‍ നിന്നോടിച്ച് പിന്‍വാതിലിലൂടെ പ്രവേശിപ്പിച്ച ആ ദേശീയതകളില്‍ രാഷ്ട്രത്തിന് മതമുണ്ട്, ജനങ്ങള്‍ക്ക് ഇല്ലാ എങ്കിലും. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ മറിച്ചാണ് സ്ഥിതി. ഇവിടെ ഭരണകൂടത്തിന് മതമില്ല. പക്ഷേ ജനങ്ങള്‍ക്ക് മതമുണ്ട്. ഇത്രയും വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമുള്ള രാജ്യത്ത് എങ്ങനെ യൂറോപ്യന്‍ മതേതരത്വം പ്രയോഗിക്കാനാവും? എന്തിനത് നാം സ്വീകരിക്കണം?
അതുകൊണ്ടാണ് നമുക്കൊരു ഇന്ത്യന്‍ മതേതരത്വമുള്ളത്. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടതാണത്. ഗാന്ധിജിയാണതിന്റെ മാതൃക. ഒരു സനാതന ഹിന്ദു, അതും വര്‍ണാശ്രമത്തില്‍ വിശ്വസിച്ചു കൊണ്ടുതന്നെ സെക്യുലറാവുന്നതിന്റെ മാതൃകയാണത്. രാമരാജ്യമെന്നു പറയുമ്പോള്‍ അതിലെ രാമന്‍ അയോധ്യയിലെ രാമനല്ല, ദശരഥന്റെ മകനല്ല. സീതയുടെ ഭര്‍ത്താവല്ല. ലക്ഷ്മണന്റെ ഏട്ടനല്ല, മര്യാദാ പുരുഷോത്തമനായ രാമന്‍. ഹേ റാം! എന്നു പറയുമ്പോള്‍ ഹേ റഹീം എന്നും തന്നെയാണ് ഗാന്ധിജി ഉച്ചരിക്കുന്നത്. കൃഷ്ണനെന്നാല്‍ കരിം എന്നു കൂടി.
ഒരു കടുത്ത മതവിശ്വാസിക്കും സെക്യുലറാവാം. അല്ലെങ്കില്‍ വിശ്വാസികളില്‍ നിന്നാണ് സെക്യുലറിസം രൂപപ്പെടേണ്ടത്, വിശ്വാസത്തിലെടുത്തു കൊണ്ടും ഭൂരിപക്ഷം വിശ്വാസികളായ ഒരു ദേശത്ത് വിശ്വാസത്തെ പരിഹസിക്കുന്ന, അവഗണിക്കുന്ന ഒരു യുക്തിവാദ സെക്യുലറിസം വേരു പിടിക്കുകയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഹിന്ദുത്വത്തിനെതിരെ ‘ഹിന്ദുസ്വരാജ്’ ഉയര്‍ത്തിപ്പിടിക്കണമെന്നു പറയുന്നത്. വലതുപക്ഷ ഹിന്ദുത്വത്തിനെതിരെ ഇടതുപക്ഷ ഹിന്ദുത്വം ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഏതു രാമന്‍ എന്ന ചോദ്യത്തിലൂടെ ഒരു ധ്രുവീകരണത്തിന് ശ്രമങ്ങള്‍ നടന്നതതിനാലാണ്.
വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങളാണ് എന്നു വിളിച്ചു പറയുന്നവര്‍ക്ക് വിശ്വാസികളുമായൊരു ഡയലോഗ് സാധ്യമാവില്ല. ഞങ്ങളിലില്ല ഹൈന്ദവ രക്തം, ക്രൈസ്തവ രക്തം, മുസ്ലീം രക്തം എന്നെല്ലാം ആണയിടാം. എന്നാല്‍ മറ്റുള്ളവരിലതുണ്ട്. ഭൂരിപക്ഷത്തിന്റേയും മൂല്യങ്ങള്‍ നിര്‍ണയിക്കുന്നതു തന്നെ മതവിശ്വാസമാണ്. ആ മതവിശ്വാസം കെട്ടിക്കിടക്കുന്നതല്ല. ഒരാന്തരി ഡൈനാമിക്‌സിനാല്‍ സ്വയം അപ്‌ഡേറ്റ് ചെയ്യുന്നതുമാണ്. വിശ്വാസം. അങ്ങനെ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഭക്തി പ്രസ്ഥാനവും കബീറും ബുദ്ധനും ഗാന്ധിജിയും ശ്രീ നാരായണനുമെല്ലാമുണ്ടാകുന്നത്. ക്രിസ്ത്യാനിറ്റിയില്‍ വിമോചന ദൈവശാസ്ത്രമുണ്ടാകുന്നത്. മുസ്ലീങ്ങളില്‍ ഇസ്ലാമിക ഫെമിനിസം ചര്‍ച്ച ചെയ്യപ്പെടുന്നത് അതുകൊണ്ട് നമുക്കൊരു നെഗറ്റീവ് മതേതരത്വമല്ല വേണ്ടത്. തുറന്നതും സര്‍ഗാത്മകവും സമഗ്രവുമായ മതേതരത്വമാണ്. ആ മതേതരത്വവുമായി ബന്ധപ്പെട്ടാണ് സെക്യുലറിസം ഇന്ത്യന്‍ പൗരത്വം നേടണമെന്നു പറയുന്നത്.
മതേതരത്വം ഇന്ത്യന്‍ പൗരത്വം നേടിയാല്‍ മാത്രം പോരാ, മലയാളത്താല്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെടുകും വേണം. മലയാളത്തിന്റെ മതേതരത്വം അടയാളപ്പെടുത്തപ്പെടുന്നത് ശ്രീ നാരായണനാലാണ് ജാതിഭേദം, മതദ്വേഷമേതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്. ജാതിഭേദവും മതദ്വേഷവുമില്ലാത്ത അവസ്ഥയാണ് മതേതരത്വം സൃഷ്ടിക്കേണ്ടത്, ജാതിയും മതവും ദൈവവുമില്ലാത്ത അവസ്ഥയല്ല. അവ വേണ്ടാത്തവര്‍ക്ക് വേണ്ട, പക്ഷേ അവര്‍ക്കു പോലും ധര്‍മ്മം വേണം ധര്‍മ്മം വേണം ധര്‍മ്മം വേണമെന്ന് മൂന്നു തവണ സഹോദരനയ്യപ്പന്‍. ജാതിയുമതവുമില്ലായ്മയുടെ ദൈവവിരോധത്തിന്റെ മൂര്‍ത്തിയായി ശ്രീനാരായണന്‍ ഇടതുപക്ഷ യുക്തിവാദത്തേക്ക് വലിച്ചു നീട്ടപ്പെടുന്നതിനോടുള്ള പ്രതികരണമാണ് കാവി നാരായണന്‍. ശ്രീനാരായണനെ വീണ്ടെടുക്കേണ്ടത് കാവിയില്‍ നിന്നു മാത്രമല്ല ചുവപ്പില്‍ നിന്നു കൂടി. അതുകൊണ്ടാണ് മതേതര മലയാളി സൃഷ്ടിക്കപ്പെടുന്നതിന് സെക്യുലറിസം ഇന്ത്യന്‍ പൗരത്വം നേടുകയും മലയാളത്തില്‍ ജ്ഞാനസ്‌നാനപ്പെടുകയും ചെയ്യണമെന്നു വാദിക്കുന്നത്. കേരളം യുക്തിവാദികളുടെ സമൂഹമാണ്. മതത്തിനകത്തും പുറത്തുമുള്ള യുക്തി വാദികളാല്‍ വളയപ്പെട്ട സമൂഹം. യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നറുക്കെടുപ്പ് നടത്തിയാല്‍ മതിയാകും. പക്ഷേ ഇത് പുറം പൂച്ചു മാത്രം. ടീ ഷര്‍ട്ടില്‍ നാമെല്ലാം ഗുവേര തന്നെ. പക്ഷെ അകത്തെ നെഞ്ചില്‍ പച്ച കുത്തിയിരിക്കുന്നത് അമൃതാനന്ദമയിയുടേതും. മലയാളിയുടെ അകത്തോടും പുറത്തോടും ഒരേ പോലെ സംസാരിക്കുന്ന ഒരു മതേതരത്വം നമുക്കാവശ്യമുണ്ട്. ഇല്ലെങ്കില്‍ പാരിസിലേതുപോലെ മതേതര മൗലിക വാദം നയിക്കുന്ന ഒരു സമൂഹമായിത്തീരും. നാം ക്രിസ്തീയ മൗലികവാദത്തെപ്പോലെ ഇസ്ലാമിക മൗലിക വാദത്തെപ്പോലെ ഹൈന്ദവ മൗലിക വാദത്തെപ്പോലെയും നിരാകരിക്കപ്പെടേണ്ടതാണ്. സെക്യുലര്‍ ഫണ്ടമെന്റലിസവും. പൊട്ടു തൊടാനോ തട്ടമിടാനോ സെക്യുലര്‍ കമ്മിസ്സാറുടെ മുമ്പില്‍ തലകുനിച്ചു നില്‍ക്കേണ്ടി വരുന്ന അവസ്ഥ മലയാളികള്‍ സത്യമായും ഭയപ്പെടേണ്ടിയിരിക്കുന്നു.

പാഠഭേദം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply