സുപ്രിംകോടതിവിധിയും കഥയറിയാതെ ആട്ടം കാണുന്നവരും

എഡിറ്റോറിയല്‍: ‘സഖാവ്’ വാരിക തെരഞ്ഞെടുപ്പിനെ മതേതരമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി മതം രാഷ്ട്രീയത്തില്‍ ഇടപെടെണ്ടെന്നും മതത്തിന്റേയും ജാതിയുടേയും സമുദായത്തിന്റേയും പേരില്‍ വോട്ടു തേടിയാല്‍ അത് നിയമവിരുദ്ധമാകുമെന്നും വ്യക്തമാക്കിക്കൊണ്ട് പുതുവര്‍ഷാരംഭത്തില്‍ സുപ്രീം കോടതി അസാധാരണമായ വിധി പുറപ്പെടുവിച്ചിരിക്കുന്നു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതിനെതിരായ വിധിയെന്ന നിലയില്‍ വളരെ വ്യാപകമായി ഇത് സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. മതം രാഷ്ട്രീയത്തില്‍ ഇടപെട്ടുകൂടെന്നും മതം ഒരു സ്വകാര്യവിഷയമായിരിക്കണമെന്നും ഭരണകൂടം മതേതരമായിരിക്കണമെന്നും ഉറച്ച നിലപാടുള്ള മതേതര – ജനാധിപത്യ ശക്തികളെ സംബന്ധിച്ചേടത്തോളം മതത്തെ രാഷ്ട്രീയത്തില്‍ നിന്നൊഴിവാക്കുന്ന ഏതൊരു […]

SSഎഡിറ്റോറിയല്‍: ‘സഖാവ്’ വാരിക

തെരഞ്ഞെടുപ്പിനെ മതേതരമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി
മതം രാഷ്ട്രീയത്തില്‍ ഇടപെടെണ്ടെന്നും മതത്തിന്റേയും ജാതിയുടേയും സമുദായത്തിന്റേയും പേരില്‍ വോട്ടു തേടിയാല്‍ അത് നിയമവിരുദ്ധമാകുമെന്നും വ്യക്തമാക്കിക്കൊണ്ട് പുതുവര്‍ഷാരംഭത്തില്‍ സുപ്രീം കോടതി അസാധാരണമായ വിധി പുറപ്പെടുവിച്ചിരിക്കുന്നു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതിനെതിരായ വിധിയെന്ന നിലയില്‍ വളരെ വ്യാപകമായി ഇത് സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. മതം രാഷ്ട്രീയത്തില്‍ ഇടപെട്ടുകൂടെന്നും മതം ഒരു സ്വകാര്യവിഷയമായിരിക്കണമെന്നും ഭരണകൂടം മതേതരമായിരിക്കണമെന്നും ഉറച്ച നിലപാടുള്ള മതേതര – ജനാധിപത്യ ശക്തികളെ സംബന്ധിച്ചേടത്തോളം മതത്തെ രാഷ്ട്രീയത്തില്‍ നിന്നൊഴിവാക്കുന്ന ഏതൊരു പുരോഗമന നടപടിയും സ്വാഗതാര്‍ഹമാകേണ്ടതാണ്.
എന്നാല്‍ ‘ദീപസ്തംഭം മഹാശ്ചര്യം’ എന്നമട്ടില്‍ വാഴ്ത്തപ്പെടുന്ന ഈ വിധി ഇന്ത്യയിലെ വര്‍ത്തമാന രാഷ്ട്രീയ പരിതോവസ്ഥയില്‍ എന്ത് പരിണതിയാണുണ്ടാക്കുകയെന്നത് ഗൗരവപൂര്‍വ്വമായ പരിശോധന ആവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിന്റേയും നവഉദാരവല്‍ക്കരണത്തിന്റേയും പക്ഷത്ത് ഉറച്ച് നില്‍ക്കുന്ന, ഇടത് മേനി നടിക്കുന്ന സിപിഐ (എം) വരെ ഈ വിധിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തിരിക്കുന്ന വേളയില്‍ നിഷ്‌കൃഷ്ടമായ പരിശോധന ആവശ്യപ്പെടുന്ന ഒരു വിഷയം കൂടിയാണിത്. വിധി പുറത്ത് വന്ന ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരളമുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് മതനിരപേക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ച ഇടത്പക്ഷ നിലപാടിനുള്ള സാധൂകരണമാണ് വിധിയെന്നാണ്. കേരളത്തില്‍ പിണറായിക്കൊപ്പം ബിജെപി നേതാവ് കുമ്മനവും വിധിയെ സഹര്‍ഷം സ്വാഗതം ചെയ്തിട്ടുണ്ട്.
ഒന്നാമത്തെ വിഷയം, ഈ വിധിയെ ഹിന്ദുത്വവാദികള്‍ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കുക മാത്രമല്ല, നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍കൂടി ആരംഭിച്ചിരിക്കുന്നുവെന്നതാണ്. ഇതിന് അവരെ ഏറ്റവും സഹായിക്കുന്ന ഘടകം ഹിന്ദുത്വം ഒരു മതമല്ല ഒരു ജീവിതരീതിയാണെന്ന 1995 ലെ സുപ്രീകോടതി നിര്‍വ്വചനം തന്നെയാണ്. ‘ഹിന്ദുത്വം’ പുനര്‍നിര്‍വ്വചിക്കണമെന്ന പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ ടീറ്റ്‌സ സെറ്റല്‍വാദിന്റെ ഹര്‍ജ്ജി കഴിഞ്ഞ ഒക്ടോബര്‍ മാസം കോടതി തള്ളിക്കളഞ്ഞ പാശ്ചാത്തലത്തില്‍ ഹിന്ദുത്വവാദികള്‍ക്ക് ഇതര മതസ്ഥരേയും ദളിത് ആദിവാസി വിഭാഗങ്ങളേയും ഇതര മര്‍ദ്ദിതവിഭാഗങ്ങളേയും തങ്ങളുടെ കാല്‍കീഴിലാക്കുന്നതിനുള്ള അനുകൂലാവസരം ഈ വിധിയിലൂടെ കൈവന്നിരിക്കുന്നുവെന്നതാണ് അവരുടെ ആഹ്ലാദം വര്‍ദ്ദിപ്പിക്കുന്നതിനുള്ള കാരണം. വിധി പുറത്തുവന്നയുടനെ, യുപി തെരഞ്ഞെടുപ്പില്‍ രാമജന്മഭൂമി പ്രശ്‌നം വളരെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് തങ്ങള്‍ക്ക് അനുകൂലാവസരമാണുള്ളതെന്ന് ഒരു ആര്‍ എസ്സ് എസ്സ് നേതാവ് ചാനല്‍ ചര്‍ച്ചയില്‍ ഊന്നിപറഞ്ഞത് ഇവിടെ പ്രസക്തമാണ്. അതായത്, ഈ സുപ്രീം കോടതി വിധി അനവസരത്തിലുള്ള ഒരു ജുഡീഷ്യല്‍ ആക്റ്റിവിസമാണ്. ഇത് സഹായിക്കാന്‍ പോകുന്നത് ഹിന്ദുത്വ ഫാസിസ്റ്റുകളെയാണ്.
തെരഞ്ഞെടുപ്പ് മതേതരമാകണമെന്ന് സുപ്രീം കോടതി പറയുമ്പോള്‍, ഹിന്ദുത്വത്തെ അടിസ്ഥാനമാക്കി ഹുന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ പോകുന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭരണവര്‍ഗ്ഗം സ്‌പോണ്‍സര്‍ ചെയ്യുന്ന ഹിന്ദുത്വ പിന്തിരിപ്പന്‍ ശക്തികള്‍ അതു ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഹിന്ദുത്വം മതമല്ലെന്ന സുപ്രീം കോടതിയുടെ 1995 ലെ വിധി തുറന്നുകിടക്കുകയാണ്. ഇക്കാര്യം തങ്ങളുടെ പരിഗണനാ വിഷയമല്ലെന്ന് കൂടി സുപ്രീം കോടതി പറയുമ്പോള്‍, ദേശീയഗാനാലാപനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ് ഓര്‍മ്മവരിക. തീര്‍ച്ചയായും നിരവധി വ്യാഖ്യാനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും ഈ വിധി കാരണമാകുക തന്നെ ചെയ്യും.
ഹിന്ദുത്വം മതമല്ലെന്നും ജീവിതരീതിയാണെന്നും ഹിന്ദുത്വവാദികള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും അതിന്റെ പേരില്‍ തീവ്രസങ്കുചിത ദേശീയവാദം ഊതിവീര്‍പ്പിച്ചും വര്‍ഗ്ഗീയ കലാപങ്ങളുണ്ടാക്കിയും കോര്‍പ്പറേറ്റ് സേവ ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യയില്‍ ഒരു നൂറ്റാണ്ടു മുന്‍പു വരെ ഹിന്ദുത്വമെന്ന പ്രയോഗം നിലവിലില്ലായിരുന്നുവെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. സര്‍വര്‍ക്കറുടേയും ഗോല്‍വല്‍ക്കറുടേയുമെല്ലാം നിരന്തര പരിശ്രമത്തിലൂടെ ‘പൊളിറ്റിക്കല്‍ ഇസ്ലാ’മിനു സമാന്തരമായി വികസിപ്പിച്ചെടുത്ത ‘പൊളിറ്റികല്‍ ഹിന്ദുയിസ’മാണ് ഹിന്ദുത്വമെന്നും, അത് പ്രതിനിധാനം ചെയ്യുന്നത് മതരാഷ്ട്രീയവും ഹിന്ദുമതരാഷ്ട്രവാദവുമാണെന്ന് ഏവര്‍ക്കുമറിയാം. ടീസ്റ്റ സെറ്റല്‍വാദിന്റെ ഹര്‍ജ്ജി സുപ്രീകോടതി തള്ളിയതുകൊണ്ട് ജനങ്ങള്‍ക്ക് അനുഭവങ്ങളിലൂടെ അറിയാവുന്ന ഈ പൊതുബോധം ഇല്ലാതാകുന്നില്ല. ഭരണവ്യവസ്ഥയാകെ ഹിന്ദുവര്‍ഗ്ഗീയതയ്ക്ക് കീഴ്‌പ്പെടുന്നതിന്റെ അനുരണനങ്ങളാണ് ഈ കോടതി വിധിയിലൂടെ പുറത്ത് വരുന്നത്.
മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് പോലെ തന്നെ അധമമാണ് ജാതിയുടെ പേരിലും വോട്ടഭ്യര്‍ത്ഥിക്കുന്നതെന്ന് കോടതി പറയുമ്പോള്‍ മര്‍ദ്ദിതജാതികളില്‍ പെട്ടവര്‍ സംഘടിക്കുകയും രാഷ്ട്രീയ പോരാട്ടങ്ങള്‍ നടത്തുകയും ചെയ്യേണ്ടതെങ്ങിനെയെന്ന പ്രശ്‌നം വളരെ പ്രധാനപ്പെട്ടതാണ്. ദളിതരും ആദിവാസികളും അനുഭവിക്കുന്ന വിവേചനവും സവര്‍ണ്ണ ഹിന്ദുത്വ പക്ഷത്തു നിന്നുള്ള കടന്നാക്രമണങ്ങളും എങ്ങിനെ ചെറുക്കണമെന്നത് ഈ കോടതിവിധിയിലൂടെ വീണ്ടും ചര്‍ച്ചയാകാതെ തരമില്ല. മതത്തിനു പുറമെ വര്‍ണ്ണം, വംശം, ഭാഷ, എന്നീ അടിസ്ഥാനത്തിലും വോട്ടഭ്യര്‍ത്ഥിക്കാനാവില്ലെന്നും പറയുമ്പോള്‍ മര്‍ദ്ദിത ജാതികളും വിഭാഗങ്ങളും സംവരണാവശ്യവും പ്രത്യേക പരിരക്ഷയും തിരഞ്ഞെടുപ്പ് വിഷയമായി ഉന്നയിച്ചാല്‍ കോടതി നിരോധിച്ച പലഘടകങ്ങളും കടന്നുവരില്ലേയെന്ന വിഷയവും ഗൗര്‍വമുള്ളതാണ്.
ചുരുക്കത്തില്‍, നിര്‍ദ്ദിഷ്ട ചരിത്ര സാഹചര്യങ്ങളും ഓരോ ജനതയുടേയും രാജ്യത്തിന്റേയും സമൂര്‍ത്ത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി നിയമവ്യാഖ്യാനങ്ങളും വിധികളും ഉണ്ടായില്ലെങ്കില്‍ മുകളില്‍ നിന്നടിച്ചേല്‍പ്പിക്കുന്ന മോദിയുടെ നോട്ട് നിരോധനത്തിനും ഡിജിറ്റല്‍വല്‍കരണത്തിനും സമാനമായ ജനാധിപത്യവിരുദ്ധമായ മാനങ്ങള്‍ അവ ആര്‍ജ്ജിക്കാനുള്ള സാധ്യതയാണ് ഉണ്ടാകുക. ആഴത്തിലുള്ള ഇത്തരം വിഷയങ്ങള്‍ പരാമര്‍ശിക്കാതെയും വിശകലനം ചെയ്യാതെയും മതവും രാഷ്ട്രീയവും വേര്‍പ്പെടണമെന്നും മതാടിസ്ഥാനത്തില്‍ വോട്ട് തേടാനാകില്ലെന്നുമുള്ള ഇപ്പോഴത്തെ സുപ്രീം കോടതി വിധി വെറും ഔപചാരികമെന്ന് മാത്രമേ പറയാന്‍ കഴിയൂ. അതുകൊണ്ട് തന്നെ ഈ വിധി കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിധി വന്നയുടന്‍ തന്നെ സംഘപരിവാര്‍ ബുദ്ധിജീവികള്‍ക്കൊപ്പം വിധിയെ സ്വാഗതം ചെയ്ത ‘ഇടത്’ ബുദ്ധിജീവികളും അക്കാദമിക് പണ്ഡിതരും കഥയറിയാതെ ആട്ടം കാണുകയാണ്. ഇടത് മേനി നടിക്കുന്ന സിപിഐ (എം) നു സംഭവിച്ചതും ഇതു തന്നെയാണ്.

(എഡിറ്റോറിയല്‍: ‘സഖാവ്’ വാരിക, ലക്കം 1, വാള്യം 2, ജനുവരി 4, 2017)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply