സുധീരന് തുറന്ന കത്ത്

ഹരീഷ് വാസുദേവന്‍ പ്രിയ ശ്രീ.വി.എം സുധീരന്, ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനാണ് സര്‍ക്കാരിനു അധികാരങ്ങള്‍ നല്‍കിയിരിക്കുന്നത്. ആ അധികാരം ദുരുപയോഗിക്കുന്നതും അതുവഴി പൊതുസമൂഹത്തിനു നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന പ്രവര്‍ത്തി ‘അഴിമതി’ എന്ന ഗണത്തില്‍പ്പെടുത്തി ക്രിമിനല്‍ കുറ്റമായി കൈകാര്യം ചെയ്യുന്ന നിയമമാണല്ലോ അഴിമതി നിരോധന നിയമം. ഈ നിയമത്തിന്റെ കീഴില്‍ അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് വിജിലന്‍സ് & അഴിമതിവിരുദ്ധ ബ്യൂറോ എന്ന് അങ്ങേയ്ക്കും അറിവുള്ളതാണല്ലോ. അതില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നതരായ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതികളായ കേസുകള്‍ […]

sssഹരീഷ് വാസുദേവന്‍

പ്രിയ ശ്രീ.വി.എം സുധീരന്,
ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനാണ് സര്‍ക്കാരിനു അധികാരങ്ങള്‍ നല്‍കിയിരിക്കുന്നത്. ആ അധികാരം ദുരുപയോഗിക്കുന്നതും അതുവഴി പൊതുസമൂഹത്തിനു നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന പ്രവര്‍ത്തി ‘അഴിമതി’ എന്ന ഗണത്തില്‍പ്പെടുത്തി ക്രിമിനല്‍ കുറ്റമായി കൈകാര്യം ചെയ്യുന്ന നിയമമാണല്ലോ അഴിമതി നിരോധന നിയമം. ഈ നിയമത്തിന്റെ കീഴില്‍ അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് വിജിലന്‍സ് & അഴിമതിവിരുദ്ധ ബ്യൂറോ എന്ന് അങ്ങേയ്ക്കും അറിവുള്ളതാണല്ലോ. അതില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നതരായ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതികളായ കേസുകള്‍ അന്വേഷിക്കുന്നതിനു പ്രത്യേക ‘T’ വിഭാഗമുണ്ട് വിജിലന്‍സില്‍.

യു.ഡി.എഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രിമാര്‍ക്കും എതിരായി മുന്‍പ് ഒരു സര്‍ക്കാരിനുമെതിരെ ഇല്ലാത്തവിധം അഴിമതിക്കേസുകളാണ് വിജിലന്‍സ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതില്‍പ്പലതും വിജിലന്‍സ് സ്വമേധയാ അന്വേഷിക്കുന്നില്ല എന്നുകണ്ട് വിഷമം തോന്നിയ നിഷ്പക്ഷരായ, നികുതിപ്പണം കൊടുക്കുന്ന പൗരന്മാര്‍ കോടതിയില്‍പ്പോയി, കേസെടുത്ത് അന്വേഷിക്കാന്‍ മാത്രം ഗൗരവമുള്ള കുറ്റം മന്ത്രിമാര്‍ ചെയ്തിട്ടുണ്ടെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തിയ ശേഷം കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷിക്കുന്ന കേസുകളാണ്. ആ കേസുകളെ സംബന്ധിച്ച യാതൊരു വിവരങ്ങളും വോട്ടുചെയ്ത് ജയിപ്പിക്കുന്ന ജനം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതില്ല എന്ന് ഒരു വിജ്ഞാപനം, അവസാനകാലത്ത് ഉമ്മന്‍ചാണ്ടി മന്ത്രിസഭ പുറപ്പെടുവിച്ചു എന്നത് ഞെട്ടലോടെയാണ് താങ്കളടക്കമുള്ള മലയാളികള്‍ അറിഞ്ഞത് !!

വോട്ടര്‍മ്മാരുടെ ചെലവില്‍ തിന്നുമുടിച്ച് 5 വര്‍ഷം ഭരിച്ചതും പോരാ, അഴിമതി നടത്തി ആ വോട്ടര്‍മ്മാരെ പറ്റിച്ചതും പോരാ, അത് അന്വേഷിക്കുന്ന വിജിലന്‍സ് വിഭാഗത്തെ ഇരുമ്പുമറകെട്ടി അടച്ച്, ആ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിക്കാം എന്നുകൂടി തീരുമാനിക്കുന്ന ഒരു സര്‍ക്കാര്‍ ജങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുകയല്ലേ !!

സ്വാതന്ത്ര്യം കിട്ടി 69 വര്‍ഷം കഴിഞ്ഞു. എന്റെ നികുതിപ്പണം കട്ട മന്ത്രിമാര്‍ക്കെതിരായ എന്റെ നികുതിപ്പണം ചെലവാക്കി നടക്കുന്ന അന്വേഷണം എങ്ങനെ നടക്കുന്നു എന്ന വിവരം നിയമപ്രകാരമുള്ള ഫീസടച്ചാല്‍ എന്റെ ചെലവില്‍ അറിയാനുള്ള അവകാശം പോലും ഒരു പൗരനു നിഷേധിക്കുകയാണെങ്കില്‍ പിന്നെ എന്ത് സ്വാതന്ത്ര്യത്തെപ്പറ്റിയാണ്, എന്ത് ജനാധിപത്യത്തെപ്പറ്റിയാണ് സുധീരന്‍ സാറേ നിങ്ങളീ പാവം കഴുതകളോട് പ്രസംഗിക്കുന്നത്??

ഇതൊക്കെ ബോദ്ധ്യമായിട്ടാവണം, ആ വിവാദ ഉത്തരവും വിജ്ഞാപനവും പിന്‍വലിക്കാന്‍ ഒരുമാസം മുന്‍പ് അങ്ങ് മുഖ്യമന്ത്രിക്ക് കത്തയച്ചതും ആ വാര്‍ത്ത മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയതും, എന്നു ഞാന്‍ കരുതുന്നു. അതില്‍ ഏറെ സന്തോഷമുണ്ട്. അതിനു പിന്നാലെ, വിവാദ ഉത്തരവ് പിന്‍വലിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പരസ്യമായി പറഞ്ഞത്. ഒരു മാസം കഴിഞ്ഞിട്ടും, നാളിതുവരെ പ്രസ്തുത ഉത്തരവ് പിന്‍വലിച്ചിട്ടില്ല എന്നറിയുമ്പോഴാണ് ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയക്കാരന്‍ കുടിച്ചവെള്ളത്തില്‍പ്പോലും വിശ്വസിക്കാന്‍ കൊള്ളാത്ത, സ്വന്തം ജനങ്ങളെ പച്ചക്കള്ളം പറഞ്ഞു പറ്റിക്കുന്ന ഒരാളാണ് എന്ന് സാമാന്യബോധമുള്ള ആര്‍ക്കും തോന്നുന്നത്.

മുഖ്യമന്ത്രിയുടെ വാക്കും വിശ്വസിച്ച്, മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പേരിലുള്ള അഴിമതിക്കേസുകളെ സംബന്ധിച്ച വിവരങ്ങള്‍ കിട്ടാന്‍ വിവരാവകാശനിയമ പ്രകാരം അഡ്വ.ഡി.ബി.ബിനു ഒരപേക്ഷ നല്‍കി. അഡ്വ.ബിനുവിനു വിജിലന്‍സ് വകുപ്പയച്ച മറുപടി കത്താണിവിടെ. വിവാദ ഉത്തരവ് പിന്‍വലിച്ചതുകൊണ്ടുള്ള ഒരു കത്തും കിട്ടിയിട്ടില്ല എന്നും, അതിനാല്‍ വി.ഐ.പി കളെപ്പറ്റിയുള്ള അന്വേഷണ വിവരങ്ങള്‍ തരാന്‍ കഴിയില്ലെന്നുമാണ് വിജിലന്‍സിന്റെ മറുപടി !!

വോട്ടു ചെയ്യുകയും കൃത്യമായി നികുതി കൊടുക്കുകയും ചെയ്യുന്ന സാധാരണക്കാരില്‍ നിന്നും ഈ തെരഞ്ഞെടുപ്പു കഴിയുന്നതു വരെയെങ്കിലും മന്ത്രിമാരുടെ അഴിമതിക്കേസുകള്‍ സംബന്ധിച്ച ഫയലുകള്‍ പൂഴ്ത്തി വെയ്ക്കാം എന്ന് തീരുമാനിക്കുന്ന ഉമ്മന്‍ചാണ്ടിയുടെയും കൊള്ള സംഘത്തിന്റെയും ഭരണം തുടരണം എന്നാണോ ശ്രീ.സുധീരന്‍ അങ്ങ് ആവശ്യപ്പെടുന്നത്? ഭരണകക്ഷി നേതാവായ അങ്ങയുടെ പോലും കത്തിനു കടലാസിന്റെ വിലപോലും കല്‍പ്പിക്കാത്ത ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടിയാണോ അങ്ങ് വോട്ടു ചോദിക്കുന്നത്? അഴിമതിരഹിതമായ, സംശുദ്ധമായൊരു രാഷ്ട്രീയത്തിന്റെ വക്താവായ താങ്കള്‍ക്ക് ഈ അഴിമതിക്കാരെ ചുമക്കാന്‍ ഇപ്പോള്‍ വന്നു പെട്ടിരിക്കുന്ന ഈ ദുരവസ്ഥ എന്റെ ശത്രുക്കള്‍ക്ക് പോലും ഉണ്ടാവല്ലേ എന്നു ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

വിവരാവകാശനിയമം ഉണ്ടാക്കാന്‍ മുന്‍കൈ എടുത്ത ശ്രീമതി.സോണിയാ ഗാന്ധിയുടെ ശ്രദ്ധയില്‍ അങ്ങീ വിഷയം കൊണ്ടുവരുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഒപ്പം ഇതിനോടുള്ള അങ്ങയുടെ നിലപാടുകൂടി കേരളജനതയെ അറിയിക്കണം എന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നാക്കെടുത്താല്‍ കള്ളം മാത്രം പറയുന്ന, നഷ്ടപ്പെടാന്‍ ഇനിയൊരു ഇമേജ് പോലുമില്ലാത്ത ഉമ്മന്‍ചാണ്ടിയെപ്പോലെയല്ല ആദര്‍ശ്ശധീരനായ അങ്ങയുടെ രാഷ്ട്രീയഭാവി എന്ന് എനിക്ക് ബോദ്ധ്യമുള്ളതിനാലാണ്, ഈ കത്ത് ഉമ്മന്‍ചാണ്ടിയെ അഭിസംബോധന ചെയ്ത് എഴുതുന്നതിനു പകരം അങ്ങേയ്ക്ക് എഴുതിയത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ധാര്‍മ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അങ്ങീ കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുന്നില്ല എന്ന് പ്രഖ്യാപിക്കണം. അഴിമതി കേസുകള്‍ സംബന്ധിച്ച ഫയലുകള്‍ ജനത്തെ കാണിക്കണം. ഈ ഓട്ടത്തിനിടയില്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുകയും വേണമെന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുന്നു.

സസ്‌നേഹം,
ഹരീഷ് വാസുദേവന്‍.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply