സുധീരന്‍, ബല്‍റാം, സി പി ജോണ്‍, വീരേന്ദ്രകുമാര്‍, മുനീര്‍, മുഹമ്മദ് വേളം – ഇവര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍….

19, 20 തിയതികളില്‍ കൊച്ചിയില്‍ നടക്കുന്ന മനുഷ്യസംഗമം ഫാസിസത്തിനെതിരായ കേരളത്തിന്റെ, പ്രതേകിച്ച് യുവജനങ്ങളുടെ സന്ധിയില്ലാ പോരാട്ടത്തിന്റെ പ്രഖ്യാപനമാകുമെന്നു കരുതാം. അങ്ങനെയാണ് വേണ്ടത്. അതേസമയം സംഗമവുമായി ബന്ധപ്പെട്ട് മീന കന്ദസാമി ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ കാമ്പില്ല എന്നു പറയാനാകില്ല. അതിനോട് സഹിഷ്ണുതയോടെയാണ് പ്രതികരിക്കേണ്ടത്. എന്നാല്‍ പലര്‍ക്കും അല്‍പ്പം അസഹിഷ്ണുത കാണുന്നു എന്നു പറയാതെ വയ്യ. ഫാസിസത്തിനെതിരായ മനുഷ്യസംഗമത്തില്‍, ഫാസിസത്തിനെതിരായ നിലപാടെടുത്തിട്ടുള്ള മുസ്ലിം സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിക്കാത്തത് ശരിയല്ല എന്നാണ് മീന കന്ദസാമിയുടെ പ്രധാന വിമര്‍ശനം. ഐ എസുകാരേയോ ജിഹാദികളേയോ അല്ല, […]

samgamam

19, 20 തിയതികളില്‍ കൊച്ചിയില്‍ നടക്കുന്ന മനുഷ്യസംഗമം ഫാസിസത്തിനെതിരായ കേരളത്തിന്റെ, പ്രതേകിച്ച് യുവജനങ്ങളുടെ സന്ധിയില്ലാ പോരാട്ടത്തിന്റെ പ്രഖ്യാപനമാകുമെന്നു കരുതാം. അങ്ങനെയാണ് വേണ്ടത്. അതേസമയം സംഗമവുമായി ബന്ധപ്പെട്ട് മീന കന്ദസാമി ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ കാമ്പില്ല എന്നു പറയാനാകില്ല. അതിനോട് സഹിഷ്ണുതയോടെയാണ് പ്രതികരിക്കേണ്ടത്. എന്നാല്‍ പലര്‍ക്കും അല്‍പ്പം അസഹിഷ്ണുത കാണുന്നു എന്നു പറയാതെ വയ്യ.
ഫാസിസത്തിനെതിരായ മനുഷ്യസംഗമത്തില്‍, ഫാസിസത്തിനെതിരായ നിലപാടെടുത്തിട്ടുള്ള മുസ്ലിം സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിക്കാത്തത് ശരിയല്ല എന്നാണ് മീന കന്ദസാമിയുടെ പ്രധാന വിമര്‍ശനം. ഐ എസുകാരേയോ ജിഹാദികളേയോ അല്ല, ഇവിടെ ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രവര്‍ത്തകരുടെ കാര്യമാണ് താനുദ്ദേശിച്ചതെന്നും അവര്‍ പറയുന്നു. എന്നാല്‍ അവരും പൊതുവില്‍ ഫാസിസ്റ്റുകളാണെന്നും അതിനാല്‍ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ പങ്കെടുപ്പിക്കുന്നത് ശരിയല്ല എന്നും അവരെ പങ്കെടുപ്പിക്കുകയാണെങ്കില്‍ ആര്‍ എസ് എസ് നേതാക്കളേയും പങ്കെടുപ്പിക്കാമല്ലോ എന്നും മുസ്ലിം പേരുള്ള എത്രയോ പേര്‍ പങ്കെടുക്കുന്നു എന്നുമാണ് ഈ വിമര്‍ശനത്തിന് സംഘാടകരുടെ പ്രധാന മറുപടി.
സമകാലികാവസ്ഥയില്‍ ഉദ്ദേശിക്കപ്പെടുന്ന ഫാസിസം അമൂര്‍ത്തമായ ഒന്നാകാനിടയില്ലല്ലോ. അത് ഹൈന്ദവഫാസിസമെന്ന് പകല്‍പോലെ വ്യക്തം. ഇന്ത്യന്‍ മതേതരത്വത്തേയും ജനാധിപത്യത്തേയും അട്ടിമറിച്ച് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതാണ് അവരുടെ ഫാസിസ്റ്റ് അജണ്ട എന്നതില്‍ സംശയത്തിന് അടിസ്ഥാനമില്ലല്ലോ. അത്തരമൊരു ലക്ഷ്യം മീന കന്ദസാമി സൂചിപ്പിച്ചപോലെ മുസ്ലിം മൗലിക വാദികള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അതു സാധ്യമാണേ? ഈ സാഹചര്യത്തില്‍ ഇരുകൂട്ടരേയും സമീകരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? മാത്രമല്ല, തങ്ങളുടെ ലക്ഷ്യം സ്ഥാപിക്കുന്നതില്‍ ഈ ഫാസിസ്റ്റുകള്‍ ഇരകളാക്കുന്നത് മുഖ്യമായും മുസ്ലിം വിഭാഗങ്ങളെയുമാണെന്ന കാര്യത്തിലും തര്‍ക്കമുണ്ടാകാനാനിടയില്ലല്ലോ. അഫ്‌സല്‍ ഗുരുവും മദനിയും മുതല്‍ എത്രയോ ഇരകള്‍.. കണ്ണൂരിലെ തസ്ലിമിന്റെ അറസ്റ്റ് അവസാന ഉദാഹരണം. മുസ്ലിം പേരുപോലും ജീവനു ഭീഷണിയായി മാറുന്ന കാലം. മതവിശ്വാസിയല്ലാത്ത മാധ്യമപ്രവര്‍ത്തക ഷാഹിനക്കെതിരായ കള്ളകേസ് നോക്കൂ… കൂടുതല്‍ വിശദീകരിക്കേണ്ടതില്ലാത്ത വിഷയം. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ ഇരകളെ ഒഴിവാക്കുന്നതില്‍ എന്തു യുക്തിയാണുള്ളത്? ഫാസിസത്തിനെതിരെ നിലപാടെടുക്കുന്ന മുസ്ലിം സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ടതില്ല എന്ന തീരുമാനം ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിന് യോജിച്ചതാണോ?
ഈ സാഹചര്യത്തിലാണ് ഒരു ഉദാഹരണമായി മാത്രം മുഹമ്മദ് വേളത്തിന്റെ പേരു പറയുന്നത്. ഏറെ കാലമായി കേരളത്തില്‍ ഫാസിസത്തിനെതിരെ പ്രവര്‍ത്തിക്കുന്ന യുവജനസംഘടനയാണ് സോളിഡാരിറ്റി. അവര്‍ യുക്തിവാദികളോ ഇടതുപക്ഷക്കാരോ അല്ലായിരിക്കാം. ഇസ്ലാമില്‍ വിശ്വസിക്കുന്നുണ്ടായിരിക്കാം. തങ്ങളുടെ വിശ്വാസം നിലനിര്‍ത്തി ജനാധിപത്യവ്യവസ്ഥയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യവുമായി കാര്യമായ ബന്ധമില്ലാത്ത കമ്യൂണിസത്തില്‍ വിശ്വസിക്കുമ്പോഴും ജനാധിപത്യവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളെപോലെ. ഇസ്ലാം രാഷ്ട്രം സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഐഎസിനെ അവരും തള്ളിപ്പറയുന്നു. ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിനു മുന്‍കൈ എടുക്കുന്ന പല സംഘടനകളും വ്യക്തികളുമായി പല സമരങ്ങളിലും അവരുണ്ടായിട്ടുണ്ട്. ചുംബനസമരം പോലുള്ള വിഷയങ്ങളില്‍ എതിര്‍ പക്ഷത്തുമുണ്ട്. ചുംബനസമരത്തിനെതിരെ എസ് എഫ് ഐ നേതാവ് ച്ന്ത ജെറോം പുസ്തകമെഴുതിയിട്ടും സംഗമത്തിന്റെ സംഘാടകസമിതിയില്‍ അവരുണ്ടല്ലോ. മുസ്ലിം ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ ഇവരെന്താകുമായിരുന്നു എന്ന സാങ്കല്‍പ്പിക ചോദ്യം വേണമെങ്കില്‍ ചോദിക്കാം. അത് പലരോടും ചോദിക്കാവുന്ന ചോദ്യമാണ്. സ്ത്രീകളോടുള്ള സമീപനവും ജനാധിപത്യപരമല്ല. സംഗമത്തില്‍ പങ്കെടുക്കുന്ന പല സംഘടനകളുടേയും അവസ്ഥ ഏറ്റക്കുറച്ചിലുകളോടെ അതു തന്നെയാണല്ലോ. ഇടതുപക്ഷത്തിന്റെ ദളിത് – ആദിവാസി വിഭാഗങ്ങളോടുള്ള സമീപനത്തെ സംഘാടകര്‍ക്ക് അംഗീകരിക്കാനാവുമോ? മതവിശ്വാസത്തിനോ എന്തിന് മതമൗലികവാദത്തിനോ എതിരായ സംഗമമായിരുന്നു ഇതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ അതല്ലല്ലോ. യുക്തിവാദികളുടെ സംഗമവുമല്ല. അതിനാലാണ് മുഹമ്മദ് വേളത്തിന്റെ സാന്നിധ്യം അനിവാര്യമായിരുന്നു എന്നു പറയുന്നത്. തങ്ങളാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്ന വെള്ളാപ്പള്ളിയുടെ മറുപടി സംഘാടകര്‍ പറയില്ല എന്നു കരുതട്ടെ. ഏറെക്കുറെ സമാനമാണ് മുനീറിന്റെ കാര്യവും. ലീഗ് ഒരു ഫാസിസ്റ്റ് സംഘടനയാണെന്ന് എതിരാളികള്‍ പോലും പറയില്ലല്ലോ. എന്നിട്ടും ഹൈന്ദവഫാസിസത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന മുനീറിനെ ഒഴിവാക്കുന്നതില്‍ എന്തു ന്യായമാണുള്ളത്. ചേകന്നൂര്‍ മൗലവിയെ കൊന്നവരേയും പ്രഫസറുടെ കൈ വട്ടിയവരേയും ഒഴിവാക്കാം. ബാബറി മസ്ജിദ് പൊളിച്ചത് ഹിന്ദുക്കളാണെന്നുവെച്ച് എല്ലാ ഹിന്ദുക്കളും വര്‍ഗ്ഗീയഫാസിസ്റ്റുകളല്ലാത്ത പോലെതന്നെയാണ് മുസ്ലിമുകളുടെ കാര്യവും. ഹിന്ദു – കൃസ്ത്യന്‍ സംഘടനകളെ ക്ഷണിച്ചിട്ടില്ല എന്ന വാദത്തിനും വലിയ പ്രസക്തിയില്ല. ഫാസിസത്തെ പ്രതിരോധിക്കാന്‍ ആദിവാസി – ദളിത് – സ്ത്രീ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നുണ്ടല്ലോ. അതുപോലെ ഇരകളായിതന്നെയാണ് മുസ്ലിം വിഭാഗങ്ങളേയും കാണേണ്ടത്.
മീന കന്ദസാമി ഉന്നയിക്കാത്ത മറ്റൊന്നുകൂടി. എ എ ബേബി, കാനം രാജേന്ദ്രന്‍, എം ബി രാജേഷ്, സുനില്‍കുമാര്‍, ചന്ദ്രപിള്ള, രാജാജി മാത്യു തോമസ് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളെ സംഗമത്തില്‍ പങ്കെടുപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ആരേയും പങ്കെടുപ്പിക്കുന്നില്ല എന്നത് ദുരൂഹമാണ്. ഇവരെപോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ ശക്തമായി ഫാസിസത്തിനെതിരെ നിലപാടെടുക്കുന്ന വി ടി ബല്‍റാമിന്റേയോ വി എം സുധീരന്റേയോ പേര്‍ നോട്ടീസില്‍ പ്രതീക്ഷിച്ചു. അല്ലെങ്കില്‍ വീരേന്ദ്രകുമാറിന്റെ. അതുമല്ലെങ്കില്‍ കമ്യൂണിസ്റ്റ് തന്നെയായ സി പി ജോണിന്റെ. എന്തുകൊണ്ട് ഇവരെയെല്ലാം ഒഴിവാക്കി എന്നത് അത്ഭുതകരമായിരിക്കുന്നു. കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷം ഫാസിസ്റ്റ് വിരുദ്ധവും മറുപക്ഷം ഫാസിസ്റ്റുമാണോ? ഫാസിസത്തിനെതിരെ വിശാലമായ മനുഷ്യസംഗമം എന്ന ലക്ഷ്യത്തിനു സഹായകരമാണോ ഈ വിഭാഗീയ നിലപാടുകള്‍ എന്നു സംഘാടകര്‍ ഒരു പരിശോധനക്ക് വിധേയമാക്കുമെന്നു കരുതട്ടെ. അത് സംഗമത്തെ കൂടുതല്‍ ജനാധിപത്യപരമാക്കുകയേ ഉള്ളു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply