സുധീരനൊരു കുറ്റപത്രം : ആദര്‍ശം പൈങ്കിളിയാകുമ്പോള്‍

വിജയരാഘവന്‍ ചേലിയ സുന്ദരനാണ് സുധീരന്‍. മിനുക്കിയൊതുക്കിയ മുടിയും ചിരിക്കുന്ന മുഖവും വൃത്തിയുള്ള വസ്ത്രവും . ആരാധകര്‍ ഏറെയുണ്ട്. സ്വന്തക്കാരേക്കാള്‍ എതിരാളികളുടെ ആദരം പിടിച്ചു പറ്റുന്നതില്‍ ബദ്ധശ്രദ്ധനാണ്. തീവ്ര പരിസ്ഥിതിവാദികള്‍ മുതല്‍ വിട്ടുവീഴ്ചയില്ലാത്ത മദ്യവിരുദ്ധര്‍ വരെ കാണുമ്പോഴേക്കും എഴുന്നേറ്റ് മുണ്ടിന്റെ മടിക്കുത്തഴിച്ചിടും. ജനകീയ സമരഭൂമികളിലെവിടെയും ഇപ്പോള്‍ വി എസ്സിനു പകരം സുധീരനാണ് വി ഐ പി. വളരെ കരുതലോടു കൂടിയേ സംസാരിക്കൂ. വേറിട്ടൊന്നും പറയാനില്ലെങ്കില്‍ ഇഷ്ടമില്ലാത്ത ചുറ്റുപാടാണെങ്കില്‍ താന്‍ മാവിലായിക്കാരനെന്ന് ഭാവിക്കും. ഈ സവിശേഷതകളാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം […]

vm

വിജയരാഘവന്‍ ചേലിയ

സുന്ദരനാണ് സുധീരന്‍. മിനുക്കിയൊതുക്കിയ മുടിയും ചിരിക്കുന്ന മുഖവും വൃത്തിയുള്ള വസ്ത്രവും . ആരാധകര്‍ ഏറെയുണ്ട്. സ്വന്തക്കാരേക്കാള്‍ എതിരാളികളുടെ ആദരം പിടിച്ചു പറ്റുന്നതില്‍ ബദ്ധശ്രദ്ധനാണ്. തീവ്ര പരിസ്ഥിതിവാദികള്‍ മുതല്‍ വിട്ടുവീഴ്ചയില്ലാത്ത മദ്യവിരുദ്ധര്‍ വരെ കാണുമ്പോഴേക്കും എഴുന്നേറ്റ് മുണ്ടിന്റെ മടിക്കുത്തഴിച്ചിടും. ജനകീയ സമരഭൂമികളിലെവിടെയും ഇപ്പോള്‍ വി എസ്സിനു പകരം സുധീരനാണ് വി ഐ പി. വളരെ കരുതലോടു കൂടിയേ സംസാരിക്കൂ. വേറിട്ടൊന്നും പറയാനില്ലെങ്കില്‍ ഇഷ്ടമില്ലാത്ത ചുറ്റുപാടാണെങ്കില്‍ താന്‍ മാവിലായിക്കാരനെന്ന് ഭാവിക്കും. ഈ സവിശേഷതകളാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സുധീരനെ ഏല്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ചത്. എന്നാല്‍ സ്വയം സൃഷ്ടിച്ചെടുത്ത പ്രതിഛായയുടെ തടവില്‍ നിന്ന് രക്ഷപ്പെടാനാകാതെ പാര്‍ട്ടിക്കാര്‍ക്കു തന്നെ ഭാരമായി തീരുകയാണോ സുധീരന്‍? സാധാരണ പ്രവര്‍ത്തകര്‍ പറയുന്നത്, ‘ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്‌തെന്നാണ.്’
കേരളത്തിന്റെ തെരുവുകളിലിന്ന് ചുവപ്പും കാവിയും മാത്രം. മറ്റുള്ള വര്‍ണക്കാഴ്ചകളെല്ലാം ഇവയുടെ ധാരാളിത്തത്തില്‍ മുങ്ങിപ്പോകുന്നു. ഒരു തിരിച്ചു വരവിന് സാധ്യത കണ്ടെത്താന്‍ കോണ്‍ഗ്രസ്സിനാകുമോ? അതിലേക്ക് എന്തെങ്കിലും സംഭാവന ചെയ്യാന്‍ സുധീരനു ശേഷിയുണ്ടോ?
ചരിത്രം പരിശോധിക്കുമ്പോള്‍ അഴിമതിയും സ്വജന പക്ഷപാതവും കൊണ്ട് കോണ്‍ഗ്രസ്സ് ഭരണം ദുഷിച്ചു പോയ നാളുകള്‍ ഏറെയുണ്ട്. എന്നാല്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ആരോപണങ്ങള്‍ പേമാരിയായി പെയ്തിറങ്ങിയത്. അന്ത്യകാലത്താകട്ടെ കനത്ത പുകമറയ്ക്കുള്ളിലായിരുന്നു ആ സര്‍ക്കാര്‍. നല്ല മെയ് വഴക്കമുണ്ടായിരുന്നതു കൊണ്ട് പ്രതിപക്ഷത്തിന്റെ അടവുകളൊന്നും ഉമ്മന്‍ ചാണ്ടിയെ തളര്‍ത്തിയിരുന്നില്ല. സരിതയും ജോപ്പനും കഥകളില്‍ നിറഞ്ഞു നിന്നപ്പോഴും രാപ്പകല്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്ന് ജനപ്രിയത നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടിക്കു കഴിഞ്ഞു. പിന്നെ എവിടെയാണ് അയാള്‍ വഴുതി വീണത് ? തീര്‍ച്ചയായും അത് ശത്രുവിന്റെ മുന്നിലല്ല. സ്വന്തം പാളയത്തിലെ ‘പ്യൂരിറ്റന്‍മാ’രുടെ മുന്നിലായിരുന്നു അവര്‍ക്കു നേതൃത്വം നല്‍കിയതാകട്ടെ സുധീരനും. എന്നാല്‍ പാര്‍ട്ടി ജനങ്ങള്‍ക്കു മുമ്പില്‍ അപമാനിതമായപ്പോള്‍ രക്ഷാകവചമൊരുക്കാന്‍ സുധീരനു കഴിഞ്ഞതുമില്ല. ഇപ്പോള്‍ കോടതിവിധി സൃഷ്ടിച്ച ഭൂകമ്പത്തില്‍ കെ.പി.സി.സി. ആസ്ഥാനമാകെ വിറ കൊള്ളുമ്പോള്‍ നിസ്സഹായനായി വിളറി നില്‍പ്പാണ് സുധീരന്‍. ഇനി ആരുണ്ട് കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍? ഒരു കൂട്ടം ചാവേറുകളുടെ അകമ്പടിയില്ലെങ്കില്‍ നിസ്സഹായനായിപ്പോകുന്ന ആന്റണിയോ? മുമ്പ് കോണ്‍ഗ്രസ്സിനു വിപ്ലവ മുഖം നല്‍കിയ ആ ചാവേറുകളാണല്ലോ മുഖം നഷ്ടപ്പെട്ട് അസ്തപ്രജ്ഞരായി നില്‍ക്കുന്നത്.
കോണ്‍ഗ്രസ്സല്ലേ? ഗാന്ധിയന്‍ നൈതികതയെ പിന്തുടരേണ്ടേ? നഷ്ടമായ ആ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള ശ്രമമല്ലേ സുധീരന്‍ ചെയ്തതെന്നൊക്കെ ശുദ്ധാത്മാക്കള്‍ ചോദിച്ചേക്കാം. പാര്‍ട്ടി പ്രസിഡണ്ടായാലും സ്വന്തം മനഃസാക്ഷി പറയുന്ന വഴിയില്‍ സഞ്ചരിക്കാനുള്ള സുധീരന്റെ അവകാശവും നിഷേധിക്കാനാവില്ല. പക്ഷേ, അതിന് അസാമാന്യമായ കരുത്തു വേണം. ദുര്‍ബലന് സത്യത്തിന്റെയും അഹിംസയുടേയും കടുത്ത നിലപാടുകളിലൂടെ ഒരു പ്രസ്ഥാനത്തെ നയിക്കാനാവില്ല. പാര്‍ട്ടിയെ ഒരുമിച്ചു നിര്‍ത്തി നേരിന്റെ വഴിയില്‍ നയിക്കാന്‍ പ്രാപ്തിയില്ലാതെ, കൂടെ നില്‍ക്കുന്നവരെ ധാര്‍മികമായി തിരുത്താന്‍ കഴിയാതെ നിര്‍ണായക ഘട്ടത്തില്‍ ചുമതലകളില്‍ നിന്ന് ഒളിച്ചോടിയ ഭീരുവായി മാത്രമേ സുധീരന്‍ വിലയിരുത്തപ്പെടുകയുള്ളൂ. ഒരാളുടെ വ്യക്തിഗുണത പ്രദര്‍ശിപ്പിക്കാനുള്ള വേദി മാത്രമല്ല പാര്‍ലമെന്ററി സംവിധാനത്തിലെ പാര്‍ട്ടി. അതിനാല്‍ മിസ്റ്റര്‍ സുധീരന്‍ നിങ്ങള്‍ തോറ്റു പോയിരിക്കുന്നു.
മദ്യ നയം ഒരു ഗിമ്മിക്‌സായിരുന്നുവെന്നാണ് പൊതു ജനം വിലയിരുത്തിയത്. അമ്മമാരുടെ കണ്ണീരിന്റെ വിലയാണ് ഖജനാവിലെത്തുന്ന ഓരോ നാണയവുമെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ സുധീരനായില്ല.
സാധാരണ ജനങ്ങള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള സ്വീകാര്യത ഒരിക്കലും സുധീരനുണ്ടായിട്ടില്ല. ജനങ്ങള്‍ വിഡ്ഢികളായതു കൊണ്ടോ അഴിമതിയെ അനുകൂലിക്കുന്നതു കൊണ്ടോ അല്ല. തങ്ങള്‍ക്കു വേണ്ടി എന്തും സഹിച്ച് കൂടെ നില്‍ക്കുന്നവരെ മാത്രമേ അവര്‍ പിന്തുണയ്ക്കുകയുള്ളൂ. പ്രതിഛായയുടെ തടവില്‍ ചുരുണ്ടുകൂടിക്കിടക്കാതെ ചിലപ്പോഴെങ്കിലും തനിക്ക് ശരിയെന്ന കാര്യം ഉറക്കെ പറഞ്ഞ് ആരാധകര്‍ക്കിടയില്‍ അപ്രിയരാകാന്‍ നേതാക്കള്‍ ധൈര്യം കാണിക്കേണ്ടി വരും. കയ്യിലേല്‍പ്പിച്ച സംഘടനയെ സംരക്ഷിക്കേണ്ട ബാധ്യതയും അവര്‍ക്കുണ്ട്. ആ ഉത്തര വാദിത്തങ്ങള്‍ നിറവേറ്റാനുള്ള ആര്‍ജവം സുധീരനില്ല.
സി പി എമ്മിലെ പിണറായി അച്ചുതാനന്ദന്‍ ദ്വന്ദ്വത്തിലും ഇതു കാണാം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പിണറായിക്കു പിന്നിലാണ്. പാര്‍ട്ടിക്ക് ആവേശം പകരാനും ഏത് ദുര്‍ഘട പ്രതിസന്ധിയിലും നയിക്കാനും പിണറായിയെ കൊണ്ടേ കഴിയൂ. എന്നാല്‍ സംഘടനയ്ക്കു പുറത്ത് സ്വീകാര്യത ലഭിക്കാന്‍ അവര്‍ വി എസ്സിനെ ഉപയോഗിക്കുന്നു. ആവശ്യം കഴിഞ്ഞാല്‍ ഗാരേജില്‍ സൂക്ഷിക്കുന്നു. ഇങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സി പി എം നുള്ള വൈഭവം കോണ്‍ഗ്രസ്സിനില്ല. പിന്നെ ഒരു വഴിയേയുള്ളൂ തന്റെ നിയോഗമെന്തെന്ന് സുധീരന്‍ തിരിച്ചറിയുക.
വരട്ടെ പുതിയ കുട്ടികള്‍. വാര്‍ഡു തലം മുതല്‍ തെരഞ്ഞെടുപ്പു നടത്തി പെണ്‍ കരുത്തിന് മുന്‍തൂക്കമുള്ള ഒരു നേതൃത്വം ഉണ്ടാവുകയാണ് ഇനി കോണ്‍ഗ്രസ്സിന് ആവശ്യം. മിസ്റ്റര്‍ സുധീരന്‍ അതിനു വേണ്ടി ഒരു നിരാഹാര സത്യാഗ്രഹത്തിനു സ്‌കോപ്പുണ്ട്.
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് പിന്‍മാറി ചാര്‍ത്തിക്കിട്ടിയ പൊതു സമ്മതന്റെ വേഷമണിഞ്ഞ് സാംസ്‌കാരിക സാമൂഹ്യ ഇടപെടലിലൂടെ പാര്‍ട്ടിയെ സഹായിക്കുക. കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് അത്തരമൊരു പോസ്റ്റ് വളരെ കാലമായി ഒഴിഞ്ഞുകിടപ്പുണ്ട്.

പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply