സുധീരനില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം

കെ വി അബ്ദുള്‍ അസീസ് കേരള രാഷ്ട്രീയരംഗം പാടെ മുരടിക്കുകയും ജീര്‍ണ്ണിക്കുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇനിയെന്ത് എന്ന ചോദ്യം ഏറെ പ്രസക്തമാകുന്നു. ഈ പ്രതിസന്ധിക്ക് രാഷ്ട്രീയത്തില്‍ നിന്ന് പുറത്തൊരു പരിഹാരം സാധ്യമാകില്ല. രാഷ്ട്രീയത്തിനകത്തുനിന്നുള്ള മുന്നേറ്റങ്ങളും ചുവടുവെപ്പുകളുമാണ് ഇന്ന് അനിവാര്യം. അതിനായി വേണ്ടത് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതൃത്വമാണ്. അവിടെയാണ് വിഎം സുധീരന്റെ പേര്‍ ഉയര്‍ന്നു വരുന്നത്. നമ്മുടെ കക്ഷിരാഷ്ട്രീയം എത്രമാത്രം അധപതിച്ചു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിപക്ഷം നടത്തിയ ഉപരോധവും സര്‍ക്കാര്‍ അതിനെ നേരിട്ട വിധവും. […]

images

കെ വി അബ്ദുള്‍ അസീസ്

കേരള രാഷ്ട്രീയരംഗം പാടെ മുരടിക്കുകയും ജീര്‍ണ്ണിക്കുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇനിയെന്ത് എന്ന ചോദ്യം ഏറെ പ്രസക്തമാകുന്നു. ഈ പ്രതിസന്ധിക്ക് രാഷ്ട്രീയത്തില്‍ നിന്ന് പുറത്തൊരു പരിഹാരം സാധ്യമാകില്ല. രാഷ്ട്രീയത്തിനകത്തുനിന്നുള്ള മുന്നേറ്റങ്ങളും ചുവടുവെപ്പുകളുമാണ് ഇന്ന് അനിവാര്യം. അതിനായി വേണ്ടത് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതൃത്വമാണ്. അവിടെയാണ് വിഎം സുധീരന്റെ പേര്‍ ഉയര്‍ന്നു വരുന്നത്.
നമ്മുടെ കക്ഷിരാഷ്ട്രീയം എത്രമാത്രം അധപതിച്ചു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിപക്ഷം നടത്തിയ ഉപരോധവും സര്‍ക്കാര്‍ അതിനെ നേരിട്ട വിധവും. എത്ര നിഷേധിച്ചാലും ഇരുകൂട്ടരും ചേര്‍ന്ന് നടത്തിയ നാടകമായിരുന്നു അതെന്ന് വ്യക്തം. ഇരുമുന്നണികളിലെ പ്രവര്‍ത്തകര്‍ക്കും ഈ അഭിപ്രായമുണ്ട് – പ്രത്യേകിച്ച് സിപിഎമ്മിലും സിപിഐയിലുമുള്ള നിരവധി പേര്‍ക്ക്്. പിണറായി വിജയനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇക്കാര്യം നിഷേധിക്കുന്നു എങ്കിലും അത് അവിശ്വസനീയമാണ്. ലാവ്‌ലിന്‍ കേസ്, ടിപി ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം തുടങ്ങിയ കേസുകളില്‍ സര്‍ക്കാര്‍ അയഞ്ഞുകൊടുക്കാന്‍ തയ്യാറായി എന്നും അതിനു പ്രതിഫലമായാണ് മുഖ്യമന്ത്രി രാജിവെക്കുക എന്ന അടിസ്ഥാന ആവശ്യം പ്രതിപക്ഷം ഉപേക്ഷിക്കാന്‍ തയ്യാറായതെന്നുമുള്ള വാര്‍ത്തയാണ് കൂടുതല്‍ വിശ്വസനീയം.
ഏറെകാലമായി കേരളത്തിലെ ഇരുമുന്നണികളിലും തുടരുന്ന ഒത്തുകളികളുടെ തുടര്‍ച്ചതന്നെയാണ് ഈ സംഭവവും. കേരളം നേരിടുന്ന അടിസ്ഥാന വിഷയങ്ങളില്‍ ഇരുമുന്നണികള്‍ക്കും ഒരേ അഭിപ്രായമാണ്. അതാകട്ടെ നമ്മുടെ അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തവുമല്ല.
കേരളത്തിന്റെ കാര്‍ഷിക വ്യവസായിക മേഖലകളുടെ തകര്‍ച്ചക്ക് പല കാരണങ്ങളും ചൂണ്ടികാട്ടാറുണ്ട്. എന്നാല്‍ അതിനെല്ലാം കാരണം മാറി മാറി ഭരിച്ച ഇരുമുന്നണികളുടേയും നയ സമീപനങ്ങളിലെ പാളിച്ചകളായിരുന്നു എന്ന് ഇന്ന് വ്യക്തമാണ്. ഉപരിപ്ലവമായ കാര്യങ്ങളുടെ പേരിലാണ് പതിറ്റാണ്ടുകളായി ഇരു കൂട്ടരും മത്സരിക്കുന്നത്. ജനങ്ങളാകട്ടെ മാറി മാറി ഇരുകൂട്ടര്‍ക്കും അധികാരം നല്‍കാന്‍ ആരംഭിച്ചതോടെ നാടകം അനസ്യൂതമായി തുടര്‍ന്നു.
രാഷ്ട്രീയ പ്രവര്‍ത്തനം ഇത്തരത്തില്‍ അധപതിച്ചതോടെ ഉണ്ടായത് വളരെ മോശപ്പെട്ട സാഹചര്യമായിരുന്നു. എല്ലാ വിഷയങ്ങളും ആത്യന്തികമായി തീരുമാനിക്കപ്പെടുന്നത് കക്ഷിരാഷ്ട്രീയ താല്‍പ്പര്യത്തിനനുസൃമായിട്ടാണെന്ന അവസ്ഥ നിലവില്‍ വന്നു. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള സമരങ്ങളുടെ നാടായി കേരളം. നാടിന്റെ പൊതു താല്‍പ്പര്യം പരിഗണന വിഷയമല്ലാതായി. ഒരു വശത്ത് രാഷ്ട്രീയനേതാക്കള്‍ ഫാസിസ്റ്റുകളായും മറുവശത്ത് അഴിമതിക്കാരായും മാറി. ഗുണ്ടായിസവും രാഷ്ട്രീയ കൊലപാതകങ്ങളും നിത്യസംഭവങ്ങളായി. സ്ത്രീപീഡനങ്ങള്‍ വാര്‍ത്തപോലുമല്ലാതായി. ആദിവാസികളും ദളിതുകളും മറ്റും പഴയ അവസ്ഥയില്‍ തന്നെ തുടര്‍ന്നു. കേരളത്തിന്റെ പൊതുവായ വികസനം മുരടിച്ചു. പ്രവാസികള്‍ അയച്ച പണം കൊണ്ടുമാത്രം സംസ്ഥാനം തകരാതെ നിലനിന്നു. ഇപ്പോള്‍ അതും പ്രതിസന്ധിയിലാകുന്നു.
രാഷ്ട്രീയം ഇത്തരത്തില്‍ ജീര്‍ണ്ണിച്ചപ്പോള്‍ സ്വാഭാവികമായും പുതിയ തലമുറ അതില്‍ നിന്നകന്നു. അരാഷ്ട്രീയവാദം വ്യാപകമായി. പഴയ നേതാക്കളുടെ കേളീരംഗമായി രാഷ്ട്രീയം നിലകൊണ്ടു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു ഗൗരവമായ ഒരു വിഷയത്തിലും അവരുടെ സാന്നിധ്യം കാണാതായി. പലപ്പോഴും ജനകീയ സമരങ്ങള്‍ക്കെതിര്‍പക്ഷത്തായിരുന്നു അവര്‍ അണി നിരന്നത്.
ഈ സാഹചര്യത്തിലാണ് വിഎം സുധീരന്‍ വ്യത്യസ്ഥനാകുന്നത്. കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ കാണുന്ന ഏകനേതാവിന്റെ മുഖം സുധീരന്റേതാണെന്ന നിലവന്നു. ജനകീയ പോരാട്ടങ്ങളിലും ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിച്ച് സുധീരന്റെ സാന്നിധ്യമുണ്ടായി. വി എസ് അച്യുതാനന്ദന്‍ അത്തരത്തില്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടിയുടെ മൂക്കുകയര്‍ തടസ്സമായി. എന്നാല്‍ സുധീരനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ്സിനാകില്ലല്ലോ. അതേസമയം അദ്ദേഹത്തെ ഒതുക്കുകയാണ് പാര്‍ട്ടി ചെയ്തത്. നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിന്ന് അദ്ദേഹത്തെ അകത്തി നിര്‍ത്തി. എന്നാല്‍ കേരളത്തിലെ ചെറുപ്പക്കാര്‍ ഇന്നു കാണുന്ന ഏകപ്രതീക്ഷ സുധീരനാണ്. യുജനങ്ങള്‍ മദ്യത്തിനും പണത്തിനും അടിമപ്പെടുകയാണെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴും അതില്‍ നിന്ന് വ്യത്യസ്ഥരായ ലക്ഷക്കണക്കിനു പേരുണ്ട്. ഇപ്പോഴും ഉള്ളില്‍ മൂല്യങ്ങളുമായി ജീവിക്കുന്നവര്‍. മൂല്യങ്ങലില്‍ അധിഷ്ഠിതമായ ഒരു നവോത്ഥാനമുണ്ടായാല്‍ തീര്‍ച്ചയായും അവരമതില്‍ അണിചേരും സംശയം വേണ്ട. അതിനു നേതൃത്വം നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് സുധീരനാണ്. എന്നാല്‍ അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടിക്കകത്തുനിന്ന് അതു സാധ്യമാകുമെന്ന് കരുതാന്‍ വയ്യ. അതിനാല്‍ ആ ചങ്ങല പൊട്ടിച്ച് പുറത്തുവരാനാണ് സുധീരന്‍ ശ്രമിക്കേണ്ടത്. പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് അദ്ദേഹം നേതൃത്വം നല്‍കണം. അങ്ങനെയെങ്കില്‍ കേരളത്തിലെ ലക്ഷകണക്കിനു ചെറുപ്പക്കാര്‍ അദ്ദേഹത്തോടൊപ്പമുണ്ടാകാം. ഇനിയും സമയം വൈകിയിട്ടില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “സുധീരനില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം

  1. ….എത്ര കാലമായി സുധീരന്‍ ഉടയാത്ത ഖദരുടുപ്പുമായി സുവിശേഷം പറഞ്ഞു നടക്കുന്നു.എന്നിട്ട് പിന്നെയും ആ മാളത്തില്‍തന്നെ ചേക്കേറുകയും ചെയ്യുന്നു.പാര്‍ടി തോന്നിവാസങ്ങള്‍ അഭംഗുരം തുടരുന്നു.നിര്‍ണായകമായ എതിര്‍പ്പൊന്നും ഇദ്ദേഹത്തില്‍നിന്നുണ്ടാകാറില്ല.സുരക്ഷിതമായ അകലത്തില്‍ നിന്നു പിന്നെയും പറയും പുരോഗമനം.നാറിയ സമകാലികരാഷ്ട്രീയത്തിന് ബദലായി ഇത്തരം മെഴുകുപ്രതിമകളില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നവരെയാണ് ഭയക്കേണ്ടത്.

  2. What Mohan Pee Cee has said is correct; it is ridiculous! Why should this bourgeois politician be projected as a beacon of hope?

Leave a Reply