സി.ജെ: കാലത്തിനു മുമ്പേ നടന്ന ധിക്കാരി

ജോണ്‍ പോള്‍ യാക്കോബായ സുറിയാനി ക്രൈസ്തവ സമുദായത്തിലെ പുരോഹിതനും വേദശാസ്ത്ര പണ്ഡിതനുമായിരുന്നു സി.ജെ. തോമസിന്റെ പിതാവായ യോഹന്നാന്‍ കോര്‍ എപ്പിസ്‌കോപ്പ. സന്യാസ ജീവിതം തെരഞ്ഞെടുക്കാത്ത വൈദികര്‍ക്ക് യാക്കോബായ സഭ ഗാര്‍ഹസ്ഥ്യം അനുവദിച്ചിരുന്നു. തന്റെ വഴിയെ സി.ജെയെയും വൈദികനാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. ആ നിര്‍ബന്ധത്തെ എതിര്‍ക്കാന്‍ മനസില്ലാതെ വഴങ്ങി സി.ജെ. ദയറായില്‍ ചേര്‍ന്നു ശെമ്മാശപ്പട്ടം സ്വീകരിച്ചു. ആ ളോഹ ധരിച്ചാണ് സി.എം.എസ്. കോളജില്‍ വിദ്യാര്‍ഥിയായി പോയിരുന്നത്. ഒഴിവുസമയങ്ങളില്‍ ലൈബ്രറിയില്‍ വായനയില്‍ മുഴുകി. ബൈബിളും അതുപകര്‍ന്നു തരുന്ന വിശ്വാസവഴിയും യുക്തിയുമായി […]

cj

ജോണ്‍ പോള്‍

യാക്കോബായ സുറിയാനി ക്രൈസ്തവ സമുദായത്തിലെ പുരോഹിതനും വേദശാസ്ത്ര പണ്ഡിതനുമായിരുന്നു സി.ജെ. തോമസിന്റെ പിതാവായ യോഹന്നാന്‍ കോര്‍ എപ്പിസ്‌കോപ്പ. സന്യാസ ജീവിതം തെരഞ്ഞെടുക്കാത്ത വൈദികര്‍ക്ക് യാക്കോബായ സഭ ഗാര്‍ഹസ്ഥ്യം അനുവദിച്ചിരുന്നു. തന്റെ വഴിയെ സി.ജെയെയും വൈദികനാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. ആ നിര്‍ബന്ധത്തെ എതിര്‍ക്കാന്‍ മനസില്ലാതെ വഴങ്ങി സി.ജെ. ദയറായില്‍ ചേര്‍ന്നു ശെമ്മാശപ്പട്ടം സ്വീകരിച്ചു. ആ ളോഹ ധരിച്ചാണ് സി.എം.എസ്. കോളജില്‍ വിദ്യാര്‍ഥിയായി പോയിരുന്നത്. ഒഴിവുസമയങ്ങളില്‍ ലൈബ്രറിയില്‍ വായനയില്‍ മുഴുകി. ബൈബിളും അതുപകര്‍ന്നു തരുന്ന വിശ്വാസവഴിയും യുക്തിയുമായി അനുപാതപ്പെടുത്താന്‍ സി.ജെയുടെ മനസ് തുടങ്ങുന്നത് ഇവിടെനിന്നാണ്. വിശ്വാസവും സന്ദേഹവും കലാപമായി മനസില്‍ ഇടതിങ്ങി വിങ്ങിയപ്പോള്‍ വിശ്വാസത്തോടു സത്യസന്ധത പുലര്‍ത്തുവാന്‍ സി.ജെ. ളോഹ ഊരി സെമിനാരി വിട്ടു വീട്ടിലേക്കു മടങ്ങി.
അതു പിതാവിനു വലിയ ആഘാതമായി. എങ്കിലും മകന് മകന്റേതായ വഴി വേറെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ജ്യേഷ്ഠന്‍ സി.ജെ. ജോസഫ് രാഷ്ട്രീയാവേശത്തിന്റെ പേരില്‍ മുന്നിട്ടിറങ്ങി പോലീസ് മര്‍ദനമേറ്റ് കുരുതിയായതിനോട് പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന തോമസ് ജീവിതയാനത്തുടര്‍ച്ചയില്‍ പിന്നീടൊരുകാലം കമ്യൂണിസ്റ്റ് സംഹിതയുടെ ഘോഷകനും അനുകര്‍ത്താവുമായതു ഉള്‍ചോദനകളുടെ നേരിനെ പിന്തുടര്‍ന്നു തന്നെയായിരുന്നു. നിയമപഠനനാളുകളില്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ സജീവപ്രവര്‍ത്തകനായി നാം സി.ജെയെ കാണുന്നു. ലോ കോളജിലെ പാര്‍ട്ടി ഘടകത്തിന്റെയും പാര്‍ട്ടി ഓഫീസിലെ പുസ്തകശാലയുടെയും ചുമതലകള്‍ സി.ജെ. വഹിച്ചിട്ടുണ്ട്.
ക്രൈസ്തവതയ്ക്കെന്നതുപോലെ കമ്യൂണിസത്തിനും മാനവികതതന്നെയായിരുന്നുവല്ലോ അന്തര്‍ധാര.
വഴിപിരിയലുകളുടെയും തിരിയലുകളുടെയും തുടര്‍ച്ചയായിരുന്നു സി.ജെയുടെ ജീവിതം ആദ്യന്തം. കമ്യൂണിസത്തോടുള്ള സത്യബദ്ധത പ്രസ്ഥാനവത്കരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചു സ്വാഭാവികമായും അനിവാര്യമായും സി.ജെയുടെ മനസില്‍ സന്ദേഹങ്ങളുണര്‍ത്തി. അന്വേഷകന് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാകുമായിരുന്നില്ല!
താമസിയാതെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും സി.ജെ. യാത്ര പറഞ്ഞു.
തികച്ചും വിരുദ്ധമായ പക്ഷത്താണ് സി.ജെയെ പിന്നീടു കാണുന്നത്. താനാഗ്രഹിക്കുന്ന മാനവികതയുടെ മൂല്യവിശുദ്ധി അവിടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയാവാം അവിടേക്കു നയിച്ചത്. ആ പക്ഷത്തുനിന്നുകൊണ്ട് കമ്യൂണിസ്റ്റ് ഭരണത്തിനെതിരേയുള്ള വിമോചനപ്രസ്ഥാനത്തിന്റെ പിറകിലെ പ്രേരകശക്തികളിലൊന്നായി സി.ജെ. മാറി. പക്ഷേ, ഒരിക്കലും അതിന്റെ പ്രസംഗഘോഷങ്ങളിലിറങ്ങിയതുമില്ല.
അടുക്കും തോറും അകലങ്ങളിലേക്കു തെന്നിമാറുന്ന മരുപ്പച്ചപോലെയാണ് പൂര്‍ണതയെന്ന കയ്പേറിയ പാഠം പഠിക്കുവാന്‍ സി.ജെയ്ക്കു ഒരായുസുതന്നെ വിലകൊടുക്കേണ്ടിവന്നു. ആ കുപ്പായം ഊരി ഇനി മറ്റൊരു കുപ്പായം തേടുവാനിടവരും മുമ്പേ, പക്ഷേ, ആ ജീവിതയാത്ര മുറിഞ്ഞു. സ്സനുണ്ഡണ്മഗ്‌നത്സന്റ ഗ്‌ന്വനു നുണ്മദ്ധനുണ്മന്ഥ (കീഴ്മസ്തിഷ്‌കചുഴലി) ബാധിച്ചു വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ വേളയില്‍ 1960 ജൂലൈ 14ന് സി.ജെ. അന്തരിച്ചു.
നാല്‍പത്തിയൊന്നു വര്‍ഷവും 257 ദിവസവുമാണ് ആ ജീവിതത്തിന് അനുവദിച്ചുകിട്ടിയ ആയുര്‍ദൈര്‍ഘ്യം.
പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും നല്ല വിദ്യാര്‍ഥിയായിരുന്നു സി.ജെ. അപ്പോള്‍ മാത്രമല്ല, ജീവിതാന്ത്യംവരെ. കോട്ടയത്തുനിന്ന് എം.പി. പോള്‍, കാരൂര്‍ നീലകണ്ഠപിള്ള, പൊന്‍കുന്നം വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന ചിത്രോദയം വാരികയിലൂടെയായിരുന്നു സി.ജെയുടെ സാഹിത്യരംഗത്തേക്കുള്ള പ്രവേശം. 1949ല്‍ എം.ലിറ്റിനു പഠിക്കുവാന്‍ മദിരാശിക്കുപോയെങ്കിലും പ്രസിഡന്‍സി കോളജില്‍ പ്രവേശനം ലഭിക്കാത്തതിനാല്‍ കുറച്ചുനാള്‍ എം. ഗോവിന്ദനൊപ്പം തങ്ങിയിരുന്നു. അക്കാലത്ത് ജയകേരളത്തില്‍ പതിവായി എഴുതുമായിരുന്നു.
നിരന്തരമായി അന്വേഷകന്റെ മനസ് നിലനിര്‍ത്തി, സി.ജെ. ലഭ്യമായിടത്തോളം അറിവിന്റെ ഖനികള്‍ ആര്‍ത്തിയോടെ ആഴത്തില്‍ പകുത്തെടുത്ത് ആത്മാവിലേറ്റി. ലോകസാഹിത്യത്തെക്കുറിച്ച്, നാടക വേദിയെക്കുറിച്ച്, രംഗസംസ്‌കൃതിയെക്കുറിച്ച്, സിനിമയെക്കുറിച്ച്, പ്രക്ഷേപണകലയെക്കുറിച്ച്, തത്വശാസ്ത്രത്തെക്കുറിച്ച്, രാഷ്ട്രീയസംഹിതകളെക്കുറിച്ച്, വിശ്വാസവിരുദ്ധതകളെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്… ആത്യന്തികമായ സത്യത്തെക്കുറിച്ച് ഇത്രയേറെ വായിക്കുകയും വായിച്ചതത്രയും ആത്മാവില്‍ മനനം ചെയ്തുതെളിച്ചെടുക്കുകയും ചിന്തകളിലും കലാപങ്ങളിലും സാക്ഷ്യപ്പെടുത്തുകയും ചെയ്ത ഒരു പ്രതിഭാസാന്നിധ്യം ആ കാലഘട്ടത്തില്‍ സി.ജെയെപ്പോലെ വേറെയധികം കാണില്ല; അതിനുശേഷവും!
സി.ജെ. ശെമ്മാശന്റെ ളോഹ ഊരിയത് കമ്യൂണിസ്റ്റുകാരന്റെ കുപ്പായത്തിനുള്ളില്‍ സ്വയം പകുത്തുചേര്‍ക്കുവാന്‍ വേണ്ടിയായിരുന്നില്ല. കോണ്‍ഗ്രസുകാരന്റെ കുപ്പായം എടുത്തണിയുവാന്‍ വേണ്ടിയല്ല കമ്യൂണിസ്റ്റ് ചേരി വിട്ടുപോന്നത്. കോണ്‍ഗ്രസ് ചായ്വ് വിട്ട് മറ്റൊരു പക്ഷത്തേക്ക് ആയുസു അനുവദിച്ചിരുന്നുവെങ്കില്‍ മാറാതിരിക്കുവാന്‍ സി.ജെക്കു കഴിയുമായിരുന്നില്ല.
അതിന്റെ സൂചനകള്‍ നാമ്പെടുക്കുവാന്‍ തുടങ്ങിയതു അവസാനനാളുകളിലെ ലേഖനങ്ങളില്‍ പാര്‍ട്ടി നീക്കങ്ങളില്‍ പലതിനെയും നേതൃവര്‍ഗത്തിന്റെ നിന്ദ്യമായ അധികാരമോഹങ്ങളെയും അതിനിശിതമായി അപഹസിക്കാന്‍ തുടങ്ങിയതില്‍ കാണാനാകുന്നുമുണ്ട്. ണ്ട ക്ക്യ്യഗ്മന്ഥനു തുടങ്ങിയ ലേഖനങ്ങള്‍ ഉദാഹരണം. അവസരവാദിയായല്ല, ത്യാജ്യവാദിയായിട്ടായിരുന്നു സി.ജെയുടെ ഓരോ ചുവടുമാറ്റവും. സന്ദേഹിയായ വിശ്വാസിയായിരുന്നു സി.ജെ. വിശ്വാസംതന്നെയാണ് സന്ദേഹമായുണര്‍ന്നതും. ക്രൈസ്തവതയെ അദ്ദേഹം ഒരിക്കലും തള്ളിപ്പറഞ്ഞില്ല. എതിര്‍ചേരിയോട് ചേര്‍ന്നു നില്‍ക്കുമ്പോഴും കമ്യൂണിസത്തിന്റെ അടിസ്ഥാനധാരകളെ നിഷേധിച്ചില്ല. ക്രിസ്തുവിനെയും മാര്‍ക്സിനെയും നിന്ദിച്ചില്ല. എതിര്‍ത്തത് മതത്തിന്റെ രീതിവട്ടങ്ങളെയാണ്; കലഹിച്ചത് പ്രസ്ഥാനവത്കരിക്കപ്പെട്ട പാര്‍ട്ടി നീക്കങ്ങളോടാണ്.
ആ ജീവിതത്തിന്റെ പുനര്‍വായന ബോധ്യപ്പെടുത്തുന്നത് വിട്ടുപോന്ന പ്രസ്ഥാനങ്ങളിലെ നന്മപ്രഭവങ്ങളെ അദ്ദേഹം ഒരിക്കലും ഇകഴ്ത്തിയിരുന്നില്ല എന്നുതന്നെയാണ്. പല്ലും നഖവുമുപയോഗിച്ച് വിമര്‍ശനങ്ങള്‍ തൊടുത്തുവിടുമ്പോഴും ആ എതിര്‍പ്പ് പ്രയോഗപ്രത്യക്ഷങ്ങളില്‍ പ്രകടമായനുഭവപ്പെട്ട സ്ഥാപിതമൂല്യങ്ങളില്‍നിന്നുള്ള അപഭ്രംശങ്ങള്‍ക്കുനേരെയായിരുന്നു.
സി.ജെയെ ആന്റിക്രൈസ്റ്റായും ആന്റിമാര്‍ക്സിസ്റ്റായും മുദ്രകുത്താന്‍ തിടുക്കപ്പെടുന്നവര്‍ കാണാതെപോകുന്ന സത്യമാണത്.
സി.ജെ. അഭിരമിച്ചത് വിരുദ്ധതകളുമായാണ് എന്നും; ചിന്തയിലും പ്രവൃത്തിയിലും ഒരുപോലെ. തേടിയതു ഇരിപ്പിടങ്ങളെയും കുപ്പായങ്ങളെയുമായിരുന്നില്ല. അന്വേഷിക്കുകയായിരുന്നു സ്വയം. അതിന്റെ പാതയില്‍ സ്വയം കലഹിക്കുകയുമായിരുന്നു. സ്വയം കണ്ടെത്താന്‍ ഉഴറുകയുമായിരുന്നു. അതിനായി ഉഴിഞ്ഞുവച്ചതായി ജന്മം. കലഹിക്കാതെ വയ്യായിരുന്നു സി.ജെയ്ക്ക്; ധിക്കരിക്കാതെയും വയ്യായിരുന്നു. കലഹവും ധിക്കാരവും ആ മനസിലെ സത്യത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍തന്നെയായിരുന്നു! ഒരു ചിട്ടയ്ക്കും പൂര്‍ണമായി വഴിപ്പെടാതെ തുടര്‍ന്നയാനമായിരുന്നു ആ ജീവിതം.
ഒരു നല്ല ക്രിസ്ത്യാനി സത്യാന്വേഷകനായിരിക്കുമെന്നും മൂല്യധ്വംസനത്തിനെതിരെ ചാട്ടവാറുവീശുമെന്നും കര്‍മവഴിയെ സാക്ഷ്യപ്പെടുത്തി ക്രിസ്തു. ഉടച്ചുവാര്‍ക്കലിന്റെയും പുനര്‍ക്രമീകരണത്തിന്റെയും സുവിശേഷകനായി പ്രത്യയശാസ്ത്രവഴിയേ കാറല്‍ മാര്‍ക്സ്. സഹനം സമരവഴിയാക്കി അസമത്വത്തിനെതിരെയുള്ള പുതിയ ഉണര്‍ത്തുപാട്ടായി സ്വന്തം ജീവിതം സമര്‍പ്പിച്ചു വിപ്ലവകാരിയായി ഗാന്ധിജി. ആ അര്‍ഥത്തില്‍, മാര്‍ഗത്തില്‍ സി.ജെ. ഒരു നല്ല ക്രിസ്ത്യാനിയായിരുന്നു. സി.ജെ. ഒരു നല്ല കമ്യൂണിസ്റ്റായിരുന്നു; സി.ജെ. ഒരു നല്ല ഗാന്ധിയനായിരുന്നു! പ്രണയനാളുകളുടെ ആദ്യപാദത്തിലൊരിക്കല്‍ റോസി സി.ജെയ്ക്കൊരു പ്രേമോപഹാരം നല്‍കി. ഒരു തൂവാല. മുള്ളുകള്‍ക്കിടയില്‍നിന്ന് എത്തിനോക്കുന്ന ഒരു കുഞ്ഞു റോസപ്പൂവിന്റെ ചിത്രം റോസി അതില്‍ തുന്നിപ്പിടിപ്പിച്ചിരുന്നു. അതുവാങ്ങി ഒരുനിമിഷം അന്തിച്ചുനിന്നശേഷം സി.ജെ. ആ ചിത്രത്തില്‍ ഉമ്മവച്ചു. റോസി തോമസിന്റെ ഇവന്‍ എന്റെ പ്രിയ സി.ജെ. വായിക്കുമ്പോള്‍ മനസുകൊണ്ട് ആരായാതെ വയ്യ: സി.ജെ. ആദ്യം ചുംബിച്ചത് മുള്ളിലോ പൂവിലോ? സമയതീരത്തിനപ്പുറത്തുനിന്നും റോസി മന്ത്രിക്കുന്നു: മുള്ളുകളെ ചുംബിക്കാതെ സി.ജെക്കു ഒരിക്കലും പൂവിന്റെ മൃദുവിതളുകളെ ഉമ്മവയ്ക്കുവാനാകുമായിരുന്നില്ലല്ലോ! മടിശീലയില്‍ ഒന്നും ബാക്കിവയ്ക്കാതെ, ബാങ്ക് ബാലന്‍സില്ലാതെ, ആ അര്‍ഥത്തില്‍ നിസ്വനായിട്ടാണ് സി.ജെ. കടന്നുപോയതെങ്കിലും കാലത്തിന്റെ ശേഖരത്തില്‍ ആ പ്രതിഭാസ്പന്ദത്തിന്റെ ബാക്കിശേഷിപ്പുകള്‍ക്ക് നാള്‍ക്കുനാള്‍ മാറ്റു വര്‍ധിക്കുന്നതേയുള്ളൂ. ഓര്‍മയായി മാറി ആറുപതിറ്റാണ്ടോടടുക്കുന്നു; ജന്മശതാബ്ദി വാതില്‍ക്കല്‍ നില്‍ക്കുന്നു; ഇപ്പോഴും സി.ജെയുടെ കലാസങ്കല്‍പങ്ങള്‍ നവംനവമായി തുടരുന്നു!
വിയോജിക്കുമ്പോഴും യോജിക്കാതെവയ്യ സി.ജെയുടെ വിമര്‍ശന പദ്ധതിയോട്. വര്‍ത്തമാനകാല പ്രസക്തിയില്‍ സി.ജെയുടെ സൃഷ്ടികള്‍ കാലത്തോടൊപ്പം മാത്രമല്ല, കാലത്തിനു മുമ്പിലും കൂടിയാണ്. ഓരോ പുനര്‍വായനയിലും സി.ജെ. തോമസ് വീണ്ടും വീണ്ടും കണ്ടെത്തപ്പെടുന്നു.
മുള്ളുകളുടെ പേരില്‍, അവ പോറി ചോര കിനിഞ്ഞ ആ ചുണ്ടുകളുടെ പേരില്‍ നമിക്കുക നാമീ ഓര്‍മയെ. വരും കാലങ്ങളുടെ ഓരോ ദശാസന്ധിയും സാക്ഷ്യപ്പെടുത്തുന്നതിന് കാതോര്‍ക്കാം നമുക്ക്… അവന്‍ വീണ്ടും വരുന്നു!

മംഗളം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply