സിവിക്കിനും വേണ്ടേ പ്രതിരോധം..?

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘപരിവാറിന്റെ സവര്‍ണ്ണ ഹിന്ദുരാഷ്ട്ര അജണ്ടതന്നെ. അതിനെതിരായ പ്രതിരോധമാണ് വര്‍ത്തമാന കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ – സാംസ്‌കാരിക പ്രവര്‍ത്തനം. എന്നാല്‍ അത് ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായിരിക്കണം. കേരളത്തില്‍ സിപിഎം ചെയ്യുന്നതുപോലെ കായികമായ പ്രതിരോധം ഏതൊരു പ്രസ്ഥാനത്തേയും വളര്‍ത്തുകയേ ഉള്ളു. തങ്ങളാണ് സംഘപരിവാറിനെ പ്രതിരോധിക്കുന്നത് എന്ന അവരുടെ അവകാശവാദം എത്രയോ പൊള്ളയാണ്. സത്യത്തില്‍ അവരാണ് സംഘപരിവാറിനെ വളര്‍ത്തുന്നത്. ഇപ്പോഴാകട്ടെ ഭരണത്തിലിരുന്ന് അവര്‍ നടപ്പാക്കുന്നത് പലതും സംഘപരിവാര്‍ അജണ്ടയാണ്. പ്രതേകിച്ച് ആഭ്യന്തരവകുപ്പ്. ദേശീയഗാനത്തിന്റെ പേരിലും […]

ccc

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘപരിവാറിന്റെ സവര്‍ണ്ണ ഹിന്ദുരാഷ്ട്ര അജണ്ടതന്നെ. അതിനെതിരായ പ്രതിരോധമാണ് വര്‍ത്തമാന കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ – സാംസ്‌കാരിക പ്രവര്‍ത്തനം. എന്നാല്‍ അത് ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായിരിക്കണം. കേരളത്തില്‍ സിപിഎം ചെയ്യുന്നതുപോലെ കായികമായ പ്രതിരോധം ഏതൊരു പ്രസ്ഥാനത്തേയും വളര്‍ത്തുകയേ ഉള്ളു. തങ്ങളാണ് സംഘപരിവാറിനെ പ്രതിരോധിക്കുന്നത് എന്ന അവരുടെ അവകാശവാദം എത്രയോ പൊള്ളയാണ്. സത്യത്തില്‍ അവരാണ് സംഘപരിവാറിനെ വളര്‍ത്തുന്നത്. ഇപ്പോഴാകട്ടെ ഭരണത്തിലിരുന്ന് അവര്‍ നടപ്പാക്കുന്നത് പലതും സംഘപരിവാര്‍ അജണ്ടയാണ്. പ്രതേകിച്ച് ആഭ്യന്തരവകുപ്പ്. ദേശീയഗാനത്തിന്റെ പേരിലും മാവോയിസത്തിന്റെ പേരിലും ഭീകരമായ യു എ പി എ ചുമത്തുന്നതുതന്നെ ഉദാഹരണം.
സംഘപരിവാറിനെതിരെനടത്തേണ്ടത് വിട്ടുവീഴ്ചയില്ലാത്ത ആശയസമരമാണ്. അവരുടെ ഹിന്ദുരാഷ്ട്രത്തില്‍ സ്ഥാനമില്ലാത്ത വിഭാഗങ്ങളുടെ മുന്നേറ്റമാണ് പ്രധാന രാഷ്ട്രീയ സമരം. ദളിത് – ആദിവാസി – പിന്നോക്ക – ന്യൂനപക്ഷവിഭാഗങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്തു പല ഭാഗത്തും അത് ശക്തമായിട്ടുണ്ട്. മരിച്ച രോഹിതും ജീവിച്ചിരിക്കുന്ന ജിഗ്നേഷുമൊക്കെ ഈ പോരാട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. ഈ പോരാട്ടങ്ങളുടെ പ്രതീകമായി അംബേദ്കര്‍ മാറിയിട്ടുമുണ്ട്. കേരളത്തില്‍ പക്ഷെ ആധിപത്യമുള്ള ഇടതുപക്ഷ രാഷ്ട്രീയം ഈ മുന്നേറ്റങ്ങള്‍ക്ക് ഇപ്പോഴും തടയണ തീര്‍ത്തിരിക്കുകയാണ്. മറിച്ച് അത്രമാത്രം ഗൗരവം കൊടുക്കേണ്ടതില്ലാത്ത സംഭവങ്ങളെ ഊതിവീര്‍പ്പിച്ച് സംഘപരിവാറിനെതിരായ രാഷ്ട്രീയത്തെ ദുര്‍ബ്ബലപ്പെടുത്തുകയുമാണ്.
ഇപ്പോള്‍ നടക്കുന്ന എം ടി പ്രതിരോധങ്ങള്‍ തന്നെ നോക്കുക. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് എം ടി അഭിപ്രായം പറഞ്ഞപ്പോള്‍, അതു പറയാന്‍ എം ടി ആരാണ് എന്ന ബിജെപി നേതാവിന്റെ ചോദ്യത്തിന്റെ പേരിലാണ് ഈ കോലാഹലങ്ങള്‍ മുഴുവന്‍. ഈ ചോദ്യം എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്ന ചോദ്യങ്ങളല്ലെ. നോട്ടനിരോധനത്തെ അനുകൂലിച്ച മോഹന്‍ ലാലിനെതിരെ ഇതല്ല, ഇതിനേക്കാള്‍ രൂക്ഷമായല്ലേ പലരും പ്രതികരിച്ചത്? സംഘപരിവാര്‍ ഉയര്‍ത്തുന്ന രൂക്ഷമായ വിഷയങ്ങളെ കണ്ടില്ലെന്നു നടിച്ചും കഴിയുമെങ്കില്‍ അനുകൂലിച്ചുമാണ് ഈ പുകപടലം സൃഷ്ടിക്കുന്നത്. ഉദാഹരണമായി ഇക്കാലയളവില്‍തന്നെ ഉണ്ടായ ദേശീയഗാനവിഷയം നോക്കുക. യുവമോര്‍ച്ചയുടെ പരാതിയെ തുടര്‍ന്ന് അവര്‍ പോലും പ്രതീക്ഷിക്കാത്ത നടപടികളല്ലേ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൈ കൊണ്ടത്? ‘പ്രതി’കള്‍ക്കെതിരെ യു എ പി എ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളല്ലേ ചുമത്തിയത്്. കമല്‍ സി ചവറ എന്ന ചെറുപ്പക്കാരനായ എഴുത്തുകാരേനേയും അദ്ദേഹത്തിന് ആശുപത്രിയില്‍ കൂട്ടിരുന്ന നദി എന്ന എഴുത്തുകാരനേയും ഈ നിയമങ്ങള്‍ ഉപയോഗിച്ച് കസ്റ്റഡിയിലെടുത്തപ്പോള്‍ ഈ പ്രതിരോധമൊന്നും കണ്ടില്ലല്ലോ. എന്തിന്? സംവിധായകന്‍ കമലിനു വേണ്ടിപോലും കാര്യമായൊന്നും നടന്നില്ല. കമലിനെ കമാലുദ്ദീന്‍ എന്നു വിളിച്ചപ്പോള്‍ അങ്ങനെ വിളിക്കുന്നത് അപമാനമാണെന്നാണല്ലോ പലരും പറഞ്ഞത്. കമാലുദ്ദീനെന്താ പൗരാവകാശങ്ങളൊന്നുമില്ലേ? പറയേണ്ടത് എം ടിക്കു പുറകിലെ വാലിനെതിരെയല്ലേ? അയ്യങ്കാളിയും ഗുരുവും അംബേദ്കറുമൊക്കെ കടന്നുപോയ മണ്ണില്‍ ഇന്നും സവര്‍ണ്ണവാലുകള്‍ പേറുന്നവരും അല്ലാത്തവരുമായ സവര്‍ണ്ണവിഭാഗങ്ങള്‍ നയിക്കുന്ന പ്രസ്ഥാനത്തിന് അതിനു കഴിയുമോ? അതോ കല്‍പ്പറ്റ പറഞ്ഞപോലെ യു എ പി എയില്‍ നിന്നും മറ്റും ശ്രദ്ധ തിരിച്ചുവിടാനാണോ ഈ അമിതമായ എംടി പ്രേമം?
മാവോയിസ്റ്റ് വിഷയത്തിലും നടപ്പാക്കിയത് സംഘപരിവാര്‍ അജണ്ടയല്ലാതെയെന്താണ്? വ്യാജഏറ്റുമട്ടലിനെ സിപിഐ പോലും വിമര്‍ശിച്ചപ്പോള്‍ പ്ിന്തുണച്ചത് ബിജെപിയും കേന്ദ്രസര്‍ക്കാരമായിരുന്നു. മുണ്ടൂര്‍ രാവുണ്ണിക്കെതിരായ യുഎപിഎയെ ഹൈക്കോടതി പോലും അതിരൂക്ഷമായി വിമര്‍ശിച്ചില്ലേ? മറ്റൊന്ന് രാഷ്ട്രീയത്തിലെ ജാതി – മത വിഷയങ്ങളുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതി വിധിയോടുള്ള പ്രതികരണത്തിലും ഇവരൊന്നല്ലേ? ജാതീയവും മതപരവും ഭാഷാപരവുമൊക്കെയായ പീഡനങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് തെരഞ്ഞെടുപ്പില്‍ അവയെ കുറിച്ച് മിണ്ടരുതെന്നു പറഞ്ഞാല്‍ അതിനെ പിന്തുണക്കുന്നവരുടെ താല്‍പ്പര്യമെന്താണ്? അതാകട്ടെ ഹിന്ദു എന്നത് മതമല്ല എന്ന നിലപാടില്‍ നിന്നും..!!
ഇതൊരു പുതിയ കാര്യവുമല്ലല്ലോ. വളരെ തന്ത്രപൂര്‍വ്വമാണ് താന്‍ മദനിയെ പിടിച്ച് തമിഴ്‌നാടിനു നല്‍കിയതെന്ന് നായനാര്‍ അഭിമാനപൂര്‍വ്വം പറഞ്ഞിട്ടില്ലേ? ബാബറി മസ്ജിദ് മ്യൂസിയമാക്കാന്‍ ഇ എം എസ് പ്രസംഗിച്ചിട്ടില്ലേ? അംബേദ്കറെ രാജ്യദ്രോഹിയായി മുദ്രയടിച്ചിട്ടില്ലേ? കേരളത്തില്‍ അടുത്ത കാലത്തു നടക്കുന്ന സ്വതന്ത്ര ദളിത് – ആദിവാസി ഉണര്‍വ്വുകളേയും ഭൂസമരങ്ങളേയും ഏറ്റവും അധികം എതിര്‍ക്കുന്നത് ആരാണ്? എന്തുകൊണ്ടായിരുന്നു രോഹിത് വെമുല എസ് എഫ് ഐ വിട്ടത്.? ജെ എന്‍ യുവിലും എച്ച് സി യുവിലും ദളിത് ചെയര്‍മാന്‍മാര്‍ ഉണ്ടാകുമായിരുന്ന സാഹചര്യത്തെ ആരാണ് ഇല്ലതാക്കിയത്.
പ്രതിരോധത്തിലേക്കു തിരിച്ചുവരാം. കേരളത്തില്‍ അഭിപ്രായ – രാഷ്ട്രീയ – ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്നതില്‍ സംഘപരിവാറിനേക്കാള്‍ ഭേദമാണോ ഇടതുപക്ഷം? ഭിന്നാഭിപ്രായക്കാര്‍ക്കെതിരെ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സംഘപരിവാര്‍ നടത്തിയിട്ടുള്ള കൊലകളില്‍ നിന്ന് വ്യത്യസ്ഥമാണോ കേരളത്തിലെ ഇടതുപക്ഷവും ചെയ്യുന്നത്? രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിനല്ലേ ടി പി കൊല്ലപ്പെട്ടത്? കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍, പരസ്പരം മത്സരിച്ചുള്ള കൊലകള്‍, എസ് എഫ് ഐ ചുവപ്പുകോട്ടകളായ കാമ്പസ്സുകള്‍… പോട്ടെ. സാംസ്‌കാരിക രംഗത്തോ? സാര്‍വവദേശീയഗാനം പാടിയവരെപോലും ഇടതുസര്‍ക്കാര്‍ അറസ്റ്റുചെയ്തിട്ടില്ലേ? ഇപ്പോള്‍ വിവാദനായകനായിരിക്കുന്ന സിവിക്കിന്റെ നിങ്ങളാരെ കമ്യൂണിസ്റ്റാക്കി നാടകത്തെ കോടതിയലും തെരുവിലും നേരിട്ടില്ലേ? ജനകീയ സാംസ്‌കാരികവേദിയുടെ സാംസ്‌കാരിക പരിപാടികള്‍ക്കെതിരെ എത്രയോ അക്രമങ്ങള്‍ നടന്നിട്ടുണ്ട്.
സിപിഐ പോലും എംടിക്കുകൊടുക്കുന്ന അമിത പ്രാധാന്യത്തെ എതിര്‍ക്കുന്നു എന്നതാണ് കൗതുകകരം. എം.ടിയെ പ്രചാരണായുധമാക്കേണ്ടതില്ലെന്നാണു സി.പി.ഐ. നിലപാട്. ‘വ്യത്യസ്താഭിപ്രായങ്ങള്‍ പൗരസ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ്. അതിനെതിരേ വാളെടുക്കേണ്ടതില്ല എം.ടിയെ പിന്തുണയ്ക്കാനും വിമര്‍ശിക്കാനുമുള്ള അവകാശം ഒരുപോലെ സംരക്ഷിക്കപ്പെടണം. നോട്ട് റദ്ദാക്കിയതു സംബന്ധിച്ച് എം.ടിയുടെ കാഴ്ചപ്പാടാണു ശരി. എഴുത്തുകാരന്റെ മൗലികാവകാശമെന്ന നിലയ്ക്ക് ഇത്തരം സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. എന്നാല്‍, എതിരഭിപ്രായക്കാരുടെ വായ മൂടിക്കെട്ടരുത്. രണ്ടും പൗരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നു സി.പി.ഐ. കരുതുന്നു. എ.ടിക്കുള്ള പിന്തുണയുടെ പേരില്‍ ഇത്രയും ഒച്ചപ്പാടിന്റെ കാര്യമില്ല. എം.ടിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ കമാല്‍ സി. ചവറ അറസ്റ്റിലായപ്പോള്‍ നിശബ്ദരായിരുന്നു. എം.ടി. വിവാദവും മാവോയിസ്റ്റ് വധവും ചേര്‍ത്തുവായിക്കണം. മാവോയിസത്തെ സി.പി.ഐ. രാഷ്ട്രീയപ്രശ്‌നമായി കരുതുന്നു. അതു ക്രമസമാധാനപ്രശ്‌നമല്ല. മാവോയിസ്റ്റുകള്‍ കേരളത്തില്‍ ക്രമസമാധാനപ്രശ്‌നത്തിനു കാരണമല്ലാതിരിക്കേ പോലീസ് വെടിവയ്പ്പിനു ന്യായീകരണമില്ല. ഒരുവശത്ത് എതിരഭിപ്രായത്തോട് അസഹിഷ്ണത, മറുവശത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനായി മുറവിളി. സി.പി.എമ്മിന്റേത് ഇരട്ടത്താപ്പാണ്’ എന്നിങ്ങനെ പോകുന്നു സിപിഐ നിലപാട്.
വാസ്തവത്തില്‍ എംടിക്കും കമലിനുമെതിരെ സംഘപരിവാര്‍ നടത്തിയതിനേക്കാള്‍ എത്രയോ രൂക്ഷമായ അക്രമണമാണ് സിവിക്കിനെതിരെ നടക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നതെന്താണ്? അഭിപ്രായസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപിടിക്കുന്നു എന്നു പറയുന്നവര്‍ തന്നെയാണത് ചെയ്യുന്നത്. എംടിയെ വ്യക്തിഹത്യ ചെയ്തു എന്നു പറയുമ്പോള്‍ അതിനേക്കാള്‍ എത്രയോ വലിയ വ്യക്തിഹത്യയാണ് സിവിക് നേരിടുന്നത്. തങ്ങളുടേതില്‍ നിന്ന് വ്യത്യസ്ഥമായ ്ഭിപ്രായം പറയുന്നവരെ സംഘിയാക്കി വ്യാഖ്യാനിച്ച് അക്രമിക്കുക എന്ന തന്ത്രമാണവര്‍ നടപ്പാക്കുന്നത്. (നേരത്തെ അത് സാമ്രാജ്യത്വ ചാരന്‍, കോണ്‍ഗ്രസ്സ് എന്നൊക്കെ ആയിരുന്നു.) രാഷ്ട്രീയത്തിലും ആവിഷ്‌കാരങ്ങളിലും അഭിപ്രായങ്ങളിലും കറുപ്പ്, വെളുപ്പ് എന്നീ രണ്ടു നിറങ്ങള്‍ മാത്രമേയുള്ളു എന്നു കരുതുന്ന ഇവര്‍ക്ക് മഴവില്‍ വര്‍ണ്ണങ്ങളൊക്കെ അജ്ഞാതമാണ്. എംടിക്കു ചുറ്റും സംരക്ഷണവലയം തീര്‍ക്കുന്നതിന്റെ യുക്തിയനുസരിച്ചാണെങ്കില്‍ സിവിക്കിനു ചുറ്റും എത്രയോ സംരക്ഷണവലയങ്ങള്‍ തീര്‍ക്കേണ്ട സമയമാണിത്. അതോ സംരക്ഷണം നല്‍കണമെങ്കില്‍ മിനിമം എംടിയോ നായരോ ആകണമെന്നുണ്ടോ?

വാല്‍ക്കഷ്ണം : ലോകത്തോടൊപ്പം കേരളവും നേരിടുന്ന ഏറ്റവും ഗൗരവമായ പ്രശ്‌നമായി മാറിയിട്ടുള്ള പരിസ്ഥിതിയുടെ സംരക്ഷണത്തിനായി ആരു ശബ്ദമുയര്‍ത്തിയാലും പുരോഗമനപരമാണ്. പൊതുവില്‍ വികസനത്തിന്റെ പേരില്‍ പരിസ്ഥിതി സമരങ്ങളെ എതിര്‍ക്കുന്നവരാണ് നമ്മുടെ എല്ലാ പാര്‍ട്ടികളും. അതിനിടയില്‍ ബിജെപി സംഘടിപ്പിച്ച ഒരു പരിസ്ഥിതി സംരക്ഷണപരിപാടിയില്‍ പങ്കെടുത്ത സംവിധായകന്‍ ഷാജി എന്‍ കരുണിനേയും സംഘിയാക്കി അക്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply