
സിപിഎമ്മിന്റെ കുമ്പസാരം
സംഘടനാരീതികളും നേതാക്കളുടെ വാക്കും പ്രവൃത്തിയും അടിമുടിമാറാതെ പാര്‍ട്ടിക്ക് മുന്നോട്ടു പോകാനാവില്ലെന്ന് കാരാട്ടിന്റെയും മറ്റു സിപിഎം നേതാക്കളുടേയും കുറ്റസമ്മതം. ഏറെ വൈകിവന്ന വിവേകം. എന്തൊക്കെ എതിര്‍പ്പുണ്ടായിട്ടും സിപിഎമ്മിനെ സ്‌നേഹിക്കുന്ന എത്രയോ പേര്‍ എത്രയോ കാലമായി പറയുന്ന കാര്യം. ജനങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍ എന്നാണ് വെപ്പ്. ഇന്ത്യയില്‍ പക്ഷെ എന്നുമവര്‍ ജനങ്ങള്‍ക്ക് പുറകിലാണ്. സാധാരണക്കാര്‍ക്കറിയുന്ന കാര്യങ്ങള്‍ പോലും ഉന്നത നേതാക്കള്‍ മനസ്സിലാക്കുമ്പോള്‍ ഏറെ വൈകുന്നത് അതുകൊണ്ടാണ്. ഏറ്റവും ശക്തമായി പാര്‍്ടടി സംഘടനാ ചട്ടക്കൂടിനെതിരെ ആഞ്ഞടിച്ചത് തോമസ് ഐസക്കാണ്. ഒരാള്‍ പറയുകയും […]
സംഘടനാരീതികളും നേതാക്കളുടെ വാക്കും പ്രവൃത്തിയും അടിമുടിമാറാതെ പാര്‍ട്ടിക്ക് മുന്നോട്ടു പോകാനാവില്ലെന്ന് കാരാട്ടിന്റെയും മറ്റു സിപിഎം നേതാക്കളുടേയും കുറ്റസമ്മതം. ഏറെ വൈകിവന്ന വിവേകം. എന്തൊക്കെ എതിര്‍പ്പുണ്ടായിട്ടും സിപിഎമ്മിനെ സ്‌നേഹിക്കുന്ന എത്രയോ പേര്‍ എത്രയോ കാലമായി പറയുന്ന കാര്യം. ജനങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍ എന്നാണ് വെപ്പ്. ഇന്ത്യയില്‍ പക്ഷെ എന്നുമവര്‍ ജനങ്ങള്‍ക്ക് പുറകിലാണ്. സാധാരണക്കാര്‍ക്കറിയുന്ന കാര്യങ്ങള്‍ പോലും ഉന്നത നേതാക്കള്‍ മനസ്സിലാക്കുമ്പോള്‍ ഏറെ വൈകുന്നത് അതുകൊണ്ടാണ്.
ഏറ്റവും ശക്തമായി പാര്‍്ടടി സംഘടനാ ചട്ടക്കൂടിനെതിരെ ആഞ്ഞടിച്ചത് തോമസ് ഐസക്കാണ്. ഒരാള്‍ പറയുകയും മറ്റുള്ളവര്‍ കേള്‍ക്കുകയും ചെയ്യുന്ന നിലവിലെ സംവിധാനംതന്നെ മാറ്റണമെന്നായിരുന്നു തോമസ് ഐസക്കിന്റെ തുറന്ന വിമര്‍ശനം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ എല്ലാ തീരുമാനങ്ങളും ഇനി മുതല്‍ പൊതുജനങ്ങള്‍ക്കായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. ജനാധിപത്യവാദികള്‍ മുമ്പേ പറഞ്ഞിരുന്ന ആവശ്യം. എന്നാല്‍ സ്റ്റാലിനിസ്റ്റ് പാര്‍ട്ടി ചട്ടക്കൂടിന്റെ പേരുപറഞ്ഞ് അതെല്ലാം തള്ളികളയുകയായിരുന്നു. ഇപ്പോഴും നോക്കൂ. ഇതുപറഞ്ഞ പിള്ളതന്നെ പറയുന്നു, കേന്ദ്രകമ്മിറ്റി തീരുമാനത്തിന്റെ വാര്‍ത്തകള്‍ പോലും പത്രങ്ങളിലേക്ക് ചോരുന്നു. അവയെല്ലാം ശരിയല്ലെങ്കിലും എല്ലാം തെറ്റുമല്ല. അപ്പോള്‍ നമുക്കിടയിലുള്ള ചിലര്‍തന്നെ പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്നു. ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കെന്തിനാണ് രഹസ്യങ്ങള്‍? പാര്‍ട്ടി കമ്മിറ്റി യോഗങ്ങള്‍പോലും ലൈവ് ആയി ജനങ്ങളെ കാണിക്കുകയല്ലേ വേണ്ടത്?
ബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിലെല്ലാം സി.പി.എമ്മിന് അംഗത്വം കൂടി വരികയാണ്. നിരവധി ജനകീയ പ്രക്ഷോഭങ്ങളും പാര്‍ട്ടി വിജയകരമായി നയിക്കുന്നുണ്ട്. എന്നാല്‍ കടമകള്‍ നിര്‍വഹിക്കാനാകും വിധവും ജനവിശ്വാസം ആര്‍ജിക്കാനാവും വിധവും ഒരു സംസ്ഥാനത്തും ഇടതുപക്ഷം കരുത്താര്‍ജിക്കുന്നില്ല, ഇത്തരത്തില്‍ പാര്‍ട്ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും പാര്‍ട്ടിക്കെതിരെ വന്ന അവിശ്വാസവും വര്‍ഗീയതയും ജാതീയതയും കോര്‍പ്പറേറ്റ് താത്പര്യങ്ങളും വികസനമന്ത്രമായി മാര്‍ക്കറ്റു ചെയ്യുന്നതിലൂടെ മോദി കൈവരിച്ച നേട്ടവുമാണ് തിരഞ്ഞെടുപ്പിലുണ്ടായതെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇടതുപക്ഷം അപ്രസക്തമായെന്നുള്ള പ്രചാരണം ശരിയല്ലെന്നും നേതാക്കള്‍ പറയുന്നു. എവിടെയാണ് പോരായ്മ, എന്താണ് തെറ്റ് പറ്റിയത്, തുടങ്ങിയ കാര്യങ്ങളില്‍ ഉള്ളു തുറന്ന ചര്‍ച്ച ഉണ്ടാവുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യാതിരുന്നാല്‍ പാര്‍ട്ടി അപ്രസക്തമാകും. പരമ്പരാഗത മാര്‍ഗങ്ങളെ മാത്രമാശ്രയിക്കാതെ പാര്‍ട്ടിയുടെ നയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സമര്‍ഥമായ മാര്‍ഗങ്ങള്‍ കണ്ടെത്തണം. നേതാക്കളുടെ പ്രവര്‍ത്തനരീതിയില്‍ പ്രശ്‌നമുണ്ടെങ്കില്‍ അതു തിരുത്തണം. സ്വയം വിലയിരുത്തുന്നതോടൊപ്പം പാര്‍ട്ടിക്കു പുറത്തുള്ളവരുടെ അഭിപ്രായവും ഇക്കാര്യത്തില്‍ തേടേണ്ടി വരും എന്നെല്ലാം പോകുന്നു നേതാക്കളുടെ പാതിവെന്ത സ്വയം വിമര്‍ശനങ്ങള്‍.
ഓരോ ജനവിഭാഗത്തിലും ഉണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഇടതുപക്ഷം തിരുത്താന്‍ തയ്യാറാകണമെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞത്.
ജനങ്ങളുടെ കാഴ്ചപ്പാടുകളും വിമര്‍ശനവും പാര്‍ട്ടി ശ്രദ്ധിക്കണം. ഓരോ വിഭാഗത്തിലും ഉണ്ടായ മാറ്റങ്ങള്‍ പരിശോധിച്ച് മുദ്രാവാക്യങ്ങള്‍ മാറ്റേണ്ടതുണ്ട്. പുതിയ സാഹചര്യത്തില്‍ ഇടതുപക്ഷം സ്വയം വിമര്‍ശനത്തിന് വിധേയരാകണമെന്ന് കാരാട്ട് പറയുന്നു. തിരിച്ചടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശരാകേണ്ട കാര്യമില്ല. പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് ആത്മവിശ്വാസത്തോടെ ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം എന്നും അദ്ദേഹം പ്രവര്‍ത്തകരെ ആശ്വസിപ്പിക്കുന്നു.
ലോകം മുഴുവന്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോഴും, ലോകത്തെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചിന്തകരും അവ പുനപരിശോധിക്കാന്‍ തയ്യാറായിട്ടും തികഞ്ഞ അന്ധവിശ്വാസികളെപോലെയായിരുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചത് എന്നതാണ് സത്യം. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നതാണ് കമ്യൂണിസ്റ്റ് രീതിയെന്ന് പറയുമ്പോഴും അത്തരത്തിലൊന്ന് ഇന്ത്യയില്‍ നടത്തിയിട്ടില്ല എന്നതാണ് വസ്തുത. ഉണ്ടെങ്കില്‍തന്നെ അത് പ്രേമചന്ദ്രന്‍ പോയത് വിനയായി, ബെന്നറ്റ് മികച്ച സ്ഥാനാര്‍ത്ഥിയല്ല എന്ന മട്ടില്‍ വളരെ ലളിതവല്‍കൃതവുമായിരുന്നു.
ജനാധിപത്യവ്യവസ്ഥയില്‍ പങ്കെടുക്കുമ്പോഴും അണികളോട് സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാതിരിക്കുകായിരുന്നു പാര്‍ട്ടി ചെയ്യത്. മാത്രമല്ല, സായുധസമരം തങ്ങള്‍ കൈവിട്ടിട്ടില്ല എന്ന് ഇടക്കിടെ പറയുകയും ചെയ്തു.
സമൂര്‍ത്ത സാഹചര്യങ്ങളുടെ സമൂര്‍ത്തവിശകലനം എന്ന തങ്ങളുടെ ആചാര്യന്മാരുടെ ആശയംപോലും ഇന്ത്യയില്‍ നടപ്പാക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. വ്യവസായിക വിപ്ലവത്തിന്റെ ഘട്ടത്തില്‍ യൂറോപ്യ സാഹചര്യത്തില്‍ രൂപം കൊണ്ട ആശയത്തെ ഏതൊരു മൗലികവാദിയേയും പോലെ പിന്തുടരുകയായിരുന്നു അവര്‍. ജാതിയുടേയും മതത്തിന്റേയും വര്‍ണ്ണത്തിന്റേയും മറ്റനവധി വൈരുദ്ധങ്ങളുടേയും അനന്തമായ സ്ര്രാമാജ്യമായിരുന്ന ഇന്ത്യക്കുനേരെ കണ്ണുതുറക്കാന്‍ അവരൊരിക്കലും തയ്യാറായിരുന്നില്ല. വര്‍ഗ്ഗത്തേക്കാള്‍ എത്രയോ അനാദിയായ ജാതിയുടെ ഇന്ത്യന്‍ സാന്നിധ്യത്തെകുറിച്ച് മനസ്സിലാക്കാത്തതാണ് കമ്യൂണിസ്റ്റുകള്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. വര്‍ഗ്ഗത്തിന്റെ ചാരിത്രത്തിന്റെ പേരുപറഞ്ഞ് ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ വൈരുദ്ധങ്ങള്‍ കാണാത്ത അവര്‍ അംബേദ്കര്‍ മുതല്‍ മായാവതിയേയും സികെ ജാനുവിനേയും വരെ അക്രമിക്കുകയായിരുന്നു. അതുകൊണ്ടതന്നെ ഇന്ത്യന്‍ രാഷ്ട്രീയം പ്രതിസന്ധികളും കുതിപ്പുകളും കണ്ട സമയത്തെല്ലാം അവര്‍ കാഴ്ചക്കാരായി മാറി. അടിയന്തരാവസ്ഥയും മണ്ഡല്‍ കമ്മീഷനും ബാബറി മസ്ജിദും ഉത്തരേന്ത്യയിലെ പിന്നോക്ക ദളിത് മുന്നേറ്റങ്ങളും ന്യൂനപക്ഷപ്രശ്‌നങ്ങളും സംസ്ഥാനങ്ങളിലെ പ്രാദേശിക സമരങ്ങളും പ്രാദേശിക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും വരെ ഈ പട്ടിക നീളുന്നു. കാഴ്ചക്കാരായി മാറിനനില്‍ക്കുക മാത്രമല്ല, പരമ്പരാഗത ശൈലിയില്‍ ഏതുമുന്നേറ്റത്തേയും വിമര്‍ശിക്കുകയായിരുന്നു കമ്യൂണിസ്റ്റുകാര്‍ ചെയ്തത്. ഗാന്ധിയും അംബേദ്കറും മുതല്‍ കെജ്രിവാള്‍ വരെ ഈ വിമര്‍ശനം നീണ്ടു. ഫലമെന്താ? എ കെ ജിയില്‍ നിന്ന് കാരാട്ടിലെത്തിയപ്പോഴേക്കും പാര്‍ട്ടിയുടെ ഗതി ഇതായി.
മറുവശത്ത് ലോകത്തെങ്ങും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ ജനാധിപത്യാവകാശങ്ങള്‍ക്കായി നടന്ന പോരാട്ടങ്ങളില്‍ നിന്നും ഈ പാര്‍ട്ടികള്‍ ഒന്നും പഠിച്ചില്ല. തൊഴിലാളി വര്‍ഗ്ഗ സവര്‍വ്വാധിപത്യം എന്ന പദത്തിനുള്ളില്‍തന്നെ അടങ്ങിയിരിക്കുന്ന ഫാസിസ്റ്റ് ശൈലി ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. ടിപി വധം വരെ അതെത്തി. അതേസമയം തങ്ങളുടെ നിലപാടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു സൈദ്ധാന്തികനേയും വളര്‍ത്തിയെടുക്കാന്‍ അവര്‍ക്കായില്ല. ഇഎംഎസ് എഴുതിയ പതിനായിരകണക്കിനു പേജുകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുക മുന്നണി രാഷ്ട്രീയവുമായി ബന്ധപ്പെട്ട അണികളുടെ സംശയങ്ങള്‍ തീര്‍ക്കാനുളള വാദഗതികള്‍ മാത്രം. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും പാര്‍ട്ടികളിലും മുതലാളിത്തം തിരിച്ചുവരാമെന്ന വാദത്തിന് അദ്ദേഹത്തിന്റെ മറുപടി മനുഷ്യന്‍ കുരങ്ങനാവില്ല എന്ന കേവലയുക്തിമാത്രം.
ഇത്തരെ ചരിത്രഘട്ടത്തിലാണ് നേതാക്കളുടെ ഈ ഏറ്റുപറച്ചില്‍. ആത്മാര്‍ത്ഥമാണെങ്കില്‍ നന്ന്. പ്രായോഗികമാക്കണമെന്നുമാത്രം.
വാല്‍ക്കഷ്ണം.
ഇതൊക്കെ പറയുമ്പോഴും നിയമസഭയിലെ സ്വന്തം മണ്ഡലത്തില്‍ വോട്ടുകുറഞ്ഞതിന്റെ പേരില്‍ രാജിക്കൊരുങ്ങുന്ന ബേബിയെ എന്തിനാണ് പാര്‍ട്ടി തടയുന്നതെന്ന് മനസ്സിലാകുന്നില്ല. ബേബി അതു ചെയ്യുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ ജനാധിപത്യത്തിലെ ഒരു പുതിയ കീഴ്വഴക്കമായിരിക്കും അത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in