സിപിഎം സര്‍വ്വേയില്‍ ഉള്‍പ്പെടുത്തേണ്ട ചോദ്യം : കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നുണ്ടോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തുടര്‍ന്ന് നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാവണം സി.പി.എം. നടത്തുന്ന സമഗ്ര കുടുംബസര്‍വേ ആരംഭിച്ചിരിക്കുകയാണ്. സര്‍വ്വേ വ്യക്തികളുടെ സ്വാകര്യതക്കുനേരെയുള്ള കടന്നാക്രണമാണെന്ന അഭിപ്രായത്തില്‍ വലിയ അര്‍ത്ഥമൊന്നുമല്ല. ഉത്തരവാദിത്തമുള്ള പാര്‍ട്ടികള്‍ എന്നേ അറിയേണ്ട കാര്യങ്ങളാണിവ വൈകിയായിട്ടാണെങ്കിലും സിപിഎം അതിനു തുടക്കമിട്ടത് നന്നായി. സഹിഷ്‌ണുതക്കും പ്രതിപക്ഷ ബഹുമാനത്തിനുമൊപ്പം ജനാധിപത്യസംവിധാനത്തില്‍ അനിവാര്യമാണ്‌ സുതാര്യതയും. അതിനാല്‍തന്നെ ഒരു രാഷ്ട്രീയപാര്‍ട്ടി നടത്തുന്ന ബബുജനസര്‍വ്വേയില്‍ ഉഭയപ്പെടേണ്ടതില്ല. എന്നാല്‍ ഈ മൂന്നു ഗുണങ്ങളും ഇല്ലാത്ത പാര്‍ട്ടിയല്ലേ സര്‍വ്വേ നടത്തുന്നത്‌ എന്ന ചോദ്യത്തില്‍ തീര്‍ച്ചയായും കാമ്പുണ്ട്‌. (പിന്നെ […]

cpmതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തുടര്‍ന്ന് നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാവണം സി.പി.എം. നടത്തുന്ന സമഗ്ര കുടുംബസര്‍വേ ആരംഭിച്ചിരിക്കുകയാണ്. സര്‍വ്വേ വ്യക്തികളുടെ സ്വാകര്യതക്കുനേരെയുള്ള കടന്നാക്രണമാണെന്ന അഭിപ്രായത്തില്‍ വലിയ അര്‍ത്ഥമൊന്നുമല്ല. ഉത്തരവാദിത്തമുള്ള പാര്‍ട്ടികള്‍ എന്നേ അറിയേണ്ട കാര്യങ്ങളാണിവ വൈകിയായിട്ടാണെങ്കിലും സിപിഎം അതിനു തുടക്കമിട്ടത് നന്നായി. സഹിഷ്‌ണുതക്കും പ്രതിപക്ഷ ബഹുമാനത്തിനുമൊപ്പം ജനാധിപത്യസംവിധാനത്തില്‍ അനിവാര്യമാണ്‌ സുതാര്യതയും. അതിനാല്‍തന്നെ ഒരു രാഷ്ട്രീയപാര്‍ട്ടി നടത്തുന്ന ബബുജനസര്‍വ്വേയില്‍ ഉഭയപ്പെടേണ്ടതില്ല. എന്നാല്‍ ഈ മൂന്നു ഗുണങ്ങളും ഇല്ലാത്ത പാര്‍ട്ടിയല്ലേ സര്‍വ്വേ നടത്തുന്നത്‌ എന്ന ചോദ്യത്തില്‍ തീര്‍ച്ചയായും കാമ്പുണ്ട്‌. (പിന്നെ സര്‍വ്വേയില്‍ സഹകരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ആര്‍ക്കുമുണ്ടല്ലോ) 

എന്നാല്‍ സര്‍വ്വേയില്‍ ഉന്നയിക്കേണ്ട ഒരു ചോദ്യമുണ്ടായിരുന്നു – നിങ്ങള്‍ കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന്?
സര്‌വ്വേയില്‍് ജാതിയും മതവും ചോദിക്കുന്നതാണ് ഏറ്റവും വിവാദമായിരിക്കുന്നത്. അതുകേട്ടാല്‍ തോന്നുക ഇവിടെ ഇല്ലാത്ത എന്തോ ഒന്ന് അവര്‍ ചോദിക്കുന്നു എന്നാണ്. വ്യക്തിജീവിതം മുതല്‍ സാമൂഹ്യജീവിതം വരെ എല്ലായിടത്തും ജാതിയും മതവുമുണ്ട്. രാഷ്ട്രീയത്തേയും എന്തിന് സ്ഥാനാര്‍്ത്ഥികളേയും നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകവും മറ്റൊന്നല്ല. എല്ലാ പാര്‍ട്ടിക്കാര്‍്ക്കും മിക്കവാറും പേരുടെ ജാതി മത പശ്ചാത്തലമറിയുകയും ചെയ്ാം. അക്കാര്യം ചോദിക്കുന്നതില്‍ തെറ്റെന്താണ്? തീര്‍ച്ചയായും എന്തിന് എന്ന ചോദ്യം പ്രസക്തമാണ്. ഇനിയും ജാതിയുടെയും മതത്തിന്‌റേയും മറ്റും അസ്തിത്വവും അതുമായി ബന്ധപ്പെട്ട പീഡനങ്ങളും അംഗീകരിക്കാതെ വര്‍ഗ്ഗത്തില്‍ ഊന്നുന്ന പാര്ട്ടിയാണല്ലോ സിപിഎം. പ്രയോഗത്തില്‍ അങ്ങനെയല്ലെങ്കിലും. അതേസമയം ഉത്തരം പറയാതിരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ടല്ലോ.
സാമൂഹികസാമ്പത്തിക സര്‍വേയുടെ രൂപത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബാങ്കുണ്ടാക്കുകയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം അതിനനുസരിച്ച് ക്രമീകരിച്ച് ആസൂത്രണം ചെയ്യുകയുമാണത്രെ സര്‍വേയുടെ ലക്ഷ്യം. 30 ചോദ്യങ്ങളുള്ള ഫോറമാണ് തയ്യാറാക്കിയിട്ടുള്ളത്. വിദ്യാഭ്യാസം, ജോലി, വരുമാനം, ജാതി, മതം, മിശ്ര വിവാഹിതരാണോ, എ.പി.എല്‍. ബി.പി.എല്‍., ഫോണ്‍ കണക്ഷനുണ്ടോ, പാചകവാതക കണക്ഷനുണ്ടോ, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടോ, വര്‍ഗബഹുജന സംഘടനകളില്‍ അംഗത്വമുണ്ടോ, മറ്റുപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സജീവമോ, നിര്‍ജീവമോ, പാര്‍ട്ടികളില്‍നിന്നുള്ള മാറ്റം, നിഷ്പക്ഷം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും ശേഖരിക്കണം.
വിദ്യാര്‍ഥിയെങ്കില്‍ പഠിക്കുന്ന സ്ഥാപനം ഏതു വിഭാഗത്തില്‍ പെടുന്നതെന്നു ചേര്‍ക്കണം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയം എന്ന രീതിയില്‍. ജോലി വിദേശത്താണെങ്കില്‍ ഏതു രാജ്യത്ത് എന്നും വ്യക്തമാക്കണം. വിദേശത്തുനിന്നു മടങ്ങി നാട്ടില്‍ താമസമുറപ്പിച്ചവരെങ്കില്‍ അക്കാര്യവും വ്യക്തമാക്കണം. കുടുംബത്തിന്റെ യഥാര്‍ഥത്തിലുള്ള വരുമാനം അംഗങ്ങളുടെ ആകെ വരുമാനം കണക്കുകൂട്ടി രേഖപ്പെടുത്തണം. കൈവശമുള്ള ഭൂമി നഗരത്തിലോ, ഗ്രാമത്തിലോ, കൃഷിയുള്ളതോ, തരിശിട്ടിരിക്കുന്നതോ തുടങ്ങിയ വിവരങ്ങളെല്ലാം ഉണ്ടാകണം. വരുമാനത്തിന്റെ ഉറവിടം, ഉപയോഗിക്കുന്ന വാഹനം, ലാന്‍ഡ് ഫോണ്‍, മൊബൈല്‍ ഫോണ്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും രേഖപ്പെടുത്തണം. മുന്‍പു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരാണെങ്കില്‍ അക്കാര്യം, ഇപ്പോഴുള്ള ബന്ധം, ക്ഷേമനിധി അംഗത്വമുണ്ടോ, വീട്ടില്‍ വരുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ ഏതൊക്കെ, പത്രം ഏതാണ് തുടങ്ങിയ കാര്യങ്ങളും ഉണ്ടാകണം. ഓരോ ബ്രാഞ്ചിലെയും വിവരങ്ങള്‍ ശേഖരിച്ചു പുസ്തക രൂപത്തിലാക്കി ഇതിന്റെ കോപ്പി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ എത്തിക്കാനാണു ജില്ലാ കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീടുവീടാന്തരം കയറിയുള്ള വിവരശേഖരണവും ക്രോഡീകരണവും ഒരു മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
വരുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും ശക്തി വര്‍ധിപ്പിക്കുന്നതിന് ശാസ്ത്രീയമായ ഇടപെടല്‍ നടത്തുകയാണ് വിവരശേഖരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പാര്‍ട്ടി പറയുന്നു. എങ്കില്‍ ഏറ്റവും അനിവാര്യമായിരുന്ന ചോദ്യമായിരുന്നു കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നത്. അതുവഴി സിപിഎം നടത്തുന്നതു മാത്രമല്ല, ബിജെപി അടക്കമുള്ള മറ്റു പാര്‍ട്ടികള്‍ ചെയ്യുന്ന കൊലകള്‍ക്കും അന്ത്യമാകുമായിരുന്നു.
കണ്ണൂരിനെ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങളുടെ വേദിയാക്കിമാറ്റിയതില്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ശക്തമായ വിയോജിപ്പുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ നേതൃത്വത്തെ പരസ്യമായി പിന്തുണച്ചു രംഗത്തുവരാന്‍ സംസ്ഥാന നേതൃത്വം മടികാട്ടുന്നുമുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകത്തെത്തുടര്‍ന്ന് പാര്‍ട്ടി നേരിട്ട പ്രതിസന്ധി മറികടക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് മനോജ് വധം അരങ്ങേറിയത്. പാര്‍ട്ടി ഇതുവരെ നടത്തിയ എല്ലാ ശ്രമങ്ങളേയും കാറ്റില്‍പറത്തുന്നതാണ് കണ്ണൂരിലെ സംഭവവികാസങ്ങളെന്ന അഭിപ്രായമാണ് ചില സംസ്ഥാന നേതാക്കള്‍ക്കുള്ളത്. മാത്രമല്ല, ടൈറ്റാനിയം കേസിലും പ്ലൂസ്ടു കേസിലും പ്രതികൂലമായ കോടതിവിധികള്‍മൂലം വിഷമിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിയെ ആക്രമിക്കാനുള്ള ആയുധമായി കണ്ണൂരിലെ കൊലപാതകം മാറിയെന്ന വികാരവും ചിലനേതാക്കള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ചോദ്യം ഉള്‍ക്കൊള്ളിക്കുന്നത് എത്രയോ ഗുണകരമായിരിക്കും.
അതേസമയം തങ്ങളുടെ ജനപ്രതിനിധികളെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം ചോദിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അതനുസരിച്ചായിരിക്കും അവരെ വീണ്ടും പ്രതിനിധിയാക്കണമോ എന്നു തീരുമാനിക്കുക. തീര്‍ച്ചയായും നല്ല നീക്കമാണത്.
മറ്റൊന്ന് ഈ സര്‍വ്വേയുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ബൂത്തിലും ഓരോ മുഴുവന്‍ സമയ പ്രവര്‍ത്തകനെ വീതം പാര്‍ട്ടി നിയോഗിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ്. പ്രവര്‍ത്തകന് പാര്‍ട്ടി വേതനം നല്‍കും. അരലക്ഷം പേരെ റിക്രൂട്ട് ചെയ്യാനാണ് നീക്കമെന്നും അവരുടെ വേതനത്തിനായി 30 കോടി രൂപ പിരിക്കുമെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇനിയും നമ്മുടെ കേഡര്‍ പാര്‍ട്ടികള്‍ പഠിക്കാത്ത പാഠമാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരല്ല നമുക്കാവശ്യമെന്നത്. റഷ്യയിലെ വിപ്ലവപൂര്‍വ്വകാലഘട്ടവുമായി ബന്ധപ്പെട്ട് ലെനിനും പിന്നീട് സ്റ്റാലിനുമായിരുന്നു ലെനിനിസ്റ്റ് അല്ലെങ്കില്‍ സ്റ്റാലിനിസ്റ്റ് എന്നു വിളിക്കപ്പെടുന്ന കര്‍ക്കശമായ സംഘടനാചട്ടക്കൂടും വിപ്ലവം തൊഴിലാക്കിയ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ എന്ന സങ്കല്‍പ്പവും വളര്‍ത്തിയെടുത്തത്. ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് ഒരിക്കലും യോജിച്ചതല്ല ഇവ. ജനാധിപത്യപരമായ, അയഞ്ഞ, സുതാര്യമായ ചട്ടക്കൂടാണ് ഇന്ന് പാര്‍ട്ടികള്‍ക്കാവശ്യം. അതോടൊപ്പം പ്രൊഫഷണല്‍ രാഷ്ട്രീയക്കാരല്ല, എല്ലാവരും രാഷ്ട്രീയക്കാരാകുകയാണ് വേണ്ടത്. രാഷ്ട്രീയപ്രവര്‍ത്തനം കുറച്ചുപേര്‍ വേതനം പറ്റി ചെയ്യേണ്ട ജോലിയാണോ? അതില്‍നിന്നാണ് അഴിമതിയും ഫാസിസ്റ്റ് പ്രവണതകളും ശക്തമാകുന്നത്. ജനാധിപത്യസംവിധാനത്തില്‍ ജീവിതമാര്‍ഗ്ഗത്തിന് വേറെ ജോലിചെയ്തുവേണം രാഷ്ട്രീയ പ്രവര്‍ത്തനവും ജനസേവനവും മറ്റും നിര്‍വ്വഹിക്കാന്‍. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി കൊച്ചി കതൃക്കടവിലെ സ്വകാര്യ ഐടി കമ്പനിയില്‍ ജോലിക്കു ചേയ്യുന്നത് ഒരു മാതൃകയായി കാണണം.
ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാര്‍ത്ത സര്‍വ്വേയുടെ വെളിച്ചത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്‍പായി രാഷ്ട്രീയ അടവുനയരേഖ തയാറാക്കാനൊരുങ്ങുന്നു എന്നതാണ്. അടവുനയം എന്ന പദം ഇനിയും ഉപേക്ഷിക്കാന്‍ എന്താണ് പാര്‍ട്ടിക്ക് കഴിയാത്തത്? വര്‍ഗ്ഗസമരത്തിലൂടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം, അത്തരമൊരു മാറ്റത്തിനുനേതൃത്വം കൊടുക്കാന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നണി പോരാളിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി, സായുധസമരമാണ് അതിനുള്ള മാര്‍ഗ്ഗമെങ്കിലും തന്ത്രങ്ങളും അടവുകളും എന്നിങ്ങനെ പോകുന്നു പരമ്പരാഗത കമ്യൂണിസ്റ്റ് ശൈലി. ഇവയെല്ലാം സമകാലികലോകത്തും ജനാധിപത്യ സംവിധാനത്തിലും അപ്രസക്തമാണെന്ന് വ്യക്തമായി തെളിഞ്ഞിട്ടും ശാസ്ത്രീയ സമീപനത്തെ കുറിച്ച് പറയുന്ന പാര്‍ട്ടി തുടരുന്നത് അന്ധവിശ്വാസപരമായ സമീപനമാണെന്ന് ഇതു വ്യക്തമാക്കുന്നു. അല്ലെങ്കില്‍ ജനാധിപത്യത്തെ അംഗികരിക്കുന്നില്ല എന്നെങ്കിലും പ്രഖ്യാപിക്കാന്‍ തയ്യാറാകണം. അതൊന്നുമില്ലാത്ത ഈ അടവ് ഒരിക്കലും പാര്‍ട്ടിക്കോ സമൂഹത്തിനോ ഗുണം ചെയ്യാന്‍ പോകുന്നില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply