സിപിഎം നേതൃത്വത്തിന്‌ ഒരു തുറന്ന കത്ത്‌

കെ.വേണു 15 വര്‍ഷം മുമ്പ്‌ സി.പി.എം ആര്‍.എസ്‌.എസ്‌ കൊലപാതങ്ങള്‍ നിത്യസംഭവമായ കാലത്ത്‌ സി.പി.എം.ലെ സംഘടനാ രൂപത്തിലെ ഫാസിസ്റ്റ്‌ അംശം ത്യജിച്ച്‌ ജനാധിപത്യബോധം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ കേരളത്തിലെ സി.പി.എം. നേതൃത്വത്തിന്‌ കെ വേണു എഴുതിയ തുറന്ന കത്തിന്റെ പ്രസക്തഭാഗങ്ങള്‍… കണ്ണൂരില്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിങ്ങളുടെ പാര്‍ട്ടി നേരിടുന്ന അടിസ്ഥാനപരമായ വൈരുദ്ധ്യമാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌ ഒരു വശത്ത്‌ ഒരു പാര്‍ലമെന്ററി പാര്‍ട്ടിയുടെ ജനാധിപത്യമുഖം. മറ്റുവശത്ത്‌ ആസൂത്രിതമായി രാഷ്‌ട്രീയ എതിരാളികളെ മൃഗീയമായി വെട്ടി നുറുക്കുന്ന ഒരു മാഫിയ […]

imagesകെ.വേണു

15 വര്‍ഷം മുമ്പ്‌ സി.പി.എം ആര്‍.എസ്‌.എസ്‌ കൊലപാതങ്ങള്‍ നിത്യസംഭവമായ കാലത്ത്‌ സി.പി.എം.ലെ സംഘടനാ രൂപത്തിലെ ഫാസിസ്റ്റ്‌ അംശം ത്യജിച്ച്‌ ജനാധിപത്യബോധം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ കേരളത്തിലെ സി.പി.എം. നേതൃത്വത്തിന്‌ കെ വേണു എഴുതിയ തുറന്ന കത്തിന്റെ പ്രസക്തഭാഗങ്ങള്‍…

കണ്ണൂരില്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിങ്ങളുടെ പാര്‍ട്ടി നേരിടുന്ന അടിസ്ഥാനപരമായ വൈരുദ്ധ്യമാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌ ഒരു വശത്ത്‌ ഒരു പാര്‍ലമെന്ററി പാര്‍ട്ടിയുടെ ജനാധിപത്യമുഖം. മറ്റുവശത്ത്‌ ആസൂത്രിതമായി രാഷ്‌ട്രീയ എതിരാളികളെ മൃഗീയമായി വെട്ടി നുറുക്കുന്ന ഒരു മാഫിയ സംഘത്തിന്റെ പൈശാചികമുഖം. ഈ ഇരട്ട മുഖം ഏറ്റവും സ്‌പഷ്‌ടമായി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.
ആര്‍എസ്‌എസ്സിന്റെ വര്‍ഗ്ഗീയ ഫാസിസത്തിനെതിരായി ധീരമായി പോരാടി രക്തസാക്ഷിത്വം വരിക്കുകയാണ്‌ നിങ്ങളുടെ പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന്‌ നിങ്ങള്‍ അവകാശപ്പെടുന്നുണ്ടെന്ന്‌ എനിക്കറിയാം. പക്ഷേ ഈ വാദം ആരെയും ബോധ്യപ്പെടുത്താന്‍ പോകുന്നില്ല. നിങ്ങളും ആര്‍എസ്‌ എസും തമ്മിലുള്ള ഇത്തരം കൊലപാതക സംഘട്ടനങ്ങള്‍ ആരംഭിച്ചിട്ട്‌ വര്‍ഷങ്ങള്‍. അല്ല ദശകങ്ങള്‍ തന്നെ ആയി. അഖിലേന്ത്യാതലത്തില്‍ ബിജെപി ഭീഷണശക്തി ആയതിന്‌ എത്രയോ മുമ്പ്‌ കേരളത്തില്‍ നിങ്ങള്‍ അവരുമായി ഏറ്റുമുട്ടാന്‍ തുടങ്ങി. മറ്റൊരു ചോദ്യം കൂടി നമ്മുടെ മുന്നിലുണ്ട്‌. ആര്‍എസ്‌ എസ്‌-ബജെപി ശക്തികള്‍ കേരളത്തിലേതിനേക്കാള്‍ എത്രയോ ശക്തമായി മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നു. അവിടെയൊന്നും ഒരു പാര്‍ട്ടിയുമായും അവര്‍ ഇതുപോലെ ഏറ്റുമുട്ടുന്നില്ല. എന്തുകൊണ്ട്‌ കേരളത്തില്‍ മാത്രം ഈ ചോദ്യത്തിന്‌ വ്യക്തമായ മറുപടി നിങ്ങള്‍ക്കുണ്ടാവില്ലെന്ന്‌ എനിക്കറിയാം.

എഴുപതുകള്‍
മറ്റൊരു ചരിത്രം കൂടി ഞാനിവിടെ ചൂണ്ടിക്കാണിക്കട്ടെ. നിങ്ങളുടെ പാര്‍ട്ടി ആര്‍എസ്‌ എസുമായി മാത്രമല്ല ഏറ്റുമുട്ടിയിട്ടുള്ളത്‌. 1970-71ല്‍ കല്‍ക്കത്താ നഗരത്തില്‍ നക്‌സലൈറ്റുകള്‍ മുന്‍കൈ നേടിയ കാലം പ്രസിഡന്‍സി കോളേജ്‌ ഉള്‍പ്പെടെ എല്ലാ പ്രധാന കോളേജുകളും നക്‌സലൈറ്റുകള്‍ കയ്യടക്കിയിരുന്ന കാലം അന്നവിടെ നിങ്ങളുടെ പാര്‍ട്ടിക്കാരും നക്‌സലൈറ്റുകളും തമ്മില്‍ ആക്രമണ-പത്യാക്രമണങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറി. ചുരുങ്ങിയത്‌ രണ്ടായിരത്തിനും മൂവായിരത്തിനും ഇടയ്‌ക്ക്‌ ചെറുപ്പക്കാരാണ്‌ രണ്ടുപക്ഷത്തു കൂടി ഈ വിധം കൊല്ലപ്പെട്ടത്‌ എന്നായിരുന്നു വിശ്വസനീയമായ കണക്ക്‌. നക്‌സലൈറ്റുകളുമായി നിങ്ങള്‍ ഏറ്റുമുട്ടിയത്‌ വര്‍ഗ്ഗീയതയെ നേരിടാനല്ലല്ലോ. സ്വന്തം പ്രസ്ഥാനത്തില്‍ നിന്ന്‌ ഭിന്നിച്ചു പോയ തീവ്രവാദികള്‍ മാത്രമായിരുന്നു അവര്‍. അന്ന്‌ അവരായിരുന്നു നിങ്ങളുടെ മുഖ്യശത്രുക്കള്‍.
കേരളത്തിലും ഈ ചരിത്രത്തിന്റെ തുടര്‍ച്ച കാണാം. 1980-81 കാലത്ത്‌ കേരളത്തില്‍ നക്‌സലൈറ്റുകള്‍ സജീവമായിരുന്ന സന്ദര്‍ഭം അന്ന്‌ നിങ്ങളുടെ പാര്‍ട്ടിക്കാര്‍ ഞങ്ങളുടെ സാംസ്‌കാരിക വേദിയുടെ നാടക. ഗായകസംഘങ്ങള്‍ക്കും കവിയരങ്ങുകള്‍ക്കും എതിരായി, പോസ്റ്റര്‍ ഒട്ടിക്കുന്ന വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്കെതിരായി നടത്തിയിട്ടുള്ള സംഘടിത ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടായി. ചുരുങ്ങിയത്‌ നാനൂറ്‌- അഞ്ഞൂറ്‌ സ്ഥലങ്ങളിലെങ്കിലും നിങ്ങളുടെ ഇത്തരം ആക്രമണങ്ങള്‍ ഞങ്ങള്‍ക്ക്‌ നേരിടേണ്ടിവന്നു. ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുന്ന നിങ്ങളുടെ പ്രവര്‍ത്തകരെ തിരിച്ചടിക്കില്ലെന്ന്‌ പാര്‍ട്ടി നിലവാരത്തില്‍ ഖണ്ഡിത തീരുമാനം ഞങ്ങള്‍ എടുത്തതുകൊണ്ടു മാത്രമാണ്‌ മാര്‍ക്‌സിസ്റ്റ്‌ – നക്‌സലൈറ്റ്‌ ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും ഒരു പരമ്പരയായി അത്‌ മാറാതിരുന്നത്‌ നിങ്ങളോട്‌ പകപോക്കാനുള്ള ശേഷി അന്ന്‌ ഞങ്ങള്‍ക്ക്‌ വേണ്ടുവോളമുണ്ടായിരുന്നു. വയനാട്ടിലെ കേണിച്ചിറയില്‍ മഠത്തില്‍ മത്തായിക്കെതിരായി മൂന്നുതവണ ജനകീയ വിചാരണ നടത്തി പരസ്യമായി വധശിക്ഷ പ്രഖ്യാപിച്ചതിനെതുടര്‍ന്ന്‌ അയാളുടെ വീട്ടില്‍ സായുധപൊലീസിന്റെ പിക്കറ്റ്‌ ഏര്‍പ്പെടുത്തിയിട്ടും ഞങ്ങളുടെ സഖാക്കള്‍ അയാള്‍ക്കെതിരെ വധശിക്ഷ നടപ്പാക്കി. അതിനുപോന്ന സംഘടനാശേഷിയും ചാവേര്‍പട തന്നെയും അന്ന്‌ ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ ഈ ശേഷി ജനമര്‍ദ്ദകരായ വര്‍ഗ്ഗശത്രുക്കള്‍ക്കെതിരായി മാത്രം ഉപയോഗിക്കാനുള്ളതായിരുന്നു. ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വന്ന നിങ്ങളുടെ പ്രവര്‍ത്തകര്‍ തൊഴിലാളികളും സാധാരണക്കാരുമായിരുന്നു. അങ്ങനെയുള്ളവര്‍ ആക്രമിക്കുമ്പോള്‍ അവരെ തിരിച്ചടിക്കാതെ അവരോട്‌ രാഷ്‌ട്രീയം സംസാരിക്കാനും ഞങ്ങളുടെ വര്‍ഗനിലപാട്‌ അവരെ ബോധ്യപ്പെടുത്താനും ഞങ്ങള്‍ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചു.
ഈ സമീപനം സ്വീകരിക്കുന്നതില്‍ ഒരു പ്രധാന പങ്ക്‌ വഹിച്ച എനിക്ക്‌ സഖാക്കളില്‍ നിന്നുതന്നെ ഗാന്ധിയന്‍ എന്ന വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. എനിക്കതില്‍ സന്തോഷമേയുള്ളൂ. അന്ന്‌ ഞങ്ങള്‍ ഈ സമീപനം സ്വീകരിച്ചില്ലായിരുന്നെങ്കില്‍, ആയിരക്കണക്കിനില്ലെങ്കിലും നൂറു കണക്കിന്‌ ചെറുപ്പക്കാര്‍ കൊല്ലപ്പെടുമായിരുന്നു. മാര്‍ക്‌സിസ്റ്റ്‌- നക്‌സലൈറ്റ്‌ കൊലപാതക പരമ്പരയുടെ വിഷമവൃത്തത്തില്‍ നിന്ന്‌ ഞങ്ങള്‍ക്കും രക്ഷപ്പെടാനാകുമായിരുന്നില്ല. നിങ്ങള്‍ സ്വീകരിച്ച ഫാസിസ്റ്റ്‌ സമീപനം ഞങ്ങളും പിന്തുടര്‍ന്നില്ല എന്നതുകൊണ്ടുമാത്രമാണ്‌ അങ്ങനെയൊരു സ്ഥിതി വിശേഷം ഒഴിവായത്‌. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയതും എന്നാല്‍ അങ്ങേയറ്റം മര്‍മ്മപ്രധാനവുമായ ഒരു രാഷ്‌ട്രീയ പാഠമാണിത്‌.
ഈ സമീപനം നടപ്പിലാക്കിയ ഭൂരിപക്ഷം പ്രദേശങ്ങളിലും സാധാരണജനങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തകരുടെ പക്ഷം ചേരുകയും അവരെ സംരക്ഷിക്കുകയും ചെയ്‌തു. അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ മാത്രമാണ്‌ വ്യത്യസ്‌ത അനുഭവം ഉണ്ടായത്‌. തൃശൂര്‍ ജില്ലയിലെ മേലൂരില്‍ ഏഴു തവണയാണ്‌ ഒരു തെരുവുനാടകസംഘം നാടകം നടത്താനാവാതെ അടികൊണ്ട്‌ തിരിച്ചു പോന്നത്‌. അവിടെ നിങ്ങളുടെ പാര്‍ട്ടിയുടെ ഒരു പ്രാദേശിക ഗുണ്ടാനേതാവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാരെയും മറ്റും അടിച്ചമര്‍ത്തി ഭീകരത സൃഷ്‌ടിച്ചിരിക്കുകയായിരുന്നു. തെരുവുനാടക സംഘത്തെ ആ ഗുണ്ടാസംഘം ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ വെറും കാഴ്‌ചക്കാരായി നോക്കിനിന്നു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലും ഇത്തരം അനുഭവം മൂന്നുതവണ ആവര്‍ത്തിച്ചു. മറ്റു രണ്ടുമൂന്നിടങ്ങളില്‍ കൂടി ഇതുപോലുള്ള സംഭവങ്ങളുണ്ടായതൊഴിച്ചാല്‍ മറ്റെല്ലായിടത്തും ഈ ആക്രമണങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിക്ക്‌ ദോഷം ചെയ്യുകയായിരുന്നു. അതു മനസ്സിലാക്കിയിട്ടായിരിക്കണം രണ്ടു വര്‍ഷത്തിനുള്ളില്‍ നിങ്ങല്‍ ഞങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തുകയും ചെയ്‌തു.
ഇത്തരം സംഭവങ്ങളെ അവഗണിച്ചുതള്ളാനാണ്‌ നിങ്ങള്‍ ശ്രമിച്ചതെങ്കിലും എം.വി. രാഘവനെ പുറത്താക്കിയ സമയത്ത്‌ രണ്ടു കൂട്ടരും തമ്മില്‍ നടത്തിയ വിഴുപ്പലക്കലില്‍ നക്‌സലൈറ്റുകള്‍ക്കെതിരെ നടത്തിയ അനവധി ആക്രമണങ്ങളുടെ കഥകള്‍ പുറത്തുവരികയുണ്ടായി. എം.വി. രാഘവന്‍ അത്തരം ആക്രമണങ്ങളുടെ ഒരു പ്രധാന സൂത്രധാരനായിരുന്നു എന്ന കാര്യം വെളിവായി.
ഈ പശ്ചാത്തലം വിസ്‌മരിക്കാതെ വേണം നിങ്ങള്‍ വര്‍ഗ്ഗീയ ഫാസിസത്തിനെതിരായി പോരാടുകയാണെന്ന വ്യാഖ്യാനം പരിശോധിക്കാന്‍ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ നിങ്ങളുമായി ഏറ്റുമുട്ടാന്‍ തുടങ്ങുന്നതിനുമുമ്പുതന്നെ നിങ്ങള്‍ ഫാസിസ്റ്റ്‌ ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നു എന്നാണ്‌ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കുന്നത്‌. അപ്പോള്‍ പോലും സംഘട്ടനത്തിലേര്‍പ്പെടുന്ന രണ്ടുകൂട്ടരും ഫാസിസ്റ്റുകളാണെങ്കില്‍ മാത്രമേ സംഘട്ടനപരമ്പര ഉണ്ടാകൂ എന്നും ഞങ്ങളുടെ അനുഭവം സാക്ഷ്യം നില്‍ക്കുന്നു. വര്‍ഗ്ഗീയ ഫാസിസ്റ്റുകളെപോലെ നിങ്ങളും ഫാസിസ്റ്റുകളായതാണ്‌ ഈ ആക്രമണപരമ്പര തുടരാന്‍ കാരണമെന്ന്‌ കാണാനും പ്രയാസമില്ല.

വര്‍ഗീയ ഫാസിസം
വര്‍ഗ്ഗീയതയെ നേരിടുന്നു എന്ന നിങ്ങളുടെ അവകാശവാദവും പരിശോധിക്കപ്പെടേണ്ടതാണ്‌. ഇന്ത്യയില്‍ സമീപകാലത്ത്‌ വളര്‍ന്നു വന്ന സവര്‍ണ്ണഫാസിസത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അപകടകരമായ അബദ്ധധാരണകളുണ്ടായിരുന്നുതാനും 80-കളുടെ ആരംഭത്തില്‍ ആസാം, പഞ്ചാബ്‌ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍. ഇന്ത്യയുടെ അഖണ്ഡത കാത്തുരക്ഷിക്കാന്‍ ഹിന്ദു ഭൂരിപക്ഷത്തെ പ്രീണിപ്പിക്കണമെന്ന നിലപാടിലേക്ക്‌ ഒരുവശത്ത്‌ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസും മറുവശത്ത്‌ നിങ്ങളും എത്തിച്ചേരുകയുണ്ടായി. 1985-ല്‍ ഒരു പോളിറ്റ്‌ ബ്യൂറോ യോഗത്തില്‍ ബാസവപുന്നയ്യ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കമ്യൂണിസ്റ്റുകാര്‍ ന്യൂനപക്ഷാനുകൂല നിലപാടെടുക്കുക കാരണം ഭൂരിപക്ഷം അകന്നുപോയെന്നും അവരെ അടുപ്പിക്കാനായി ന്യൂനപക്ഷങ്ങളില്‍ നിന്ന്‌ അകന്നു നില്‍ക്കണമെന്നും നിര്‍ദ്ദേശിച്ചു. പോളിറ്റ്‌ ബ്യൂറോ അംഗീകരിച്ച ഈ നിലപാടിനെതിരായി നിലപാടെടുത്തതിന്റെ പേരിലാണ്‌ എം.വി. രാഘവനെ നിങ്ങള്‍ പുറത്താക്കിയത്‌. 87-ല്‍ കേരളത്തിലെ കോണ്‍ഗ്രസിനോടു അയിത്തം പ്രഖ്യാപിച്ചുകൊണ്ടും ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ ശരി അത്തിനെതിരായി വിവാദം കുത്തിപ്പൊക്കിയും വര്‍ഗ്ഗീയ വിരുദ്ധ ലേബലില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടെടുക്കുകയാണ്‌ നിങ്ങള്‍ ചെയ്‌തത്‌.
തുടര്‍ന്ന്‌ ബാബരി മസ്‌ജിദ്‌ പ്രശ്‌നം രൂക്ഷമായപ്പോള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെയും ന്യൂനപക്ഷ വര്‍ഗ്ഗീയതയെയും തുല്യഅപകടകാരികളായി നിങ്ങള്‍ പ്രഖ്യാപിച്ചു. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതക്ക്‌ കുത്തകാധികാരം സ്ഥാപിക്കാനും ഫാസിസ്റ്റാകാനും എളുപ്പത്തില്‍ കഴിയും. എന്നാല്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയ്‌ക്ക്‌ വസ്‌തുനിഷ്‌ഠമായി തന്നെ അധികാരക്കുത്തക സ്ഥാപിക്കാനും ഫാസിസ്റ്റാകാനും ഇവിടെ കഴിയില്ല. ഇത്‌ തിരിച്ചറിയാതെ നിങ്ങള്‍ എല്ലാ വര്‍ഗ്ഗീയതയെയും ഒരേ പോലെ ആക്രമിച്ചത്‌ ഭൂരിപക്ഷ വര്‍ഗീയതയെ സഹായിക്കുകയാണ്‌ ചെയ്‌തത്‌. വിശ്വഹിന്ദു പരിഷത്ത്‌ അയോധ്യയില്‍ രാമശിലാ പൂജയുമായി മുന്നേറിയപ്പോള്‍ ബാബറി മസ്‌ജിദ്‌ മ്യൂസിയമാക്കണമെന്ന നിരുത്തരവാദ പ്രസ്‌താവനയാണ്‌ നിങ്ങളുടെ നേതാവ്‌ ഇഎംഎസ്‌ നടത്തിയത്‌. വര്‍ഗ്ഗീയ ഫാസിസത്തെ നേരിടുന്നതു പോകട്ടെ, തിരിച്ചറിയുന്നതില്‍ പോലും നിങ്ങള്‍ എത്രയോ പിന്നിലായിരുന്നു എന്നാണ്‌ ഇതെല്ലാം കാണിക്കുന്നത്‌.

ഇടതുപക്ഷ സ്വാധീനം
കേരളത്തില്‍ ആര്‍എസ്‌എസും ബിജെപിയും ബഹുജനാടിത്തറ നേടാത്തത്‌ നിങ്ങള്‍ കാരണമാണെന്ന ഒരു ധാരണ നിങ്ങള്‍ക്കുണ്ട്‌. തീര്‍ച്ചയായും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സ്വാധീനം ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്‌. പക്ഷേ, ആ പഴയ അടിസ്ഥാനം ഇന്ന്‌ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്‌. കേരളത്തിന്റെ സാമൂഹ്യഘടനയിലെ പ്രത്യേകത കണക്കിലെടുത്തുകൊണ്ടുകൂടി വേണം ഈ പ്രശ്‌നം മനസ്സിലാക്കാന്‍. രണ്ട്‌ പ്രബല ന്യൂനപക്ഷങ്ങള്‍ ഇവിടെ നാല്‌പതു ശതമാനത്തിലധികം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഈ മുസ്ലീം, ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങളിലേക്ക്‌ കടന്നുചെല്ലാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കായില്ല. ഹിന്ദു സമൂഹത്തിലെ ദളിത്‌. പിന്നോക്ക വിഭാഗങ്ങളിലാണ്‌ ഇടുതപക്ഷം അടിസ്ഥാനമുറപ്പിച്ചത്‌. ശ്രീനാരായണ, അയ്യങ്കാളി പ്രസ്ഥാനങ്ങളോട്‌ 30 കളിലും 40 കളിലും കേരളത്തിലെ നാമ്പെടുക്കാന്‍ തുടങ്ങിയ ഇടതുപക്ഷ പ്രസ്ഥാനം ക്രിയാത്മക സമീപനം സ്വീകരിച്ചതുകൊണ്ടാണ്‌ ഈ അടിത്തറ ഉണ്ടായതും അതേ സമയം പില്‍ക്കാലത്ത്‌ ഈ സമുദായങ്ങളുടെ തന്നെ രാഷ്‌ട്രീയാധികാര പങ്കാളിത്തത്തിന്റെ കാര്യത്തിലും മറ്റും ഇടതുപക്ഷത്തിന്റെ നയം വഞ്ചനാപരമായിരുന്നു എന്ന തിരിച്ചറിവ്‌ ഈ വിഭാഗങ്ങളിലും അസംതൃപ്‌തി വ്യാപകമാക്കിയിട്ടുണ്ട്‌. അടുത്തകാലത്തായി ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഗണ്യമായി ആര്‍എസ്‌എസ്സിലേക്കും ബിജെപിയിലേക്കും നീങ്ങിയിട്ടുണ്ട്‌ എന്നതും ഒരു യഥാര്‍ത്ഥ്യമാണ്‌. അത്‌ തടുത്തുനിറുത്താന്‍ നിങ്ങള്‍ക്കാകുന്നുമില്ല. കാരണം സാമുദായിക പ്രശ്‌നങ്ങളെ മനസ്സിലാക്കാനുള്ള സൈദ്ധാന്തിക ഉപാധികള്‍ നിങ്ങളുടെ പക്കല്‍ ഇല്ലാത്തതുകൊണ്ട്‌ അശാസ്‌ത്രീയവും പലപ്പോഴും പ്രതിലോമപരവുമായ നിലപാടുകളാണ്‌ ഇക്കാര്യത്തില്‍ നിങ്ങള്‍ സ്വീകരിക്കുന്നത്‌.
ന്യൂനപക്ഷവര്‍ഗ്ഗീയത വളര്‍ന്നു വരാതെ നോക്കുന്ന കാര്യത്തിലും നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാനായിട്ടില്ല. ന്യൂനപക്ഷങ്ങളെ സഹായിക്കുകയല്ല, ദ്രോഹിക്കുകയാണ്‌ നിങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ക്രിസ്‌ത്യന്‍ ന്യൂനപക്ഷത്തിന്‌ മതമൗലികവാദ പ്രവണത തീരെ കുറവായതുകൊണ്ട്‌ അവര്‍ക്കിടയില്‍ ഈ പ്രശ്‌നം രൂക്ഷമല്ല. മുസ്ലിം ന്യൂനപക്ഷത്തില്‍ മതമൗലികവാദ പ്രവണത ആഗോളതലത്തില്‍ തന്നെ ശക്തമാണ്‌. വര്‍ഗീയ ഫാസിസ്റ്റുകള്‍ ബാബറി മസ്‌ജിദ്‌ തകര്‍ത്ത സാഹചര്യത്തില്‍ ഇവിടെയും മുസ്ലീം മതമൗലികവാദം ശക്തമായി തലപൊക്കി. കേരളത്തില്‍ ആ പ്രവണത വളര്‍ന്നുവരാനുള്ള സാധ്യതയും വലുതായിരുന്നു. മുസ്ലീം തീവ്രവാദം ശക്തിപ്പെടുന്നതും കാത്താണ്‌ സവര്‍ണ്ണ ഫാസിസ്റ്റുകള്‍ ഇരിക്കുന്നത്‌. ഇവിടെ ഈ തീവ്രവാദത്തെ ഫലപ്രദമായി ചെറുത്തുനിന്നത്‌ മുസ്ലീം ലീഗാണ്‌. പാര്‍ലമെന്ററി രാഷ്‌ട്രീയത്തിലെ സജീവപങ്കാളിത്തം നിമിത്തം കേരളത്തിലെ മുസ്ലീം സമുദായത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിന്‍ മുസ്ലീം ലീഗ്‌ ഏറെ മുന്നേറിയിട്ടുണ്ട്‌. ബാബറി മസ്‌ജിദ്‌ തകര്‍ക്കുന്നത്‌ തടയാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന്റെ കൂടെ തന്നെ നിലയുറപ്പിച്ച മുസ്ലീം ലീഗ്‌ വലിയൊരു പരീക്ഷണഘട്ടത്തെയാണ്‌ അന്ന്‌ നേരിട്ടത്‌. പിഡിപിയും ഐഎന്‍എല്ലും രൂപം കൊണ്ട്‌ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചപ്പോള്‍ നിങ്ങള്‍ അവരുടെകൂടെ ചേര്‍ന്ന്‌ ലീഗിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. മുസ്ലീം തീവ്രവാദം അങ്ങിനെ ഇവിടെ വളര്‍ന്നു വന്നിരുന്നെങ്കില്‍ അത്‌ സവര്‍ണ്ണഫാസിസത്തെയാണ്‌ വളര്‍ത്തുമായിരുന്നത്‌. ബോംബെയിലെയും കോയമ്പത്തൂരിലെയും ന്യൂനപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സവര്‍ണ്ണ ഫാസിസ്റ്റുകളെ എത്രമാത്രം സഹായിച്ചു എന്ന്‌ നാം കണ്ടതാണ്‌. അത്തരം തീവ്രവാദം കേരളത്തില്‍ ശക്തിപ്പെടാതിരിക്കുന്നത്‌ മുഖ്യമായും മുസ്ലീം ലീഗിന്റെ ജനാധിപത്യ മതേതര ചെറുത്തുനില്‌പുകൊണ്ടാണ്‌ ജമാമത്തെ ഇസ്ലാമിയും മുജിഹിദിനുകളും മറ്റും ഈ രംഗത്ത്‌ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിസ്‌മരിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ മുസ്ലീം ലീഗിന്റെ ഈ പങ്ക്‌ തിരിച്ചറിയാതെ, അവരുടെ പാര്‍ട്ടി പേരില്‍ മുസ്ലീം എന്ന പേരുള്ളതുകൊണ്ട്‌ അവര്‍ വര്‍ഗീയ പാര്‍ട്ടിയാണെന്ന്‌ മുദ്രകുത്തി അവരെ തകര്‍ക്കാനാണ്‌ ശ്രമിച്ചത്‌. നിങ്ങളുടെ അബദ്ധജടിലമായ ഈ സമീപനം സഹായിക്കുന്നത്‌ സവര്‍ണ്ണ ഫാസിസത്തെ തന്നെയാണ്‌.

കൊലപാതക രാഷ്‌ട്രീയം
വര്‍ഗീയ ഫാസിസത്തെ നേരിടാനെന്ന്‌ പറഞ്ഞുകൊണ്ട്‌ നിങ്ങള്‍ കൊലപാതക രാഷ്‌ട്രീയത്തിന്റെ മാര്‍ഗം സ്വീകരിച്ചത്‌ അക്ഷരാര്‍ത്ഥത്തില്‍ തീക്കളിയാണ്‌. ബിജെപി നേതാക്കന്മാരെയും പ്രവര്‍ത്തകരെയും കൊന്നൊടുക്കിയാല്‍ മുസ്ലീം ലീഗിനെ മറികടന്നുകൊണ്ട്‌ മുസ്ലീം ജനവിഭാഗങ്ങളുടെ പ്രീതി നേടാമെന്ന നിങ്ങളുടെ രാഷ്‌ട്രീയ കണക്കുകൂട്ടല്‍ അങ്ങേയറ്റം ഗര്‍ഹണീയമാണ്‌. ഈ കൊലപാതകരാഷ്‌ട്രീയം അല്‌പം പാളിയാല്‍, ഏതു നിമിഷവും വര്‍ഗ്ഗീയമായി മാറാം. അതിനുവേണ്ടി കാത്തിരിക്കുന്നവരുടെ കൈകളിലായിരിക്കും അതെത്തുക. പിന്നെ, നിങ്ങളല്ല, ആരു വിചാരിച്ചാലും പിടിച്ചാല്‍ കിട്ടുകയില്ല. വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ എന്ന പേരില്‍ നിങ്ങള്‍ നടത്തുന്ന ഈ തീക്കളിയുടെ ഫലത്തില്‍ നിങ്ങള്‍ വര്‍ഗ്ഗീയ ഫാസിസത്തിന്റെ വായില്‍ തലവെച്ചുകൊടുത്തിരിക്കുകയാണ്‌.
വര്‍ഗ്ഗീയ ഫാസിസത്തിനെതിരായി ഫലപ്രദമായ രാഷ്‌ട്രീയ സമരം നടത്താന്‍ നിങ്ങള്‍ക്കാവുന്നില്ലെന്നതാണ്‌ വാസ്‌തവം. ഒരുഘട്ടത്തില്‍ യുപിയിലും ബീഹാറിലും ദളിത്‌, പിന്നോക്ക ജനവിഭാഗങ്ങളും അവരുടെ പാര്‍ട്ടികളും വര്‍ഗ്ഗീയ ഫാസിസത്തിന്റെ മുന്നേറ്റത്തെ രാഷ്ട്രീയമായി തടഞ്ഞുനിര്‍ത്തിയപ്പോള്‍ നിങ്ങള്‍ എവിടെയെല്ലാം വെറും കാഴ്‌ചക്കാരായത്‌ യാദൃശ്ചികമല്ല. വര്‍ഗ്ഗീയ ഫാസിസത്തിനെതിരായി എല്ലാതരം മതേതര ജനാധിപത്യ ശക്തികളേയും ഒന്നിപ്പിക്കാന്‍ കഴിവുള്ള ഒരു രാസത്വരകമാവാന്‍ നിങ്ങള്‍ക്ക്‌ കഴിയുമായിരുന്നു. പക്ഷേ, നിങ്ങളുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും അതിന്‌ പ്രതിബന്ധമായി തീര്‍ന്നു. അവസാനം അഖിലേന്ത്യതലത്തില്‍ കോണ്‍ഗ്രസുമായി ഇക്കാര്യത്തില്‍ നിങ്ങള്‍ ഐക്യപ്പെടാന്‍ തയ്യാറായത്‌ ശരിയായ ചുവടിവെയ്‌പ്പായിരുന്നു. പക്ഷേ, നിങ്ങളുടെ പ്രത്യയശാസ്‌ത്രമാറാപ്പിന്‍ കെട്ടുകള്‍ നിമിത്തം നിങ്ങള്‍ വിശാലമായ ഒരു മതേതര ജനാധിപത്യ മുന്നണിയുടെ തത്വാധിഷ്‌ടിത രാഷ്‌ട്രീയം അവതരിപ്പിക്കാനും അണികളെ ബോധ്യപ്പെടുത്താനും കഴിയുന്നില്ല.
നിങ്ങള്‍ക്കുള്ളിലെ ഫാസിസത്തെ തിരിച്ചറിയാനും പരാജയപ്പെടുത്താനും കഴിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്ക്‌ വര്‍ഗീയ ഫാസിസത്തിനെതിരായി ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. നിങ്ങള്‍ക്കതിന്‌ കഴിയുമെന്ന്‌, ഇന്ത്യന്‍ മതേതര ജനാധിപത്യത്തിന്റെ വളര്‍ച്ചയില്‍ ചരിത്രപ്രധാനമായ പങ്ക്‌ നിങ്ങള്‍ വഹിക്കാനുണ്ടെന്ന്‌ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാളാണ്‌ കത്തെഴുതുന്നത്‌. പക്ഷേ, ഇന്നത്തെ അവസ്ഥയില്‍ നിങ്ങള്‍ക്കതിന്‌ കഴിയില്ല. ലോകനിലവാരത്തിന്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം നേരിട്ട പ്രതിസന്ധികളില്‍ നിന്ന്‌ പാഠം പഠിക്കാത്ത ലോകത്തിലെ അപൂര്‍വ്വം കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളില്‍ ഒന്നാണ്‌ നിങ്ങളുടേത്‌. നിങ്ങള്‍ ഇപ്പോഴും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കുത്തകാധികാരം എന്ന നിലയ്‌ക്ക്‌ പ്രയോഗികപ്പെട്ട തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ പരിപാടിയില്‍ തന്നെ കടിച്ചുതൂങ്ങുന്നു. അത്‌ സൃഷ്‌ടിക്കുന്ന ഫാസിസ്റ്റ്‌ രാഷ്‌ട്രീയ സമീപത്തിന്റെ ഗൗരവം നിങ്ങള്‍ക്കിപ്പോഴും തിരിച്ചറിയാനാവുന്നില്ല.
ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള ഒരു കമ്യൂണിസ്റ്റുകാരന്‍ വിശ്വസിക്കുന്നത്‌ തന്റെ പാര്‍ട്ടി മാത്രമാണ്‌ ശരിയെന്നാണ്‌. മറ്റുള്ളവരെയെല്ലാം തെറ്റുമെന്നും തങ്ങളുടെ പാര്‍ട്ടി മാത്രം അധികാര കുത്തക സ്ഥാപിക്കുന്നതിനെ കുറിച്ചാണ്‌ അങ്ങനെയുള്ള ഒര കമ്യൂണിസ്റ്റുകാരന്‍ സ്വപ്‌നം കാണുന്നത്‌. സ്വന്തം മുന്നണിയിലുള്ള മറ്റു കക്ഷികളെ കൂടി തകര്‍ത്ത്‌ തന്റെ പാര്‍ട്ടി മാത്രം അധികാര കുത്തക സ്ഥാപിക്കുന്നത്‌ കാണാനാണ്‌ ഒരു കമ്യൂണിസ്റ്റുകാരന്‍ ഇഷ്‌ടപ്പെടുന്നത്‌. എത്ര ചെറിയ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവരുടേയും ചിന്താഗതി ഈ ദിശയിലായിരിക്കും. കേരളത്തിലെ ഇടതുമുന്നണിയിലെ ചെറിയ പാര്‍ട്ടികളെ തകര്‍ക്കാന്‍ നിങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന അടവുകള്‍ കേരളീയര്‍ക്ക്‌ സുപരിചിതമാണല്ലോ. സ്വന്തം അധികാര കുത്തക അന്തിമലക്ഷ്യത്തില്‍ ഊന്നുന്ന ഈ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമാണ്‌ നിങ്ങള്‍ക്കുള്ളിലെ ഫാസിസത്തിന്റെ അടിസ്ഥാനം.

തിരുത്തല്‍ ആവശ്യം
ഈ പ്രത്യയശാസ്‌ത്രാടിസ്ഥാനം സമൂലം തിരുത്തിയാലേ നിങ്ങള്‍ക്ക്‌ ഒരു ജനാധിപത്യ പാര്‍ട്ടിയാകാന്‍ കഴിയൂ. ഇപ്പോള്‍ നിങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുക്കുന്നത്‌ സത്യസന്ധമായല്ല. നിങ്ങളുടെ കുത്തകാധികാരം സ്ഥാപിക്കാന്‍ അവസരം ലഭിക്കുന്നതിനുള്ള ഒരു അടവ്‌ എന്ന രീതിയില്‍ മാത്രമാണ്‌ നിങ്ങള്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നത്‌. ഇത്‌ ഒരിക്കലും ജനാധിപത്യരീതിയുമായി പൊരുത്തപ്പെട്ടുപോവില്ല. മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികളെയും ഭിന്നവീക്ഷണങ്ങളെയും സഹിഷ്‌ണുതയോടെ സമീപിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയണമെങ്കില്‍ കുത്തകാധികാര രാഷ്‌ട്രീയ സങ്കല്‌പത്തില്‍ നിന്ന്‌ നിങ്ങള്‍ മോചിതരാകണം. അര നൂറ്റാണ്ടുകാലമായി പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുത്ത്‌ പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ക്ക്‌ ഇത്‌ അസാധ്യമായ കാര്യമല്ല. പ്രായോഗികതലത്തില്‍ ജനാധിപത്യ ശൈലികള്‍ നിങ്ങള്‍ക്ക്‌ അന്യമല്ല പക്ഷേ, പ്രത്യയശാസ്‌ത്രപരമായി നിങ്ങള്‍ ജനാധിപത്യവാദികളായിട്ടില്ല. അത്‌ പ്രത്യയശാസ്‌ത്രപരമായി തന്നെ തിരുത്തുകയും പരിഹരിക്കുകയും ചെയ്യണം. രാഷ്‌ട്രീയമായി തീരുമാനമെടുത്തുകഴിഞ്ഞാല്‍ പ്രവര്‍ത്തനശൈലിയില്‍ നിസ്സാര തിരുത്തലുകള്‍ മതിയാകും. പക്ഷേ കേഡര്‍മാരെ പ്രത്യയശാസ്‌ത്രപരമായി പുനര്‍വിദ്യാഭ്യാസം ചെയ്യിക്കേണ്ടിമവരും. അത്‌ സാവകാശം ചിട്ടയായി ചെയ്‌തു തീര്‍ക്കേണ്ട കാര്യമാണ്‌. ഇങ്ങനെ പ്രത്യയശാസ്‌ത്രപരമായും സംഘടനാപരമായും ഒരു ഉടച്ചുവാര്‍ക്കല്‍ നടത്തിയാല്‍ മാത്രമേ നിങ്ങള്‍ക്ക്‌ ഒരു ജനാധിപത്യ പാര്‍ട്ടിയാവാന്‍ കഴിയൂ .
നിങ്ങള്‍ ജനാധിപത്യ പാര്‍ട്ടിയായാല്‍ ബിജെപി- ആര്‍എസ്‌എസ്‌ ഫാസിസം തനിയെ ഇല്ലാതാവുമെന്നുള്ള യാതൊരു വ്യാമോഹവും എനിക്കില്ല. നിങ്ങളുടേതില്‍ നിന്ന്‌ വ്യത്യസ്‌തമായ പ്രത്യയശാസ്‌ത്ര അടിത്തറയാണ്‌ അവര്‍ക്കുള്ളത്‌. മനുസ്‌മൃതിയും കൗടില്യന്റെ അര്‍ത്ഥശാസ്‌ത്രവും മുതല്‍ ആരംഭിക്കുന്ന ഭാരതീയ ഫാസിസത്തിന്റെ അടിത്തറയോടൊപ്പം ഗോള്‍വാക്കറും ഹെഗ്‌ഡവാറും ആരാധ്യരായി കണക്കാക്കിയിരുന്ന ഹിറ്റലറുടെയും മുസോളിനിയുടെയും വംശമേധാവിതം ഫാസിസവും ഇവരുടെ പ്രത്യയശാസ്‌ത്ര ആവനാഴിയിലുണ്ട്‌. ഇന്ത്യന്‍ മതേതര ജനാധിപത്യ രാഷ്‌ട്രീയഘടനയുടെ സ്വാധീനത്തില്‍ വിധേയരായി ഹിന്ദുസമൂഹത്തിലെ ഗണ്യമായ വിഭാഗങ്ങള്‍ ജനാധിപത്യവല്‍ക്കരണത്തിന്‌ വിധേയമായികൊണ്ടിരിക്കുന്നുണ്ട്‌. ഈ പ്രക്രിയയുടെ വികാസക്രമത്തിന്‌ അനുസരിച്ചായിരിക്കും സവര്‍ണ്ണ ഫാസിസം ഇന്ത്യയില്‍ പരാജയപ്പെടാന്‍ പോകുന്നത്‌.
നിങ്ങള്‍ സ്വയം ജനാധിപത്യവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങളുടെ എതിരാളികള്‍ക്ക്‌ ഏകപക്ഷീയമായി അക്രമരാഷ്‌ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയില്ല. അതവിടെ അവസാനിക്കും. അത്തരം ഒരു സാഹചര്യം സൃഷ്‌ടിക്കാന്‍ നിങ്ങള്‍ തന്നെയാണ്‌ മുന്‍കൈ എടുക്കേണ്ടതെന്ന്‌ കരുതുന്നു. കണ്ണൂരില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമ്മേളനത്തിന്റെ പൊതു പ്രഖ്യാപനത്തെ ആശ്രയിച്ചുകൊണ്ടമാത്രം സമാധാനാന്തരീക്ഷം ഉണ്ടാവുമെന്ന്‌ ഞാന്‍ കരുതുന്നില്ല. തൊലി പുറമെയുള്ള ഒരു പ്രഖ്യാപനം മാത്രമാണത്‌. അടിസ്ഥാനപരമായ തിരുത്തല്‍ നിങ്ങളുടെ ഭാഗത്തുനിന്ന്‌ തന്നെ ആരംഭിക്കണം. സമാധാനകാംക്ഷികളായ കേരളീയവര്‍ അതാണ്‌ ആഗ്രഹിക്കുന്നത്‌. നിങ്ങള്‍ ഈ ആഗ്രഹത്തിനൊത്ത്‌ ഉയരുമെന്ന്‌ ആത്മാര്‍ത്ഥമായി ഞാന്‍ പ്രത്യാശിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply