സിപിഎം : ചൂരലും മാറ്റവും ഒന്നിച്ചോ?

ഒരു കൈയില്‍ ചൂരലും മറുകൈയില്‍ മാറ്റത്തിന്റെ സന്ദേശവുമായി സിപിഎം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് ആസന്നമായ വേളയിലാണ് ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളുമായി സിപിഎം രംഗത്തിറങ്ങുന്നത്. അതിന്റെ മുന്നോടിയായിരുന്നു കഴിഞ്ഞ രണ്ടുദിവസങ്ങലില്‍ തൃശൂരിലും മലപ്പുറത്തും നടന്ന ഇ എം എസ് സ്മൃതിയിലെ ചര്‍ച്ചകളും നിലപാടുകളും. എന്നാല്‍ മറുവശത്ത് 60 ലക്ഷം രൂപക്ക് ചൂരലിനു ഓര്‍ഡര്‍ ചെയയ്ത് യഥാര്‍ത്ഥ ജനാധിപത്യവല്‍ക്കരണത്തിനു തങ്ങള്‍ തയ്യാറല്ല എന്നുമവര്‍ പ്രഖ്യാപിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി മാത്രമല്ല സിപിഎം. കമ്യൂണിസ്റ്റുകാരല്ലാത്തവര്‍ പോലും തങ്ങള്‍ […]

cpm

ഒരു കൈയില്‍ ചൂരലും മറുകൈയില്‍ മാറ്റത്തിന്റെ സന്ദേശവുമായി സിപിഎം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് ആസന്നമായ വേളയിലാണ് ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളുമായി സിപിഎം രംഗത്തിറങ്ങുന്നത്. അതിന്റെ മുന്നോടിയായിരുന്നു കഴിഞ്ഞ രണ്ടുദിവസങ്ങലില്‍ തൃശൂരിലും മലപ്പുറത്തും നടന്ന ഇ എം എസ് സ്മൃതിയിലെ ചര്‍ച്ചകളും നിലപാടുകളും. എന്നാല്‍ മറുവശത്ത് 60 ലക്ഷം രൂപക്ക് ചൂരലിനു ഓര്‍ഡര്‍ ചെയയ്ത് യഥാര്‍ത്ഥ ജനാധിപത്യവല്‍ക്കരണത്തിനു തങ്ങള്‍ തയ്യാറല്ല എന്നുമവര്‍ പ്രഖ്യാപിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി മാത്രമല്ല സിപിഎം. കമ്യൂണിസ്റ്റുകാരല്ലാത്തവര്‍ പോലും തങ്ങള്‍ ഇടതുപക്ഷമാണെന്നും ഇടതുപക്ഷമാണ് പുരോഗമനപരമെന്നും കേരളത്തില്‍ നിലനില്‍ക്കുന്ന ധാരണ സഷ്ടിച്ചതില്‍ മുഖ്യപങ്ക് അവര്‍ക്കാണ്. ആശയപരമായി കേരളത്തില്‍ നിലനില്‍ക്കുന്നത് ഇടതുപക്ഷ അധിശത്വമാെണന്ന് ഇ എം എസ് സ്മൃതിയില്‍ തോമസ് ഐസക് തന്നെ പറയുകയുണ്ടായി. ആ ധാരണയില്‍ എത്രമാത്രം ശരിയുണ്ടെന്ന ചോദ്യം വേറെ. വികസനത്തിന്റെ ഓരങ്ങളിലേക്ക് ആട്ടിയോടിക്കപ്പെടുന്നവര്‍ ഈ ഇടതുപക്ഷ കവചത്തിനു പുറത്തായിരുന്നു എന്നതാണ് വാസ്തവം. ദളിതുകളും ആദിവാസികളും സ്ത്രീകളും മത്സ്യതൊഴിലാളികളുമൊക്കെ അതിലുള്‍പ്പെടുന്നു. എന്നാല്‍ അതില്‍ നിന്ന് പ്രകടമായ ചുവടുമാറ്റത്തിന്റെ സന്ദേശമാണ് ഇ എം എസ് സ്മൃതിയില്‍ കണ്ടത്. അതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണത്തിലും ഈ മാറ്റം പ്രകടമാണ്. ഈ വിഷയങ്ങളില്‍ തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി എന്ന നിലയില്‍ അടുത്തയിടെ മാതൃഭൂമിയില്‍ പുത്തലതക്ത് ദിനേശന്‍ എഴുതിയ ലേഖനത്തിലും ചര്‍ച്ച ചെയ്യുന്നത് ഇതേവിഷയങ്ങലാണ്.
ഇഎംഎസ് സ്മൃതിയില്‍ അതരിപ്പിച്ച കേരളീയ പരിപ്രേഷ്യം – ഒരു ബദല്‍ സമീപനം എന്ന പ്രഭാഷണത്തില്‍ ഡോ തോമസ് ഐസക് നല്‍കിയത് ഈ മാറ്റത്തിന്റെ വ്യക്തമായ സൂചന തന്നെ. ഇന്നത്തെ ആഗോളക്രമത്തിലുിം അഖിലേന്ത്യാസംവിധാനത്തിലും നിലനിന്നുകൊണ്ടു നടപ്പാക്കാനാവുന്ന പരിമിതമായ ബദലിനെ കുറിച്ചുമാത്രമാണ് ഐസക് പറയുന്നത്. അത്തരമൊരുവികസന സങ്കല്‍പ്പം വര്‍ഗ്ഗസമരത്തെ കൈയൊവിയുന്നോ എന്ന പാരമ്പര്യവാദികളുടെ ചോദ്യത്തിന് നിങ്ങള്‍ പറയുന്ന വര്‍ഗ്ഗസമരത്തിന്റെ കാലമൊക്കെ എന്നേ കഴിഞ്ഞു, ഇപ്പോഴാരെങ്കിലും കൂലിക്കൂടുതലിനായി സമരം ചെയ്യാറുണ്ടോ എന്ന മറുചോദ്യമാണ് ഐസക് ചോദിച്ചത്. ടെക്‌സ്‌റ്റൈല്‍ മേഖല, നഴ്‌സിംഗ് മേഖല, സിബിഎസ്ി അധ്യാപകര്‍ തുടങ്ങിയ അസംഘടിത മേഖലകള്‍ ഐസക് മറന്നെന്നു തോന്നുന്നു. മത്സ്യം, കയര്‍ തുടങ്ങി തകരുന്ന പരമ്പരാഗതമേഖലയെ സംരക്ഷിക്കണമെന്ന് അദ്ദേഹം പറയുകയും ചെയ്തു. അപ്പോഴും പരമ്പരാഗതരീതിയിലുള്ള വര്‍ഗ്ഗസമരം ഇനി നടക്കില്ല എന്ന പാര്‍ട്ടി നിലപാടുതന്നെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്യ പരമ്പരാഗത നിലപാടുകളുടെ പ്രതിനിധിയായ വി എസ് അതച്യുതാനന്ദനെ പരിപാടിയിലൊന്നും പങ്കെടുപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
തൊഴിലാളികളെ സംഘടിപ്പിച്ചും പ്രക്ഷോഭം നടത്തിയുമുള്ള പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തനം ഇനി കേരളത്തില്‍ നടക്കില്ലെന്നും യുവജനങ്ങള്‍ക്ക് അതിലൊരു താല്‍പ്പര്യവുമില്ലെന്ന തിരിച്ചറിവ് പാര്‍ട്ടി നേടികഴിഞ്ഞു എന്നുതന്നെ വേണം പറയാന്‍. ഒരിക്കലും തുറന്നവര്‍ അതു പറയില്ല എന്നതുവേറെ കാര്യം. പക്ഷെ പ്രവര്‍ത്തനം ആ ദിശയിലാണ്. സാമൂഹികപ്രവര്‍ത്തനത്തിന് ഊന്നല്‍ കൊടുക്കാനാണ് നീക്കം. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ‘നവീന രാഷ്ട്രീയം’ പരീക്ഷിച്ച് വിജയിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ജൈവകൃഷി, സാന്ത്വനപരിചരണം, കുട്ടികള്‍ക്കുള്ള അനുമോദനച്ചടങ്ങുകള്‍, മഴക്കാലശുചീകരണം, മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കല്‍ തുടങ്ങിയ പ്രവത്തനങ്ങള്‍ സജീവമാക്കുകയാണ് പാര്‍ട്ടി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തില്‍ തന്നെ നിര്‍ദ്ദേശമുണ്ടത്രെ.
യുവജനങ്ങളിലേക്കും ദളിത് പിന്നോക്ക വിഭാഗങ്ങളിലേക്കും സ്ത്രീകളിലേക്കും ഇറങ്ങി ചെയ്യാന്‍ കഴിയാത്ത സാഹചര്യം വിശദമായി പഠിച്ച് നയങ്ങളില്‍ മാറ്റം വരുത്താനാണ് ദേശീയസെക്രട്ടറി സീതാറാം യെച്ചൂരിയുടേയും നിര്‍ദ്ദേശം എന്നു കരുതാം. ഇ എം എസ് സ്മൃതിയില്‍ തന്നെ അദ്ദേഹമത് വ്യക്തമാക്കി. ഇടതുപക്ഷത്തിന്റേതായ ഒരു ന്യൂക്ലിയസ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും മുഴുവന്‍ ജനാധിപത്യശക്തികളേയും സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരുടെ പ്രസ്ഥാനങ്ങളേയും പരിസ്ഥിതി സംഘടനകളേയും ഐക്യപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കേരളത്തില്‍ പാര്‍ട്ടി കാലങ്ങളായി തുടരുന്ന നിലപാടില്‍ നിന്ന് വ്യത്യസ്ഥമാണിത്. ഇത്തരം സംഘടനകളെ ശക്തമായി എതിര്‍ക്കുകയും തൊഴിലാളിവര്‍ഗ്ഗ നിലപാടില്‍ നിന്ന് രംഗത്തുവരുകയുമാണ് പാര്‍ട്ടി ചെയ്യാറുള്ളത്. അതാകട്ടെ മിക്കപ്പോഴും പ്രക്ഷോഭങ്ങള്‍ക്ക് എതിരായിരിക്കുകയും ചെയ്യും. തൊഴില്‍ നഷ്ടത്തിന്റെ പേരുപറഞ്ഞ് പരിസ്ഥിതി സമരങ്ങലേയും വര്‍ഗ്ഗസമരങ്ങലെ ഭിന്നിപ്പിക്കുന്നു എന്നു പറഞ്ഞ് ദളിത് – ആദിവാസി – സ്ത്രീ മുന്നേറ്റങ്ങളേയും എതിര്‍ക്കുകയായിരുന്നല്ലോ അവരുടെ പൊതുനയം. അതേസമയം ഈ പ്രക്ഷോഭങ്ങള്‍ വളരുമ്പോള്‍ തങ്ങളുടെ സ്വന്തം സംഘടകള്‍ കെട്ടിപ്പടക്കുകയുമാണ് പതിവ്. ആദിവാസി ക്ഷേമസമിതിയും പട്ടികജാതി ക്ഷേമസമിതിയുമൊക്കെ ഉദാഹരണം. ഇത്തരം മേഖലകളില്‍ തങ്ങള്‍ നടത്തിയ ചില്ലറ ഇടപെടലുകള്‍ ചൂണ്ടികാട്ടി വിമര്‍ശകര്‍ക്ക് മറുപടി പറയുകയാണ് മാതൃഭൂമിയില്‍ പുത്തലത്ത് ദിനേശന്‍ ചെയ്യുന്നത്. ആ നിലപാടു മാറ്റിയേ തൂരൂ എന്ന സന്ദേശമാണ് യെച്ചൂരി നല്‍കുന്നത്.
പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും മാറ്റത്തിന്റെ സന്ദേശവുമായാണ് സംസാരിച്ചത്. യുവാക്കളുടെ മോഹങ്ങളും സ്വപ്‌നങ്ങളും എന്തെന്നു ആലോചിച്ചേ വര്‍ഗരാഷ്ട്രീയത്തിനു മുന്നോട്ടുപാകാനാവൂവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നാലില്‍ മൂന്നുഭാഗവും ചെറുപ്പക്കാരാണ്. അവര്‍ ചിന്തിക്കുന്നത് എന്ത് എന്ന് അറിയേണ്ടത് പുരോഗമനജനാധിപത്യപ്രസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. അവകാശപോരാട്ടങ്ങളുടെ ഭാഗമായി രൂപപ്പെട്ട സമൂഹത്തിന്റെ ചരിത്രം അവര്‍ക്ക് അന്യമാണ്. അവരില്‍ ഭൂരിഭാഗവും ഇടത്തരക്കാരുടെ സ്വഭാവം ചാഞ്ചാട്ടത്തിന്റേതാണ്. തങ്ങളുടെ താല്പര്യങ്ങള്‍ക്കുവേണ്ടി അവര്‍ നിലപാട് മാറും. അവര്‍ ഒരു വര്‍ഗമല്ല. പലപ്പോഴും സമ്പന്നവര്‍ഗത്തോടൊപ്പമാണ് അവര്‍ നില്‍ക്കുക. നവ ഉദാരവത്കരണത്തിന്റെ ഭാഗമായി ഇടത്തരക്കാരിലെ ഒരു വിഭാഗം സമ്പന്നരിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ മാത്രമാണ് പ്രധാനം. ഇവരെയെല്ലാം ജനാധിപത്യപ്രകിയയുടെ ഭാഗമാക്കാനാവണം. ഇടത്തരക്കാരുടെ ഒരു പ്രശ്‌നം അത് അണുകുടുംബത്തിലേക്ക് ചുരുങ്ങുന്നുവെന്നതാണ്. കുമിളയ്ക്കു സമാനമായ പരിമിതവൃത്തത്തിലാണ് അതിന്റെ ലോകം. ഇതിനെ മറികടക്കാനാവുന്നതാവണം ഇടതുപക്ഷ പുരോഗമനപ്രസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീമാത്രവാദം സാമ്രാജ്യത്വ അജന്‍ഡയാണെന് പരമ്പരാഗത നിലപാട് പൂര്‍ണ്ണമായും കൈയൊഴിയാന്‍ തയ്യാറായില്ലെങ്കിലും വര്‍ഗ്ഗസമരത്തിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല സ്ത്രീപീഡനം എന്ന സന്ദേശം തന്നെയാണ് പോളിറ്റ് ബ്യൂറോ ്അംഗം സുഭാഷിണി അലിയുടേത്. സ്ത്രീ അടിമയാണ്, അവര്‍ക്ക് കുറഞ്ഞ കൂലി മതി, സാമൂഹികശ്രേണിയില്‍ ഉയര്‍ന്നുവരരുത് എന്നീ കാര്യങ്ങളിലാണ് ഇപ്പോഴും പൊതുബോധം. അവള്‍ ഏതു വസ്ത്രം ധരിക്കണം, ധരിക്കരുത് എന്ന് പൊതുസമൂഹമാണ് നിശ്ചയിക്കുന്നത്. അവള്‍ ഭക്ഷണമുണ്ടാക്കണം, തൊഴില്‍ ചെയ്യണം, ഭര്‍ത്താവിനെ സന്തോഷിപ്പിക്കണം. കൂലിയില്ലാതെ, അല്ലെങ്കില്‍ കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ സ്ത്രീകളല്ലാതെ ആരെയാണ് കിട്ടുക. രാജ്യത്തിന്റെ പകുതി വരുന്ന സ്ത്രീകളുടെ കാര്യമാണിത്. അവരെ അകറ്റി നിര്‍ത്താനാണ്, അവരുടെ വിഷയങ്ങള്‍ ചര്‍ച്ചയാവാതിരിക്കാനാണ് സമൂഹം ശ്രമിക്കുന്നത്. എന്നാല്‍ ഇവരെ അകറ്റിനിര്‍ത്തി ഏതൊരു സമരത്തിനാണ്, സാമൂഹികമാറ്റത്തിനാണ് മുന്നോട്ടുപോകാനാവുകയെന്ന സുഭാഷിണിയുടെ ചോദ്യവും പാര്‍ട്ടിയിലെ വര്‍ഗ്ഗസമരവാദികളോടായിരുന്നു. ജാതിവിഷയത്തെ കുറിച്ച് പ്രബന്ധമവതരിപ്പിച്ച കെ എന്‍ ഗണേഷും സമാനമായ നിലപാടാണ് മുന്നോട്ടുവെച്ചത്.
ചുരുക്കത്തില്‍ ഒരു മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് സിപിഎം എന്നു കരുതാം. അതിനെതിരായ ഏറ്റവും വലിയ എതിര്‍പ്പ് പാര്‍ട്ടിക്കകത്തുനിന്നുതന്നെയാണ്. അതില്‍ വിജയിക്കാന്‍ മാറ്റത്തിന്റെ വക്താക്കള്‍ക്ക് കഴിയുമോ എന്നതാണ് ചോദ്യം. ജനാധിപത്യത്തോടുള്ള സുവ്യക്തമായ നിലപാട് പാര്‍ട്ടി സ്വീകരിക്കേണ്ടതുണ്ട്. നിലനില്‍ക്കുന്ന അവസ്ഥയില്‍ അതത്ര എളുപ്പമല്ല. പാര്‍ട്ടിക്കകത്തും പുറത്തും ജനാധിപത്യം പ്രാക്ടീസ് ചെയ്യാന്‍ കഴിയണം. അതിന് ുള്‍പാര്‍ട്ടി ജനാധിപത്യവും വേണം, മറുപശത്ത് പ്രതിപക്ഷ ബഹുമാനവും വേണം. മാറ്റത്തിന്റെ ഈ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍തന്നെയാണ് പാര്‍ട്ടി 60 ലക്ഷം രൂപയുടെ ചൂരലിന് ഓര്‍ഡര്‍ നല്‍കിയ വാര്‍ത്തയും പുറത്തുവരുന്നത്. ആര്‍ എസ് എസിനെപോലെ സ്ഥിരം സേനയുണ്ടാക്കാനാണത്രെ നീക്കം. ജനാധിപത്യസംവിധാനത്തില്‍ ഇത്തരത്തിലുള്ള സേനതന്നെ ഫാസിസത്തിന്റെ ലക്ഷണമാണ്. ആര്‍എസ്എസിന്റെ ഫാസിസത്തെ നേരിടേണ്ടത് അതേ പാതയിലല്ല. ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുക്കാതെ പുതിയ സമീപനങ്ങള്‍ ഫലപ്രദമാകുമെന്ന് കരുതാന്‍ കഴിയില്ല. അതിനാല്‍ ചൂരലുപേക്ഷിക്കുകയാണ് ആദ്യം വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply