സിംഗൂരില്‍നിന്നു ഭംഗാറിലെത്തുമ്പോള്‍

 ഡോ ആസാദ് സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷകരുടെ താല്‍പര്യം പരിഗണിക്കാതെ ഭൂമി പിടിച്ചെടുക്കാന്‍ കാണിച്ച അമിതോത്സാഹമാണു പശ്ചിമ ബംഗാളിലെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ചത്. സന്ദര്‍ഭത്തിന്റെ ആനുകൂല്യം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ പര്യാപ്തമായ രാഷ്ട്രീയ കൗശലമാണു മമതാ ബാനര്‍ജിയെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ചത്. സിംഗൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരേ അവര്‍ പ്രത്യക്ഷ സമരപരിപാടികളാവിഷ്‌കരിച്ചു. പുറന്തള്ളല്‍ വികസനത്തിന്റെ ഇരകളോട് അവര്‍ ഐക്യപ്പെട്ടു. ജനകീയമായ ഒരു വികസന നയത്തിന്റെ ബദല്‍ ഉയര്‍ത്തിപ്പിടിക്കുെന്നന്ന പ്രതീതിയാണു മമത സൃഷ്ടിച്ചത്. പക്ഷേ, ചില മാധ്യമങ്ങളെങ്കിലും അവര്‍ പുലര്‍ത്തിപ്പോന്ന രാഷ്ട്രീയ സമീപനങ്ങളില്‍ […]

 mmmഡോ ആസാദ്

സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷകരുടെ താല്‍പര്യം പരിഗണിക്കാതെ ഭൂമി പിടിച്ചെടുക്കാന്‍ കാണിച്ച അമിതോത്സാഹമാണു പശ്ചിമ ബംഗാളിലെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ചത്. സന്ദര്‍ഭത്തിന്റെ ആനുകൂല്യം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ പര്യാപ്തമായ രാഷ്ട്രീയ കൗശലമാണു മമതാ ബാനര്‍ജിയെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ചത്. സിംഗൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരേ അവര്‍ പ്രത്യക്ഷ സമരപരിപാടികളാവിഷ്‌കരിച്ചു. പുറന്തള്ളല്‍ വികസനത്തിന്റെ ഇരകളോട് അവര്‍ ഐക്യപ്പെട്ടു.

ജനകീയമായ ഒരു വികസന നയത്തിന്റെ ബദല്‍ ഉയര്‍ത്തിപ്പിടിക്കുെന്നന്ന പ്രതീതിയാണു മമത സൃഷ്ടിച്ചത്. പക്ഷേ, ചില മാധ്യമങ്ങളെങ്കിലും അവര്‍ പുലര്‍ത്തിപ്പോന്ന രാഷ്ട്രീയ സമീപനങ്ങളില്‍ അത്തരമൊരു ബദലിന്റെ അടയാളങ്ങളൊന്നും വെളിപ്പെട്ടു കണ്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
നയപരമായ വിയോജിപ്പുകളല്ല, താല്‍ക്കാലിക രാഷ്ട്രീയ പ്രേരണകളാണു മമതാ ബാനര്‍ജിയെ നയിക്കുന്നതെന്ന വിമര്‍ശനം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുകയുമുണ്ടായി. എന്നാല്‍ അത്തരം ആശങ്കകള്‍ തള്ളിക്കളയുന്ന ജനപിന്തുണയാണു തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു ലഭിച്ചത്. ബുദ്ധദേവിന്റെ പിഴവുകളെ മമത വിജയത്തിന്റെ പടവുകളാക്കി.
സമീപദിവസങ്ങളില്‍ ബംഗാളില്‍നിന്നു വരുന്ന വാര്‍ത്തകള്‍ മമതയും ബുദ്ധദേവിനു പിറകെയാണു പോകുന്നതെന്നു വ്യക്തമാക്കുന്നു. ഒരേ വികസനവാദത്തിന്റെയും പ്രയോഗത്തിന്റെയും രാഷ്ട്രീയമാണു രണ്ടുപേരിലുമുള്ളതെന്നു വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. കര്‍ഷകരെ അവരുടെ മണ്ണില്‍നിന്നു പുറന്തള്ളി ബലം പ്രയോഗിച്ചു ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണു മമതയും നടത്തിയിരിക്കുന്നത്. ജനകീയ പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ചും ഗുണ്ടാ സംഘങ്ങളെ വിന്യസിച്ചും നേരിടാനായിരുന്നു ശ്രമം. കഴിഞ്ഞ ബുധനാഴ്ച പോലീസ് വെടിവയ്പ്പില്‍ മഫീസുല്‍ഖാന്‍, അക്ബര്‍ അലി മൊല്ല എന്നിവര്‍ മരിച്ചു.
ഇരുപത്തിനാലു പര്‍ഗാന ജില്ലയിലെ ഭംഗാറിലായിരുന്നു സംഭവം. പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡിനു പവര്‍ഗ്രിഡ് സ്ഥാപിക്കുന്നതിനു വേണ്ടിയായിരുന്നു സ്ഥലമെടുപ്പ്. സിംഗൂരിലും നന്ദിഗ്രാമിലും കേട്ടതുപോലെ ജനങ്ങളുടെ ഹിതം നോക്കാതെ രാഷ്ട്രീയ നേതാക്കള്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്ഥലം കൈക്കലാക്കുകയായിരുന്നു. 2007ല്‍ ഇടതു നേതാക്കള്‍ ചെയ്തത് ഇപ്പോള്‍ തൃണമൂല്‍ നേതാക്കള്‍ ഏറെക്കുറെ അതേപടി പിന്തുടര്‍ന്നിരിക്കുന്നു. കോടതിയെ സമീപിച്ചവരെ ജീവന്‍വേണോ ഭൂമിവേണോ എന്നലറി നേരിട്ടാണു കേസുകള്‍ പിന്‍വലിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനക്കെതിരേ ഗ്രാമീണര്‍ സമരസജ്ജരായയെങ്കിലും മുഖ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ല. തൃണമൂലിനെ അധികാരത്തില്‍ കയറ്റിയതല്ലേ അനുഭവിച്ചോളൂ എന്നു നിസ്സംഗത പുലര്‍ത്തുകയാണു സി.പി.എം. ചെയ്തത്. സി.പി.എമ്മില്‍നിന്നു പുറത്തുപോയ അബ്ദു റസാക്ക് മൊല്ലയാണു തൃണമൂലിന്റെ അവിടത്തെ നിയമസഭാംഗം എന്നതും ഇടതുപക്ഷത്തെ ചൊടിപ്പിച്ചിരിക്കണം. പിടിച്ചതിനെക്കാള്‍ വലിയതാണു മാളത്തിലെന്നു തിരിച്ചറിയാന്‍ ജനങ്ങള്‍ക്കൊരു അവസരം കിട്ടി. തളരാതെ പിടിച്ചുനില്‍ക്കാന്‍ സഹായമായത് സി.പി.ഐഎം.എല്‍ റെഡ്‌സ്റ്റാര്‍ മാത്രമാണ്. ആയിരങ്ങളണിനിരക്കുന്ന പ്രക്ഷോഭമായി ജനകീയരോഷത്തെ അവര്‍ വളര്‍ത്തുകയും ചെയ്തു.
2015 ജൂലൈയില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഭേദഗതി ചെയ്തു നടപ്പാക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ വലിയ പ്രതിഷേധമായിരുന്നു മമതാ ബാനര്‍ജി ഉയര്‍ത്തിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍നിന്ന് അവര്‍ വിട്ടുനിന്നു.
കേന്ദ്രത്തിന്റെ നിയമ ഭേദഗതിയില്‍നിന്നു വ്യത്യസ്തമായ ബദല്‍ നയവും സമീപനവുമാണു തങ്ങള്‍ക്കുള്ളതെന്ന് അന്നവര്‍ അവകാശപ്പെട്ടു. ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുകയല്ല, ഭൂവുടമകളുമായി നേരിട്ടു ചര്‍ച്ചചെയ്തു അനുവാദമുണ്ടെങ്കില്‍ വിലകൊടുത്തു വാങ്ങുകയാണു ചെയ്യുകയെന്നു അവര്‍ വിശദീകരിച്ചു. അതത്രയും പൊള്ളയായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ രൂപപ്പെടുത്തിയ ബദല്‍ സമീപനം ബുദ്ധദേവിന്റേതു തന്നെയാണെന്നും തെളിയിക്കുന്ന സംഭവമാണ് ഇപ്പോള്‍ ഭംഗാറിലുണ്ടായിരിക്കുന്നത്.
കിഴക്കന്‍ മിഡ്‌നാപ്പൂരും ഇരുപത്തിനാലു പര്‍ഗാനയുമെല്ലാം മഹത്തായ ഭൂ സമരങ്ങളുടെയും പുരോഗമന മുന്നേറ്റങ്ങളുടെയും ചരിത്രമുറങ്ങുന്ന പ്രദേശങ്ങളാണ്. അവിടെ സിംഗൂരും നന്ദിഗ്രാമും ഇപ്പോള്‍ ഭംഗാറും സമരനാമങ്ങളാകുന്നതില്‍ അത്ഭുതമില്ല. ഭൂസമരങ്ങളിലൂടെയാണ് എഴുപതുകള്‍ക്കൊടുവില്‍ അവിടങ്ങളില്‍ ചുവന്നകൊടിയുയര്‍ന്നതും മൂന്നര ദശകത്തിനുശേഷം താഴ്ന്നതും. അതേ അനുഭവം തൃണമൂലിനെയും തേടിയെത്താതെ വയ്യ. വികസനവാദി സര്‍ക്കാരുകളെയെല്ലാം കാത്തിരിക്കുന്നതും ഇതേ അനുഭവങ്ങളാണ്.
പൗരസമൂഹത്തെ പരിഗണിക്കാതെ ഒരു വികസനസംരംഭവും സാധ്യമാകുകയില്ല. പൊതുവെ സ്വീകാര്യവും വളരെ കുറച്ചുമാത്രം ആഘാതമേല്‍പ്പിക്കുന്നതുമായ വികസന സാധ്യതകളാണു തേടേണ്ടത്. ഗ്രാമസഭകളിലും ജനസഭകളിലും അതു ചര്‍ച്ചചെയ്യാന്‍ ജനപ്രതിനിധികളും അധികാരികളും തയ്യാറാവണം. നിഗൂഢമോ അതാര്യമോ ആയ പദ്ധതികള്‍ ജനാധിപത്യയുഗത്തില്‍ സ്വീകാര്യമാവുകയില്ല.
ഒളി അജന്‍ഡകളോടെ ആവിഷ്‌ക്കരിക്കപ്പെടുന്ന പദ്ധതികളാണു പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പൊതുസമൂഹത്തിന്റെ ഉന്നമനമാണു വികസനത്തിന്റെ രാഷ്ട്രീയലക്ഷ്യമാകേണ്ടത്. അതുപക്ഷേ, മൂലധനശക്തികളുടെ ലാഭതാല്‍പ്പര്യങ്ങളെയും രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ ഇടത്തട്ടു മോഹങ്ങളെയും വട്ടമിടുന്ന അനുഭവമാണു കണ്ടുവരുന്നത്. അതവസാനിപ്പിക്കാനും സിംഗൂര്‍ മുതല്‍ ഭംഗാര്‍ വരെയുള്ള അനുഭവങ്ങളില്‍നിന്നു പാഠമുള്‍ക്കൊള്ളാനും വികസനവാദി സര്‍ക്കാരുകള്‍ തയാറാകേണ്ടതുണ്ട്.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply