സാമൂഹ്യജീവിതം ശിഥിലമാക്കേണ്ടത് മുതലാളിത്തത്തിന് അനിവാര്യം

ബി രാജീവന്‍ ചരിത്രബോധവും ജനാധിപത്യബോധവുമുള്ള ഇന്ത്യന്‍ പൗരര്‍ക്ക് സമകാലികഅവസ്ഥയോട് പ്രതികരിക്കാന്‍ പഴയ ആയുധങ്ങള്‍ മതിയാകില്ല. അതിന് പുതിയ ടൂള്‍സ് അനിവാര്യമാണ്. കാരണം നമ്മുടെ ശത്രു പഴയതു മാത്രമല്ല എന്നതുതന്നെ. അതു സാധാരണ മട്ടില്‍ പറയുന്ന മതം മാത്രമല്ല. ഫാസിസം, ജനാധിപത്യവിരുദ്ധത, സേച്ഛാധിപത്യം എന്നൊക്കെ നമുക്കതിനെ വിശേഷിപ്പിക്കാം. എന്നാല്‍ അതിനപ്പുറം അതിനൊരു രാഷ്ട്രീയമുണ്ട്. ബീഫിന്റെ ഉദാഹരണം തന്നെ നോക്കൂ. ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. അതില്‍ മുന്‍നിരയിലാണ് ഗുജറാത്ത്. ബീഫ് വ്യവസായികളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. എന്നിട്ടും […]

mmmബി രാജീവന്‍

ചരിത്രബോധവും ജനാധിപത്യബോധവുമുള്ള ഇന്ത്യന്‍ പൗരര്‍ക്ക് സമകാലികഅവസ്ഥയോട് പ്രതികരിക്കാന്‍ പഴയ ആയുധങ്ങള്‍ മതിയാകില്ല. അതിന് പുതിയ ടൂള്‍സ് അനിവാര്യമാണ്. കാരണം നമ്മുടെ ശത്രു പഴയതു മാത്രമല്ല എന്നതുതന്നെ. അതു സാധാരണ മട്ടില്‍ പറയുന്ന മതം മാത്രമല്ല. ഫാസിസം, ജനാധിപത്യവിരുദ്ധത, സേച്ഛാധിപത്യം എന്നൊക്കെ നമുക്കതിനെ വിശേഷിപ്പിക്കാം. എന്നാല്‍ അതിനപ്പുറം അതിനൊരു രാഷ്ട്രീയമുണ്ട്.
ബീഫിന്റെ ഉദാഹരണം തന്നെ നോക്കൂ. ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. അതില്‍ മുന്‍നിരയിലാണ് ഗുജറാത്ത്. ബീഫ് വ്യവസായികളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. എന്നിട്ടും ബിജെപിക്കാര്‍ ഗോവധനിരോധനത്തിനായി വാദിക്കുന്നു. മതത്തിന്റെ പേരില്‍ ബീഫിനെ ഭക്ഷണമാക്കാന്‍ അനുവാദിക്കാത്തവര്‍ സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍ അതിനെ വ്യവസായമാക്കുന്നു. ഈ ഇരട്ടത്താപ്പിനിടയിലുള്ളത് ഇന്ത്യന്‍ മുതലാളിത്തത്തിന്റേയും ഭരണവര്‍ഗ്ഗത്തിന്റേയും താല്‍പ്പര്യമാണ്. അതാണ് മോദിയുടെ രാഷ്ട്രീയം. ഇതു തിരിച്ചറിയുക എന്നതുതന്നെയാണ് മുഖ്യം.
തീര്‍ച്ചയായും ഇതൊരു പുതിയ പ്രതിഭാസമല്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണല്ലോ ബാബറി മസ്ജിദ് ശിലാന്യാസത്തിനായി തുറന്നു കൊടുത്തത്. പിന്നീട് ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ പഞ്ഞി തിരുകിയ പ്രധാനമന്ത്രിയും ഉണ്ടായിരുന്നു. ഇന്നാ രാഷ്ട്രീയം കൂടുതല്‍ ശക്തമായിരിക്കുന്നു എന്നുമാത്രം. ഇന്ത്യന്‍ മുതലാളിവര്‍ഗ്ഗത്തിന്റെ പുതിയ മുഖമാണ് മോദിയിലൂടെ പ്രകടമാകുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷമായി വന്‍കിടധനികരും പരമദരിദ്രരുമായവരുടെ ഇടയിലെ വിടവ് കൂടിയിരിക്കുകയാണ്. ഏതാനും പേര്‍ ശതകോടീശ്വരന്മാരാകുമ്പോള്‍ പരമദരിദ്രരുടെ എണ്ണം കൂടുന്നു. ഒരു തുണ്ട് ഭൂമിയില്ലാത്ത ആദിവാസികള്‍ ജീവിക്കുന്ന കേരളത്തില്‍ പോലും 50 കോടി ചിലവഴിച്ച് രവിപിള്ള മകളുടെ വിവാഹം നടത്തുന്നു. കര്‍ഷക ആത്മഹത്യകള്‍ വാര്‍ത്തയല്ലാതാകുന്നു.
ഒരു വിഭാഗം ജനങ്ങള്‍ ബീഫിനു പുറകെ പോകുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് ഇന്ത്യന്‍ മുതലാളിവര്‍ഗ്ഗം തന്നെയാണ്. ഇന്ത്യന്‍ ജനതയെ തങ്ങളുടെ കീഴില്‍ നിര്‍ത്താനുള്ള പുതിയ തന്ത്രം വിജയിക്കുമെന്നവര്‍ കരുതുന്നു. ഇതിനെ അഭിമുഖീകരിക്കാതെ മതേതര – ജനാധിപത്യവാദികള്‍ക്കു മുന്നോട്ടുപോകാനാവില്ല. തങ്ങളുടെ ചൂഷണം എളുപ്പമാക്കാന്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയെ വിഭജിച്ചു ഭരിച്ചതിനു സമാനം തന്നെയാണിത്. അതിനു മുമ്പ് ജാതി – മതത്തിലധിഷ്ഠിതമായ വിഭജനം ഉണ്ടായിരുന്നില്ല. വൈവിധ്യമായിരുന്നു ഇന്ത്യയുടെ ശക്തി. അതിനെയായിരുന്നു ബ്രിട്ടീഷുകാര്‍ വിഭജിച്ചത്. എന്നാല്‍ അതിലവര്‍ പൂര്‍ണ്ണമായി വിജയിച്ചില്ല എന്നിതനു തെളിവാണ് നമ്മുടെ മഹത്തായ സ്വാതന്ത്ര്യസമരം. എന്നാല്‍ ഇന്നത്തെ അവസ്ഥ അതിനേക്കാള്‍ ഭീതിദമാണ്. അവസാനമായിതാ കോള്‍ക്കുന്നു, ഗുജറാത്തില്‍ എല്ലാവിഭാഗങ്ങളും ഒന്നിച്ചു നടത്തുന്ന നൃത്തങ്ങള്‍ക്കെതിരെ പോലും സംഘപരിവാര്‍ രംഗത്തുവന്നിരിക്കുന്നു എന്ന്. അതുവഴി അതവര്‍ തകര്‍ക്കുന്നത് ഇന്ത്യന്‍ ജനതയുടെ സാംസ്‌കാരികവിനമയത്തെയാണ്. ഇവിടെ ഹൈന്ദവനൃത്തം മതി, ഹൈന്ദവസംഗീതം മതി, ഹൈന്ദവഭക്ഷണം മതി എന്നൊക്കെയാണവര്‍ പറയുന്നത്. ബ്രിട്ടീഷുകാര്‍ പോലും അത്രക്കെത്തിയിരുന്നില്ല.
എന്തൊക്കെയായാലും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ ലിബറല്‍ മുതലാളിത്ത ചിന്താഗതിക്കാരായിരുന്നു. എന്നാല്‍ മോദി അങ്ങനെയല്ല. ഇന്ത്യയിലെ സമ്പത്തും വിഭവങ്ങളും ഇന്ത്യന്‍ ജീവിതം തന്നെയും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയാണദ്ദേഹം. അതിനായി നമ്മുടെ കമ്പോളത്തെ ലോകകമ്പോളത്തില്‍ വില്‍ക്കണം. അത് ഭംഗിയായി നടപ്പാക്കാന്‍ ഇന്ത്യന്‍ സാമൂഹ്യജീവിതം ശിഥിലമാകണം. അതിനുള്ള നീക്കങ്ങളില്‍ ഒന്നുമാത്രമാണ് ബീഫ്. അതേസമയം മോദിയും കൂട്ടരും ലോകകമ്പോളത്തില്‍ വില പേശുമ്പോള്‍ ഇന്ത്യന്‍ ജനതയും ഭരണകൂടവുമായുള്ള വൈരുദ്ധ്യം മൂര്‍ഛിക്കുകയാണ്. ഈ സംഘര്‍മായിരിക്കും വരുംദിനങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കാന്‍ പോകുന്നത്. എന്നാല്‍ മോദിയുടേയും കൂട്ടരുടേയും നീക്കങ്ങള്‍ വിജയിക്കില്ല എന്നുതന്നെയാണ് ബീഹാര്‍ തെരഞ്ഞെടുപ്പുഫലവും മറ്റും നല്‍കുന്ന സൂചന. എന്നാല്‍ അങ്ങനെ പറഞ്ഞ് നിഷ്‌ക്രിയമായിരിക്കാന്‍ കഴിയുന്ന സമയമല്ല ഇതെന്നുമാത്രം.

തിരുവനന്തപുരത്ത് ഹോണ്‍ബില്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ബീഫിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ നടത്തിയ പ്രഭാ,ണത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply