സാന്ത്വനരാഷ്ട്രീയത്തിന്റെ രാഷ്ട്രീയം

പതിവുപോലെ ഇക്കുറിയും സിപിഎം സംസ്ഥാനസമ്മേളനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ ഏതാനും സമ്മേളനങ്ങളിലെ പ്രധാന വാര്‍ത്ത വി എസ് – പിണറായി ഗ്രൂപ്പിസമായിരുന്നെങ്കില്‍ ഇത്തവണ വിഭാഗീയതയെല്ലാം പൂര്‍ണ്ണമായി പരിഹരിച്ചു എന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. പാര്‍ട്ടി ഏറെക്കുറെ പിണറായിയുടെ കൈയലമര്‍ന്നു കഴിഞ്ഞു എന്നത് ശരിയാണ്. ഭരണവും പാര്‍ട്ടിയും ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ് സത്യം. അതേസമയം സമ്മേളനത്തിനു തൊട്ടുമുമ്പു നടന്ന ഷുഹൈബ് വധം, കോടിയേരിയുടെ മകനെതിരായ സാമ്പത്തിക ക്രമകേട് ആരോപണങ്ങള്‍, കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തെ ചൊല്ലി കാരാട്ട് – യെച്ചൂരി […]

cpm

പതിവുപോലെ ഇക്കുറിയും സിപിഎം സംസ്ഥാനസമ്മേളനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ ഏതാനും സമ്മേളനങ്ങളിലെ പ്രധാന വാര്‍ത്ത വി എസ് – പിണറായി ഗ്രൂപ്പിസമായിരുന്നെങ്കില്‍ ഇത്തവണ വിഭാഗീയതയെല്ലാം പൂര്‍ണ്ണമായി പരിഹരിച്ചു എന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. പാര്‍ട്ടി ഏറെക്കുറെ പിണറായിയുടെ കൈയലമര്‍ന്നു കഴിഞ്ഞു എന്നത് ശരിയാണ്. ഭരണവും പാര്‍ട്ടിയും ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ് സത്യം. അതേസമയം സമ്മേളനത്തിനു തൊട്ടുമുമ്പു നടന്ന ഷുഹൈബ് വധം, കോടിയേരിയുടെ മകനെതിരായ സാമ്പത്തിക ക്രമകേട് ആരോപണങ്ങള്‍, കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തെ ചൊല്ലി കാരാട്ട് – യെച്ചൂരി അഭിപ്രായവ്യത്യാസം, സിപിഐയുമായുള്ള തര്‍ക്കങ്ങള്‍ എന്നിവയാണ് ഇക്കുറി സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്. അതില്‍ കോടിയേരിവിഷയം കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നതാണ് വസ്തുത. മറ്റു മൂന്നുവിഷയങ്ങളും വളരെ സജീവമാണ് എന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യെച്ചൂരിക്കെതിരെ സംഘടിതമായ അക്രമങ്ങള്‍ നടന്നു എന്നു തന്നെ കരുതാം. അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് അരയും തലയും മുറുക്കുക തന്നെയാണ് യെച്ചൂരി തയ്യാറാകുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. സിപിഐക്കെതിരെ ഏറെക്കുറെ എല്ലാവരും ആഞ്ഞടിച്ചെങ്കിലും മാണിയെ എല്‍ഡിഎഫില്‍ കൊണ്ടുവരാനുള്ള നീക്കം ഫലം കാണുന്നില്ല. അക്രമരാഷ്ട്രീയത്തിനെതിരെ കണ്ണൂര്‍ ഒഴികെ മിക്ക ജില്ലാ പ്രതിനിധികളും ആഞ്ഞടിച്ചു. കോടിയേരിയും പിണറായിയുമടക്കം കണ്ണൂരിനെ കൈവിട്ടതായാണ് റിപ്പോര്‍ട്ട്. എന്തായാലും ആ വിഷയത്തില്‍ തുടര്‍ നടപടികള#ക്കുള്ള സാധ്യത പി ജയരാജന്‍ പോലും പ്രതീക്ഷിക്കുന്നുണ്ട്. ഈ കോലാഹലങ്ങള്‍ക്കിടിയില്‍ സര്‍ക്കാരിനെ കാര്യമായി ആരും വിമര്‍ശിച്ചതായി അറിയില്ല. സിപിഐ മന്ത്രിമാരെ തെരഞ്ഞുപിടിച്ച് അക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും.
കയ്യടി നേടുന്ന നിരവധി പ്രഖ്യാപനങ്ങളുമായാണ് സമ്മേളനം സമാപിച്ചത്. മാതൃഭൂമി പത്രം സൂചിപ്പിച്ച പോലെ സാന്ത്വന വിപ്ലവത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങളാണ് പ്രധാനം. സര്‍ക്കാര്‍ ചെയ്യാന്‍ ബാധ്യസ്ഥമായ പല പരിപാടികളുമാണ് പാര്‍ട്ടി പ്രഖ്യാപിച്ചട്ടുള്ളത്. എല്ലാം സ്വീകീര്യമായ കാര്യങ്ങള്‍ തന്നെ. എന്നാല്‍ എന്‍ജിഓകള്‍ ചെയ്യേണ്ട കാര്യമാണോ ഒരു രാഷ്ട്രീയപാര്‍ട്ടി – അതും കമ്യൂണിസത്തിനായി നിലകൊള്ളുന്ന പാര്‍ട്ടി – ചേയ്യേണ്ടത് എന്ന ചോദ്യമാണ് ഉയരുന്നത്. അതിനാണോ പാര്‍്ട്ടി ഊര്‍ജ്ജം ചിലവഴിക്കേണ്ടത? തങ്ങള്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനെ കൊണ്ടു ചെയ്യിക്കാനല്ലേ പാര്‍ട്ടിക്ക് കഴിയേണ്ടത്? ഭരണവും സമരവുമെന്ന പഴയ മുദ്രാവാക്യമൊക്കെ മറന്നുപോയോ? മാത്രമല്ല, പ്രതിപക്ഷത്തിരിക്കുമ്പോള്‍ പാര്‍ട്ടി ഇത്തരം പരിപാടികളണോ ചെയ്യുക അതോ സര്‍ക്കാരിനെതിരെ സമരം ചെയ്യുമോ? പ്രതിപക്ഷത്തിന്റെ കടമ ചെയ്യുന്ന പോലെതന്നെയാണ് ഭരണപക്ഷത്തിന്റേയും കടമ. അതാണ് പക്ഷെ നിര്‍വ്വഹിക്കപ്പെടാതെ പോകുന്നത്.
പാര്‍ട്ടിതന്നെ മുന്‍കൈ എടുത്ത് 2000 വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാനുളള തീരുമാനം നോക്കുക. എല്ലാവര്‍ക്കും വീടുവെച്ചുനല്‍കാനുള്ള ലൈഫ് പദ്ധതി ഇതുവരേയും പരാജയമാണെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നതായി വാര്‍ത്തയുണ്ടായിരുന്നു. അതിനുള്ള മറുപടിയാണോ ഇത്? ലൈഫ് പദ്ധതിയില്‍ തന്നെ നിലനില്‍ക്കുന്ന പരിമിതികളെ മറികടക്കുകയും ശരിയായ രീതിയില്‍ നടപ്പാക്കുകയുമല്ലേ വേണ്ടത്? പദ്ധതിക്കെതിരെ ഭൂരഹിതരും ഭവനരഹിതരുമായവരില്‍ നിന്നുതന്നെ ശക്തമായ വിമര്‍ശനങ്ങളുണ്ട്. കേരളത്തിലെ ഭവനരഹിതരില്‍ ഭൂരിഭാഗവും ദളിതരും ആദിവാസികളും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളുമാണ്. ഇവരില്‍ ഭൂരിഭാഗവും ഭൂരഹിതരോ നാമമാത്ര ഭൂമിയുള്ളവരോ ആണ്. കാലങ്ങളായി നിലനില്‍ക്കുന്ന ഭൂമി എന്ന ആവശ്യം അംഗീകരിക്കാതെ 400 ഓ 500 ഓ ചതുരശ്ര അടിയുള്ള ഫ്‌ളാറ്റോ രണ്ടോ മൂന്നോ സെന്റില്‍ വീടോ വെച്ചുള്ള കോളനികളാണ് ലൈഫില്‍ വിഭാവനം ചെയ്യുന്നത്. ഇനിയുമവരെ കോളനിയിലൊതുക്കുന്നു എന്നര്‍ത്ഥം. സര്‍ക്കാര്‍ തന്നെ നിയമിച്ച കമ്മീഷനുകള്‍ ചൂണ്ടികാട്ടിയ കുത്തകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാതെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അതും പരാജയമാണെന്ന് സമ്മേളനത്തില്‍ തന്നെ വിമര്‍ശനമുയരുമ്പോഴാണ് പാര്‍ട്ടി തന്നെ അതേറ്റെടുക്കുന്നതായി പ്രഖ്യാപനം. മനോഹരമായി തോന്നുമെങ്കിലും പിന്തുണക്കാനാവാത്ത തീരുമാനമാണതെന്നു പറയാതെ വയ്യ.
മറ്റു പല പ്രഖ്യാപനങ്ങള്‍ പരിശോധിച്ചാലും ഇത്തരമൊരു സമീപനം കാണാം. പാര്‍ട്ടി തന്നെ സംസ്ഥാനത്ത് 2000 ആതുരചികിത്സാലയങ്ങള്‍ ആരംഭിക്കുന്ന കാര്യം. സര്‍ക്കാര്‍ വളരെ കര്‍ശനമായി ഇടപെടേണ്ട മേഖലയാണിത്. മരണം സ്വാഭാവികമായ വാര്‍ദ്ധക്യത്തെ ഏറ്റവും വലിയ കണ്ണില്‍ ചോരയില്ലാത്ത കച്ചവടമാക്കി മാറ്റിയ കാലത്ത് ആതുരചികിത്സയുടെ പ്രാധാന്യം വര്‍ദ്ധിച്ചുവരുകയാണ്. അതാര്യമായ ഐസിയുവിന്റെ ഏകാന്തതയില്‍ വേദനതിന്ന് മരണത്തെ സ്വീകരിക്കേണ്ട ഗതികേടിലാണ് ഇന്ന് മലയാളികള്‍. ശരാശരി ആയുസ്സ് കൂടിയതായി അവകാശപ്പെടുമ്പോഴും വലിയൊരു വിഭാഗം പേരും കിടപ്പിലാണ്. അവര്‍ക്കാവശ്യം ആതുരചികിത്സയാണ്. അതിനാവശ്യമായ നടപടികളെടുക്കാന്‍ സിപിഎം മന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആരോഗ്യവകുപ്പിനെ നിര്‍ബന്ധിതമാക്കുകയാണ് ആദ്യം വേണ്ടത്. എംബിബിഎസ് സിലബസില്‍ പോലും ആതുരചികിത്സക്ക് വലിയ പ്രാധാന്യമില്ല. സ്വഭാവികമായും ഡോക്ടര്‍മാര്‍ക്ക് അതില്‍ വലിയ താല്‍പ്പര്യവുമില്ല. ഇത്തരം സാഹചര്യത്തില്‍ പാര്‍ട്ടിതന്നെ ആതുരാലയങ്ങള്‍ തുടങ്ങുന്നത് വിഷയത്തിന് ഒരു പരിഹാരവുമാകില്ല.
ഈ ദിശയില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതെന്നു സ്വാഭാവികമായും തോന്നുന്ന മറ്റു പല തീരുമാനങ്ങളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂള്‍ മികവിന്റെ കേന്ദ്രങ്ങളാക്കല്‍, പുഴകള്‍ മാലിന്യവിമുക്തമാക്കല്‍, ആശുപത്രികളുടെ അവസഥ മെച്ചപ്പെടുത്തല്‍ തുടങ്ങിയവയിലെല്ലാം ഈ വിഷയംതന്നെ കാണാനാകും. പാര്‍ട്ടി ഇതെല്ലാം ചെയ്യുന്നത് ഗുണകരമായേക്കാം. പക്ഷെ അതല്ലല്ലോ ജനാധിപത്യത്തിലെ ശരിയായ പാത. അതേസമയം ഇതെല്ലാമായി ബന്ധപ്പെട്ട് ആയിരകണക്കിന് പേരെ വേതനം നല്‍കി മുഴുവന്‍ സമയപ്രവര്‍ത്തകരാക്കാനും അവര്‍ക്ക് നിരന്തരമായി പഠനക്ലാസ്സുകള്‍ നല്‍കാന്‍ തീരുമാനിച്ചയായും കണ്ടു. ആ തീരുമാനത്തിലും ജനാധിപത്യവിരുദ്ധമായ ശൈലിയുണ്ടെന്നു പറയാതെ വയ്യ. എല്ലാവരേയും രാഷ്ട്രീയപ്രവര്‍ത്തകരാക്കുകയും അതേസമയം രാഷ്ട്രീയം ഉപജീവനമാകാതിരിക്കുകയുമാണ് വേണ്ടത്. മുഴുവന്‍ സമയ കേഡര്‍മാര്‍ എന്നതില്‍ തന്നെ ഒരു ഫാസിസ്റ്റ് രീതിയുണ്ട്. വിപ്ലവപൂര്‍വ്വകാലഘട്ടത്തിലെ ഒരു സങ്കല്‍പ്പമാണത്. വാസ്തവത്തില്‍ ഇന്ന് എല്ലാപാര്‍ട്ടികളും പിന്തുടരുന്ന മുഷ്ടിചുരുട്ടിയുള്ള ലക്ഷങ്ങളുടെ ശക്തിപ്രകടനവും ഹര്‍ത്താലുകളുമൊക്കെ കാലഹരണപ്പെട്ടവയല്ലേ? ആധുനിക സൈബര്‍ സംവിധനങ്ങളും മീഡിയാ സംവിധാനങ്ങളുമുപയോഗിച്ചുള്ള ആശയപ്രചരണങ്ങളാണ് ഇന്നാവശ്യം. അതെത്രമാത്രം വിജയകരമാണെന്നതിനു കേരളത്തില്‍ തന്നെ എത്രയോ ഉദാഹരണങ്ങളുണ്ട്. സോഷ്യല്‍ മീഡിയപോലും മറ്റെല്ലാ മാധ്യമങ്ങളും അവഗണിക്കുന്ന വിഷയങ്ങള്‍ പോലും മുഖ്യധാരയിലെത്തിക്കാന്‍ മാത്രം ശക്തമായിരിക്കുന്നു. അംഗങ്ങളെ എന്തു പഠിപ്പിക്കാനും പാര്‍ട്ടിക്ക് അവകാശമുണ്ടെന്നു വാദിക്കാം. എന്നാലവരെ ആദ്യം പഠിപ്പിക്കേണ്ടത് ജനാധിപത്യത്തെ കുറിച്ചാണ്. പ്രതിപക്ഷബഹുമാനത്തെ കുറിച്ചാണ്. അക്രമത്തിന് ജനാധിപത്യത്തില്‍ ഒരു സ്ഥാനവുമില്ലെന്നാണ്. സാമൂഹ്യനീതിയെ കുറിച്ചാണ്. ആധുനികകാലത്തിനനുസരിച്ച് പ്രവര്‍ത്തനശൈലിയാണ്. കാലത്തിനനുസരിച്ച് സ്വയം മാറാനാണ് നമ്മുടെ പാര്‍ട്ടികളും പ്രവര്‍ത്തകരും തയ്യാറാകേണ്ടത്. രാഷ്ട്രീയപരമായും സംഘടനാപരമായും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply