സഹകരണമേഖല സുതാര്യമാകണം..

കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക നടപടികള്‍ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്നതാണെന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുന്നുണ്ട്. നടപടി സംസ്ഥാനത്തെ സാമ്പത്തിക അടിമത്വത്തിലേക്ക് നയിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ വളരെ പ്രസക്തമാണ്. 24ന് സര്‍വ്വകക്ഷി സംഘം ഡെല്‍ഹിക്കു പോകുകയാണ്. ആഗോളവല്‍ക്കരണ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സഹകരണമേഖലയെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ടെ്‌നനും മുഖ്യമന്ത്രി പറയുന്നു. അതില്‍ ആഗോള ഗൂഢാലോചനയും അദ്ദേഹം സംശയിക്കുന്നു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് കൂട്ടുനില്‍ക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീന്‍ ആരോപിക്കുന്നു. സാധാരണക്കാര്‍ […]

vvv

കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക നടപടികള്‍ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്നതാണെന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുന്നുണ്ട്. നടപടി സംസ്ഥാനത്തെ സാമ്പത്തിക അടിമത്വത്തിലേക്ക് നയിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ വളരെ പ്രസക്തമാണ്. 24ന് സര്‍വ്വകക്ഷി സംഘം ഡെല്‍ഹിക്കു പോകുകയാണ്. ആഗോളവല്‍ക്കരണ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സഹകരണമേഖലയെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ടെ്‌നനും മുഖ്യമന്ത്രി പറയുന്നു. അതില്‍ ആഗോള ഗൂഢാലോചനയും അദ്ദേഹം സംശയിക്കുന്നു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് കൂട്ടുനില്‍ക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീന്‍ ആരോപിക്കുന്നു. സാധാരണക്കാര്‍ സാമ്പത്തിക സഹായ ആവശ്യങ്ങള്‍ക്ക് സഹകരണ പ്രസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്, ഗ്രാമീണമേഖലയുടെ ആവശ്യത്തിന് എന്നും ഈ സ്ഥാപനങ്ങള്‍ നിലകൊണ്ടിട്ടുണ്ട് എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാദങ്ങള്‍. പ്രശ്‌നം ചര്‍ച്ച ചെയ്യാനായി എം.പിമാര്‍ക്ക് പ്രധാനമന്ത്രി സമയം അനുവദിക്കാതിരുന്നത് കേരളീയരെ അപമാനിക്കലാണ്. സഹകരണ ബാങ്കുകളില്‍ ഏതു തരത്തിലുള്ള പരിശോധനക്കും തയാറാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സര്‍ക്കാരുമായി ഐക്യപ്പെട്ടുള്ള സമരത്തില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും കേന്ദ്രം സഹകരണമേഖലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന കാര്യത്തില്‍ പ്രതിപക്ഷവും ഒറ്റകെട്ടാണ്. ആര്‍.ബി.ഐ വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജില്ല സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ മാറി നല്‍കാന്‍ അധികാരം നല്‍കാത്ത നടപടി പിന്‍വിക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടതെന്നും കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നു.
സഹകരണമേഖലയെ കുറിച്ചുള്ള ഇത്രയും വാദങ്ങള്‍ എല്ലാം ശരിയായിരിക്കാം. കേരളത്തിലെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനങ്ങളായി മാറുകയാണെന്ന ബിജെപിയുടെ ആക്ഷേപത്തെ തള്ളിക്കളയുകയുമായും. അപ്പോഴും കുറെ ചോദ്യങ്ങളും ചരിത്രവും അവശേഷിക്കുന്നുണ്ട്. ഓരുപാടുപേരുടെ ത്യാഗോജ്ജ്വലമായ ചരിത്രം തീര്‍ച്ചയായും സഹകരണമേഖലക്കുണ്ട.് എന്നാല്‍ ആ ചരിത്രത്തിന്റെപേരില്‍ ന്യായീകരിക്കാവുന്നതോ കണ്ണടക്കാവുന്നതോ അ്ല്ല ഇപ്പോള്‍ ആ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളും. നിരവധി തവണ അവസരങ്ങളുണ്ടായിട്ടും തെറ്റുതിരുത്താന്‍ എല്‍ ഡി എഫ് യു ഡി എഫോ തയ്യാറായില്ല എന്നതാണ് ഇപ്പോഴത്തെ രൂക്ഷനടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തിനു ധൈര്യം നല്‍കിയതെന്നതാണ് വാസ്തവം.
കാല്‍ക്കോടിക്കു മുകളില്‍ നിക്ഷേപമുള്ള ഇടപാടുകാരുടെ വിശദാംശങ്ങളെങ്കിലും തങ്ങള്‍ക്കു നല്‍കണമെന്ന് ആദായ നികുതി വകുപ്പ് എത്രയോ കാലമായി സഹകരണബാങ്കുകളോട് ആവശ്യപ്പെടുന്നതാണ്. എന്നാലതിനു കേരളം തയ്യാറായില്ല എന്നു മാത്രമല്ല, ആദായവകുപ്പ് നടപടിയെടുക്കാന്‍ ശ്രമിച്ചപ്പോഴെക്കെ അതിനെ എല്ലാ സ്വാധീനവും ഉപയോഗിച്ച് തടയുകയായിരുന്നു നമ്മള്‍ ചെയ്തത്. ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്നപോലെ പാവപ്പെവര്‍ക്കുവേണ്ടിയൊന്നുമല്ലല്ലോ ഈ പിടിവാശി.
കേന്ദ്രവും കേരളവുമായി ഈ പ്രശ്‌നത്തില്‍ യുദ്ധം തുടങ്ങി ഏകദേശം 10 വര്‍ഷമായി. 2007ല്‍, ഡോ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള ആദ്യ യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് നിക്ഷേപകരുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം രൂപയ്ക്കുമേല്‍ നിക്ഷേപമുള്ള ഇടപാടുകാരുടെ വിവരം നല്‍കണമെന്നാണ് ആദായ നികുതി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ ബ്രാഞ്ച് (ഇപ്പോള്‍ ഇന്റലിജന്‍സ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം) അന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ ആ ആവശ്യം നിഷേധിച്ചു.
തങ്ങള്‍ റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ വരാത്തതിനാല്‍ വിവരം നല്‍കാന്‍ ആവില്ലെന്ന നിലപാടാണ് സഹ. ബാങ്കുകള്‍ സ്വീകരിച്ചത്. നടപടിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട വിവരം നല്‍കണമെന്നായിരുന്നു പക്ഷെ കോടതി വിധി. തുടര്‍ന്നങ്ങോട്ട് അപ്പീലുകളുടെ പ്രളയമായിരുന്നു. 2009ല്‍ കേസ് സുപ്രിം കോടതിയിലെത്തി. ഹൈക്കോടതി വിധി താല്‍ക്കാലികമായി സ്‌റ്റേ ചെയ്ത സുപ്രിംകോടതി 2013ല്‍ നിക്ഷേപകരുടെ വിവരം ശേഖരിക്കാന്‍ ആദായ നികുതി വകുപ്പിനു ചമതലയുണ്ടെന്നും വിവരം നല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥമാണന്നും വിധിക്കുകയാണ് ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ ആദായവകുപ്പ് വിട്ടുവീഴ്ചചെയത് അഞ്ചു ലക്ഷത്തിനു മുകളില്‍ പണം നിക്ഷേപിച്ചവരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബാങ്കുകള്‍ വീണ്ടും ഹൈക്കോടതിയില്‍ എത്തി. പക്ഷെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതിനിടെ ജില്ലാ സഹകരണ ബാങ്കുകളും ചില പ്രാഥമിക സഹകരണ ബാങ്കുകളും ആദായ നികുതി വകുപ്പിനു ആവശ്യപ്പെട്ട വിവരങ്ങള്‍ കെമാറി.
എന്നാല്‍ എല്ലാ ബാങ്കുകളൂടെയും വിവരം കിട്ടിയശേഷം നടപടി മതിയെന്ന് ആദായ നികുതി വകുപ്പ് തീരുമാനിച്ചു. പിന്നീട് 2014ല്‍ ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണറും ഇന്റലിജന്‍സ് ഡയറക്ടറും സഹകരണ ബാങ്കുകളുടെ സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. 25 ലക്ഷത്തിനു മുകളില്‍ തുക നിക്ഷേപിച്ചവരുടെ പേരു വിവരം നല്‍കാന്‍ ധാരണയായി. എന്നാല്‍ മിക്ക ബാങ്കുകളും അതിനും തയ്യാറായില്ല. ഇതിനിടയില്‍ പല കള്ളപ്പണനിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങളും ആദായ നികുതി വകുപ്പിനു ലഭിച്ചു.
രാജ്യത്തെ എല്ലാ ദേശസാല്‍കൃത ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും പത്തു ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗത്തെ അറിയിക്കാന്‍ ബാധ്യസ്ഥരായിരിക്കുമ്പോഴാണ് 25 ലക്ഷത്തിനു മുകളിലുള്ളവരുടെ നിക്ഷേപങ്ങള്‍ പോലും അറിയിക്കാന്‍ സഹകരണമേഖല തയ്യാറാകാത്തത്. സഹകരണ മേഖലയില്‍ സംസ്ഥാനത്ത് ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 35,000 കോടി കണക്കില്‍പെടാത്ത പണമാണെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. അതിലെത്ര ശരിയുണ്ടായാലും മുന്‍കാലചരിത്രത്തിന്റേയും പാവപ്പെട്ടവരുടേയും പേരു പറഞ്ഞ് ആദായനികുതിയടക്കാത്ത പണം (അതാണല്ലോ കള്ളപ്പണം) സംരക്ഷിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഇരുമുന്നണികള്‍ക്കും നിരവധി ബാങ്കുകള്‍ കൈവശമുള്ളതിനാലാണ് അസാധാരണണായ ഐക്യം പ്രകടമാകുന്നത്. ഒരിക്കല്‍ കര്‍ശനമായ നടപിടക്കു ശ്രമിച്ചപ്പോള്‍ കേരളത്തില്‍ നിന്ന് ഡെല്‍ഹിയിലുള്ള ഉന്നത നേതാക്കള്‍ പോലും പ്രശ്‌നത്തിലിടപെട്ടതായി ഒരു ഉയര്‍ന്ന ആദായവകുപ്പുദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രശ്‌നം സത്യത്തില്‍ വളരെ ലളിതമാണ്. കണക്കില്‍ പെടാത്ത വന്‍തുകകള്‍ നിക്ഷേപിക്കാനുള്ള ഇടമായി സഹകരണബാങ്കുകള്‍ മാറരുത്. സഹകരണബാങ്കുകളില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന ബിജെപി നിലപാടും കള്ളപ്പണമേയില്ല എന്ന എല്‍ ഡി എഫ് – യു ഡി എഫ് നിലപാടും തെറ്റാണ്. സത്യം ഇതിനിടയിലാണ്. സ്വയം സുതാര്യമായി ഈ വിഷയത്തിനു പരിഹാരം കാണാനാണ് സഹകരണ മേഖല ശ്രമിക്കേണ്ടത്. ഒറ്റക്കെട്ടായി വാദിക്കേണ്ടത് കര്‍ഷികരംഗത്തും ഗ്രാമീണരുടെ ജിവിതത്തിന്റെ പല മേഖലകളിലും സഹകരണ ബാങ്കുകള്‍ ചെയ്യുന്ന ആശ്വാസ നടപടികള്‍ നിലനിര്‍ത്താനുള്ള അവകാശത്തിനാണ്. അതുമായി ബന്ധപ്പെട്ട് ഭരണസമിതികള്‍ക്കുള്ള അധികാരങ്ങള്‍ നിലനിര്‍ത്തണം. ലോണെടുക്കുന്നതിനു ഇപ്പോള്‍ നിലവിലുള്ള എല്ലാ സൗകര്യങ്ങളും നിലനിര്‍ത്താനും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം.
ഇതോടൊപ്പം കാര്യമായി ചര്‍ച്ച ചെയ്യാത്ത മൂന്നു വിഷയങ്ങള്‍ കൂടിയുണ്ട.് ഒന്ന് പാവപ്പെട്ടവരുടെ സ്ഥാപനം എന്നൂറ്റം കൊള്ളുമ്പോഴും മറ്റു ബാങ്കുകളേക്കാള്‍ പലിശ ഈടാക്കുന്നതാണ്. നിക്ഷേപങ്ങള്‍ക്കു കൂടുതല്‍ പലിശ കൊടുക്കുന്നത് അതിനുള്ള ന്യായീകരണല്ല. നിക്ഷേപകരേക്കാള്‍ പ്രാധാന്യം കടമെടുക്കുന്നവര്‍ക്കാണ് നല്‍കേണ്ടത്. കടം കിട്ടാന്‍ എളുപ്പമാണെന്നതും ഉയര്‍ന്ന പലിശക്കുള്ള ന്യായീകരണമല്ല. രണ്ടാമത് ഈ മേഖലയിലെ തൊഴിലവസരങ്ങളാണ്. അവ ഭൂരിഭാഗവും കയ്യടക്കുന്നത് പാര്‍ട്ടിക്കാരുടെ ബന്ധുക്കളാണ്. നിയമനാധികാരം പൂര്‍ണ്ണമായും ബാങ്കിംഗ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിനോ പി എസ് സിക്കോ വിടണം. മൂന്നാമതായി ഈ മേഖലയിലെ അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കണം. പാര്‍ട്ടികളുടേതല്ല, ജനങ്ങളുടേതാകണം സഹകരണമേഖല. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ മാത്രമാണ് ഈ മേഖലയെ രക്ഷിക്കുക. അല്ലാതെ പഴമ്പുരാണം അയവറുക്കലല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Economics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply