സമ്മതിദായകരെ, നമുക്കുമുണ്ട് ചില സാധ്യതകള്‍

ഡേവിസ് വളര്‍ക്കാവ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ രേഖപ്പെടുത്തിയ ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് ഒരു പ്രധാന സംഭവമാണ്. 1950 ജനുവരി 25 നാണ് ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷന്‍ രൂപം കൊണ്ടത്. പ്രാചീനകാലത്ത്, ഒരിടത്ത് ഒത്തുകൂടുന്നവര്‍ കൈപൊക്കികാട്ടി, തലയെണ്ണി ഭൂരിപക്ഷം കണ്ടെത്തിയിരുന്ന ഒരു സമ്പ്രദായത്തില്‍ നിന്നും, കുറിപ്പെഴുതിയിടുന്നത് എണ്ണി തിട്ടപ്പെടുത്തുന്നതിലേക്കും, തുടര്‍ന്ന് ബാലറ്റ് പേപ്പറിലേക്കും രൂപാന്തരം വന്നതാണ് സമ്മതിദാനം. എണ്ണം കൂടുതല്‍ – ഭൂരിപക്ഷം എന്ന ഒരു മാനദണ്ഡത്തിലാണിതിന്റെ വിജയ രഹസ്യം. എന്നാല്‍ വിയോജിപ്പുകളും അപരന്റെ അഭിപ്രായ വീക്ഷണങ്ങളും തള്ളിക്കളയുന്നതല്ല ഈ […]

Untitled-1ഡേവിസ് വളര്‍ക്കാവ്

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ രേഖപ്പെടുത്തിയ ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് ഒരു പ്രധാന സംഭവമാണ്. 1950 ജനുവരി 25 നാണ് ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷന്‍ രൂപം കൊണ്ടത്. പ്രാചീനകാലത്ത്, ഒരിടത്ത് ഒത്തുകൂടുന്നവര്‍ കൈപൊക്കികാട്ടി, തലയെണ്ണി ഭൂരിപക്ഷം കണ്ടെത്തിയിരുന്ന ഒരു സമ്പ്രദായത്തില്‍ നിന്നും, കുറിപ്പെഴുതിയിടുന്നത് എണ്ണി തിട്ടപ്പെടുത്തുന്നതിലേക്കും, തുടര്‍ന്ന് ബാലറ്റ് പേപ്പറിലേക്കും രൂപാന്തരം വന്നതാണ് സമ്മതിദാനം. എണ്ണം കൂടുതല്‍ – ഭൂരിപക്ഷം എന്ന ഒരു മാനദണ്ഡത്തിലാണിതിന്റെ വിജയ രഹസ്യം. എന്നാല്‍ വിയോജിപ്പുകളും അപരന്റെ അഭിപ്രായ വീക്ഷണങ്ങളും തള്ളിക്കളയുന്നതല്ല ഈ തെരെഞ്ഞെടുപ്പ് രീതി. ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ മാത്രമല്ല, ഭാരവാഹികളെ കണ്ടെത്താന്‍, അഭിപ്രായ ഭിന്നതകളിലെ സമന്വയത്തിന് തുടങ്ങിയ ആവശ്യങ്ങളിലും ഈ രീതിയുടെ ആവിഷ്‌കാരങ്ങള്‍ നമുക്ക് കാണാം. ഇലക്ഷനേക്കാളും സെലക്ഷനായാണ് ഈ വോട്ടിങ്ങ് രീതി സമൂഹത്തില്‍ ഉപയോഗിച്ചുവരുന്നത്. സംഘര്‍ഷാത്മകതയുള്ളിടത്ത് വോട്ടിങ്ങ് ഒരു സിദ്ധൗഷധമാണ്. എന്നാല്‍ ”വോട്ടു ചെയ്‌തോട്ടുചെയ്‌തോട്ടക്കലമായി നമ്മള്‍” എന്ന് കവി പാടിയപോലെയായതും നമ്മള്‍തന്നെയാണ്. സൃഷ്ടിപരമായതും നാശോന്മുഖമായതുമായ ഘടകങ്ങള്‍ ഇതിലുണ്ടെന്നത് നാം തിരിച്ചറിയണം. അതിനാല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തെരെഞ്ഞെടുപ്പും, തെരെഞ്ഞെടുപ്പില്‍ വോട്ടറുടെ സ്ഥാനവും തീരുമാനവും അടയാളപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ ഭരണക്രമത്തില്‍ ജനങ്ങളുടെ ഇടപെടല്‍ ഉണ്ടാകണം.
18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശം സമീപകാലത്തുമാത്രം കരഗതമായതാണ്. ഒട്ടേറെ പ്രക്ഷോഭങ്ങള്‍ അതിന് ആവശ്യമായി വന്നു. ഇത് പുതിയ തലമുറയ്ക്ക് അജ്ഞാതമാണ്. അതിനുമുമ്പ് ഭൂനികുതിയടക്കുന്നവര്‍ക്ക് മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളു. ഭൂമിയാകട്ടെ വളരെക്കുറച്ചുപേരുടെ കയ്യില്‍ മാത്രമായി ഒതുങ്ങിയിരുന്നു. ഭൂപ്രഭുക്കളങ്ങനെ അവരുടെ ഇഷ്ടഭരണം നടത്തി കഴിഞ്ഞു. വടക്കേ ഇന്ത്യയിലെ ചിലഭാഗത്ത് ഇന്നും ഭൂസ്വാമിമാരാണ് സമ്മതിദാനാവാകാശികള്‍. ഒന്നുകില്‍ ബാലറ്റ് പേപ്പറില്‍ വോട്ടുരേഖപ്പെടുത്തി പെട്ടിയില്‍ മൊത്തമായി നിക്ഷേപിക്കും. അല്ലെങ്കില്‍ ഓരോ വ്യക്തിയോടും ഇന്ന ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ ആജ്ഞാപിച്ച് നടപ്പിലാക്കും. കേരളത്തില്‍ അത്രക്കൊന്നുമില്ലെങ്കിലും ചെറിയ പതിപ്പുകള്‍ ധാരാളമുണ്ട്.
ഒരു പരിഷ്‌കൃത ജനതയ്ക്ക് സ്വീകരിക്കാനാകാത്ത നാനാവിധ അടിച്ചേല്‍പ്പിക്കലുകളെയാണ് വോട്ടവകാശവും പൗരബോധവും കൊണ്ട് നാം അതിജീവിക്കേണ്ടത്. കുടുംബത്തിലെ മുതിര്‍ന്നവരെ അനുകരിച്ചാണ് പലരും വോട്ടുചെയ്യുന്നത്. പാരമ്പര്യമായി ചെയ്തുവരേണ്ട ഒരു ചടങ്ങല്ല വോട്ടവകാശം. ഇന്നത് പൗരബോധത്തിന്റെ തലത്തില്‍, ജനാധിപത്യത്തില്‍ പങ്കാളിയാകുന്ന വിധത്തിലാണ് ആവിഷ്‌ക്കരിക്കേണ്ടത്. ഒരു വോട്ടര്‍ വോട്ടുചെയ്യുമ്പോള്‍ തനിക്കിഷ്ടപ്പെട്ടവര്‍ക്ക് വോട്ടുചെയ്യുക മാത്രമല്ല, സുതാര്യമായ ഭരണക്രമത്തിനായി ആ വോട്ട് ഭവിക്കണം. രാജ്യത്തെ പുതുക്കിപണിയാനുള്ള താങ്കളുടെ ശേഷിയില്‍, എന്റെ സമ്മതം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു എന്ന സമ്മതപത്രമാണത്. അതിനാല്‍ ഒരു വോട്ടര്‍ പ്രബുദ്ധനാകാതെ തരമില്ല. ഭൂസ്വാമികള്‍ക്കെന്നപോലെ ആര്‍ക്കെങ്കിലും നമ്മുടെ സമ്മതി നല്‍കണമോ, അതോ പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നല്‍കണമോ എന്ന ഒരു തെരഞ്ഞെടുപ്പ് വോട്ടര്‍ തന്റെ ഹൃദയത്തില്‍ ആദ്യം നടത്തണം.
അതുപോലെ സ്ഥാനാര്‍ത്ഥിയ്ക്ക് സമ്മതിദാനം ചെയ്തുകഴിഞ്ഞു. ഇനി ജനപ്രതിനിധികള്‍ എങ്ങനെയെങ്കിലും ആയിക്കോട്ടെ എന്ന് കരുതാമോ? ഇല്ല, അത് രാഷ്ട്രീയ പ്രബുദ്ധതയല്ല. യഥാപ്രജ, തഥാരാജ എന്നതാണ് ചൊല്ല്. ജനങ്ങളെങ്ങനെയാണോ അതുപോലെയുള്ള ഭരണാധികാരികളാണ് ഉണ്ടാകുക. സത്യസന്ധരായ, ജനക്ഷേമം ലക്ഷ്യമാക്കിയ ഭരണാധികാരികള്‍ വേണമെങ്കില്‍ പ്രബുദ്ധരായ വോട്ടര്‍മാരുണ്ടാകണം.
വര്‍ഷങ്ങള്‍ക്ക് ശേഷം കൈവരുന്ന വോട്ടുചെയ്യാനുള്ള അവസരം മുന്‍വിധികളാല്‍, പാരമ്പര്യ ശീലങ്ങളാല്‍ സങ്കുചിതമാകാതെ നോക്കണം. നിലവിലുള്ള മത്സരാര്‍ത്ഥികള്‍ സ്വീകാര്യരല്ലെങ്കില്‍ അവര്‍ക്ക് വോട്ടുചെയ്യാതെ നിഷേധവോട്ടുചെയ്യാനുള്ള സംവിധാനമുള്ള ഒരു ഇലക്ഷനാണ് വരാനിരിക്കുന്നത്. എന്‍.കെ. ശേഷന്‍ തെരെഞ്ഞെടുപ്പ് കമ്മീഷനായ നാളുകളിലാണ് കമ്മീഷന്റെ പ്രവര്‍ത്തനം പൊതുസമൂഹത്തിന്റെ ശ്രദ്ധയിലും ആദരവിലും വ്യാപകമായി കടന്നുവരുന്നത്. ഇന്ന് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഭരണാധികാരിയാകുന്നത് ജനാധിപത്യമല്ല. അതുപോലെ വോട്ടര്‍മാരോട് ആലോചിക്കാതെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. മന്ത്രിമാരെ തെരെഞ്ഞെടുക്കുമ്പോള്‍, മുന്നണികള്‍ ഉണ്ടാക്കുമ്പോള്‍ വോട്ടര്‍മാരുടെ അഭിപ്രായം ആരായണം. വോട്ടര്‍മാര്‍ തെരെഞ്ഞെടുത്ത ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള സമ്മതം – അധികാരം വോട്ടര്‍മാര്‍ക്ക് ലഭിക്കണം. മുന്നണികളുടെയും, സ്ഥാനാര്‍ത്ഥികളുടേയും പ്രകടന പത്രികപോലെ വോട്ടര്‍മാരുടെ അവകാശ പത്രികയ്ക്ക് വോട്ടര്‍മാര്‍ രൂപം നല്‍കണം.
നിര്‍ഭയമായി, പരപ്രേരണ ഒഴിവാക്കി, സ്വതന്ത്രമായി, രാജ്യത്തിന്റെ-നാടിന്റെ ശ്രേഷ്ഠഭാവി വിലയിരുത്തി, വോട്ട് ചെയ്യാന്‍ അവകാശം ലഭിച്ചതിന്റെ പുറകിലെ ത്യാഗങ്ങളെ ഓര്‍ത്ത് വോട്ട് ചെയ്യാന്‍ തയ്യാറാകണം. അങ്ങനെ പൂര്‍ണ്ണ ബോദ്ധ്യത്തോടെ, പൂര്‍ണ്ണ തൃപ്തിയോടെ വോട്ട് ചെയ്യാന്‍ എല്ലാ വോട്ടര്‍മാര്‍ക്കും കഴിയണം. വിയറ്റ്‌നാമിന്റെ നേതാവ് ഹോച്ചിമിന്റെ വാക്കുകള്‍ക്ക് നമുക്ക് കാതോര്‍ക്കാം, ”പൗരബോധമുള്ളവരായിരിക്കുക എന്നതാണ് പ്രധാനം. അവകാശങ്ങളും കടമകളും അറിഞ്ഞിരിക്കുക. അതിനുവേണ്ടി പ്രവര്‍ത്തിക്കുക. ഇതാണ് ജനാധിപത്യത്തിന്റെ വിജയരഹസ്യം.” ഈ പൗരബോധം വോട്ടിങ്ങിലൂടെ പ്രകാശിപ്പിക്കാന്‍ സമ്മതിദായകര്‍ പ്രാപ്തരാകണം.
തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന്
കേരളീയര്‍ ഒന്നടങ്കം പങ്കാളികളാകുന്ന ഒരേ ഒരു സന്ദര്‍ഭമേ നമുക്കുള്ളൂ. അത് തിരഞ്ഞെടുപ്പ് വേളയാണ്. എന്നിട്ടും നല്ലതിനെ തിരഞ്ഞെടുക്കാനുള്ള മനുഷ്യവിവേകത്തെ ഉണര്‍ത്തുന്നതില്‍ നാം കേരളീയര്‍ മുന്നേറിയിട്ടുണ്ടോ? വസ്ത്രം, ആഭരണം, വാഹനം, സൗഹൃദം എന്നിവ തെരഞ്ഞെടുക്കുന്നപോലെയുള്ള ഒരു ‘സാത്വികത’ രാഷ്ട്രീയ തെരഞ്ഞെടുപ്പിനില്ല. സെലക്ഷനെ മൊത്തത്തില്‍ ഇലക്ഷനാക്കി മാറ്റിതീര്‍ത്തത് രാഷ്ട്രീയക്കാരാണ്. പക്ഷപാതിത്വങ്ങളില്‍ കുടുങ്ങുകയായിരുന്നു ഇതിന്റെ ഫലം. പ്രായപൂര്‍ത്തി വോട്ടവകാശ പ്രക്ഷോഭങ്ങളുടെ മൂല്യം എന്നേ നഷ്ടമായി. ഇന്ന് സ്വന്തം സമ്മതിയല്ല വോട്ടിംഗിലൂടെ പ്രകാശിപ്പിക്കപ്പെടുന്നത്. എപ്പോഴോ രൂപപ്പെട്ട ചില രുചികളും മുന്‍വിധികളുമാണ് പോളിംഗില്‍ കാണുന്നത്. ‘ഇനി അവര്‍ കുറച്ചുകാലം ഭരിക്കട്ടെ, ‘തമ്മില്‍ ഭേദം തൊമ്മന്‍’ ഇത്യാദി മനോഭാവങ്ങള്‍ പ്രബുദ്ധതയുടെ ഭാഷയല്ല. രാഷ്ട്രീയ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രളയത്താല്‍ ഇതില്‍നിന്നു വിട്ടുനില്‍ക്കാന്‍ സാധാരണക്കാര്‍ക്കാവില്ല.
വാശി, മത്സരം, വെല്ലുവിളികള്‍, ഭീഷണികള്‍, യുദ്ധരീതികള്‍, വിജയഭേരികള്‍ എന്നീ ചേരുവകളാല്‍ പരുവപ്പെടുത്തിയെടുത്ത ഒരു മനസ്സ് തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാക്കുന്ന അനിഷ്ടങ്ങളും ക്രൂരതകളും വളരെയധികമാണ്. ഇതിന് മാധ്യമങ്ങളാണ് പ്രധാന കാരണക്കാര്‍. ഇങ്ങനെ രൂപപ്പെട്ട ഒരു ‘കേരളീയ സൈക്ക്’ പോളിംഗിന് ശേഷം തനിയെ മാറുന്നില്ല. ഏറെ വൈകാരികമാണത്. ഇലക്ഷന് ശേഷവും സംഘര്‍ഷങ്ങള്‍ തുടരുന്നത് അതുകൊണ്ടാണ്.
മദമാത്സര്യാദികളെ ആവോളം സ്വീകരിച്ച മനസ്സ് വളരെ സങ്കീര്‍ണ്ണമാണ്. വൈരാഗ്യവും വിദ്വേഷവുമായാണ് അതില്‍ നിന്ന് സൃഷ്ടിക്കപ്പെടുക. വിജയിച്ച പക്ഷത്ത് സ്വാര്‍ത്ഥതയും അഹങ്കാരവും ഞാനെന്ന/ഞങ്ങള്‍ എന്ന സങ്കുചിതഭാവവും, വിജയിക്കാതിരുന്നവരുടെ മനസ്സ് നിരാശയിലേക്കും വെറുപ്പിലേക്കും പകയിലേക്കുമാണ് ചെന്നെത്തുക. ഓരോ വോട്ടും ജനാധിപത്യത്തിന് പ്രധാനമാണ്. എന്നാല്‍ അതോടൊപ്പം ഓരോ പക്ഷത്തോടുമുള്ള രാഗവും-ഒട്ടലും-കൂടിയാണ് എന്നതാണ് ലളിതസത്യം. ഈ ഒട്ടലാണ് പലരിലും നാശകാരിയായി ആവിഷ്‌ക്കരിക്കപ്പെടുന്നത്. പട്ടാളത്തിനെ കൊണ്ടൊന്നും ഇത് നിയന്ത്രിക്കാനാവില്ല. ‘സമ്മതിദാന അവകാശം’ എന്നതിന്റെ സൂക്ഷ്മാര്‍ഥം വിശകലനം ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന്റെ പേരില്‍ മനുഷ്യമനസ്സുകളില്‍ അടിഞ്ഞുകൂടുന്ന ഇത്തരം മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ഇവിടെയാരാണുള്ളത്. എന്തുപദ്ധതിയാണുള്ളത്. ഇല്ലെങ്കില്‍ ഈ ‘നെഗറ്റീവ്’ എനര്‍ജി മനുഷ്യരുടെ ജീവിതവൃത്തികളില്‍, ഇടപെടലുകളില്‍ പ്രതിഫലിക്കും. പൊട്ടിത്തെറിക്കാനിരിക്കുന്ന അഗ്നിപര്‍വ്വതങ്ങളായിമാറും ഓരോ മനസ്സും. അശാന്തിയായിരിക്കും ഫലം. മുഴുവന്‍ സമൂഹത്തിനും ഇത് ബാധകമാകും. നമ്മുടെ മനസ്സുകളില്‍, സമൂഹത്തില്‍ ഹിംസ പെരുകുന്നതിന്റെ വേരുകള്‍ തേടുമ്പോള്‍ ഇലക്ഷന് അതില്‍ പങ്കുണ്ട് എന്നുകാണാം. അതിനാല്‍ നാം ജാഗ്രതയുള്ളവരാകേണ്ടത് തെരഞ്ഞെടുപ്പിന് ശേഷമാണ് എന്ന് പറയേണ്ടിവരും. ഈ വഴിക്കൊരു ബാലന്‍സിംഗ് ഇല്ലെങ്കില്‍ അത് നല്ലതിലേക്കുള്ള പോക്കായിരിക്കുകയില്ല. രാഷ്ട്രീയത്തിലെ അനിവാര്യമായ ഈ തിന്മയെ നിര്‍വീര്യമാക്കാന്‍ കഴിയണം. ഇവിടെ മതാതീത ആത്മീയതയ്ക്ക് ചിലത് ചെയ്യാനാകും.
യുവാക്കളെ മുന്നോട്ട്
തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള വോട്ടര്‍മാരുടെ അവകാശത്തിന്. ആവശ്യമെങ്കില്‍ ഷേഡോ പാര്‍ലിമെന്റ് രൂപീകരിക്കുന്നതിന്. എല്ലാ തെരഞ്ഞെടുപ്പുകളിലും പൊതുസമൂഹപ്രതിനിധികളെ മത്സരിപ്പിക്കുന്നതിന്. വധശിക്ഷ നിര്‍ത്തലാക്കുന്നതിന്. സ്വകാര്യസ്വത്തിന് പരിധി നിശ്ചയിക്കുന്നതിന്. വിവരാവകാശനിയമം സജീവവും ഫലപ്രദവും ആക്കുന്നതിന്. വോട്ടര്‍മാര്‍ തെരഞ്ഞെടുക്കാത്ത ആരേയും ഭരണാധികാരികളാക്കാതിരിക്കാന്‍. കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പുകള്‍ വൈകാതിരിക്കാന്‍. ശിക്ഷയുടെ കാലാവധി കഴിഞ്ഞ എല്ലാ തടവുകാരേയും മോചിപ്പിക്കാന്‍. തെരഞ്ഞെടുപ്പില്ലാതെ പാനലുകള്‍ വഴി നിയമിക്കുന്ന ഉപദേശകസമിതികള്‍, അക്കാദമികള്‍ തുടങ്ങിയവയില്‍ പൗരസമൂഹ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍. ഇങ്ങനെ നാനാവിധ മേഖലകളില്‍ ഇടപെടാനും പൗരസമൂഹത്തിന്റെ/പൊതുസമൂഹത്തിന്റെ ഭാഗധേയത്വം നിര്‍ണ്ണയിക്കാനും കാലം നമ്മെ വിളിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply