സമാന്തര കോളജോ സ്വതന്ത്ര റിപ്പബ്ലിക്കോ?

ഡോ ആസാദ് കേരള ലോ അക്കാഡമി എന്നത് തിരുവനന്തപുരത്തെ ഗവണ്‍മെന്റ് ലോ കോളജാണെന്നായിരുന്നു കേരള സര്‍വകലാശാലാ വെബ്‌സൈറ്റ് അവകാശപ്പെട്ടുപോന്നത്. ഉന്നത സമിതികളിലെ പങ്കാളിത്തവും കാറില്‍ ചുവന്ന ബോര്‍ഡുവച്ചുള്ള സഞ്ചാരവും ഔദ്യോഗികമായ ഒരധികാരസ്വഭാവം നിലനിര്‍ത്തിപ്പോന്നു. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉന്നതനിരക്കാരായ ഉദ്യോഗസ്ഥവൃന്ദവും ഒരിക്കലും ഒന്നും ചോദ്യംചെയ്തിട്ടില്ല. രാജ്യത്തെങ്ങുമുള്ള കോടതികളില്‍ അഭിഭാഷകരായും ജഡ്ജിമാരായും സേവനമനുഷ്ഠിക്കുന്നവരിലെ ശ്രദ്ധേയമായ സ്വാധീനവും മാധ്യമപിന്തുണയും എപ്പോഴും അനുഗ്രഹമായിട്ടുമുണ്ട്. മൊത്തത്തില്‍ സമാന്തരമായ ഒരധികാര സ്വരൂപത്തിന്റെ എല്ലാ പ്രൗഢിയും ലോ അക്കാഡമി അനുഭവിച്ചുപോന്നു. കേരള പോലീസ് അക്കാഡമി, കേരള […]

LLLഡോ ആസാദ്

കേരള ലോ അക്കാഡമി എന്നത് തിരുവനന്തപുരത്തെ ഗവണ്‍മെന്റ് ലോ കോളജാണെന്നായിരുന്നു കേരള സര്‍വകലാശാലാ വെബ്‌സൈറ്റ് അവകാശപ്പെട്ടുപോന്നത്. ഉന്നത സമിതികളിലെ പങ്കാളിത്തവും കാറില്‍ ചുവന്ന ബോര്‍ഡുവച്ചുള്ള സഞ്ചാരവും ഔദ്യോഗികമായ ഒരധികാരസ്വഭാവം നിലനിര്‍ത്തിപ്പോന്നു. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉന്നതനിരക്കാരായ ഉദ്യോഗസ്ഥവൃന്ദവും ഒരിക്കലും ഒന്നും ചോദ്യംചെയ്തിട്ടില്ല. രാജ്യത്തെങ്ങുമുള്ള കോടതികളില്‍ അഭിഭാഷകരായും ജഡ്ജിമാരായും സേവനമനുഷ്ഠിക്കുന്നവരിലെ ശ്രദ്ധേയമായ സ്വാധീനവും മാധ്യമപിന്തുണയും എപ്പോഴും അനുഗ്രഹമായിട്ടുമുണ്ട്. മൊത്തത്തില്‍ സമാന്തരമായ ഒരധികാര സ്വരൂപത്തിന്റെ എല്ലാ പ്രൗഢിയും ലോ അക്കാഡമി അനുഭവിച്ചുപോന്നു.

കേരള പോലീസ് അക്കാഡമി, കേരള പ്രസ് അക്കാഡമി, കേരള സാഹിത്യ അക്കാഡമി, കേരള സംഗീത നാടക അക്കാഡമി, കേരള ഫോക്ലോര്‍ അക്കാഡമി, കേരള ചലച്ചിത്ര അക്കാഡമി എന്നൊക്കെ പറയുന്നതുപോലെ ഔദ്യോഗിക സ്വഭാവമുള്ള പേര് വഹിക്കുകയും തികച്ചും സ്വകാര്യ സ്ഥാപനമായിരിക്കുകയും ചെയ്യുക എന്നതില്‍ അല്‍പ്പം കാപട്യമുണ്ട്. ഒറ്റനോട്ടത്തില്‍ നിയമരംഗത്തെ സര്‍ക്കാര്‍ അക്കാഡമിയെന്ന തോന്നലാണുണ്ടാകുക. ഏറെക്കുറെ ആ മട്ടിലേ അതു പ്രവര്‍ത്തിച്ചുപോന്നിട്ടുമുള്ളു. 1968ല്‍ ട്രസ്റ്റ് എന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും പതുക്കെ സ്വഭാവം മാറി. 1972ല്‍ ഡയറക്റ്റ് പേമെന്റ് സംവിധാനം വന്നപ്പോള്‍ ആ നിലയ്ക്കുള്ള എയ്ഡഡ് സ്ഥാപനമായി നില്‍ക്കാന്‍ അക്കാഡമി തയാറായില്ല.

സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയ്ക്കു സ്വകാര്യസംരംഭകരെ ആകര്‍ഷിക്കുന്നതിനു സര്‍ക്കാര്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. കോളജുകളാരംഭിക്കാന്‍ ധാരാളം ഏക്കര്‍ ഭൂമി നല്‍കിയിട്ടുണ്ട്. അങ്ങനെ ഭൂമി സ്വീകരിച്ചു കോളജുകള്‍ സ്ഥാപിച്ചവരെല്ലാം 1972ല്‍ ശമ്പളം സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന സമ്പ്രദായം അംഗീകരിച്ചു. ലോ അക്കാഡമി മാത്രമാണു വഴങ്ങാത്തത്. സമാന്തര സ്വകാര്യകോളജായി അതു നിലകൊണ്ടു. എന്നാല്‍, ഉന്നതങ്ങളിലെ സ്വാധീനംമൂലം സാധാരണ കോളജുകളെക്കാള്‍ ഉയര്‍ന്ന പദവിയും അംഗീകാരവും ഇതര ആനുകൂല്യങ്ങളും ലഭിച്ചുകൊണ്ടിരുന്നു.
അഞ്ചു പതിറ്റാണ്ടു പിന്നിട്ട ലോ അക്കാഡമി കേരളത്തിന്റെ പൊതുജീവിതത്തിനു ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. പ്രഗത്ഭരായ അഭിഭാഷകരും രാഷ്ട്രീയനേതാക്കളും ഈ സ്ഥാപനത്തിലൂടെ വളര്‍ന്നുവന്നിട്ടുണ്ട്. അതേസമയം അറുപതുകളിലെ കേരളത്തിലുണ്ടായിരുന്ന ഏറ്റവും മുന്‍നിരക്കാരായ നിയമപണ്ഡിതരുടെ സഹകരണത്തോടെ രൂപംകൊണ്ട ട്രസ്റ്റ്, പ്രാഥമിക ചുമതലകള്‍ നിര്‍വഹിക്കാന്‍ ചുമതലപ്പെട്ട ആദ്യ സെക്രട്ടറി എന്‍. നാരായണന്‍ നായരുടെ സ്വകാര്യാധികാര സമിതിയായാണു മാറിയത്. ദീര്‍ഘകാലം സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലെ മുടിചൂടാമന്നനായി ശോഭിക്കാനും നാരായണന്‍ നായര്‍ക്കു കഴിഞ്ഞു. ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനും വഴങ്ങുകയും വണങ്ങുകയും ചെയ്യേണ്ട വ്യക്തി പ്രഭാവമാണു ദൃശ്യമായത്.

സര്‍ക്കാര്‍ പാട്ടത്തിനു നല്‍കുകയോ പതിച്ചു നല്‍കുകയോ ചെയ്ത പതിനൊന്നര ഏക്കര്‍ ഭൂമിയിലൊരു സ്വകാര്യ റിപ്പബ്ലിക്കാണു വളര്‍ന്നത്. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലെന്ന നിലയ്ക്ക് പ്രകടിപ്പിച്ചെന്ന് ആക്ഷേപിക്കപ്പെടുന്ന അമിതാധികാര പ്രവണതകളും ജാതി മത ലിംഗ വിവേചനങ്ങളും സ്വജന പക്ഷപാതങ്ങളും ഇതര വിദ്യാര്‍ഥി വിരുദ്ധ സമീപനങ്ങളും തഴച്ചുവളര്‍ന്നത് ഈ തണലിലാണ്. ആഴ്ചകള്‍ക്കു മുമ്പ് വിദ്യാര്‍ഥികള്‍ സമരരംഗത്തേക്ക് കടന്നുവന്നതോടെയാണു ലോ അക്കാഡമിയിലെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിലെത്തിയത്. ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രീയത്തെത്തന്നെ പിടിച്ചുലയ്ക്കുന്ന പ്രക്ഷോഭമായി അതു മാറുകയാണ്.
വിദ്യാര്‍ഥി സമരം പ്രിന്‍സിപ്പലിനെ മാറ്റുക അഥവാ പ്രിന്‍സിപ്പല്‍ രാജിവയ്ക്കുക എന്ന ആവശ്യത്തിനു ചുറ്റുമാണു കറങ്ങുന്നത്. പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്നു വേദനാകരമായ അവഹേളനങ്ങളുണ്ടായതായി ദളിത് വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ പരാതികളും ഗൗരവമുള്ളതാണ്. ഇന്റേണല്‍ അസസ്‌മെന്റും മാര്‍ക്കിടലും വിദ്യാര്‍ഥികളുടെമേലുള്ള സമ്മര്‍ദത്തിനും അധികാര പ്രയോഗത്തിനും ഹേതുവാകുന്നതായും പരാതിയുണ്ട്. ഇതു സംബന്ധിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണം വിദ്യാര്‍ഥികളുടെ പരാതികള്‍ കഴമ്പുള്ളതാണെന്നു കണ്ടെത്തുകയും ചെയ്തു. എന്നാല്‍, പ്രിന്‍സിപ്പലിനെ അഞ്ചു വര്‍ഷത്തേക്ക് പരീക്ഷാ ജോലികളില്‍നിന്നു ഡീബാര്‍ചെയ്യാന്‍ മാത്രമാണു സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. അതില്‍ക്കൂടുതല്‍ ഒന്നിനും അധികാരമില്ലെന്നും തുടര്‍നടപടികള്‍ സര്‍ക്കാരാണു ചെയ്യേണ്ടതെന്നുമായിരുന്നു അവരുടെ വാദം. സര്‍ക്കാരാകട്ടേ, തങ്ങള്‍ക്കൊന്നും ചെയ്യാനില്ല സര്‍വകലാശാലയ്ക്കാണു പൂര്‍ണാധികാരമെന്നു രേഖപ്പെടുത്തി ഫയല്‍ മടക്കിയിരിക്കുന്നു.

ചട്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ വിമുഖത കാട്ടുന്ന മാനേജുമെന്റുകളെ നിലയ്ക്കുനിര്‍ത്താനുള്ള ശക്തമായ നിയമങ്ങളില്ലെന്നത് വാസ്തവമാണ്. എന്നാല്‍, നിലവിലുള്ള വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചുകൊണ്ട് സ്ഥാപനത്തിന്റെ അഫിലിയേഷന്‍ റദ്ദാക്കാവുന്നതേയുള്ളു. സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ എത്രയോ സന്ദര്‍ഭങ്ങളില്‍ അത്തരം നടപടി സ്വീകരിച്ചിട്ടുണ്ട്. ലോ അക്കാഡമിയുടെ കാര്യത്തില്‍ അതുണ്ടാകുന്നില്ല. അങ്ങനെയൊരു നടപടി സ്വീകരിക്കുന്നതുവരെ സമരം ചെയ്യുമെന്നല്ല വിദ്യാര്‍ഥി സംഘടനകളും പറയുന്നത് എന്നതു ശ്രദ്ധേയമാണ്. ദളിത് പീഡനമുള്‍പ്പെടെ അതീവഗുരുതരമായ ആക്ഷേപങ്ങള്‍ നിലനില്‍ക്കെ പ്രിന്‍സിപ്പലിന്റെ രാജി മതി എന്ന വലിയ ആനുകൂല്യമാണു സമരസംഘടനകളും ലക്ഷ്മി നായര്‍ക്കു നല്‍കുന്നത്. ചാര്‍ജ് ചെയ്ത കേസില്‍ അതിവേഗം നടപടിക്രമം സ്വീകരിക്കണമെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്ന സമരമായി അതു മാറുന്നില്ല.
അക്കാഡമിക്കു ലഭിച്ച ഭൂമിയും വിവാദവിഷയമായിട്ടുണ്ട്. ട്രസ്റ്റിനു ഭൂമി അനുവദിക്കുമ്പോഴുണ്ടായിരുന്ന നിബന്ധനകള്‍ ലംഘിക്കപ്പെട്ടെന്നും അതിനാല്‍ ഭൂമി തിരിച്ചെടുക്കണമെന്നുമുള്ള വാദം ശക്തമാണ്. ഭൂവിനിയോഗം സംബന്ധിച്ചു റവന്യു വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. വിദ്യാഭ്യാസ ആവശ്യത്തിന് അനുവദിച്ച സ്ഥലം ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി എന്നാണു കേള്‍ക്കുന്നത്. അതൊക്കെ ലീസിനു കൊടുക്കുമ്പോഴും പിന്നീട് പതിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അപ്പോഴും മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പരിശോധിച്ചേ അന്തിമ തീരുമാനത്തിലെത്താനാകൂ. എയ്ഡഡ് പോലുമല്ലാത്ത സ്വകാര്യ സമാന്തര കോളജിനു സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നതിലെ അസ്വാഭാവികത പ്രകടവുമാണ്.
ഭൂമിയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാനാകില്ലെന്നു മുഖ്യമന്ത്രിയും സ്വകാര്യ കോളജുകളുടെ വിഷയത്തില്‍ സര്‍ക്കാരിനൊന്നും ചെയ്യാനില്ലെന്നു വിദ്യാഭ്യാസമന്ത്രിയും കൈകഴുകി വിശുദ്ധരായിട്ടുണ്ട്. അനാരോഗ്യകരമായ പ്രവണതകള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് വളര്‍ന്നുപെരുകുമ്പോള്‍ അതിനു നിയന്ത്രണംകൊണ്ടുവരാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. സ്വകാര്യ മാനേജുമെന്റുകളുടെ ധനാധികാര മത്സരങ്ങളില്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല അധ്യാപകരും രക്ഷിതാക്കളും ബലിയാടുകളായിത്തീരുന്ന അനുഭവമാണു കാണുന്നത്. മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകന്‍ അനീഷ്മാസ്റ്റര്‍ ആത്മഹത്യ ചെയ്യാനിടയായത് മാനേജ്‌മെന്റ് പീഡനം അസഹ്യമായതുമൂലമാണ്. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍പോലും സാധിച്ചിട്ടില്ല. വിദ്യാഭ്യാസ ആവശ്യത്തിനു വായ്പയെടുത്തത് തിരിച്ചടക്കാനാവാതെ ആത്മഹത്യ ചെയ്യേണ്ടിവന്ന രക്ഷിതാക്കളുടെ കഥയും വ്യത്യസ്തമല്ല.

ലോ അക്കാഡമിയിലെ സമരം എങ്ങനെ അവസാനിപ്പിക്കാമെന്നല്ല വിദ്യാഭ്യാസരംഗത്തു പെരുകുന്ന ദുഷ്പ്രവണതകള്‍ എങ്ങനെ അവസാനിപ്പിക്കാമെന്നാണു സര്‍ക്കാര്‍ ഗൗരവപൂര്‍വം ആലോചിക്കേണ്ടത്. സ്വകാര്യ മാനേജ്‌മെന്റുകളുടെ അമിതാധികാരം അവസാനിപ്പിച്ചുകൊണ്ടേ ഇത്തരം പ്രക്ഷോഭങ്ങളെയും ഇല്ലാതാക്കാനാകൂ. നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമെങ്കില്‍ പുതിയതു കൊണ്ടു വരാനാണു നിയമനിര്‍മാണസഭയും സര്‍ക്കാരും. പ്രശ്‌നങ്ങളുടെ മുകള്‍പ്പരപ്പില്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ തേടി മാനേജുമെന്റുകളുമായി ഒത്തുകളിക്കുന്ന സ്ഥിരം ഭരണകൂടകൗശലങ്ങള്‍ പിന്തുടരുന്നത് എല്‍.ഡി.എഫ്. സര്‍ക്കാരിനു ഭൂഷണമല്ല.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply