സമാധാനത്തിന് ബോംബോ?

സമാധാനത്തിനും പ്രതിരോധത്തിനും വേണ്ടി ബോംബ് എന്ന സിദ്ധാന്തം എത്രയോ അസംബന്ധമാണ്. തങ്ങളുടെ അണുബോംബിനെ ന്യായീകരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും നിരന്തരമാവര്‍ത്തിക്കുന്ന വാക്കുകള്‍. അതിന്റെ തന്നെ ചെറിയ രൂപമാണ് കണ്ണൂരിലും സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നത്. തങ്ങള്‍ ബോബുണ്ടാക്കുന്നത് ശത്രുവിനെതിരായ പ്രതിരോധത്തിനും സമാധാനത്തിനുമെന്ന്. ബോംബുനിര്‍മ്മാണത്തിനിടെ മരിച്ചവര്‍ കണ്ണൂരില്‍ നിരവധിയാണ്. ഇരു പാര്‍ട്ടികൡും പെട്ടവര്‍ അതിലുണ്ട്. അപ്പോഴെല്ലാം കേള്‍ക്കുന്ന അതേവാചകമാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും കേള്‍ക്കുന്നത്. കണ്ണൂര്‍ ഒരിക്കലും ശാന്തമാകില്ല എന്നുതന്നെ കരുതാം. എത്രയോ കാലമായി ഇതു തുടങ്ങിയിട്ട്. അക്രമിച്ചതാര്, കൊല്ലപ്പെട്ടതാര് […]

kannur

സമാധാനത്തിനും പ്രതിരോധത്തിനും വേണ്ടി ബോംബ് എന്ന സിദ്ധാന്തം എത്രയോ അസംബന്ധമാണ്. തങ്ങളുടെ അണുബോംബിനെ ന്യായീകരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും നിരന്തരമാവര്‍ത്തിക്കുന്ന വാക്കുകള്‍. അതിന്റെ തന്നെ ചെറിയ രൂപമാണ് കണ്ണൂരിലും സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നത്. തങ്ങള്‍ ബോബുണ്ടാക്കുന്നത് ശത്രുവിനെതിരായ പ്രതിരോധത്തിനും സമാധാനത്തിനുമെന്ന്. ബോംബുനിര്‍മ്മാണത്തിനിടെ മരിച്ചവര്‍ കണ്ണൂരില്‍ നിരവധിയാണ്. ഇരു പാര്‍ട്ടികൡും പെട്ടവര്‍ അതിലുണ്ട്. അപ്പോഴെല്ലാം കേള്‍ക്കുന്ന അതേവാചകമാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും കേള്‍ക്കുന്നത്.

കണ്ണൂര്‍ ഒരിക്കലും ശാന്തമാകില്ല എന്നുതന്നെ കരുതാം. എത്രയോ കാലമായി ഇതു തുടങ്ങിയിട്ട്. അക്രമിച്ചതാര്, കൊല്ലപ്പെട്ടതാര് എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. കാരണം അതു മാറി മാറി വരും. ഇക്കുറി ബിജെപിക്കാരനാണ് കൊല്ലപ്പെട്ടതെങ്കില്‍ അടുത്തത് സിപിഎംകാരനാകാം. അത് പരസ്പരം ബോംബെറിഞ്ഞോ സ്വയം പൊട്ടിത്തെറിച്ചോ ആകാം. പരസ്പരം കൊന്നവരുടെ പേരെഴുതി സ്‌കോര്‍ ബോര്‍ഡ് വെച്ച സംഭവവും കണ്ണൂരിലുണ്ടായിട്ടുണ്ട്. പ്രത്യകിച്ച് തലശ്ശേരിയില്‍. സിപിഎമ്മും ബിജെപിയും മാത്രമല്ല, കോണ്‍ഗ്രസ്സും ലീഗുമെല്ലാം ഇതേ പാതന്നെയാണ് കണ്ണൂരില്‍ പിന്തുടരുന്നത്. അല്ലെങ്കില്‍ നിലനില്‍ക്കാനാവില്ല എന്നാണ് അവരുടേയും ന്യായീകരണം.
ഭയാനകമായ രീതിയിലുള്ള രാഷ്ട്രീയ കൊലകള്‍ കണ്ണൂരില്‍ ആരംഭിച്ച് ദശകങ്ങളായി. സംസ്ഥാനത്ത് പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നാടാണിത്. അവിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കുക എളുപ്പമല്ല. എന്തിന് തിരഞ്ഞടുപ്പില്‍ പോളിംഗ് ഏജന്റാകാന്‍ പോലും പറ്റില്ല. ബൂത്ത് പിടിക്കലും പുതുമയല്ല. പാമ്പുകളും മിണ്ടാപ്രാണികളും വരെ കൊല ചെയ്യപ്പെട്ടു. പാര്‍ട്ടിഗ്രാമങ്ങളില്‍ ഊരുവിലക്കുകള്‍ പോലും നടക്കുന്നു. വിവാഹങ്ങള്‍ പോലും നടക്കുന്നതിന്് പാര്‍ട്ടിയുടെ തീരുമാനം വേണം. ഇവിടങ്ങളില്‍ കൊല നടത്തുന്നവരല്ല പലപ്പോഴും ജയിലില്‍ പോകുക. ആ ലിസ്റ്റ് പാര്‍ട്ടികള്‍ തന്നെയുണ്ടാക്കി പോലീസിനു നല്‍കാറാണു പതിവ്. അടുത്തകാലം വരെ ഇത്തരത്തില്‍ ജയിലില്‍ പോകാന്‍ ആളുകര്‍ തയ്യാറായിരുന്നു. ജയിലില്‍ പോകുന്നവരുടെ കുടുംബം പാര്‍ട്ടികള്‍ പുലര്‍ത്തും. എങ്കിലും അടുത്തയിടെ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരാന്‍ ആരംഭിച്ചു. കുറ്റമേല്‍ക്കാന്‍ വിസമ്മതിക്കുന്നവര്‍ ധാരാളം. അങ്ങനെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ രംഗത്തുവരാന്‍ തുടങ്ങിയത്.
മറ്റു പ്രദേശങ്ങളല്‍ നിന്ന് വ്യത്യസ്ഥമായ രീതിയില്‍ കണ്ണൂരിലെ ഈ സവിശേഷതയെ കുറിച്ച് പലരും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അങ്കചേകവന്മാരിലും സര്‍ക്കസിലും കളരിയിലുമൊക്കെ അതിന്റെ ഉത്ഭവം തിരയുന്ന നരവംശ ഗവേഷകരുണ്ട്. അതേസമയം കൊല്ലപ്പെടുന്നവരെല്ലാം, ഏതു പാര്‍ട്ടിയായാലും പിന്നോക്കക്കാരാണെന്ന വസ്തുതയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വെള്ളാപ്പള്ളി അതിന്റെ കണക്കുകള്‍ നിരത്തിയിട്ടുമുണ്ട്.
സാധാരണഗതിയില്‍ അണികള്‍ക്കെതിരെ ഉണ്ടാകാറുള്ള അക്രമങ്ങള്‍ നേതാക്കള്‍ക്കെതിരെ തിരിഞ്ഞപ്പോഴാണ് കണ്ണൂരില്‍ ഒരു കാലത്ത് ചെറിയ ഒരു ശാന്തതയുണ്ടായത്. ജയകൃഷ്ണന്‍ മാസ്റ്ററുടെ വധവും ജയരാജന്‍മാര്‍ക്കെതിരായ അക്രമവും മറ്റും നടന്നപ്പോഴായിരുന്നു അത്.
തങ്ങള്‍ ജനാധിപത്യവാദികളാണെന്നും എതിരാളികളാണ് ഫാസിസ്റ്റുകള്‍ എന്നുമാണല്ലോ ഇരുകൂട്ടരുടേയും അവകാശവാദം. വളരെ കുറച്ചുകാലത്തെ മുഖ്യധാര പ്രസ്ഥാനങ്ങളുടെ ഭാഗമല്ലാതെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ഈ ലേഖകന് ഉണ്ടായ രണ്ടനുഭവങ്ങള്‍ പറയാം. തലശ്ശേരിക്കടുത്ത് ഒരു ഗ്രാമത്തില്‍ ഞങ്ങളുടെ സംഘടനയുടെ പൊതുയോഗം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഏതാനും സിഐടിയു യൂണിയന്‍ പ്രവര്‍ത്തകര്‍ വരുന്നു. മൈക്ക് സെറ്റുകാരനോട് മൈക്കുമായി സ്ഥലം വിടാനാവശ്യപ്പെടുന്നു. ഞങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ, തനിക്ക് ജീവനാണ് വലുതെന്ന് പറഞ്ഞ് അയാള്‍ സ്ഥലം വിടുന്നു. സിഐടിയുക്കാരോട് പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കുറിച്ച് സംവാദത്തിനു ചെന്ന ഞങ്ങളോടവര്‍ പറഞ്ഞത് ഒറ്റകാര്യം, ഇത് പാര്‍ട്ടി ഗ്രാമമാണെന്നറിയില്ലേ…?
ബിജെപിക്കാരില്‍ നിന്നും ഇത്തരം അനുഭവമുണ്ടായത് തൃശൂരിലായിരുന്നു. ബാബറി മസ്ജിദും കാശ്മീരുമൊക്കെയായി ബന്ധപ്പെട്ട പൊതുയേഗം അവര്‍ കലക്കിയത് വടിവാളുകള്‍ ഉപയോഗിച്ചാരായിരുന്നു. നേരിട്ട് ഇത്തരം അനുഭവങ്ങളുള്ളവര്‍ ഇവരൊന്നും ഫാസിസ്റ്റുകളല്ല എന്നവകാശപ്പെടുമ്പോള്‍ ഊറിച്ചിരിക്കാതിരിക്കുന്നതെങ്ങിനെ?
കണ്ണൂരിനെ ഇത്തരമൊരവസ്ഥയിലെത്തിക്കുന്നതില്‍ ആദ്യകാലത്തെ സംഭാവന സിപിഎമ്മിന്റേതുതന്നെ. എന്നാലിപ്പോള്‍ കൂടുതല്‍ സംഭാവന ബിജെപിയുടേതാണ്. അപ്പോഴും അതിന്റെ കണക്കെടുപ്പല്ല ആവശ്യം. കണ്ണൂരിനെ ശാന്തമാക്കാനുള്ള മുഖ്യ ഉത്തരവാദിത്തം ഇവര്‍ക്കാണ്. എന്നാല്‍ ഇരുകൂട്ടരും ഇപ്പോഴും അക്രമത്തിന്റെ പാത തുടരുകയാണ്. അതിനായി ഇരുകൂട്ടരും പട്ടാളക്കാരുടെ മാതൃകയില്‍ സേനകള്‍ ഉണ്ടാക്കുകയാണ്. ഒപ്പം ആയുധശേഖരണവും. ഇരുകൂട്ടരും ചെറുക്കുന്നത് ഫാസിസത്തെ. സിപിഎം പ്ലീനതതില്‍ തന്നെ കണ്ണൂര്‍ മോഡലില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കണണമെന്ന നിര്‍ദ്ദേശമുയര്‍ന്നിരുന്നു. ബിജെപിയും മറ്റൊരു പാത തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കാന്‍ മുന്‍ അനുഭവങ്ങള്‍ അനുവദിക്കുന്നില്ല. ഫാസിസത്തെ ആയുധം കൊണ്ട് ചെറുക്കാനാകില്ല എന്നും ജനകീയ ഇച്ഛ കൊണ്ടേ കഴിയൂ എന്ന ചരിത്ര സത്യം പോലും വിസ്മരിച്ചാണ് ഈ തയ്യാറെടുപ്പുകള്‍ നടക്കുന്നത്. ഫലത്തില്‍ കണ്ണൂര്‍ മോഡല്‍ ഇനിയും വളരാനാണ് സാധ്യത. കേരളത്തിനു മുഴുവന്‍ ഭീഷണിയായി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply