സമരമുദ്രാവാക്യങ്ങളും മാറണം

പാചകവാതക വിലവര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ സിപിഐ എം നേതൃത്വത്തില്‍ സംസ്ഥാനത്തെ 1400 കേന്ദ്രങ്ങളില്‍ നാലുദിവസമായി നടന്ന നിരാഹാരസമരം വിജയിച്ചതായി പ്രഖ്യാപിച്ച് പിന്‍വലിച്ചിരിക്കുകയാണല്ലോ. പതിവുപോലെ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളും നടക്കുന്നു. 12 സിലിന്‍ഡറുകള്‍ സബ്‌സിഡി നിരക്കില്‍ അനുവദിക്കുമെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി വ്യക്തമാക്കിയ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുകയാണെന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂരില്‍ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് കേന്ദ്രം അതിനു തയ്യാറായതെന്നതവിടെ നില്‍ക്കട്ടെ. വില കുറച്ചില്ലെന്നതും മറക്കാം. എങ്കില്‍ കൂടി ഏറെ വിമര്‍ശനങ്ങള്‍ക്കുശേഷം സിപിഎം […]

crowdപാചകവാതക വിലവര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ സിപിഐ എം നേതൃത്വത്തില്‍ സംസ്ഥാനത്തെ 1400 കേന്ദ്രങ്ങളില്‍ നാലുദിവസമായി നടന്ന നിരാഹാരസമരം വിജയിച്ചതായി പ്രഖ്യാപിച്ച് പിന്‍വലിച്ചിരിക്കുകയാണല്ലോ. പതിവുപോലെ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളും നടക്കുന്നു. 12 സിലിന്‍ഡറുകള്‍ സബ്‌സിഡി നിരക്കില്‍ അനുവദിക്കുമെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി വ്യക്തമാക്കിയ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുകയാണെന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂരില്‍ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് കേന്ദ്രം അതിനു തയ്യാറായതെന്നതവിടെ നില്‍ക്കട്ടെ. വില കുറച്ചില്ലെന്നതും മറക്കാം. എങ്കില്‍ കൂടി ഏറെ വിമര്‍ശനങ്ങള്‍ക്കുശേഷം സിപിഎം സമരരീതി മാറ്റിയത് നന്നായെന്നു പറയാതെ വയ്യ.

സമരരീതികള്‍ മാത്രമല്ല, മുദ്രാവാക്യങ്ങളും മാറേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. താല്‍ക്കാലിക ആവശ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിഷയങ്ങളെ കാണാന്‍ കഴിയുന്നിടത്താണ് ഒരു പ്രസ്ഥാനത്തിന്റെ ആര്‍ജ്ജവം വ്യക്തമാകുന്നത്. ഉദാഹരണമായി പാചകവാതകസിലിണ്ടറിന്റെ വില കുറക്കണമെന്നത് ന്യായം. എന്നാല്‍ പാചകവാതകമെന്നത് നമ്മുടെ അടുക്കളകളിലെ ഊര്‍ജ്ജപ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരമേയല്ല. പാചകവാതകത്തിന്റെ ലഭ്യത കുറഞ്ഞു കൊണ്ടേയിരിക്കും, വില കൂടി കൊണ്ടേയിരിക്കും. നാം എത്ര ആഗ്രഹിച്ചാലും സമരം ചെയ്താലും. സോളാറിലേക്കും ബയോഗ്യാസിലേക്കും മറ്റും മാറാതെ ഇനിയുള്ള കാലം നമ്മുടെ അടുക്കളകളില്‍ ഒന്നും വേവാന്‍ പോകുന്നില്ല. അത്തരത്തിലുള്ള ഗൗരവമായ ഒരു നയം നമുക്കില്ല എന്നതല്ലേ സത്യം? ഇക്കര്യത്തില്‍ ഓരോ വീടിനും സ്വാശ്രയരാകാന്‍ കഴിയുമെന്നതാണ് യാഥാര്‍ത്ഥ്യം. ആ ദിശയില്‍ തീരുമാനങ്ങള്‍ എടുക്കാനും ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാനുമുള്ള ആവശ്യം ഈ സമരത്തിന്റെ കൂടെ ഉന്നയിച്ചിരുന്നെങ്കില്‍ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം മാറുമായിരുന്നു.
ഇക്കാര്യത്തില്‍ മാത്രമല്ല, മറ്റെത്രയോ വിഷയങ്ങളിലും സമഗ്രമായ വീക്ഷണം നമുക്കില്ലാതെ പോകുന്നു. പെട്രോള്‍ – ഡീസല്‍ വിലവര്‍ദ്ധനയുമായി ബന്ധപ്പെട്ട സമരങ്ങളുടെ കാര്യം തന്നെ നോക്കുക. പുറം ലോകത്തെ ആശ്രയിച്ചുമാത്രമാണല്ലോ നമുക്കിവ ലഭിക്കുന്നത്. ഇവയുടെ ലഭ്യത അനന്തമല്ല താനും. പെട്രോളിയം വില ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ കാര്യമായൊന്നും ചെയ്യാന്‍ സര്‍ക്കാരിനു കഴിയുമോ? സബ്‌സിഡി കൊടുത്തും ടാക്‌സ് ഒഴിവാക്കിയും മറ്റും ചെറിയ ഇടപെടലിനു കഴിയുമായിരിക്കും. അപ്പോഴും ആത്യന്തികമായി നഷ്ടം സമൂഹത്തിനുതന്നെ.
എന്തുകൊണ്ടാണ് നമ്മുടെ പെട്രോള്‍ – ഡീസല്‍ ഉപയോഗം കൂടുന്നത് എന്നതു വ്യക്തമാണല്ലോ. സ്വകാര്യ വാഹനങ്ങളുടെ അമിതമായ വര്‍ദ്ധനവല്ലേ അതിനു പ്രധാന കാരണം? കേരളത്തിലെ അവസ്ഥ മാത്രം നോക്കുക. അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം, മൊത്തം കുടുംബങ്ങളുടെ എണ്ണത്തെ മറികടക്കുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ഒരുവര്‍ഷം മാത്രം 20 ലക്ഷത്തിലേറെ വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ 60.72 ലക്ഷം വാഹനങ്ങളാണുണ്ടായിരുന്നതെന്ന് നാറ്റ്പാക് പറയുന്നു. 2012ല്‍ ഇത് 65 ലക്ഷം കവിഞ്ഞു. മോട്ടോര്‍വാഹന വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഒക്‌ടോബര്‍ 31 വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണം 85,17,671 ആണ്. 2011ല്‍ കേരളത്തിലുണ്ടായിരുന്നത് 60 ലക്ഷത്തില്‍പ്പരം കുടുംബങ്ങളാണ്. യാത്രയേ്ക്കാ ചരക്കുനീക്കത്തിനോ ഉള്ള ആവശ്യത്തേക്കാളുപരി പുതിയ വാഹനങ്ങളോടുള്ള ഭ്രമമാണ് മലയാളികളെ വാഹനങ്ങള്‍ക്കായി നിര്‍ജീവനിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നത്. പുനരുല്പാദനം സാധ്യമാകുന്ന മേഖലകളില്‍ നിക്ഷേപിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ച ത്വരപ്പെടുത്താന്‍ സഹായിക്കുന്ന പണമാണിത്.
വാഹനങ്ങളില്ലാത്ത ഒരുപാട് വീടുകളുണ്ട്. അതിനര്‍ത്ഥം പതിനായിരകണക്കിനുവീടുകളില്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുണ്ടെന്നല്ലേ? ഈ വാഹനങ്ങള്‍ക്കായാണ് ആയിരകണക്കിനുപേരെ കുടിയൊഴിപ്പിച്ച് റോഡുവീതി കൂട്ടുന്നത് എന്നതു വേറെ വശം.അന്തരീക്ഷ മലിനികീരണം, ട്രാഫിക് സ്തംഭനം, അപകടങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ വേറെ. കേരളത്തില്‍ ഒരു ദിനം ശരാശരി 12 പേര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നു. മരിക്കുന്നതിനേക്കാള്‍ കഷ്ടമായി ജീവിച്ചിരിക്കുന്നവര്‍ പതിനായിരങ്ങളാണ്.
പുകവലി, മദ്യപാനം തുടങ്ങിയവയേക്കാള്‍ അപകടകരമാണ് അമിതമായ വാഹന ഉപയോഗം എന്നു വ്യക്തമായിട്ടും ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ എന്തേ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. കാരണം മറ്റൊന്നുമല്ല, വാഹന വ്യാപാരികളായ കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം തന്നെ. എത്രയോ രാജ്യങ്ങള്‍ സ്വാകാര്യ വാഹനങ്ങളെ നിയന്ത്രിക്കാനും പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാനുമായി നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിന്റെ വിഷയത്തോടൊപ്പം അത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ ആരും തയ്യാറാകുന്നില്ല. റോഡിലെ പൊതുഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, രണ്ടു റയില്‍വേ ട്രാക്ക് കൂടി നിര്‍മ്മിക്കുക, പാസഞ്ചര്‍ ട്രെയിനുകളുടെ എണ്ണം കൂട്ടുക തുടങ്ങി എത്രയോ ആവശ്യങ്ങള്‍ ഉന്നയിക്കാം. അത്തരത്തില്‍ ദീര്‍ഘവീക്ഷണമില്ലാതെ താല്‍ക്കാലികമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരേ സമരം തന്നെ ഇടക്കിടെ ആവര്‍ത്തിക്കേണ്ട ഗതികേട് അവസാനിപ്പിക്കുകയല്ലേ വേണ്ടത്. എങ്കില്‍ മാത്രമേ നാടിനെ നയിക്കുന്നു എന്നവകാശപ്പെടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു കഴിയൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply