മനുഷ്യരായി അംഗീകരിക്കാത്തവര്‍ക്ക്‌ എന്തുവോട്ട്‌…?

ശ്യാം അഥവാ ശീതള്‍ സ്‌ത്രീയും പുരുഷനും മാത്രമല്ല ലിംഗപദവി എന്ന്‌ ലോകം അംഗീകരിക്കുമ്പോഴും ലൈംഗീക ന്യൂനപക്ഷങ്ങളെ മനുഷ്യരായി അംഗീകരിക്കാന്‍ തയാറാകാത്തവരാണ്‌ മലയാളികള്‍. മനുഷ്യരായി അംഗീകരിക്കപ്പെടാനുള്ള സമരമാണ്‌ തങ്ങളിപ്പോള്‍ നടത്തുന്നതെന്നും വോട്ടിന്റെ വിഷയമൊക്കെ പിന്നീടേ ഉയര്‍ന്നു വരുന്നുള്ളു എന്നും സെക്‌ഷ്വല്‍ മൈനോറിട്ടി ഫോറം കേരള സെക്രട്ടറി കൂടിയായ ലേഖകന്‍/ലേഖിക മനുഷ്യാവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി നിരവധി പോരാട്ടം നടക്കുന്ന ഈ നാട്ടില്‍ മനുഷ്യരാണെന്ന്‌ അംഗീകരിച്ചുകിട്ടുക എന്ന ഏറ്റവും പ്രാഥമികമായ ആവശ്യത്തിനായി പോരാടുന്നവരാണ്‌ ഞങ്ങള്‍. കര്‍ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങള്‍ ഒരു പരിധിവരെ ഞങ്ങളുടെ […]

images

ശ്യാം അഥവാ ശീതള്‍

സ്‌ത്രീയും പുരുഷനും മാത്രമല്ല ലിംഗപദവി എന്ന്‌ ലോകം അംഗീകരിക്കുമ്പോഴും ലൈംഗീക ന്യൂനപക്ഷങ്ങളെ മനുഷ്യരായി അംഗീകരിക്കാന്‍ തയാറാകാത്തവരാണ്‌ മലയാളികള്‍. മനുഷ്യരായി അംഗീകരിക്കപ്പെടാനുള്ള സമരമാണ്‌ തങ്ങളിപ്പോള്‍ നടത്തുന്നതെന്നും വോട്ടിന്റെ വിഷയമൊക്കെ പിന്നീടേ ഉയര്‍ന്നു വരുന്നുള്ളു എന്നും സെക്‌ഷ്വല്‍ മൈനോറിട്ടി ഫോറം കേരള സെക്രട്ടറി കൂടിയായ ലേഖകന്‍/ലേഖിക

മനുഷ്യാവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി നിരവധി പോരാട്ടം നടക്കുന്ന ഈ നാട്ടില്‍ മനുഷ്യരാണെന്ന്‌ അംഗീകരിച്ചുകിട്ടുക എന്ന ഏറ്റവും പ്രാഥമികമായ ആവശ്യത്തിനായി പോരാടുന്നവരാണ്‌ ഞങ്ങള്‍. കര്‍ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങള്‍ ഒരു പരിധിവരെ ഞങ്ങളുടെ അസ്‌തിത്വം അംഗീകരിക്കുമ്പോള്‍ പ്രബുദ്ധമെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന കേരളീയസമൂഹം ഞങ്ങളെ കണക്കാക്കുന്നത്‌ പുഴുക്കളേക്കാള്‍ നിഷ്‌കൃഷ്‌ടരായി. പൊതുവില്‍ നമ്മുടെ രാഷ്ര്‌ടീയ പ്രസ്‌ഥാനങ്ങളുടേയും സ്‌ഥിതി മറ്റൊന്നല്ല. മറുവശത്ത്‌ സ്വന്തമായി വോട്ടുപോലുമില്ലാത്തവരാണ്‌ ഞങ്ങളില്‍ മിക്കവരും. ഞങ്ങള്‍ക്കെന്ത്‌ തെരഞ്ഞെടുപ്പ്‌?
കേരളത്തില്‍ കുറച്ചു കാലമായി ഞങ്ങളിലൊരുവിഭാഗം മനുഷ്യരായി അംഗീകരിക്കാന്‍ ആവശ്യപ്പെട്ട്‌ രംഗത്തുവന്നിട്ടുണ്ട്‌. പൊതുസമ്മേളനങ്ങളും റാലികളും മറ്റും സംഘടിപ്പിച്ചിട്ടുണ്ട്‌. അപൂര്‍വം മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ്‌ ഞങ്ങളുമായി ഐക്യപ്പെടാന്‍ തയാറായിട്ടുള്ളത്‌. രാഷ്ര്‌ടീയപ്രസ്‌ഥാനങ്ങള്‍ മിക്കവാറും നിഷേധാത്മകമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. വിമതലൈംഗികത നിയമവിരുദ്ധമാക്കുന്ന ഭരണഘടനയിലെ 377-ാം വകുപ്പ്‌ റദ്ദാക്കാന്‍ വിസമ്മതിച്ച സുപ്രിംകോടതി വിധി പുറത്തുവന്നപ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്‌തമായി. തീര്‍ച്ചയായും അഖിലേന്ത്യാതലത്തില്‍ സോണിയാഗാന്ധി, വൃന്ദാകാരാട്ട്‌, സുഷമാ സ്വരാജ്‌ തുടങ്ങിയവര്‍ ഒരു പരിധി വരെ ഞങ്ങളെ പിന്തുണക്കാന്‍ തയാറായി. സ്‌ത്രീകളായതിനാല്‍ ലിംഗവിവേചനത്തെ കുറിച്ച്‌ അവര്‍ കുറച്ചൊക്കെ മനസിലാക്കിയിട്ടുണ്ടല്ലോ. മറുവശത്ത്‌ അഖിലേന്ത്യാതലത്തില്‍ രാഹുല്‍ ഗാന്ധി മുതല്‍ കേരളത്തില്‍ സി.പി.ഐയിലെ രാജാജി മാത്യുതോമസ്‌ വരെ അപൂര്‍വം പേരാണ്‌ ഞങ്ങളോട്‌ ഐക്യപ്പെടാന്‍ തയാറായത്‌. മതസാമുദായിക സംഘടനകളാകട്ടെ പരസ്‌പരമുള്ള എല്ലാ കലഹങ്ങളും മാറ്റിവച്ച്‌ ഞങ്ങള്‍ക്കെതിരെ ഒന്നിക്കുകയായിരുന്നു. സാക്ഷാല്‍ പോപ്പുപോലും ഇക്കാര്യത്തിലെ നിലപാടുമാറ്റിയ കാര്യം ഇവരറിഞ്ഞില്ല എന്നുതോന്നുന്നു. അതുപോലെ ഹിന്ദുപാരമ്പര്യത്തില്‍ സ്വവര്‍ഗപ്രണയവും ഹിജഡയുമെല്ലാം പുതുമയുള്ള കാര്യങ്ങളല്ലായിരുന്നിട്ടും. മതസംഘടനകളുടെ നിലപാടിനെ ചോദ്യം ചെയ്യാനുള്ള ധൈര്യം രാഷ്ര്‌ടീയക്കാര്‍ക്കുമില്ലല്ലോ. അതേസമയം ഞങ്ങളുമായി കൈകോര്‍ക്കാന്‍ തയാറായിട്ടുള്ള സാറാജോസഫും മറ്റും മത്സരിക്കുന്നത്‌ ഞങ്ങള്‍ പ്രതീക്ഷയോടെ കാണുന്നു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമ്പോഴാണ്‌ ജനാധിപത്യം അര്‍ഥവത്താകുന്നത്‌. എന്നാല്‍ ഇതംഗീകരിക്കുന്നവര്‍ പോലും ലൈംഗീക ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഒളിച്ചുകളിക്കുന്നു. കേരളത്തിലെ പൊതുയിടങ്ങള്‍ ഞങ്ങള്‍ക്കിപ്പോഴും അപ്രാപ്യമാണെന്നു പറയാം. അതില്‍തന്നെ സ്‌ത്രീ സ്വവര്‍ഗ പ്രണയിനികളുടെ അവസ്‌ഥ വളരെ ദയനീയമാണ്‌. ആത്മഹത്യയോ നാടുവിടലോ മാത്രമാണ്‌ പോംവഴി. മിക്കവാറും പേര്‍ ചെന്നൈയിലേക്കോ ബാംഗ്ലൂരിലേക്കോ പോകുന്നു. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ പുരുഷന്‍/സ്‌ത്രീ എന്നിവക്കുപുറമേ മറ്റുള്ളവര്‍ എന്ന ഓപ്‌ഷന്‍ കൂടിയുണ്ട്‌. ഞങ്ങള്‍ക്കു പല മേഖലയിലും സംവരണമുണ്ട്‌. കര്‍ണാടകയില്‍ രണ്ടു മന്ത്രിമാരുടെ പി.എകള്‍ ഞങ്ങളുടെ കൂട്ടത്തില്‍ പെട്ടവരാണ്‌. കഴിഞ്ഞ ബജറ്റില്‍ ഞങ്ങളുടെ ഉന്നമനത്തിനായി 60 ലക്ഷം രൂപ മാറ്റിവച്ചു. ഇവിടെയാകട്ടെ ശിഖണ്ടി, ആണും പെണ്ണും കെട്ടവര്‍ തുടങ്ങിയ പദങ്ങള്‍ എത്രയോ അശ്ലീലമായാണ്‌ ഉപയോഗിക്കുന്നത്‌. ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും ഞങ്ങള്‍ക്ക്‌ നിഷേധിക്കുന്നു.
ഇനി തെരഞ്ഞെടുപ്പിലെ വോട്ടിന്റെ കാര്യം. വീട്ടിലും നാട്ടിലും ജീവിക്കാന്‍ പോലും കഴിയാത്ത ഞങ്ങളില്‍ മിക്കവാറും പേര്‍ക്ക്‌ വോട്ടവാകാശം പോലുമില്ല. അതുപോലും പോരാടി നേടിയെടുക്കേണ്ട അവസ്‌ഥയിലാണ്‌ ഞങ്ങള്‍. മനുഷ്യരാണെന്നും പൗരന്മാരാണെന്നും അംഗീകരിച്ചാലല്ലേ വോട്ടിന്റെ വിഷയം ഉയരുന്നുള്ളു…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply