സമരത്തില്‍ കാണികള്‍ക്കും ചിലത് പറയാനുണ്ട് സഖാവേ

ഹരീഷ് വാസുദേവന്‍ ഒന്നേ കാല്‍ ദിവസം നീണ്ടുനിന്ന ഇടതുപക്ഷത്തിന്റെ സെക്രട്ടെറിയെറ്റ് ഉപരോധ സമരം വിജയമായിരുന്നെന്ന് ഇടതര്‍ ഇപ്പോള്‍ പറയുന്നു. അവരെ സംബന്ധിച്ച് സമരം വിജയമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കിട്ടുക, സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കുക, പിണറായി വിജയന്റെ നേതൃപാടവം കാണിക്കുക, ഇടത് കെട്ടുറപ്പ് വര്‍ദ്ധിപ്പിക്കുക, അണികളെ ഊര്‍ജ്ജസ്വലരാക്കുക, എന്നിങ്ങനെ അണികള്‍ എണ്ണിയെണ്ണിപ്പറയുന്നു നേട്ടങ്ങള്‍. സി.പി.എമ്മിനോ ഇടതുമുന്നണിക്കോ നേട്ടമുണ്ടായിട്ടില്ലെന്ന് ആരും പറയാന്‍ സാധ്യതയില്ല. തന്റെ രാജിയില്ലാതെ തന്നെ സമരം രാജിയായതിന്റെ ആശ്വാസത്തിലാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. നേരത്തേ സര്‍ക്കാര്‍ […]

Untitled-1

ഹരീഷ് വാസുദേവന്‍

ഒന്നേ കാല്‍ ദിവസം നീണ്ടുനിന്ന ഇടതുപക്ഷത്തിന്റെ സെക്രട്ടെറിയെറ്റ് ഉപരോധ സമരം വിജയമായിരുന്നെന്ന് ഇടതര്‍ ഇപ്പോള്‍ പറയുന്നു. അവരെ സംബന്ധിച്ച് സമരം വിജയമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കിട്ടുക, സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കുക, പിണറായി വിജയന്റെ നേതൃപാടവം കാണിക്കുക, ഇടത് കെട്ടുറപ്പ് വര്‍ദ്ധിപ്പിക്കുക, അണികളെ ഊര്‍ജ്ജസ്വലരാക്കുക, എന്നിങ്ങനെ അണികള്‍ എണ്ണിയെണ്ണിപ്പറയുന്നു നേട്ടങ്ങള്‍. സി.പി.എമ്മിനോ ഇടതുമുന്നണിക്കോ നേട്ടമുണ്ടായിട്ടില്ലെന്ന് ആരും പറയാന്‍ സാധ്യതയില്ല.

തന്റെ രാജിയില്ലാതെ തന്നെ സമരം രാജിയായതിന്റെ ആശ്വാസത്തിലാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. നേരത്തേ സര്‍ക്കാര്‍ പറഞ്ഞിരുന്നതുപോലെ, പോലീസ് അന്വേഷണം കഴിഞ്ഞാല്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന വ്യവസ്ഥ പ്രകാരം രാജിവെയ്ക്കാതെ തന്നെ സമരം ഒത്തുതീര്‍പ്പാക്കി. രണ്ടുകൂട്ടര്‍ക്കും വിജയം. രണ്ടുകൂട്ടര്‍ക്കും നേട്ടം. അപ്പോള്‍ ആര്‍ക്കാണ് നഷ്ടം?? കളിച്ച രണ്ടു ടീമിനും ലാഭമാണെങ്കില്‍, സംഗതി ഒത്തുകളിയാവാതെ തരമില്ല. നഷ്ടം കളി കണ്ടുകൊണ്ട് ഗ്യാലറിയിലിരിക്കുന്നവര്‍ക്കാണ്. ആ നഷ്ടം കാലാകാലങ്ങളായി സംഭവിക്കുന്നു.

ഇടതുപക്ഷം എണ്ണിപ്പറയുന്ന നേട്ടം അവരുടെ കക്ഷിരാഷ്ട്രീയ നേട്ടമാണ്. എന്നാല്‍, തങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിനായല്ല, ഇപ്പോള്‍ കിട്ടിയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായാണ് അവര്‍ സമരം ചെയ്തതെന്ന സത്യം പറയാതെ പറയുകയാണവര്‍. അതുകൊണ്ട് എന്തുണ്ടായി? ഇടതുപക്ഷമാണ് കുറച്ചുകൂടി ഭേദമെന്ന പ്രതീതി ഉണ്ടാക്കാനായി. അതുകൊണ്ട് ആത്യന്തികമായി പൊതുജനങ്ങള്‍ക്ക് എന്ത് പ്രയോജനം? അവര്‍ ഈ മുന്നണികളെ എത്രകാലമായി മാറിമാറി പരീക്ഷിക്കുന്നു!!! മൂലമ്പിള്ളി, ചെങ്ങറ, വിളപ്പില്‍ശാല, കാതിക്കുടം, അണക്കര, ബോള്‍ഗാട്ടി, നൂറുകണക്കിനു അനധികൃത പാറമടകള്‍, ചുങ്കപ്പാതകള്‍, അതിരപ്പിള്ളി, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്… യഥാര്‍ത്ഥ രാഷ്ട്രീയ സമരമുഖങ്ങളില്‍ ഇടതുപക്ഷവും ഐക്യമുന്നണിയും തമ്മില്‍ നയത്തില്‍ കാര്യമായ ഒരു വ്യത്യാസവുമില്ല. യൂസഫലിയെന്ന നിയമവിരുദ്ധ മുതലാളിത്തത്തോട് പിണറായിയും വി.എസ്സും ഉമ്മന്‍ചാണ്ടിയുമെല്ലാം മല്‍സരിച്ച് പ്രീണനമായിരുന്നു. യഥാര്‍ത്ഥ രാഷ്ട്രീയം പറഞ്ഞ് സര്‍ക്കാരിനെ എതിര്‍ക്കാനും, അതുവഴി അണികളെ രാഷ്ട്രീയ പ്രബുദ്ധരാക്കാനുമാണെങ്കില്‍ അതിനുവേണ്ട ധാര്‍മ്മികത ഇപ്പോള്‍ ഇടതുപക്ഷത്തിനുമില്ല. അതുകൊണ്ടാണ് സോളാര്‍ തട്ടിപ്പ് പോലുള്ള താല്‍ക്കാലികാശ്വാസ, മധ്യവര്‍ഗ്ഗ താല്‍പ്പര്യമുള്ള വിഷയങ്ങള്‍ മാത്രം ഉപയോഗിച്ച് ഇടതുപക്ഷത്തിനു സര്‍ക്കാരിനെതിരെ സമരം ചെയ്യേണ്ടി വരുന്നത്. ആ രാഷ്ട്രീയ ഗതികേടില്‍ സഹതപിക്കുമ്പോഴും, ‘എനിക്കെതിരായ ആരോപണങ്ങള്‍ ഞാന്‍ തന്നെ അന്വേഷിക്കും’ എന്ന മട്ടില്‍ അന്വേഷണങ്ങള്‍ അട്ടിമറിച്ച്, ജനാധിപത്യത്തെത്തന്നെ കൊലയ്ക്ക് കൊടുക്കുന്ന ഉമ്മന്‍ചാണ്ടിയുടെ തെറ്റായ രാഷ്ട്രീയ നിലപാടിനെതിരെ നടക്കുന്ന ഏതു സമരത്തെയും വിഷയാധിഷ്ടിതമായി പിന്തുണയ്ക്കുകയാണ് എന്നെപ്പോലെയുള്ള സാധാരണ പൗരന്മാര്‍ക്ക് മുന്നിലെ പോംവഴിയെന്ന് ഞാന്‍ കരുതുന്നു.

ഇടതുപക്ഷത്തിനു ലഭിച്ചുവെന്ന് ഇപ്പോള്‍ പറയുന്ന നേട്ടങ്ങള്‍ മാത്രം മുദ്രാവാക്യങ്ങളാക്കി സമരം ചെയ്തിരുന്നെങ്കില്‍ ഈ സമരം നിലനില്‍ക്കുമായിരുന്നോ? പൊതുജനപിന്തുണ ലഭിക്കുമായിരുന്നോ? തീര്‍ച്ചയായും ഇല്ല. ഇടതു വോട്ടുകള്‍ക്ക് പുറത്തുള്ള പൊതുസമ്മിതി നിര്‍മ്മിക്കാനാവശ്യമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സമരങ്ങള്‍ ചെയ്യുകയും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ വെള്ളം ചേര്‍ക്കുകയും, മുദ്രാവാക്യം അപ്പടി നിലനിര്‍ത്തുകയും അതുവഴി രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുകയാണ് രാഷ്ട്രീയ കക്ഷികള്‍. ഈ സമരം തുടങ്ങിയ അന്നൊന്നും മുഖ്യമന്ത്രി രാജിവെക്കാതിരുന്നത് നന്നായെന്നു ചിലരിവിടെ തുറന്നു പറയുന്നു. അതെ, അതാണ് സത്യം. ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുകയോ അന്വേഷണം നേരിടുകയോ ഒന്നുമല്ല നമ്മുടെ രാഷ്ട്രീയ ഉദ്ദേശം. അത് വേറെയാണ്. അത് കിട്ടിയപ്പോള്‍ നാം സമരം നിര്‍ത്തി.

ഗ്യാലറിയിരുന്നു സമരം കണ്ടവര്‍ക്ക് തൃപ്തിയായില്ലെങ്കില്‍ അവരു പോയി സമരം ചെയ്യട്ടെയെന്നും ഇടത് അണികള്‍ പറയുന്നു. ‘ഞങ്ങള്‍ ഞങ്ങള്‍ക്കിഷ്ടമുള്ളപ്പൊ സമരം തുടങ്ങും, ഇഷ്ടമുള്ളപ്പൊ സമരം നിര്‍ത്തും, തുടങ്ങാനറിയാമെങ്കില്‍ നിര്‍ത്താനുമറിയാം, നിങ്ങളോട് സമ്മതം വാങ്ങണോ?’ എന്നമട്ടിലൊക്കെ പോകുന്നു കമന്റുകള്‍… ഇടതു കേഡര്‍ അണികളെ ഇറക്കി സമരം നടത്തി രാഷ്ട്രീയ
മുദ്രാവാക്യങ്ങള്‍ നേടാനാണെങ്കില്‍ അതെപ്പോഴും കഴിയും. തിരിച്ചും കൊണ്ഗ്രസിനോ ലീഗിനോ ഒക്കെ അതെപ്പോഴും കഴിയും. 2011 തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ജനങ്ങളും അനുകൂലിച്ചത് കൊണ്ടാണല്ലോ ഉമ്മന്‍ചാണ്ടി നാട് ഭരിക്കുന്നത്. അപ്പോള്‍ LDF ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തവര്‍ മുഴുവന്‍ പേരും വന്നു സമരം ചെയ്ത്, ഉമ്മന്‍ചാണ്ടി മാറണമെന്ന് പറഞ്ഞാലും അതില്‍ പുതുമയില്ല, ഉമ്മന്‍ ചാണ്ടിക്കോ സര്‍ക്കാരിനോ ആ ആവശ്യം പരിഗണിക്കേണ്ട യാതൊരു കാര്യവുമില്ല.

സോളാര്‍ വിഷയത്തില്‍ അതല്ല സ്ഥിതി, ഇടതു അനുഭാവികള്‍ അല്ലാത്തവര്‍ കൂടി പ്രതിപക്ഷം ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തി. ബി.ജെ.പി തുടങ്ങിയ പ്രത്യക്ഷ വോട്ടുബാങ്കുകളും മാധ്യമങ്ങള്‍ വഴി ഭരണകക്ഷിയിലെ തന്നെ ചിലരും ഈ മുദ്രാവാക്യത്തെ പരസ്യമായി പിന്തുണച്ചു. കഴിഞ്ഞതവണ യു.ഡി.എഫിന് വോട്ടു ചെയ്ത സാധാരണക്കാര്‍ വരെ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യത്തെ മാനസികമായി പിന്തുണച്ചു. അപ്പോള്‍ ഈ സമരം വാസ്തവത്തില്‍ രാഷ്ട്രീയപ്രസക്തമായിരുന്നത് ഇടതുപക്ഷത്തിന്റെ സ്ഥിരം വോട്ടര്‍മാരായ കളിക്കാരുടെ മികവിലല്ല, മറിച്ച് കളികണ്ടുകൊണ്ടിരുന്ന, അതിനെ മനസുകൊണ്ട് പിന്തുണച്ചിരുന്ന ഗ്യാലറിയിലെ ന്യൂട്രല്‍ വോട്ടുകളുടെ ‘മെന്റല്‍ പ്രസന്‍സ്’ ആണ്. ഇക്കാര്യം അതിന്റെ രാഷ്ട്രീയ പ്രാധാന്യമടക്കം വിശദമാക്കാവുന്നതാണ്. ഈ ഗ്യാലറിക്കാരെ ലക്ഷ്യമിട്ടാണ് രണ്ടു ടീമും എല്ലാക്കാലവും കളികള്‍ കളിക്കുന്നതെന്നും അതുകൊണ്ടുതന്നെ കളിക്കാരുടെയോ സംഘാടകരുടെയോ മാനസിക തൃപ്തിയല്ല, ഗ്യാലറിയില്‍ തങ്ങളെ പിന്തുണയ്ക്കുന്നവരുടെ, പിന്തുണയ്ക്കാന്‍ സാധ്യതയുള്ളവരുടെ മാനസിക സംതൃപ്തിയാണ് ഈ കളിയുടെ മര്‍മ്മമെന്നും ഉള്ളത് ആവശ്യം വേണ്ട ‘പൊളിറ്റിക്കല്‍ കോമണ്‍ സെന്‍സാ’ണ്.

സൈലന്റ് ആയിരുന്നു ഈ കളി കണ്ടു പിന്തുണച്ച ആ ഗ്യാലറിക്കാരെ, പൊതുസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് ഇടതുപക്ഷം സമരം ഒത്തുതീര്‍പ്പ് നടത്തുകവഴി ചെയ്തതെന്ന് ഞാന്‍ കരുതുന്നു. അണികളെ, പ്രവര്‍ത്തകരെ ഇവര്‍ വഞ്ചിച്ചിട്ടില്ല. കാരണം, പാര്‍ട്ടിയുടെ രാഷ്ട്രീയ വളര്‍ച്ചയാണ് അണികളുടെ ലക്ഷ്യം. അതവര്‍ക്ക് ലഭിച്ചു. എന്നാല്‍ അതിനു പുറത്ത്, മുഖ്യമന്ത്രിയുടെ രാജിയാവശ്യത്തെ പിന്തുണയ്ക്കുന്നവര്‍ ആഗ്രഹിച്ചിരുന്നത് രാഷ്ട്രീയ മണ്ഡലത്തില്‍ നെറിയും ധാര്‍മ്മികതയും ബാക്കിയുണ്ടാവണം എന്നാണു. അവരുടെ വിശ്വാസം ആര്‍ജ്ജിക്കുകയും എന്നാല്‍ ആ മുദ്രാവാക്യം പാതിവഴിയില്‍ പലവിധ കാരണങ്ങള്‍ (അക്രമമായേനെ എന്ന് തുടങ്ങി കാരണങ്ങള്‍ പലതും യുക്തിസഹം തന്നെ പക്ഷെ സമരം തുടങ്ങും മുന്‍പ് പ്രായോഗികത ഓര്‍ക്കെണ്ടേ? അതല്ലേ നേതൃഗുണം?) പറഞ്ഞു ഉപേക്ഷിക്കുകയും എന്നാലതുവഴി തങ്ങള്‍ ഉദ്ദേശിച്ച രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുകയും ചെയ്യുകയായിരുന്നു ഇടതുപക്ഷം.

ഭൂസമരം മുതല്‍ പലസമരത്തിലും ഇടതുപക്ഷം പരോക്ഷമായി നടത്തുന്ന രാഷ്ട്രീയ ഒത്തുതീര്‍ക്കലുകലും, അതിന്റെ രാഷ്ട്രീയ നേട്ടം കൊയ്യലും ഇപ്രാവശ്യം കുറേക്കൂടി പ്രത്യക്ഷമായിരുന്നു എന്നതും ബുദ്ധിജീവി അണികള്‍ ആ രാഷ്ട്രീയ നേട്ടം കുറെയൊക്കെ തുറന്നു പറഞ്ഞു എന്നതുമാണ് ഈ പ്രാവശ്യത്തെ പ്രത്യേകത. ഗ്യാലറിയില്‍ ഇരുന്നു ഈ കളിയെ തുടക്കം മുതല്‍ പിന്തുണച്ച, ഇടതുപക്ഷത്തിനു പുറത്തുള്ള വോട്ടുകള്‍ ഇപ്പോള്‍ അത്രുപ്തരാകയാല്‍ (കുറച്ചൊക്കെ അണികളും), ആത്യന്തികമായി ഈ സമരസപ്പെടല്‍ ഇടതുപക്ഷത്തിനു ഗുണം ചെയ്യാന്‍ സാധ്യതയില്ല. സമരം പിന്‍വലിച്ചതിന്റെ കാരണം അണികളോടും അതുവഴി പൊതുസമൂഹത്തോടും വിശദീകരിച്ച് വിശദീകരിച്ച് സംഗതികള്‍ കൂടുതല്‍ വഷളാവുന്നതായാണ് ഇതെഴുതുമ്പോഴും കാണുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “സമരത്തില്‍ കാണികള്‍ക്കും ചിലത് പറയാനുണ്ട് സഖാവേ

  1. Avatar for Critic Editor

    കെ .എസ്സ് . രാധാകൃഷ്ണന്‍

    ഏതോ തീവ്ര വാദി ഗ്രൂപ്പുകള്‍ സമരത്തിലേക്ക് നുഴഞ്ഞു കയറി എന്ന നേതൃത്വത്തിന്റെ സംശയം ആണ് എന്നു തോന്നുന്നു ! അര്‍കും ഏത് സമരത്തെയും ഹൈജാക് ചെയമെല്ലോ !

  2. Avatar for Critic Editor

    അശോക് പദ്മനാഭന്‍

    ഈ സമരത്തില്‍ കാണികള്‍ ഇല്ല ആശാനെ! പിന്നെ ഏന്താര് പരയാനെക്കൊണ്ട്?

  3. ”നിരാശപ്പെട്ടവര്‍ പറയുന്നതും ,അവരുടെ ആത്മഗതങ്ങളും.ഒപ്പം ഞങ്ങള്‍ക്ക് പറയാനുള്ളതും.” ഒരു വിഭാഗംവര്‍ഗീയ വാദികളും വര്‍ഗീയ പാര്‍ട്ടികളും പറയും,ഞങ്ങളുടെ ശുക്കൂര്‍ കേസ് ഇല്ലാതാക്കാന്‍ വേണ്ടി,മറ്റൊരു വിഭാഗം പറയും ഞങ്ങളുടെ ജയകൃഷ്ണന്‍ കേസ് ഇല്ലാതാക്കാന്‍ വേണ്ടി,ഉള്ളില്‍ വര്‍ഗീയതയും നടുപ്പിലും,യെടുപ്പിലും മതേതരത്വം വാരി വിതറുന്ന ഒരു കൂട്ടര്‍ പറയും അത് രണ്ടും ഇല്ലാതാക്കാന്‍ വേണ്ടി.തിന്നും കുടിച്ചും മദിച്ചും ജീവിക്കുന്ന അരാഷ്ട്രീയ വാദികളും അഭിനവ കമ്മ്യൂണിസ്റ്റ്‌ കളും കുലം കുത്തികളും പറയും ലാവ് ലിനും സോളാറുംടി പി യും മറയ്ക്കാനായി എന്നും.സോളാര്‍ പ്രശ്നം പുഴുത്തു നാറി തുടങ്ങിയപ്പോള്‍ ഇനി റിപ്പോര്‍ട്ട് ചെയ്തില്ലേല്‍ തങ്ങളും നാറും എന്നാ അവസ്ഥ വന്നപ്പോള്‍ ഇവിടത്തെ പത്ര ദ്രിശ്യ മാദ്യമങ്ങളും ചര്‍ച്ചകളും ലൈവ് ഷോയും ഉള്‍പ്പടെ സമരം റിപ്പോര്‍ട്ട് ചെയ്യലായി .ഇവന്മാരുടെ ഉദ്ദേശം എന്തെന്നു നമുക്കറിയാം അശ്ലീലങ്ങളും,അപകടങ്ങളും,സംഘര്‍ഷങ്ങളും എല്ലാം ജിജ്ഞാസയോട് കൂടി കാണുകയും ഞാന്‍ കണ്ടെടാ ശ്ശൊ ഭയങ്കരം എന്ന് പാടി നടക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെയായി ജനങ്ങളെ മാറ്റിയെടുക്കുകയും ആ സമൂഹത്തിനു ദ്രിശ്യ വിരുന്നൊരുക്കാന്‍ മത്സരിക്കുകയും സമരവും,രാഷ്ട്രീയവും,എല്ലാം ജനങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു എന്നാ ചര്‍ച്ചകള്‍ക്ക് ഒരുക്കങ്ങള്‍ ഈ സമരത്തിന്റെ മറ പിടിച്ചു നടത്താം എന്ന്‍ ആശിച്ചു നിരാശരായ മാദ്യമങ്ങളും പറയും അവരുടെ ഹിതം അനുസരിച്ച് പലതും മറയ്ക്കാന്‍ ആയി ഇത് ഒരു അഡ്ജസ്റ്മെന്റ്റ് ആണെന്ന്. എന്നാല്‍ ആവേശത്തോടെ ഞങ്ങള്‍ പറയട്ടെ ഇത് ഞങ്ങളുടെ സമരത്തിന്റെ മൂന്നാം ഘട്ട വിജയം ആണെന്ന്. അതിനോടൊപ്പം മറ്റൊന്ന് കൂടി ഞങ്ങളുടെ പാര്‍ട്ടിയെയും,അണികളെയും,അനുഭാവികളെയും ആദ്യം ശക്തമായി ഒരുമിപ്പിച്ചത് ടി പി വധത്തെ തുടര്‍ന്നുള്ള ഏക പക്ഷീയമായി പാര്‍ട്ടിക്കെതിരെയുള്ള വേട്ടയാടലുകള്‍ ആണ് . ഞങ്ങള്‍ അതിലെ ഉള്ളു കളികളെ കുറിച്ച് അന്വേഷിക്കുകയും അങ്ങിനെ മറ്റെല്ലാം മറന്നു ഞങ്ങളുടെ പ്രസ്ഥാനത്തെ ഞങ്ങള്‍ ഒരു പടി കൂടി ഉയര്‍ത്തുന്നതിനും കഴിഞ്ഞു.പിന്നെ സോളാര്‍ സമരം സത്യത്തില്‍ ഇത് ഒരു ധാര്‍മികതയുടെ പേരിലുള്ള സമരം ആയിരുന്നു .പക്ഷെ ചാണ്ടി എപ്പോള്‍ പട്ടാളത്തെ വിളിച്ചോ അപ്പോള്‍ മുതല്‍ ഞങ്ങള്‍ ഈ സമരം ഒരു വികാരമായി ഉള്‍ക്കൊള്ളുകയും എന്തും ത്യജിച്ചു ഞങ്ങളുള്‍പ്പടെയുള്ള ലക്ഷങ്ങള്‍ തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.സോളാര്‍ സമരത്തിന്റെ ആദ്യ ഘട്ട വിജയം എന്നത് പട്ടാളത്തെ വിളിച്ചു എന്നതാണ്.സമരത്തെ തുടര്‍ന്ന് സെക്രട്ടരിയെട്റ്റ് അടച്ചിട്ടത് രണ്ടാം ഘട്ട വിജയം,ഒരു ചര്‍ച്ചയും കൂടാതെ ജുഡിഷ്യല്‍ അന്വേഷണം പരസ്യമായി ഉമ്മന്‍ പ്രഖ്യാപിച്ചത് മൂന്നാം ഘട്ട വിജയം.സമരം അവസാനിച്ചു എന്ന് കരുതേണ്ടതില്ല സമരം മറ്റൊരു രൂപത്തില്‍ ആ നാലാം ഘട്ട വിജയം എന്നാ അവസാനത്തെ ഘട്ടം വരെ തുടരുക തന്നെ ചെയ്യും മറ്റൊരു രൂപത്തില്‍. തിരുവനന്തപുരത്തു ഞങ്ങളില്‍ പെട്ട ഒരു സഖാവിന്റെ ചോര പൊടിഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും ഉണ്ടാകും എന്ന്‍ മറ്റാരേക്കാളും ഞങ്ങള്‍ക്ക് അറിയാം.അപ്പോള്‍ ഈ രമ ചാനലുകളും കൂട്ടരും ഈ വിഷയം മറ്റൊരു തരത്തില്‍ ആയിരിക്കും അവതരിപ്പിക്കുക.എന്നെ പ്പോലുള്ള യുവാക്കള്‍ ജനിച്ചു വീണത് കമ്മ്യൂണിസ്റ്റ്‌ ആയല്ല പകരം അറിഞ്ഞും,പഠിച്ചും ആശയം ഉള്‍ക്കൊണ്ടും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായതാണ്.ഞങ്ങള്‍ സമരത്തിനു പോയത് ഭഗത് സിംഗിനെ ആശിര്‍വദിച്ചു അയച്ച പോലുള്ള മാതാപിതാക്കളില്‍ നിന്നല്ല.മറിച്ച് ഒരു അനുമതിയും കാക്കാതെ ഞാന്‍ പോകുന്നു എന്ന്‍ പറഞ്ഞു വന്നവരാണ്.ആ ഞങ്ങളില്‍ ഒരുവന്‍ വീണാല്‍ നിങ്ങള്‍ പത്ര ദ്രിശ്യ മാദ്യമങ്ങള്‍ ആദ്യം ഞങ്ങളുടെ മാതാപിതാക്കളെ കബളിപ്പിച്ച് ഞങ്ങളെ കൊന്നത് ഞങ്ങള്‍തന്നെ എന്ന് അവരെ ക്കൊണ്ട് പറയിക്കും.പിന്നെ ചര്‍ച്ചകള്‍,ബഹളം ജനം വലഞ്ഞു,ആര്‍ക്ക് വേണ്ടി എന്തിനു വേണ്ടി നൂറു കോടി രൂപ നഷ്ടം അപ്പടി ഇപ്പടി മാങ്ങാത്തൊലി.ഇനിയും സമരങ്ങള്‍ വരും മുന്‍ നിരയില്‍ ഞങ്ങളുണ്ടാകും അപ്പോള്‍ ഇവിടെ മറ്റൊന്നായിരിക്കും സംഭവിക്കുക കബളിപ്പിക്കാന്‍ വരുന്ന പത്ര ദ്രിശ്യ മാദ്യമങ്ങളെ ആട്ടിയോടിക്കുന്ന എന്റെ മാതാപിതാക്കള്‍ ആര്‍ക്കു വേണ്ടി എന്നതിനു വേണ്ടി എന്ന ചര്‍ച്ചകള്‍ക്ക് നേരെ കാര്‍പ്പിച്ച് തുപ്പുന്ന ജനം അന്തരീക്ഷത്തില്‍ മുഴങ്ങുന്ന ഇങ്കിലാബ് വിളികള്‍ ഞാന്‍ അതിനായി കാത്തിരിക്കുന്നു…..

Leave a Reply