സഭയും പാര്‍ട്ടിയും തമ്മില്‍ അകലമുണ്ടോ ഐസക്?

ജോണ്‍ ജോസഫ് പള്ളിയും സഭയും തമ്മിലുള്ള ചരിത്രപരമായ അകലം കുറയ്ക്കണമെന്ന സി.പി.എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞത് കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നിയത്. ക്രൈസ്തവ സഭകളുമായി സി.പി.എം സഹകരണത്തിന് സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ വിഷയത്തില്‍ ഒരുമിച്ച് സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് ഐസക്് ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തം. ഏതാനും ദിവസം മുമ്പാണല്ലോ പിണറായി താമരശ്ശേരിയില്‍ ബിഷപ്പിനെ പോയി കണ്ടതും ഒന്നിച്ച് ഭക്ഷണം കഴിച്ചതും. വിശ്വാസികളില്‍ കര്‍ഷകരുമുണ്ടെന്നും ദൈവവിശ്വാസികളായ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ കൂടിയാണ് സി.പി.എം നിലകൊള്ളുന്നതെന്നും […]

imagesജോണ്‍ ജോസഫ്
പള്ളിയും സഭയും തമ്മിലുള്ള ചരിത്രപരമായ അകലം കുറയ്ക്കണമെന്ന സി.പി.എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞത് കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നിയത്.

ക്രൈസ്തവ സഭകളുമായി സി.പി.എം സഹകരണത്തിന് സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ വിഷയത്തില്‍ ഒരുമിച്ച് സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് ഐസക്് ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തം. ഏതാനും ദിവസം മുമ്പാണല്ലോ പിണറായി താമരശ്ശേരിയില്‍ ബിഷപ്പിനെ പോയി കണ്ടതും ഒന്നിച്ച് ഭക്ഷണം കഴിച്ചതും. വിശ്വാസികളില്‍ കര്‍ഷകരുമുണ്ടെന്നും ദൈവവിശ്വാസികളായ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ കൂടിയാണ് സി.പി.എം നിലകൊള്ളുന്നതെന്നും ഐസക് കൂട്ടിചേര്‍ത്തു. യോജിക്കാവുന്ന വിഷയങ്ങളില്‍ ഇരുപക്ഷവും യോജിക്കണം. നിരീശ്വരവാദികളുമായി ചര്‍ച്ചയാകാമെന്നാണ് മാര്‍പാപ്പയുടെ നിലപാടെന്നും അദ്ദേഹം ചൂണ്ടികാട്ടി. മുന്നണിവിടണോ എന്ന് കെ.എം മാണി തീരുമാനിക്കട്ടെയെന്നു ഐസക് പറഞ്ഞതും ഇതുമായി കൂട്ടിതന്നെ വായിക്കണം.

ദൈവവിശ്വാസത്തിനെതിരെ പാര്‍ട്ടി പ്ലീനം ശക്തമായ നിലപാട് സ്വീകരിച്ച് അധികദിവസമായില്ല. തീര്‍ച്ചയായുംം പാര്‍ട്ടി അംഗങ്ങള്‍ ഈശ്വരവിശ്വാസികളാകരുതെന്നാണ് പ്ലീനത്തിലെ ധാരണയെന്ന് ഐസകിന് വാദിക്കാം. ശരിതന്നെ.
അതേസമയം പാര്‍ട്ടിയും സഭയും തമ്മില്‍ അത്രമാത്രം വൈരുദ്ധ്യമുണ്ടോ? കേരളത്തില്‍ അത്തരമൊരു പ്രതീതി നിലനില്‍ക്കുന്നുണ്ടെങ്കിലും സത്യമതല്ല എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഒരുപാട് പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ബെര്‍ട്രണ്ട് റസല്‍ മുതല്‍ ഒവി വിജയനും ശ്രീജനും പി കേശവന്‍ നായരും വരെയുള്ളവര്‍ അതേകുറിച്ച് എഴുതിയിട്ടുണ്ട്.
ജൂത – ക്രിസ്തീയ മതവിശ്വാസങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്നും മാര്‍ക്‌സില്‍ സ്വാധീനം ചെലുത്തിയിരുന്നു. അതിന് മതനിരപേക്ഷമായ പരിവേഷം കൊടുക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അതേസമയം അതുമായ ബന്ധപ്പെട്ട എല്ലാ സങ്കല്‍പ്പങ്ങളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. നിയുക്തജനതക്കു പകരം തൊഴിലാളി വര്‍ഗ്ഗത്തേയും ദൈവരാജ്യത്തിനു പകരം കമ്യൂണിസ്റ്റ് സമൂഹത്തേയും മാര്‍ക്‌സ് അവതരിപ്പിക്കുന്നു. മിശിഹകളുടെ സ്ഥാനത്താണല്ലോ കമ്യൂണിസ്റ്റ് നേതാക്കള്‍. ബൈബിളിന്റെ സ്ഥാനത്താണ് മൂലധനം. സഭക്ക് ദൈവം സത്യമാണെന്നപോലെ പാര്‍ട്ടിക്ക് വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദമാണ് സനാതനസത്യം. പള്ളിക്ക് തുല്ല്യമാണ് പാര്‍ട്ടി ഓഫീസ്.
ക്രിസ്തുമതവും കമ്യൂണിസവും നിശ്ചിതത്വതത്ത്വത്തിലാണ് വിശ്വസിക്കുന്നത്. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ മാത്രം നടക്കും. അതു ലംഘിക്കാന്‍ അനുയായികള്‍ക്ക് അവകാശമില്ല. അങ്ങനെയാണ് ക്രിസ്തുവിന്റെ രണ്ടാംവരവും മാര്‍ക്‌സിന്റെ വര്‍ഗ്ഗരഹിത സമൂഹവും അനിവാര്യമായി തീരുന്നത്. അതിനായുള്ള മിഷണറി പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും സമാനമാണ്. സഭക്കായി ഉഴിഞ്ഞുവെച്ച മിഷണറിമാരെപോലെതന്നെയാണ് മുഴുവന്‍ സമയ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരും. വര്‍ഗ്ഗസമരത്തിനു തുല്ല്യമാണ് കുരിശുയുദ്ധം. ഇരുകൂട്ടര്‍ക്കും രക്തസാക്ഷികള്‍ അനശ്വരന്മാരാണ്. ഒപ്പം സാത്താന്മാര്‍ക്ക് തുല്ല്യമായി തിരുത്തല്‍ വാദികളുമുണ്ട്. ദൈവനിന്ദയെപോലെതന്നെയാണ് മാര്‍ക്‌സിനെ വിമര്‍ശിക്കല്‍. വിശുദ്ധന്മാര്‍ക്ക് തുല്ല്യമായി സമുന്നത നേതാക്കളും പോപ്പിനും തുല്ല്യമായി ജനറല്‍ സെക്രട്ടറിയും. ഇരുഭാഗത്തുമുള്ളത് മുകളില്‍ നിന്ന് കെട്ടിപ്പടുത്ത സംഘടനാ ചട്ടക്കൂട്. അതു ലംഘിക്കുന്നവര്‍ പുറത്ത്. തിരുന്നാള്‍ക്ക് ബദലായി പാര്‍ട്ടിയില്‍ ചരമദിനങ്ങളുണ്ട്. അതേസമയം വിഭിന്ന ക്രിസ്തുമത വിഭാഗങ്ങളെപോലെ ഒരുപാട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുമുണ്ട്. ഇവര്‍ തമ്മില്‍ എന്നും തമ്മിലടിയാണുതാനും.
വാസ്തവത്തില്‍ ഈ രണ്ടുചിന്താഗതിയുടേയും ഉദ്ഭവം ജൂതമതത്തില്‍ നിന്നാണെന്ന് റസ്സല്‍ പറയുന്നു. ജൂതമതഘടനെ ക്രിസ്തുമതത്തിനു പാകമാക്കിയത് സെന്റ് അഗസ്തിനും പാര്‍ട്ടിക്ക് പാകമാക്കിയത് മാര്‍ക്‌സുമാണ്. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റയില്‍ ചക്രവര്‍ത്തി സ്വയം പോപ്പായി അവരോധിച്ചതോടെയാണ് ക്രിസ്തുമതം സംഘടിതശക്തിയായി ലോകമെമ്പാടും പ്രചരണം ആരംഭിച്ചത്. ഒക്ടോബര്‍ വിപ്ലവത്തോടെ ലെനില്‍ റഷ്യയില്‍ അധികാരത്തിലെത്തുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ലോകവ്യാപകമായി പ്രചരണമാരംഭിക്കുകയും ചെയ്തു. ക്രിസ്തുമതം ആധ്യാത്മികമാണെന്നു വിശേഷിക്കുമ്പോള്‍ അത് ഭൗതികകാര്യങ്ങളിലും സജീവമായി ഇടപെട്ടു. ഇപ്പോഴും തുടരുന്നു. മറുവശത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആത്മീയ കാര്യങ്ങളിലും ഇടപെടുന്നു. കേരളത്തിലടക്കം അതിപ്പോഴും തുടരുന്നു. അതിലൊന്നും തെറ്റുണ്ടെന്നല്ല പറയുന്നത്. ഇല്ലാത്ത അകലം ഉണ്ടെന്ന് പറയരുതെന്നുമാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സഭയും പാര്‍ട്ടിയും തമ്മില്‍ അകലമുണ്ടോ ഐസക്?

  1. വേറെയും ഉണ്ട് സാമ്യങ്ങള്‍. കുമ്പസാരവും സ്വയം വിമര്‍ശനവും.

Leave a Reply