സഫലമീ സഫാരി

മുസാഫിര്‍ ദക്ഷിണാഫ്രിക്കയുടെ മീതെ ഉരുണ്ടു വരുന്ന ശ്യാമമേഘങ്ങള്‍ക്കിടയില്‍ ഏഴു നിറങ്ങളോടെ ഉദിച്ചുയരുന്ന മഴവില്ലിന്റെ ചാരുതയാണ് ഇരുപത് ലക്ഷം ജനങ്ങള്‍ മാത്രം വസിക്കുന്ന ബോട്‌സ്വാന എന്ന കൊച്ചുരാജ്യത്തിന്. പടിഞ്ഞാറ് അംഗോളയും മൊസാംബിക്കും. കിഴക്ക് സിംബാബ്‌വെ. വടക്ക് നമീബിയ. തെക്ക് സാംബിയ. ഡയമണ്ടും ആനകളുമാണ് ബോട്‌സ്വാനയ്ക്ക് കിട്ടിയ വരദാനം. 10,878 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഛോബെ കാടുകളാണ് ഈ രാജ്യത്തിന്റെ ടൂറിസ്റ്റ് ആകര്‍ഷണം. വന്യമൃഗങ്ങളും പക്ഷിക്കൂട്ടവും കാട്ടുചെടികളും നിറഞ്ഞ ഛോബെ കാട്ടിലൂടെ നടത്തിയ സഫാരിയുടെ ചില സ്‌കെച്ചുകള്‍. അതിവിശാലമായ […]

SSSSമുസാഫിര്‍

ദക്ഷിണാഫ്രിക്കയുടെ മീതെ ഉരുണ്ടു വരുന്ന ശ്യാമമേഘങ്ങള്‍ക്കിടയില്‍ ഏഴു നിറങ്ങളോടെ ഉദിച്ചുയരുന്ന മഴവില്ലിന്റെ ചാരുതയാണ് ഇരുപത് ലക്ഷം ജനങ്ങള്‍ മാത്രം വസിക്കുന്ന ബോട്‌സ്വാന എന്ന കൊച്ചുരാജ്യത്തിന്. പടിഞ്ഞാറ് അംഗോളയും മൊസാംബിക്കും. കിഴക്ക് സിംബാബ്‌വെ. വടക്ക് നമീബിയ. തെക്ക് സാംബിയ. ഡയമണ്ടും ആനകളുമാണ് ബോട്‌സ്വാനയ്ക്ക് കിട്ടിയ വരദാനം. 10,878 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഛോബെ കാടുകളാണ് ഈ രാജ്യത്തിന്റെ ടൂറിസ്റ്റ് ആകര്‍ഷണം. വന്യമൃഗങ്ങളും പക്ഷിക്കൂട്ടവും കാട്ടുചെടികളും നിറഞ്ഞ ഛോബെ കാട്ടിലൂടെ നടത്തിയ സഫാരിയുടെ ചില സ്‌കെച്ചുകള്‍.
അതിവിശാലമായ കലഹാരി മരുക്കാടിനും ഒക്കവാംഗോ ഡെല്‍റ്റയ്ക്കും മധ്യേ ആഫ്രിക്കയുടെ വജ്രഖനിയായ ബോട്‌സ്വാനയിലെ അറ്റം കാണാത്ത കാടുകളുടെ കാണാക്കാഴ്ചകളിലേക്കൊരു യാത്ര. ദക്ഷിണാഫ്രിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ പുഴയായ ഛോബെ ഒഴുകി വരുന്നത് സാംബെസി എന്ന മഹാനദിയുടെ താരാട്ട് കേട്ടാണ്. സാംബിയ, സിംബാബ്‌വേ, ബോട്‌സ്വാന എന്നീ മൂന്നു രാജ്യങ്ങളെ തഴുകിയൊഴുകുന്നത് കൊണ്ടാണ് ഈ നദിക്ക് സാംബെസി എന്ന് പേര് കിട്ടിയത്. വനനീലിമയ്ക്ക് ആര്‍ദ്ര സൗന്ദര്യം പകരുന്ന ഛോബെ നദിയുടെ ഉറവിടമാണ് സാംബെസി. ഛോബെ നദിയുടെ പുളിനങ്ങളെ പുണര്‍ന്നാണ് കാടിന്റെ കരകാണാ ശയനം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഈ നദിക്കരയിലെ ഭൂമിക്കടിയില്‍ നിന്നാണ് 1971 ല്‍ വജ്രം കുഴിച്ചെടുത്ത് തുടങ്ങിയത്. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും സുരക്ഷിതവും സമ്പന്നവുമായ രാജ്യങ്ങളിലൊന്നായി ബോട്‌സ്വാനയെ മാറ്റിയത് ഈ വജ്രഖനിയായിരുന്നു. ടൂറിസ്റ്റ് ഭൂപടം വരച്ചിടുന്ന ചിത്രവുമതെ- ഡയമണ്ടും ആനകളുമാണ് ബോട്‌സ്വാനയുടെ പ്രതീകാത്മക ചിഹ്നങ്ങള്‍.
ഛോബെ വനാന്തരങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സഫാരി പാക്കേജിന്റെ സാരഥി ബോട്‌സ്വാനയിലെ ലൊബാസ്റ്റേ എന്ന പ്രദേശത്തുകാരന്‍ കനാവെ, നല്ലൊരു ഗൈഡുമായി മാറി. കനാവെ, ഛോബെ കാടിന്റെ കഥകള്‍ പറഞ്ഞു തന്നു. മൃഗങ്ങളെക്കുറിച്ചും പറവകളെക്കുറിച്ചും പറഞ്ഞു. വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് ഛോബെ കാടുകളിലേക്ക്. ഏറെയും പാശ്ചാത്യ ടൂറിസ്റ്റുകള്‍. വെള്ളക്കാരും വെള്ളക്കാരികളും ബൈനോക്കുലേഴ്‌സും ക്യാമറകളും തോളിലേന്തി കാടിന്റെ കവിതകള്‍ കവര്‍ന്നെടുക്കുന്നു. പതിനാലു ഡിഗ്രി സെല്‍ഷ്യസിലെ സുഖകരമായ കാലാവസ്ഥ. തുറന്ന ടൊയോട്ട ഫോര്‍വീലര്‍ വാഹനത്തില്‍ ഞങ്ങള്‍ കാടുകളേയും ഉള്‍ക്കാടുകളേയും വകഞ്ഞുമാറ്റി നിബിഡവന ഗര്‍ഭങ്ങളിലേക്ക് കടന്നു. അസുലഭമായ അനുഭൂതിയായിരുന്നു അത്. കാട് കേവലം ഭൂമിശാസ്ത്രപരമായ ഒരവസ്ഥ മാത്രമല്ലെന്നും പ്രകൃതിയുടെ ചിരസ്ഥായിയായ ഒരു ദിവ്യസംഗീതം കൂടി മൗനമുറഞ്ഞ കാടിനുണ്ടെന്നും അനുഭവപ്പെട്ടു. ഇന്നോളം കേള്‍ക്കാത്ത ഏതോ അസുലഭ സിംഫണി കാടിന്റെ അദൃശ്യതയില്‍ നിന്ന് അവിരാമം മുഴങ്ങുന്ന പോലെ.
ഛോബെ നദി നിറഞ്ഞൊഴുകുന്നു. ആറു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തത് കൊണ്ടാണ് പുഴയും ബോട്‌സ്വാനയിലെ ഗാബറോണ്‍ തടാകവും ഇങ്ങനെ നിറഞ്ഞേന്തുന്നതെന്ന് ഞങ്ങളുടെ ആതിഥേയന്‍ തൃശൂര്‍ ഒല്ലൂര്‍ സ്വദേശി മധു പറഞ്ഞു. മഴ കിട്ടിയതിന്റെ ആഹ്ലാദത്തില്‍ തലസ്ഥാനമായ ഗാബറോണിലെ തടാകക്കരയില്‍ നടന്ന കൂട്ട പ്രാര്‍ഥനയിലും സംഘനൃത്തത്തിലും ബോട്‌സ്വാനാ പ്രസിഡന്റ് ഇയാന്‍ ഖാമയും പത്‌നിയും പങ്കെടുത്തുവത്രേ.
കാടിന് കാവിക്കസവിട്ടൊഴുകുന്ന പുഴയില്‍ പാറക്കൂട്ടം പോലെ മുതലകളുടെ വലിയ സഞ്ചയം. തേക്ക്, മഹാഗണി, അക്കേഷ്യ മരങ്ങള്‍ക്കിടയിലൂടെ ചാഞ്ഞും ചരിഞ്ഞുമുള്ള യാത്ര. കാടിന്റെ രക്തധമനി പോലെയാണ് വെട്ടുപാത. മൃഗച്ചൂരടിക്കുന്ന കയറ്റിറക്കങ്ങളിലൂടെയാണ് സഫാരി. എന്നോടൊപ്പം സുഹൃത്ത് റഷീദ്, ഏറെക്കാലമായി ബോട്‌സ്വാനയില്‍ ജീവിക്കുന്ന മധു, മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയായ, ബോട്‌സ്വാനയിലെ രണ്ടാമത്തെ വലിയ നഗരമായ കസാനെയില്‍ ജോലി ചെയ്യുന്ന എറണാകുളത്തുകാരന്‍ അമ്പിളിമോന്‍ എന്നിവരുമുണ്ട്. അമ്പിളിമോന്‍ പറഞ്ഞു: ഈ കാടും കാട്ടുജീവികളും കണ്ടാല്‍ ഞാനോര്‍ക്കുക കാടിന്റെ ഛായാഗ്രഹകന്‍ എന്‍.എ. നസീറിനെയാണ്. അദ്ദേഹത്തിന്റെ വന്യജീവി ഫോട്ടോകളാണ് വീണ്ടും വീണ്ടും എന്നെ വനയാത്രകള്‍ക്ക് പ്രേരിപ്പിക്കുന്നത്.
പക്ഷികളുടെ പാട്ടുയര്‍ന്നു. കിളിയൊച്ചകളില്‍ സരിഗമ. റെഡ്ബില്‍, ഹോണ്‍ബില്‍, ഫ്രാങ്ക്‌ലിന്‍ തുടങ്ങിയ, കണ്ണിന് ഇമ്പം പകരുന്ന പക്ഷികളുടെ സങ്കേതം. കേരളത്തിന്റെ സ്വന്തം പക്ഷിപരമ്പരയിലെ കണ്ണികളും ഇണകളുമൊക്കെ ഇവിടേയുമുണ്ടാകണം. വാലും കഴുത്തും ചിറകുകളുമൊക്കെ ഭംഗിയോടെ ഒതുക്കിവെച്ച ഈ പക്ഷികള്‍ ഒരു പക്ഷേ കേരളത്തിലേക്കും സീസണുകളില്‍ ദേശാടനം പോകുന്നുണ്ടാ#ാകം. ചില പ്രത്യേക കാലങ്ങളില്‍ ലക്ഷക്കണക്കിന് ഫ്‌ളാമിംഗോകള്‍ ഇവിടെ ഛോബെ നദിയുടെ മണല്‍ത്തിട്ടുകളില്‍ കൂട് കെട്ടിപ്പാര്‍ക്കാറുണ്ടത്രേ. മഴക്കാലത്താണ് പക്ഷികളും ശലഭങ്ങളും മിന്നാമിനുങ്ങുകളും കൂട്ടംകൂട്ടമായി ഛോബെ കാടിനെ പൊതിയുന്നതത്രേ. 450 തരം ശലഭങ്ങളുടെ വന്‍ ശേഖരമാണ് ഛോബെ കാട്ടിലെ മരങ്ങളില്‍ കൂട് കെട്ടിയിരിക്കുന്നതെന്ന് നാഷനല്‍ ജ്യോഗ്രഫിക് മാസിക വിവരിക്കുന്നു.
ഇല പൊഴിഞ്ഞ അസംഖ്യം മരങ്ങള്‍. മരങ്ങളുടെ ശിഖരങ്ങളില്‍ കൂറ്റന്‍ കഴുകന്മാരുടെ ചിറകടി. സൂര്യ വെളിച്ചമേശാത്ത ഉള്‍ക്കാടുകളില്‍ അനക്കം കേട്ടു. വലിയൊരു ആനക്കൂട്ടമായിരുന്നു അത്. നമ്മുടെ നാട്ടിലെ ആനകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ആഫ്രിക്കന്‍ ആനകള്‍. നല്ല ഉയരം കൂടിയ, തലയെടുപ്പുള്ള ഗജപോക്കിരികള്‍. വാഹനങ്ങളുടെ ശബ്ദമൊന്നും അവരെ അലോസരപ്പെടുത്തുന്നില്ല. വാഹനത്തില്‍ നിന്ന് ഒരിക്കലും താഴെയിറങ്ങരുതെന്ന് ഡ്രൈവറും ഗൈഡുമായ കനാവെ പ്രത്യേകം നിര്‍ദേശിച്ചിരുന്നു. വാഹനങ്ങള്‍ക്കകത്ത് നിന്നുള്ള കാഴ്ചയും പടമെടുപ്പും മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ. വന്യമൃഗങ്ങള്‍ പ്രകോപനമില്ലാതെ ഒരിക്കലും സഞ്ചാരികളെ ഉപദ്രവിക്കില്ലത്രേ- എട്ടു വര്‍ഷമായി സഫാരി സാരഥിയായ കനാവെ പറഞ്ഞു. മൂന്ന് നാല് കിലോമീറ്റര്‍ കൂടി കാടിനകത്തേക്ക് കയറവേ, മൂന്ന് സിംഹങ്ങള്‍ നേരെ മുമ്പിലെ മരച്ചുവട്ടില്‍. വണ്ടി നിര്‍ത്തി സിംഹങ്ങളുടെ ചലനങ്ങള്‍ നോക്കി നിന്നു, ഞങ്ങള്‍. അതിനിടെ, ഒരു സിംഹം സടകുടയുന്നത് കണ്ടു. എവിടെയോ ഇരയെ മണത്തിരിക്കണം. കാടിന്റെ മറുപുറത്ത് നിന്ന് തുള്ളിച്ചാടി വന്ന മാന്‍കൂട്ടം സിംഹ സാമീപ്യമറിഞ്ഞാവണം, പൊടുന്നനവെ അപ്രത്യക്ഷമാകുന്നതാണ് കണ്ടത്. സടകുടഞ്ഞെണീറ്റ സിംഹം നിരാശയോടെ, നിവര്‍ത്തിയ കാലുകള്‍ മടക്കുന്നതും കിടക്കുന്നതുമാണ് കണ്ടത്. സാധാരണ ഗതിയില്‍ ഒരു ഇരയെ കിട്ടി വിശപ്പടങ്ങിയാല്‍ പിന്നെ സിംഹങ്ങള്‍ മൂന്നോ നാലോ നാള്‍ക്കു ശേഷം വീണ്ടും വിശപ്പനുഭവപ്പെടുമ്പോള്‍ മാത്രമേ ഇര തേടിയിറങ്ങുകയുള്ളൂവത്രേ. നരഭോജികളുടെ കൂട്ടത്തില്‍ കാട്ടിലെ രാജാവായ സിംഹമില്ല. കാട്ടുപോത്തുകളുടെ കൂട്ടം പെട്ടെന്ന് ഞങ്ങളുടെ വാഹനത്തിനു കുറുകെ കടന്നുപോയി. അവര്‍ക്ക് പോകാന്‍ വണ്ടി ഒതുക്കിക്കൊടുത്തു. നീണ്ടു വളഞ്ഞ, മൂര്‍ച്ചയേറിയ കൊമ്പുകളാണ് കാട്ടുപോത്തുകളുടെ കവചം. സിംഹങ്ങള്‍ക്ക് പൊതുവെ കാട്ടുപോത്തുകളെ ഭയമാണത്രേ. ആനകള്‍ വരെ കാട്ടുപോത്തുകളോട് ഏറ്റുമുട്ടാന്‍ ധൈര്യം കാണിക്കാറില്ല. എല്ലാവരുടേയും പേടി സ്വപ്നമാണ് കാട്ടുപോത്തിന്റെ കൊമ്പുകള്‍. അനായാസം തുള്ളിച്ചാടുന്ന ബബൂണുകളും ഇമ്പാലകളും (ഒരു തരം മാന്‍) ഛോബെ കാട്ടിലെ ഗെയിം ഡ്രൈവിന് ആവേശം പകരുന്നു. കാട്ടുപന്നികള്‍, ചീറ്റ, കുടു, ഹൈന എന്നിവ യഥേഷ്ടം മേയുന്നു. നിവര്‍ത്തിപ്പിടിച്ച കുടകള്‍ പോലെയാണ് ഛോബെ വനത്തിലെ വൃക്ഷക്കൂട്ടം. അധികം പൊക്കമില്ലാത്ത പതിനായിരക്കണക്കിന് മരങ്ങളാണ് കാടിന് തണല്‍ ചൂടുന്നത്. അമ്പ്രല്ലാത്തോണ്‍ എന്നാണ് ഈ മരങ്ങളുടെ പേര്. ആനപ്പുല്ല് അഥവാ എലിഫെന്റ് ഗ്രാസ് എന്നറിയപ്പെടുന്ന കുറ്റിക്കാടുകള്‍ യഥേഷ്ടം കാട്ടിന് നീലപ്പരവതാനി വിരിച്ചിരിക്കുന്നു. നദിയിലെമ്പാടും ഹിപ്പൊപ്പൊട്ടാമസുകളും നീര്‍ക്കുതിരകളും അലസഗമനം നടത്തുന്നു. കാട്ടിലെ തുരുത്തുകളില്‍ കെട്ടിനില്‍ക്കുന്ന ഉറവകളില്‍ നിന്ന് വെള്ളം കുടിക്കാന്‍ കൂട്ടമായെത്തുന്ന അതീവ ഭംഗിയുള്ള വരയന്‍ കുതിരകള്‍. വാഹനം നിര്‍ത്തി പടമെടുക്കാന്‍ ശ്രമിക്കെ, ഭയചകിതരായി നീളന്‍കാലുകളുമായി പിന്‍തിരിഞ്ഞുനടക്കുകയായിരുന്നു സീബ്രകള്‍, അന്നേരം. നീണ്ട കഴുത്തുമായി ജിറാഫിന്‍ കൂട്ടം. ഉയരം കൂടിയ മരത്തലപ്പുകളേയും കവച്ചുവെക്കുന്ന ‘അത്യുന്നതരായ’ ജിറാഫുകള്‍.
മരം മുറിക്കാനോ വന്യമൃഗങ്ങളെ വേട്ടയാടാനോ പാടില്ല. നിയമ ലംഘനത്തിന് കനത്ത ശിക്ഷയാണ് ലഭിക്കുക. അതേ സമയം ദക്ഷിണാഫ്രിക്കിയില്‍ പണം കൊടുത്താല്‍ മൃഗവേട്ട നടത്താം.
കാടിന്റെ കവിതയും കാടിന്റെ സംഗീതവും അവസാനിക്കുകയായിരുന്നു. അനുവദിക്കപ്പെട്ട സമയത്തിനു മുമ്പേ ഞങ്ങള്‍ക്ക് ഛോബെയോട് വിട പറയേണ്ടി വന്നു. സാംബിയയിലേക്കുള്ള വിസ അനുവദിക്കപ്പെട്ടുവെന്ന മൊബൈല്‍ സന്ദേശം ലഭിക്കെ, ഞങ്ങള്‍ സഫാരി നിര്‍ത്തി മടങ്ങി. കാരണം വൈകിട്ട് ആറു മണി കഴിഞ്ഞാല്‍, ബോട്‌സ്വാന – സാംബിയ ചെക്‌പോസ്റ്റിലെ കടത്ത്‌വള്ളം അന്നത്തെ യാത്ര മതിയാക്കും. അതിനാല്‍ ഛോബെ സഫാരി അവസാനിപ്പിച്ച്, സാംബിയയിലേക്ക് പോകാനുള്ള ഫെറി ലക്ഷ്യമാക്കി, ഞങ്ങള്‍ ഛോബെ കാടിനോട് വിട പറഞ്ഞു.

മലയാളം ന്യൂസ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Journey | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply