സത്യാഗ്രഹ സമരം ഇടയ്ക്ക് വച്ച് നിര്‍ത്താമോ?

എം പീതാംബരന്‍ സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജി ആവിഷ്‌ക്കരിച്ച സത്യാഗ്രഹ സമര പരിപാടികള്‍ കാരണം ഇപ്പോഴത്തെ ചെറുപ്പക്കാരെല്ലാം പ്രതികരണശേഷിയില്ലാത്തവരായി പോയി എന്ന് അടുത്തകാലത്ത് ഒരു നേതാവ് പ്രസ്താവിക്കുകയുണ്ടായി. വെറുതെ സത്യാഗ്രഹമിരുന്നതു കൊണ്ട് സ്വാതന്ത്ര്യം നേടിയെന്ന് പറയുന്നത് ശരിയല്ലാ എന്നു മറ്റൊരു കൂട്ടര്‍. അടുത്ത കാലത്തായി നടക്കുന്ന പലസമരങ്ങള്‍ക്കും സത്യാഗ്രഹം എന്ന് സ്വയം വിശേഷിപ്പിക്കുന്നുണ്ട്. രാവും പകലുമായി ജില്ലാ കേന്ദ്രങ്ങളില്‍ നടന്നതും സത്യാഗ്രഹമാണ് എന്നാണ് ബോര്‍ഡുകളില്‍ എഴുതിവെച്ച് കണ്ടത്. സെക്രട്ടറിയേറ്റിനു മുമ്പില്‍ നടന്നതിന് ഉപരോധം എന്നാണ് പേരിട്ടു വന്നത്. എന്നാല്‍ […]

Untitled-1
എം പീതാംബരന്‍
സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജി ആവിഷ്‌ക്കരിച്ച സത്യാഗ്രഹ സമര പരിപാടികള്‍ കാരണം ഇപ്പോഴത്തെ ചെറുപ്പക്കാരെല്ലാം പ്രതികരണശേഷിയില്ലാത്തവരായി പോയി എന്ന് അടുത്തകാലത്ത് ഒരു നേതാവ് പ്രസ്താവിക്കുകയുണ്ടായി.
വെറുതെ സത്യാഗ്രഹമിരുന്നതു കൊണ്ട് സ്വാതന്ത്ര്യം നേടിയെന്ന് പറയുന്നത് ശരിയല്ലാ എന്നു മറ്റൊരു കൂട്ടര്‍.
അടുത്ത കാലത്തായി നടക്കുന്ന പലസമരങ്ങള്‍ക്കും സത്യാഗ്രഹം എന്ന് സ്വയം വിശേഷിപ്പിക്കുന്നുണ്ട്. രാവും പകലുമായി ജില്ലാ കേന്ദ്രങ്ങളില്‍ നടന്നതും സത്യാഗ്രഹമാണ് എന്നാണ് ബോര്‍ഡുകളില്‍ എഴുതിവെച്ച് കണ്ടത്.
സെക്രട്ടറിയേറ്റിനു മുമ്പില്‍ നടന്നതിന് ഉപരോധം എന്നാണ് പേരിട്ടു വന്നത്. എന്നാല്‍ പലനേതാക്കളും ഇതിന് വ്യാഖ്യാനം നല്‍കിയപ്പോള്‍ അത് സത്യാഗ്രഹമായി മാറി. സ്വാതന്ത്ര്യ സമര കാലത്തെപ്പോലെ ഞങ്ങള്‍ സമാധാനപരമായി നടത്തുന്ന സമരമാണിത്. ഇത് ഗാന്ധിയന്‍ ശൈലിയുള്ള സമരമാണ്. അക്രമം ഒരിക്കലും ഉണ്ടാകില്ല. ഇത്തരം ഒരു സമരത്തെ നേരിടാന്‍ പട്ടാളത്തെ ഇറക്കിയത് ശരിയായില്ല. ഇത് വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം പോലെയാണ്. അനിശ്ചിതമായി തുടരും. ലക്ഷ്യം കണ്ടേ പിന്‍മാറുകയുള്ളൂ. എന്നിങ്ങനെ പല വിശദീകരണങ്ങളും നല്കുകയുണ്ടായി. ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞ് ഉപരോധം അവസാനിച്ചപ്പോള്‍ അതും ചിലര്‍ വിവാദമാക്കി.
സത്യാഗ്രഹം എന്താണെന്ന് വ്യക്തമായി മനസ്സിലാകാത്തതു കൊണ്ടാണ് പലപ്പോഴും ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാകുന്നത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടും, അവസരവാദപരമായ നിലപാടിന്റെ ഭാഗമായി സത്യാഗ്രഹത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് പുതു തലമുറയെ തെറ്റിദ്ധരിപ്പിക്കുന്നവരും ഉണ്ട്.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. സത്യാഗ്രഹത്തിന്റെ ”പേറ്റന്‍സി” ഏതെങ്കിലും ഒരു കൂട്ടര്‍ എടുത്തിട്ടില്ല. അത് ആര്‍ക്കും ചെയ്യാവുന്നതാണ്. ശരിയായ ചിട്ടകളും ക്രമങ്ങളും പാലിച്ച് നടപ്പാക്കിയാല്‍ സത്യാഗ്രഹം പോലെ ശക്തമായ സമരമാര്‍ഗ്ഗം മറ്റൊന്നും തന്നെയില്ല. ഗുണകരമായ ഫലം ഉണ്ടാകുമെന്നത് സുനിശ്ചിതമാണ്. കാരണം സത്യാഗ്രഹ ചിട്ടകള്‍ തികച്ചും ശാസ്ത്രീയമാണ്. അതുകൊണ്ട് തന്നെ കാല – ദേശങ്ങള്‍ക്ക് അതീതമായി അത് പ്രായോഗികവും ഫലപ്രദവുമാണ്. ഇന്ത്യയില്‍ മാത്രം ചെയ്യാവുന്നതോ, ഗാന്ധിജിക്കോ, ഏതാനും ഗാന്ധിയന്‍മാര്‍ക്കോ മാത്രം ചെയ്യാവുന്ന ഒന്നാണെന്ന പരിമിതി സത്യാഗ്രഹത്തിനില്ല.
സത്യാഗ്രഹം വ്യക്തില്‍ നിന്ന് ആരംഭിച്ച് സമൂഹതലത്തിലേക്ക് അത് വികസിക്കുന്നു. സദുദ്ദേശപരമായ ഒരു ലക്ഷ്യത്തിനുവേണ്ടി മാത്രമേ സത്യാഗ്രഹം ഒരു സമരമുറയായി സ്വീകരിക്കാവൂ എന്ന കാര്യത്തില്‍ നിര്‍ബ്ബന്ധമുണ്ട്. സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയും സങ്കുചിത താല്‍പര്യങ്ങള്‍ക്കു വേണ്ടിയും സത്യാഗ്രഹത്തെ ഉപയോഗിച്ചാല്‍ അത് ഫലപ്രദമായി കൊള്ളണമെന്നില്ല.
അമേരിക്കയില്‍ അടിമകളുടെ മോചനത്തിന് വേണ്ടി മാര്‍ട്ടിന്‍ ലൂദര്‍കിംഗ് സത്യാഗ്രഹമാര്‍ഗ്ഗം സ്വീകരിച്ചപ്പോഴും ദക്ഷിണാഫ്രിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരുടെ മോചനത്തിനുവേണ്ടി നെല്‍സണ്‍ മണ്‌ഡേല സത്യാഗ്രഹമാര്‍ഗ്ഗം കൈകൊണ്ടപ്പോഴും ഫലമുണ്ടായി. സത്യാഗ്രഹത്തിന്റെ ശാസ്ത്രീയതേയും സര്‍വ്വലൗകീകതയേയുമാണ് ഇത് കാണിക്കുന്നത്.
സത്യാഗ്രഹം എന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കുന്ന ഒരു പ്രക്രിയയല്ല. അത് ഒരു ജീവിതശൈലിയാണ്. നിരന്തരമായ പ്രക്രിയയാണ്. പെട്ടെന്നു തന്നെ സമ്പൂര്‍ണ്ണ ലക്ഷ്യം നേടി കൊള്ളണമെന്നുമില്ല. മണിപ്പൂരില്‍ ജനവിരുദ്ധമായ പട്ടാള നിയമങ്ങള്‍ക്കെതിരെ ഇറോം ഷര്‍മിള എന്ന വനിത നടത്തുന്ന സത്യാഗ്രഹം ഒരു ദശാബ്ദത്തിലേറെ പിന്നിട്ടു. അവിടുത്തെ പട്ടാളനിയമങ്ങള്‍ തികച്ചും അധാര്‍മ്മികമാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. നര്‍മ്മദാ തീരത്തെ സത്യാഗ്രഹവും വര്‍ഷങ്ങള്‍ പിന്നിട്ടു. വലിയ അണക്കെട്ടുകള്‍ ഇനി നമുക്ക് വേണ്ട എന്ന പൊതുബോധം സൃഷ്ടിക്കാന്‍ ഈ സത്യാഗ്രഹത്തിന് സാധിച്ചു. വന്‍കിട പദ്ധതികളുടെ പേരില്‍ കുടിയിറക്കപ്പെടുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുമായവരുടെ പ്രശ്‌നങ്ങളെ ജനമനസ്സാക്ഷിയ്ക്ക് മുമ്പാകെ കൊണ്ടുവരാനും ഇത്തരം സത്യാഗ്രഹങ്ങള്‍ക്ക് സാധിക്കുന്നു. ആണവനിലയങ്ങള്‍ക്ക് എതിരെ ജാഗ്രത പുലര്‍ത്തുന്നതിനും ജനമനസ്സുകലെ സജ്ജമാക്കുന്നതിന് ഇപ്പോഴും തുടരുന്ന കൂടംകുളം സത്യാഗ്രഹത്തിനും സാധിക്കുന്നു. മാസങ്ങളായി ഇത് തുടരുകയാണ്.
ഗാന്ധിജി നടത്തിയ ഓരോ പ്രവര്‍ത്തനങ്ങളും സത്യാഗ്രഹത്തിന്റെ ദിശയിലുള്ളതായിരുന്നു. ഖാദിപ്രവര്‍ത്തനം, അയിത്തോച്ചാടനം, മതമൈത്രി പ്രവര്‍ത്തനം, ഹരിജനോദ്ധാരണം, സ്വദേശി ഉല്‍പ്പന്ന പ്രചരണം എന്നിങ്ങനെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം സത്യാഗ്രഹത്തിന്റെ മനോഭാവത്തോടെ അനുഷ്ഠിക്കുമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. നിസ്സഹകരണപ്രസ്ഥാനവും സിവില്‍ നിയമലംഘനപ്രസ്ഥാനവും, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമെല്ലാം സത്യാഗ്രഹാടിസ്ഥാനത്തിലായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
ചൗരി -ചൗരാ പോലീസ്‌റ്റേഷന്‍ ആക്രമിച്ച് പോലീസുകാര്‍ കൊല്ലപ്പെടുന്ന സന്ദര്‍ഭമുണ്ടായപ്പോള്‍ നിസ്സഹകരണപ്രസ്ഥാനം നിര്‍ത്തിവെയ്ക്കുകയുണ്ടായി. സത്യാഗ്രഹത്തിന് പുറപ്പെട്ടിരിക്കുന്നവര്‍ വേണ്ടത്ര സജജമായിട്ടില്ല. എന്ന് ഗാന്ധിജിക്ക് ബോധ്യപ്പെട്ടു. അക്രമരാഹിത്യവും, അഹിംസയും പാലിക്കാനുള്ള മനക്കരുത്ത് സത്യാഗ്രഹികള്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് തല്‍കാലത്തേക്ക് സത്യാഗ്രഹം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. പരീക്ഷണശാലയിലെ ഒരു പരീക്ഷണം തെറ്റിപ്പോയാല്‍ അത് തുടരാതിരിക്കാനും ശരിയായ ശ്രദ്ധകൊടുത്ത് പുതിയ രീതിയില്‍ പരീക്ഷണം തുടരുന്നതും ശാസ്ത്രീയതയുടെ മാര്‍ഗ്ഗമാണ്.
സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തില്‍ ഗാന്ധിജിയും – ഇര്‍വ്വിന്‍ പ്രഭുവുമായുണ്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സത്യാഗ്രഹ സമരം നിര്‍ത്തി വെയ്ക്കുകയുണ്ടായി. ബ്രിട്ടീഷ് നേതൃത്വം വാക്ക് പാലിക്കുന്നില്ല എന്ന് മനസ്സിലായപ്പോള്‍ പൂര്‍വ്വാധികം ശക്തിയായി സത്യാഗ്രഹം പുന:രാരംഭിക്കുകയും ചെയ്തു. ഇതും സത്യാഗ്രഹ ശൈലിയാണ്. ആരുടെ നയങ്ങള്‍ക്കെതിരെയാണോ സമരം നടത്തുന്നത് എങ്കില്‍, അവരുമായി നിരന്തരം ചര്‍ച്ച നടത്തുകയും അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്യാവുന്നതാണ്. അവര്‍ പിന്നീട് നിലപാട് മാറ്റിയാല്‍ സത്യാഗ്രഹം ശക്തമായി തുടരുക തന്നെ ചെയ്യും.
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെ ഇടയ്ക്കുവെച്ച് നിര്‍ത്തിവയ്ക്കുക വഴി ഗാന്ധിജി പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജം നഷ്ടപ്പെടുത്തി എന്ന് ആരോപിക്കുന്ന ഒരു വിഭാഗം അന്നും ഇന്നും ഇവിടെയുണ്ട്. സത്യാഗ്രഹത്തിന്റെ രീതിശാസ്ത്രം മനസ്സിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാകാം ഇപ്രകാരം പറയുന്നത്. അല്ലെങ്കില്‍, കക്ഷാരാഷ്ട്രീയ താല്പര്യത്തിനവേണ്ടിയും, സ്വന്തം പരാജയം മൂടിവയ്ക്കുന്നതിനു വേണ്ടിയും, ചരിത്രത്തെ വളച്ചൊടിക്കുകയോ ദുര്‍വ്യാഖ്യാനം ചെയ്യുന്നതോ ആകാം.
സത്യാഗ്രഹത്തെക്കുറിച്ച് ഗാന്ധിജിയുടെ വാക്കുകള്‍
”സത്യഗ്രഹിയുടെ ബലം പ്രേമത്തിന്റെ ബലമാണ്, ആത്മശക്തിയാണ്, അയാള്‍ ഒരിക്കലും ശരീരബലം ഉപയോഗിക്കരുത്”. ”സത്യഗ്രഹിയുടെ മനസ്സില്‍ എപ്പോഴും സത്യത്തിന്റെ സാന്നിദ്ധ്യമുണ്ടായിരിക്കണം”
”സത്യാഗ്രഹിക്ക് ഈശ്വരനില്‍ സജീവമായ വിശ്വാസം ഉണ്ടായിരിക്കണം. കാരണം ഈശ്വരന്‍ മാത്രമാണ് അയാളുടെ ദൃഢമായ ആധാരം”
”സത്യാഗ്രഹ നിഘണ്ടുവിന്‍ ശത്രുവെന്നൊരുവാക്കില്ല”
”സത്യഗ്രഹം മറ്റുസമരപദ്ധതികളില്‍ നിന്ന് തീരെ വ്യത്യസ്തമാണ്, അതില്‍ സത്യാഗ്രഹിക്ക് മാത്രമെ കഷ്ടപ്പാട് വരികയുള്ളൂ”.
സത്യാഗ്രഹം – ധീരന്മാരുടെ മാര്‍ഗ്ഗം
പ്രലോഭനങ്ങളെ അതിജീവിച്ച് ജീവിത വിശുദ്ധിയെ നിലനിര്‍ത്താനും ആത്മശക്തിയെ വളര്‍ത്താനും സാധിക്കുന്ന ഒരാള്‍ക്കു മാത്രമെ സത്യാഗ്രഹി ആകാന്‍ സാധിക്കുകയുള്ളൂ. ചഞ്ചലമായ മനസ്സുള്ള ഒരാള്‍ക്ക് സത്യാഗ്രഹിയാകാന്‍ സാധിക്കില്ല. അപാരമായ ധൈര്യം ഇതിനാവശ്യമാണ്. ആത്മചൈതന്യത്തെ അറിയുന്നതിലൂടെയാണ് ഈ ധൈര്യം കരഗതമാകുന്നത്.
”അക്രമത്തെ അക്രമം കൊണ്ട് നേരിടാനാകാത്ത ദുര്‍ബലന്റെ ആശ്രയമല്ല സത്യാഗ്രഹം” എന്ന് ഗാന്ധിജി പറഞ്ഞത് അതുകൊണ്ടാണ്.
സത്യാഗ്രഹം കേവലം ഒരു സമര മാര്‍ഗ്ഗമല്ല. ഇത് ജീവിത ചര്യയാണ്.
”സത്യാഗ്രഹം – കുലീനവും ഉല്‍കൃഷ്ടവുമായ വിദ്യാഭ്യാസമാണ്” – എന്ന് ഗാന്ധിജി.
”വിശ്രമമില്ലാത്ത സത്യാന്വേഷണവും സത്യലെത്തുന്നതിനുള്ള ദൃഢനിശ്ചയവുമാണ് സത്യാഗ്രഹം” – എന്ന് ഗാന്ധിജി പറയുമ്പോള്‍ മറ്റു സത്യാഗ്രഹിയുടെ കര്‍മ്മധീരതയെ – കര്‍മ്മയോഗിത്വത്തെ – നമുക്ക് ബോധ്യമാകും.
സത്യാഗ്രഹം ഒരു സമരമാര്‍ഗ്ഗമാകുമ്പോള്‍
സമൂഹത്തിലെ ഒരു തിന്മയ്ക്ക് എതിരായി സത്യാഗ്രഹം പ്രയോഗിക്കുമ്പോഴാണ്് അതിനെ സമരമാര്‍ഗ്ഗമായി പലരും കാണുന്നത്. സമരമാര്‍ഗ്ഗം എന്ന നിലയില്‍ സത്യാഗ്രഹത്തെ പ്രയോഗിക്കുമ്പോള്‍ വളരെയേറെ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്.
വ്യക്തിജീവിതത്തില്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന ഒരാള്‍ക്ക് മാത്രമെ സമൂഹത്തില്‍ ഇതിന്റെ പ്രയോഗത്തിന് നേതൃത്വം നല്കാന്‍ സാധിക്കുകയുള്ളൂ.
ഒരു സാമൂഹിക പ്രശ്‌നത്തിന്റെ പേരില്‍ സത്യാഗ്രഹമനുഷ്ഠിക്കുന്നതിന് മുമ്പായി താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്തിരിക്കണം.
1. അധികാരികളോട് പലവട്ടം ചര്‍ച്ച നടത്തണം.
2. പൊതു ജനസഹകരണം അഭ്യര്‍ത്ഥിക്കണം.
3. നിര്‍ദ്ദിഷ്ട കാര്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കണം.
4. സ്വന്തം നിലപാട് വ്യക്തമായും സൗമ്യമായും രേഖപ്പെടുത്തണം.
5. ഉദ്ദേശ്യം സാധിക്കുന്നതുവരെ എന്തും സഹിക്കാന്‍ സത്യാഗ്രഹി സന്നദ്ധനാകണം.
എന്തിനും ഏതിനും എടുത്ത് പ്രയോഗിക്കാവുന്ന ഒന്നല്ല സത്യാഗ്രഹം. കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തുകയും സത്യസന്ധതയും ക്ഷമയും പരമാവധി പുലര്‍ത്തുകയും ചെയ്യുമ്പോഴാണ് സത്യാഗ്രഹം ഫലപ്രദമാകുക.
സത്യാഗ്രഹം ഒരു തുടര്‍പ്രക്രിയയാണ്. അതുകൊണ്ട് തന്നെ അതിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിലുണ്ടാകുന്ന ഫലപ്രാപ്തിയെ ഗംഭീര വിജയമായി വ്യാഖ്യാനിച്ച് ആഘോഷിക്കേണ്ടതില്ല. പെട്ടെന്ന് ഫലം കണ്ടെത്താനാകുന്നില്ലെങ്കില്‍ നിരാശപ്പെടേണ്ടതുമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply