സച്ചിന്റെ കാലം

കെ.എം.നരേന്ദ്രന്‍ ഇന്ത്യന്‍ കായികമേഖലയെ മൊത്തത്തിലെടുത്താല്‍ സച്ചിന്റെ സംഭാവന നെഗറ്റീവ് ആണെന്ന് ഒരു മാന്യവ്യക്തി ക്രിട്ടിക്കില്‍ എഴുതിക്കണ്ടു. അതിലെ ഒന്നുരണ്ടു പ്രസ്താവനകളെയാണ് ഈ കുറിപ്പില്‍ പരിശോധിക്കുന്നത്. ഒരു പ്രസ്താവന ഇങ്ങിനെയാണ്. ‘സത്യത്തില്‍ ബിട്ടന്റെ കോളനി രാജ്യങ്ങളില്‍ മാത്രമുള്ള ഒരു വിനോദമാണല്ലോ ക്രിക്കറ്റ്. ഇന്ത്യയെപോലുള്ള ഉഷ്ണരാജ്യങ്ങള്‍ക്ക് ഈ വിനോദം അനുയോജ്യമാണോ എന്നത് അവിടെ നില്‍ക്കട്ടെ.’ മറ്റൊന്ന് ഇങ്ങിനെയും: ‘സച്ചിനൊപ്പം വളര്‍ന്ന ഫാന്‍ സംസ്‌കാരം ഉണ്ടാക്കിയ വിനകള്‍ ഇനിയും പഠിക്കേണ്ട വസ്തുതയാണ്.’ ക്രിക്കറ്റ് എന്ന കളിയേയും സച്ചിന്‍ എന്ന പ്രതീകത്തെയും വിലയിരുത്തുമ്പോള്‍ […]

images

കെ.എം.നരേന്ദ്രന്‍

ഇന്ത്യന്‍ കായികമേഖലയെ മൊത്തത്തിലെടുത്താല്‍ സച്ചിന്റെ സംഭാവന നെഗറ്റീവ് ആണെന്ന് ഒരു മാന്യവ്യക്തി ക്രിട്ടിക്കില്‍ എഴുതിക്കണ്ടു. അതിലെ ഒന്നുരണ്ടു പ്രസ്താവനകളെയാണ് ഈ കുറിപ്പില്‍ പരിശോധിക്കുന്നത്.
ഒരു പ്രസ്താവന ഇങ്ങിനെയാണ്. ‘സത്യത്തില്‍ ബിട്ടന്റെ കോളനി രാജ്യങ്ങളില്‍ മാത്രമുള്ള ഒരു വിനോദമാണല്ലോ ക്രിക്കറ്റ്. ഇന്ത്യയെപോലുള്ള ഉഷ്ണരാജ്യങ്ങള്‍ക്ക് ഈ വിനോദം അനുയോജ്യമാണോ എന്നത് അവിടെ നില്‍ക്കട്ടെ.’ മറ്റൊന്ന് ഇങ്ങിനെയും: ‘സച്ചിനൊപ്പം വളര്‍ന്ന ഫാന്‍ സംസ്‌കാരം ഉണ്ടാക്കിയ വിനകള്‍ ഇനിയും പഠിക്കേണ്ട വസ്തുതയാണ്.’ ക്രിക്കറ്റ് എന്ന കളിയേയും സച്ചിന്‍ എന്ന പ്രതീകത്തെയും വിലയിരുത്തുമ്പോള്‍ മിക്കവരും വരുത്തുന്ന തെറ്റുകള്‍ ഇവിടെ ആവര്‍ത്തിക്കപ്പെടുന്നു. ക്രിക്കറ്റ് ജനപ്രിയവിനോദമാണെങ്കിലും ക്രിക്കറ്റിനെ സാംസ്‌കാരിക പഠനവിഷയമാക്കാന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു അദ്ദേഹത്തിന്റെ മുകളില്‍ ഉദ്ധരിച്ച വാക്യങ്ങള്‍.
ഉഷ്‌നരാജ്യങ്ങളില്‍ കളക്കേണ്ടുന്ന കളിയാണോ ക്രിക്കറ്റ് എന്ന ചോദ്യത്തില്‍നിന്നുതന്നെ തുടങ്ങാം. ഉഷ്ണ രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് സൂര്യതാപം ചെറുക്കാനുള്ള കഴിവ് യൂറോപ്യന്‍ വംശജരേക്കാള്‍ ഉണ്ടെന്ന പ്രാഥമിക ശാസ്ത്രസത്യമെങ്കിലും ലേഖകന്‍ ഓര്‍ക്കണമായിരുന്നു. കേരളത്തിലെ പകല്‍പ്പൂരങ്ങള്‍ മുഴുവന്‍ നടക്കുന്നത്, മേളങ്ങള്‍ ഇരമ്പുന്നത്, കൃഷി നടക്കുന്നത്, നിലം ഉഴുന്നത്എല്ലാം പകലില്‍ത്തന്നെ. നട്ടുച്ചക്കും കൃഷിക്കാരന്‍ എയര്‍ കണ്ടീഷണര്‍ വേണമെന്ന് പറയാത്തത് വെയില്‍ നേരിടാനുള്ള കരുത്ത് ശരീരത്തിന് ഉള്ളതുകൊണ്ട് തന്നെയാണ്. ഇനി രണ്ടാമത്തെ പ്രസ്താവന നോക്കുക. ഫാന്‍സംസ്‌കാരം വിനകള്‍ ഉണ്ടാക്കി എന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും എന്ത് വിനകള്‍ എന്ന് അദ്ദേഹത്തിനു പറയാനാവുന്നില്ല. ക്രിക്കറ്റിനോടും സച്ചിനോടുമുള്ള തന്റെ കുറേ നീരസങ്ങള്‍ സാംസ്‌കാരിക പഠനത്തിന്റെ വേദിയില്‍ ഇറക്കി വെക്കുകയായിരുന്നു ലേഖകന്‍.
സച്ചിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ സാംസ്‌കാരിക ചിന്തകന്മാര്‍ നടത്തേണ്ടുന്നത് ക്രിക്കറ്റിനേക്കുറിച്ചുള്ള ശരിയായ ചരിത്രബോധത്തെ മനസ്സിലേക്ക് കൊണ്ടുവന്നതിനുശേഷമാകുന്നതാണ് ഉചിതം. ക്രിക്കറ്റ് എന്നത് ബഹുരാഷ്ട്ര പരസ്യക്കമ്പനികളുടെയും കള്ളപ്പണത്തിന്റെയും സൃഷ്ടിയായി മാത്രം കാണുന്ന പൊതുരീതി ചരിത്രബോധത്തെ തടയാന്‍ മാത്രമേ ഉപകരിക്കൂ.
ക്രിക്കറ്റിന് മൂന്നു ചരിത്രദശകള്‍ ഉണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ക്രിക്കറ്റ് ഇംഗ്ലണ്ടിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കളിച്ചിരുന്ന ജനകീയ വിനോദമായിരുന്നു. വിശേഷിച്ച് കാണികള്‍ ആരുമില്ല; എല്ലാവരും കളിക്കാരാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കളിക്കാന്‍ ചെല്ലാം. അമ്പയര്‍ ഇല്ല, കളിനിയമങ്ങള്‍ കൃത്യമായി എഴുതിവെച്ചിട്ടില്ല, സമയകൃത്യതയും ഇല്ല. അത് കൊളോണിയല്‍ കളിയേ ആയിരുന്നില്ല എന്നതും പ്രസ്താവ്യമാണ്. ഇതാണ് ക്രിക്കറ്റിന്റെ ഒന്നാം ജന്മം. വാസ്തവത്തില്‍ അന്ന് വിക്കറ്റുകള്‍ പോലും ഉണ്ടായിരുന്നില്ല. പകരം ചെറിയ മേശയോ സ്റ്റൂളോ ആയിരുന്നു ഉപയോഗിച്ചിരുന്നത്.
കോളനികളില്‍ മുഴുവന്‍ കളിക്കാവുന്ന കളിയായി ക്രിക്കറ്റ് മാറിയത് അതിനുശേഷമായിരുന്നു. ഇതോടൊപ്പം വളരെ പ്രസക്തമായ മറ്റൊരു മാറ്റം കൂടി സംഭവിച്ചു. ക്രിക്കറ്റിനു ദേശീയ ശ്രദ്ധ ഇംഗ്ലണ്ടില്‍ കിട്ടിയതോടെ നല്ല മിടുക്കുള്ള കളിക്കാര്‍ അവിടെ ഉണ്ടാവാന്‍ തുടങ്ങി. അതോടെ ക്രിക്കറ്റ് എല്ലാവര്‍ക്കും കളിക്കാവുന്ന കളി അല്ലാതായി മാറി. കാണികളും താരങ്ങളും എന്നാ വിഭജനം ഇവിടെ തുടങ്ങുന്നു. കാണികള്‍ക്കായി ഗാലറികള്‍ ഉയര്‍ന്നു. കോളനിരാജ്യങ്ങളില്‍ ക്രിക്കറ്റ് എത്തിയതോടെ ബ്രിട്ടിഷ് മാന്യതയുടെയും മികവിന്റേയും പ്രതീകവും കൂടിയായി ആ കളി. ഗുരുസ്ഥാനം എന്നും വെള്ളക്കാര്‍ക്ക്. മിടുക്കോടെ കളിച്ച ഇന്ത്യന്‍ വംശജരെയും വെസ്റ്റ് ഇന്ത്യന്‍ വംശജരെയും അംഗീകരിച്ചത് ബ്രിട്ടിഷ് ജനതയുടെയും ഭരണത്തിന്റെയും ഉദാരത.
രഞ്ജിത്ത്‌സിംഗ് മുതല്‍ സുനില്‍ ഗവാസ്‌കര്‍ വരെയുള്ള ഇന്ത്യന്‍ കളിക്കാരില്‍നിന്നു ബ്രിട്ടിഷുകാര്‍ പ്രതീക്ഷിച്ചിരുന്നത് നന്നായി കളിക്കലും മാന്യമായി തോല്ക്കലുമായിരുന്നു. പക്ഷേ, സംഭവിച്ചത് കൃത്യമായി അതായിരുന്നില്ല. ഇംഗ്ലിഷ് ക്രിക്കറ്റിന്റെ വ്യാകരണം മന:പാഠമാക്കിയ ഗവാസ്‌കര്‍ ആ വ്യാകരണനിയമങ്ങളുടെ ഏറ്റവും മികച്ച ഗുരുവായി മാറി. ചന്ദ്രശേഖറോളം ലെഗ് സ്പിന്‍ അറിയാവുന്ന സ്പിന്നര്‍മാര്‍ ഇംഗ്ലിഷ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അധികമാരും ഇല്ലെന്നും അവര്‍ മനസ്സിലാക്കി. അങ്ങിനെ കൊളോണിയല്‍ നിയമാവലികള്‍ക്കുള്ളില്‍ ജീവിക്കാനായി പ്രജാരാഷ്ട്രത്തെ പരിശീലിപ്പിക്കാനായി അവര്‍ ഇവിടെ കൊണ്ടുവന്ന കളിയില്‍ അവര്‍ പ്രതീക്ഷിക്കാത്തത് സംഭവിച്ചു. ബ്രിട്ടിഷുകാരേക്കാള്‍ ഭംഗിയായി ഇംഗ്ലിഷ് പഠിച്ച ആദ്യകാല ഇന്ത്യന്‍ നേതാക്കള്‍ ഇതുപോലൊരു വിപ്ലവമാണ് നടത്തിയത്. നിശ്ശബ്ദമായി നടന്ന സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ തന്നെയായിരുന്നു ഈ നേട്ടങ്ങള്‍. ക്രിക്കറ്റിന്റെ രണ്ടാം ജന്മത്തില്‍ സംഭവിച്ചതാണ് ഇത്രയും.
സച്ചിന്‍ ക്രിക്കറ്റിന്റെ മൂന്നാംജന്മത്തെ പ്രതിനിധീകരിക്കുന്നു. ചരിത്രവായനയില്‍ ഈ കാലത്തെ പോസ്റ്റ് കൊളോണിയല്‍ എന്ന് വിശേഷിപ്പിക്കാം. കൊളോണിയല്‍ കാലവുമായി ഒരു ബന്ധവുമില്ലാത്ത കോളനിശേഷകാലമാണിത്. കൊളോണിയല്‍ ക്രിക്കറ്റിന്റെ വ്യാകരണങ്ങള്‍ അനുസരിച്ചുകൊണ്ടാണ് ഗവാസ്‌കര്‍ കളിച്ചതെങ്കില്‍ സച്ചിന്റെ കളിയില്‍ കൊളോണിയല്‍ കാലത്തിന്റെ പാടുകള്‍ ഒന്നുമില്ല. സച്ചിന്റെ മിക്ക ഷോട്ടുകളും പഴയ ടെക്സ്റ്റുപുസ്തകങ്ങളില്‍ ഒരിക്കലും പരാമര്‍ശിക്കപ്പെടാത്ത ഷോട്ടുകളാണ്. അയത്‌നലളിതമായി സച്ചിന്‍ അവ അവതരിപ്പിച്ചപ്പോള്‍ ക്രിക്കറ്റിന്റെ പൂര്‍വകാലത്തിന് പ്രസക്തി നഷ്ടപ്പെട്ടു. ‘എന്തൊക്കെയാണെങ്കിലും ക്രിക്കറ്റ് ഇംഗ്ലിഷ് കളിയല്ലേ?’ എന്ന ചോദ്യം സച്ചിന്റെ കളിയോടെ അപ്രസക്തമായി.
സച്ചിന്റെ കാലത്തുതന്നെയാണ് ട്വന്റി ട്വന്റി ക്രിക്കറ്റും പ്രസിദ്ധമായത്. ബാറ്റിങ്ങിന്റെ ചന്തം മുഴുവന്‍ നഷ്ടപ്പെട്ട കാലം എന്ന് ഇതിനെ വിശേഷിപ്പിക്കാം. കണ്ണുംപൂട്ടി മാനത്തേക്ക് വമ്പന്‍ അടിക്ക് കൈക്കരുത്തുള്ള ആര്‍ക്കും ബാറ്റ്‌സ്മാനായി വാഴാമെന്ന അവസ്ഥ. എന്നാല്‍ ഈ കാലത്തും സച്ചിന്‍ ബാറ്റിങ്ങിന്റെ ചന്തം നിലനിര്‍ത്തി. ആ ലെയ്റ്റ് കട്ടുകളുടെ ഭംഗി കണ്ണുള്ളവര്‍ക്കൊക്കെ കാണാം. കരുത്തുകൊണ്ടല്ല സച്ചിന്‍ കളിക്കാരനായത് എന്ന് ക്രിക്കറ്റ് സാമാന്യമായി അറിയുന്നവര്‍ക്കുപോലും മനസ്സിലാവും. ക്രിക്കറ്റ് സവിശേഷമായി അറിയുന്നവര്‍ ഇതുകൂടി കൂടിചെര്‍ക്കും: ഫാസ്റ്റ് ബൗളിങ്ങിനെ ഏറ്റവുംനന്നായി നേരിട്ടത് ഗവാസകര്‍ ആണെങ്കില്‍ സ്പിന്നിനെ കീഴടക്കിയത് സച്ചിന്‍ തന്നെയാണ്. കളി തുടങ്ങിയ കാലത്ത് സച്ചിന്‍ ഒരിക്കല്‍ പാക്കിസ്താന്റെ അബ്ദുല്‍ഖാദിറിനെയും പില്‍ക്കാലത്ത് ഓസ്‌ട്രേലിയയുടെ ഷെയിന്‍ വോണിനെയും നേരിട്ടത് മനസ്സില്‍ വെച്ചുകൊണ്ടാണ് ഇത് പറയുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply