സംശയമില്ല, ഇത് ചരിത്രപരമായ വന്‍വിഡ്ഢിത്തം തന്നെ.

ഇന്ത്യയിലെ ജനാധിപത്യ മതേതര രാഷ്ട്രീയസംവിധാനം നാളിതുവരെയില്ലാത്ത വിധം നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അനവധി ഭാഷകളും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും മതങ്ങളും ജാതികളും വംശീയതകളും രാഷ്ട്രീയ സംഘടനകളും കൊണ്ട് അങ്ങേയറ്റം ബഹുസ്വരതയാര്‍ന്നതും ബൃഹത്തുമായ നമ്മുടെ മതേതര ജനാധിപത്യ സമൂഹം ഏഴു പതിറ്റാണ്ടായി വലിയ വിള്ളലുകളോന്നുമില്ലാതെ ഐക്യത്തോടെ, രാഷ്ട്രീയവും സാമൂഹ്യവുമായി ചലനാത്മകമായിരിക്കുന്നത് ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ കാര്യമാണ്. പക്വതയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഈ ബഹുസ്വരജനാധിപത്യക്രമത്തിനു നേരെയാണ് അതിനുള്ളില്‍നിന്നു തന്നെ ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന്റെ മറവില്‍, 30 -35 ശതമാനം വോട്ടിന്റെ […]

cpm

ഇന്ത്യയിലെ ജനാധിപത്യ മതേതര രാഷ്ട്രീയസംവിധാനം നാളിതുവരെയില്ലാത്ത വിധം നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അനവധി ഭാഷകളും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും മതങ്ങളും ജാതികളും വംശീയതകളും രാഷ്ട്രീയ സംഘടനകളും കൊണ്ട് അങ്ങേയറ്റം ബഹുസ്വരതയാര്‍ന്നതും ബൃഹത്തുമായ നമ്മുടെ മതേതര ജനാധിപത്യ സമൂഹം ഏഴു പതിറ്റാണ്ടായി വലിയ വിള്ളലുകളോന്നുമില്ലാതെ ഐക്യത്തോടെ, രാഷ്ട്രീയവും സാമൂഹ്യവുമായി ചലനാത്മകമായിരിക്കുന്നത് ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ കാര്യമാണ്. പക്വതയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഈ ബഹുസ്വരജനാധിപത്യക്രമത്തിനു നേരെയാണ് അതിനുള്ളില്‍നിന്നു തന്നെ ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന്റെ മറവില്‍, 30 -35 ശതമാനം വോട്ടിന്റെ ബലത്തില്‍ അധികാരം കയ്യടക്കി ആധിപത്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ ഫാസിസ്റ്റു ശക്തികള്‍ വല്ലുവിളി ഉയര്‍ത്തി ക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വോട്ടര്‍മാരില്‍ 60 ശതമാനത്തിലധികവും ഈ ശക്തികള്‍ക്കെ തിരാണെങ്കിലും പൊതുവില്‍ ജനാധിപത്യശക്തികള്‍ക്കിടയില്‍ നിലവിലുള്ള അനൈക്യത്തെ ഉപയോഗപ്പെടുത്തി 2019 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും കേവലഭൂരിപക്ഷം നേടി അധികാരമുറപ്പിക്കാനും, ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ ഹിന്ദുത്വമതാധിഷ്ടിത ഫാസിസ്റ്റു സമ്പ്രദായത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള കരുനീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഈ അവസ്ഥയുടെ ഗുരുതരസ്വഭാവം മനസ്സിലാക്കിക്കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യശക്തികളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. അഖിലേന്ത്യാതലത്തില്‍ ജനാധിപത്യശക്തികള്‍ ഐക്യനിര കെട്ടിപ്പടുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഈ ഐക്യത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെപറ്റി ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ്സൊഴികെയുള്ള മറ്റുപാര്‍ട്ടികള്‍ മിക്കവാറും ഇന്ന് ഏറെക്കുറെപ്രാദേശിക പാര്‍ട്ടികളാണെന്നു പറയാവുന്ന അവസ്ഥയാണ്. കോണ്‍ഗ്രസ്സിന്റെ അവസ്ഥയും വലിയ മെച്ചമല്ല. എങ്കിലും ജനാധിപത്യസംവിധാനം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ ചരിത്രഘട്ടത്തില്‍ മറ്റെല്ലാ ഭിന്നതകളും മാറ്റിവെച്ച് ഐക്യപ്പെടുക എന്നകടമയാണ് എല്ലാ പ്രസ്ഥാനങ്ങള്‍ക്കുമുള്ളത്. അതിന്റെ വളരെ ചെറിയ ഒരു പതിപ്പാണ് ഗുജറാത്തില്‍ നാം കാണുന്നത്. ആരേയും അല്‍ഭുതപ്പെടുത്തികൊണ്ട് അവസരത്തിനൊത്തുയര്‍ന്നിരിക്കുന്ന രാഹുല്‍ ഗാന്ധി തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നുണ്ട്. ഔദ്യോഗികമായ കോണ്‍ഗ്രസ്സ് പ്രസിഡന്റാകുന്നതോടെ 2019ലെ തെരഞ്ഞെടുപ്പില്‍ ഫാസിസത്തിനെതിരായ കവചം സൃഷ്ടിക്കാന്‍ രാഹുലിന്റെ നേതൃത്വത്തിനു കഴിയുമെന്നാണ് ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.
ഇത്തരമൊരു വിശാലസഖ്യത്തില്‍ സിപിഎം എടുക്കുന്ന നിലപാടാണ് മലയാളികള്‍ക്ക് ഏറ്റവും താല്‍പ്പര്യം. സ്വാഭാവികമായും ബിജെപിക്കെതിരെ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒന്നിക്കേണ്ടതില്ല. ഇരുപാര്‍ട്ടികളും നേതൃത്വം നല്‍കുന്ന മുന്നണികളുടെ സാന്നിധ്യമാണ് മൂന്നാമത്തെ പാര്‍ട്ടിയായിട്ടും ബിജെപിക്ക് അധികാരമേഖലയില്‍ എത്താനാകാത്തത്. അതങ്ങെ തുടരുകതന്നെയാണ് വേണ്ടത്. അതേസമയം മറ്റു സംസ്ഥാനങ്ങളിലെ നിലപാട് പ്രധാനമാണ്. കാര്യമായ ശക്തിയൊന്നുമില്ലെങ്കിലും അഖിലേന്ത്യാതലത്തില്‍ സിപിഎം എടുക്കുന്ന നിലപാടിനു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്നും പ്രസക്തിയുണ്ട്. എന്നാല്‍ ജനാധിപത്യവിശ്വാസികളെ നിരാശപ്പെടുത്തുന്ന സമീപനമാണ് സിപിഎമ്മില്‍ നിന്നുണ്ടാകുന്നത് എന്നത് ഖേദകരമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പോലും ബിജെപിക്കെതിരെ ശക്തമായ ഒരു നിലപാട് പാര്‍ട്ടി എടുത്തില്ല. ഇപ്പോഴിതാ കോണ്‍ഗ്രസ്സുമായി ഒരു ധാരണയും വേണ്ട എന്ന അവസ്ഥയിലേക്ക് പാര്‍ട്ടി എത്തുന്നതായാണ് റിപ്പോര്‍ട്ട്.
ബി.ജെ.പിയെ ചെറുക്കാന്‍ വേണ്ടിയാണെങ്കില്‍പ്പോലും കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്നാണ് പോളിറ്റ് ബ്യൂറോ തീരുമാനം.
നേരത്തെ ബംഗാളില്‍ മമതക്കെതിരെ കോണ്‍ഗ്രസ്സുമായി ഐക്യപ്പെട്ട രീതിയില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുപ്പില്‍ അടവുനയങ്ങള്‍ ആകാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ പി.ബിയിലെ ഭൂരിപക്ഷം അംഗങ്ങളും തള്ളിക്കളഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസുമായി സഖ്യമെന്നല്ല, ധാരണ പോലും വേണ്ടെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. ഇനി തര്‍ക്കം കേന്ദ്രകമ്മിറ്റിയിലേക്ക് വരാന്‍ പോകുകയാണ്. കേരള ഘടകം തന്നെയാണ് അടിയുറച്ച് കാരാട്ടിനു പിന്നില്‍ അമിനിരന്നിരിക്കുന്നത്. പി.ബി. തള്ളിയ രാഷ്ട്രീയരേഖ ജനറല്‍ സെക്രട്ടറി വീണ്ടും അവതരിപ്പിക്കുകയെന്ന അപൂര്‍വ സാഹചര്യത്തിനാകും കൊല്‍ക്കത്തയില്‍ ജനുവരി 19 മുതല്‍ 21 വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം വേദിയാകുക. ബി.ജെ.പിയെ താഴെയിറക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന യെച്ചൂരിയുടെ നിലപാട് അംഗീകരിക്കപ്പെട്ടില്ലെങ്കിലും കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ കാര്യമായ പിന്തുണ ലഭിച്ചിരുന്നു. സഖ്യം വേണമെന്ന നിലപാട് അല്‍പ്പം മയപ്പെടുത്തിയാണ് യെച്ചൂരി ഇക്കുറി പി.ബിയിലെത്തിയത്. പക്ഷെ സമയവും സാഹചര്യവും പരിഗണിച്ച് അടവുനയം സ്വീകരിക്കുന്നതു പോലും കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കാനുള്ള കുറുക്കുവഴിയാകുമെന്നാണ് കാരാട്ട് പക്ഷം പറയുന്നത്. ഇതേ നിലപാടോടെയായിരുന്നു നേരത്ത രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യെച്ചൂരിക്ക് നിരുപാധികം കോണ്‍ഗ്രസ്സ് നല്‍കിയ പിന്തുണ പാര്‍ട്ടി വേണ്ടെന്നു വെച്ചത്. സാമ്പത്തിക നയങ്ങളില്‍ കോണ്‍ഗ്രസ്സും ബിജെപിയും വലിയ വ്യത്യാസമില്ല എന്നതാണ് ഈ ചരിത്രപരമായ വിഡ്ഢിത്തത്തിന് സിപിഎം കാരണമായി പറയുന്നത്. കൂടാതെ ബിജെപി ഇപ്പോഴും ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നും ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു എന്നേയുള്ളു എന്നും കാരാട്ട് വാദിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സ് പ്രധാന എതിരാളിയായതിനാല്‍ ഇവിടെ ഇത്തരമൊരു സഖ്യം പ്രതികൂലമായി ബാധിക്കുമെന്ന ചിന്തമാത്രമാണ് രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരെ ഒന്നിക്കുക എന്ന ശരിയായ രാഷ്ട്രീയത്തിനു ഇവര്‍ തുരങ്കം വെക്കുന്നത് എന്നതാണ് സത്യം. എന്തായാലും അടുത്ത വര്‍ഷം ഏപ്രില്‍ 18 മുതല്‍ ഹൈദരബാദില്‍ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസിലായിരിക്കും ഇതുമായി ബന്ധപ്പെട്ട അവസാനതീരുമാനം എടുക്കുക.
വാസ്തവത്തില്‍ വര്‍ത്തമാനകാലത്തെ മെയ്വഴക്കത്തോടെ അഭിമുഖീകരിക്കാന്‍ സിപിഎമ്മിനു കഴിയുന്നില്ല എന്നതുതന്നെയാണ് വ്യക്തമാകുന്നത്. ഇപ്പോഴും കാലഹരണപ്പെട്ട സിദ്ധാന്തങ്ങളില്‍ കടിച്ചുതൂങ്ങുന്നതുതന്നെയാണ് ഇതിനുകാരണം. വര്‍ഗ്ഗസമരസിദ്ധാന്തം അതേപടി നടക്കിലല്ലെന്നു ബോധ്യപ്പെടുകയും ലോകത്തെ സോഷ്യലിസ്റ്റ് എന്നു വിശേഷിക്കപ്പെട്ടിരുന്ന പല രാജ്യങ്ങളിലും ജനാധിപത്യത്തിനായുള്ള വിപ്ലവങ്ങള്‍ വിജയിക്കുകയും ചെയ്തപ്പോള്‍ ലോകത്തെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളും തങ്ങള്‍ ജനാധിപത്യപാര്‍ട്ടികളാവുകയാണന്നു എന്നേ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ നമ്മുടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതിനു തയ്യാറായിട്ടില്ല. സോഷ്യല്‍ ഡെമോക്രസിയെന്നാല്‍ എന്തോ പാപമാണെന്ന നിലപാടാണ് പാര്‍ട്ടിയുടേത്. എന്നാല്‍ സോഷ്യല്‍ ഡെമോക്രസിയില്‍ പാര്‍ട്ടികള്‍ക്കുണ്ടാകാവുന്ന ജീര്‍ണ്ണതയെല്ലാം സിപിഎമ്മിനുണ്ട്. ഗുണങ്ങളൊന്നും ലഭിച്ചതുമില്ല. ഈ ചിന്തയാണ് വാസ്തവത്തില്‍ സിപിഎമ്മിന്റെ ഇത്തരത്തിലള്ള ജനാധിപത്യവിരുദ്ധമെന്നു പറയാവുന്ന നിലപാടിനു കാരണം. ഇത്തരത്തില്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലപാടുകാരണം വന്‍ നഷ്ടം നേരിട്ട അനുഭവം പോലും ഇവര്‍ ഓര്‍ക്കുന്നില്ല. സ്വന്തമായി ഭൂരിപക്ഷമില്ലെന്ന കാരണം പറഞ്ഞ്, ജ്യോതിബാസുവിന്റെ കൈയിലെത്തിയ പ്രധാനമന്ത്രിപദം നിരസിച്ച ചരിത്രപരമായ വിഡ്ഢിത്തമില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ പാര്‍ട്ടിക്ക് രാജ്യത്ത് ഈ അവസ്ഥ വരുമായിരുന്നില്ല. നേതൃത്വം കയ്യിലുണ്ടെങ്കില്‍ മാത്രം ഐക്യമുന്നണി എന്ന നയം തന്നെ ജനാധിപത്യവിരുദ്ധമാണ്. വൈവിധ്യങ്ങളുടെ പര്യായമായ ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ വ്യത്യസ്ഥമായ നിലപാട് സ്വീകരിക്കുന്നതില്‍ എന്തു തെറ്റാണുള്ളത്? കേരളത്തില്‍ കോണ്‍ഗ്രസ്സുമായി പരസ്പരം മത്സരിച്ചും മറ്റു സംസ്ഥാനങ്ങളില്‍ ഐക്യപ്പെടുന്നതില്‍ എന്തു തെറ്റാണുള്ളത്? രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയുടെ പുതിയ സാഹചര്യത്തിലെങ്കിലും നയങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താനും സ്വയം ജനാധിപത്യവല്‍്കകരിക്കാനും പാര്‍ട്ടി തയ്യാറാകണം. അല്ലെങ്കില്‍ ബംഗാളിന്റെ അവസ്ഥയായിരിക്കും കേരളത്തിലും സംഭവിക്കാന്‍ പോകുന്നത്. ചരിത്രപരമായ അടുത്ത വിഡ്ഢിത്തം.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply