സംവരണം സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കുക..

സംവരണം ആവശ്യപ്പെട്ടുകൊണ്ട് ഗുജറാത്തില്‍ നടക്കുന്ന സംവരണ വിരുദ്ധസമരം അഖിലേന്ത്യാതലത്തില്‍ വ്യാപിപ്പിക്കാനുള്ള നീക്കം ശക്തമാകുമ്പോള്‍ സ്വകാര്യമേഖലയിലേക്കു കൂടി സംവരണം വ്യാപിപ്പിക്കാനുള്ള പ്രക്ഷോഭം ആരംഭിക്കാനാണ് സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്നവര്‍ തയ്യാറാകേണ്ടത്. ഒരു വശത്ത് അത് ജനാധിപത്യാവകാശങ്ങള്‍ക്കുള്ള പോരാട്ടമാകുമ്പോള്‍ തന്നെ മറുവശത്ത് സംഘപരിവാറിലെ വൈരുദദ്ധ്യങ്ങള്‍ മറനീക്കി പുറത്തുവരാനും അത് സഹായിക്കും. ബാബറി മ്‌സ്ജിദ് തകര്‍ക്കുന്ന കാലത്ത് മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കാന്‍ വിപി സിംഗ് എടുത്ത തീരുമാനത്തിനു സമാനമായിരിക്കും ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുക. സാമ്പത്തികമായും സാമൂഹികമായും വളരെയേറെ മുന്നാക്കം നില്‍ക്കുന്നവരാണ് ഗുജറാത്തിലെ പട്ടേല്‍ സമുദായം […]

rrr

സംവരണം ആവശ്യപ്പെട്ടുകൊണ്ട് ഗുജറാത്തില്‍ നടക്കുന്ന സംവരണ വിരുദ്ധസമരം അഖിലേന്ത്യാതലത്തില്‍ വ്യാപിപ്പിക്കാനുള്ള നീക്കം ശക്തമാകുമ്പോള്‍ സ്വകാര്യമേഖലയിലേക്കു കൂടി സംവരണം വ്യാപിപ്പിക്കാനുള്ള പ്രക്ഷോഭം ആരംഭിക്കാനാണ് സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്നവര്‍ തയ്യാറാകേണ്ടത്. ഒരു വശത്ത് അത് ജനാധിപത്യാവകാശങ്ങള്‍ക്കുള്ള പോരാട്ടമാകുമ്പോള്‍ തന്നെ മറുവശത്ത് സംഘപരിവാറിലെ വൈരുദദ്ധ്യങ്ങള്‍ മറനീക്കി പുറത്തുവരാനും അത് സഹായിക്കും. ബാബറി മ്‌സ്ജിദ് തകര്‍ക്കുന്ന കാലത്ത് മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കാന്‍ വിപി സിംഗ് എടുത്ത തീരുമാനത്തിനു സമാനമായിരിക്കും ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുക.
സാമ്പത്തികമായും സാമൂഹികമായും വളരെയേറെ മുന്നാക്കം നില്‍ക്കുന്നവരാണ് ഗുജറാത്തിലെ പട്ടേല്‍ സമുദായം എന്ന് ഏവര്‍ക്കുമറിയാം. തങ്ങളെ ഒ.ബി.സിയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കണമെന്ന ആവശ്യത്തിന്റെ ലക്ഷ്യം എന്താണെന്ന് പകല്‍പോലെ വ്യക്തമാണ്. മാത്രമല്ല, തങ്ങള്‍ക്കില്ലെങ്കില്‍ മറ്റാര്‍ക്കും സംവരണം വേണ്ട എന്നുമവര്‍ പറയുന്നു.
പൊതുവില്‍ വലിയ ഭൂവുടമകളാണ് പട്ടേല്‍ സമുദായം. 1951ല്‍ യു. എന്‍. ധേബാര്‍ സൗരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന സമയത്ത് നടപ്പാക്കിയ ഭൂപരിഷ്‌കരണം ഇവരെ കൃഷിഭൂമിയുടെ ഉടമസ്ഥരാക്കി. കൂടാതെ പ്രവാസജീവതവും കൂടിയായപ്പോള്‍ ഈ വിഭാഗം സമ്പന്നരുമായി. അധികാരത്തിലാകട്ടെ പട്ടേലുമാര്‍ക്ക് എന്നും വലിയ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. രാജ്യത്തെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍, മുന്‍ മുഖ്യമന്ത്രി കേശുഭായി പട്ടേല്‍, നിലവിലെ മുഖ്യമന്ത്രി ആനന്ദ്‌ബെന്‍ പട്ടേല്‍ എന്നിവരൊക്കം ഉദാഹരണം. നിയമസഭയില്‍ 120 ബി.ജെ.പി അംഗങ്ങളില്‍ 40 പേര്‍ പട്ടേല്‍ സമുദായത്തില്‍നിന്നുള്ളവരാണ്. എട്ട് പേരും. എല്ലാമേഖലയിലും ഇവരുടെ സജീവമായ സാന്നിധ്യമുണ്ട്. പട്ടേല്‍ സമുദായം പിന്നോക്കമാണെന്ന് ഒരു പഠനവും നിലവിലില്ല. നേരത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയപ്പോള്‍ അതിനെ എതിര്‍ത്തവരാണ് പട്ടേലുമാര്‍ എന്നതും മറക്കാറായിട്ടില്ല. 1981ലായിരുന്നു അത്. അന്ന് മുഖ്യമന്ത്രിയായിരുന്ന മാധവ് സിങ് സോളങ്കി രാജിവെച്ച് വീണ്ടും ജനവിധിതേടി ശക്തമായി തിരിച്ചുവരുകയായിരുന്നു.
ഗുജറാത്തിലെ നിലവിലെ സംവരണകണക്ക് ഇപ്രകാരമാണ്. ഒ.ബി.സി വിഭാഗത്തിന് 27,ം പട്ടികജാതിക്ക് ഏഴ്, പട്ടികവര്‍ഗത്തിനു 14 ശതമാനം വീതം. മൊത്തം 48 ശതമാനമാണ് സംവരണം. ഇനി ആര്‍ക്കും സംവരണം നല്‍കാന്‍ സാധ്യമല്ലാത്ത അവസ്ഥയുമാണ്. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ജാട്ടുകളെ പിന്നാക്കവിഭാഗമായി പ്രഖ്യാപിച്ചത് സുപ്രീംകോടതി റദ്ദാക്കുകയുണ്ടായി. ഇതെല്ലാം അറിഞ്ഞിട്ടും ഹാര്‍ദിക പട്ടേല്‍ എന്ന 22 കാരന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ പഠനമര്‍ഹിക്കുന്നു. പ്രക്ഷോഭത്തിനു പിന്നില്‍ തൊഗാഡിയ വിഭാഗമാണ് എന്ന് സംശയിക്കുന്നവരുണ്ട്. എന്തായാലും സംവരണം എന്ന വിഷയത്തെ തൊട്ടാല്‍ വിശാലഹിന്ദു എന്ന സങ്കല്‍പ്പമൊക്കെ തകരും. അതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ പ്രകടമാണ്. നരേന്ദ്രമോദിയെ ആശങ്കപ്പെടുത്തുന്നതും അതുതന്നെ.
സംവരണത്തിന്റെ ഉദ്ദേശ ലക്ഷ്യമെന്താണെന്ന വിഷയം എത്രയോ കാലമായി ചര്‍ച്ച ചെയ്യുന്നതാണ്. സംവരണത്തിന്റെ പ്രാഥമികലക്ഷ്യം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമോ തൊഴിലും വിദ്യാഭ്യാസവും നല്‍കലോ അല്ല. മറിച്ച് സാമൂഹ്യനീതി നേടിയെടുക്കലാണെന്ന സത്യം.. അതിനു ഇന്നോളം നിഷേധിക്കപ്പെട്ടവര്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ എത്തണം. അധികാരത്തിന്റെ ഏണിപ്പടികള്‍ അപ്രാപ്യമാക്കപ്പെട്ട ജനസംഖ്യയുടെ മൂന്നില്‍ രണ്ടോ അതിലും കൂടുതലോ വരുന്ന ജനവിഭാഗങ്ങള്‍ക്ക് നാമമാത്ര പ്രാതിനിധ്യമെങ്കിലും കൈവരുത്താനുള്ള ഭരണഘടനാപരമായ പരിഹാരമായിരുന്നു സംവരണം.
തീര്‍ച്ചയായും സംവരണം എന്നന്നേക്കുമുള്ളതല്ല എന്ന് അംബേദ്കര്‍ പോലും പറഞ്ഞിട്ടുണ്ട്. സംവരണത്തിന്റെ ഉദ്ദേശലക്ഷ്യം നേടിയ സമുദായങ്ങളുണ്ടെങ്കില്‍ ഒഴിവാക്കുന്നതില്‍ തെറ്റൊന്നുമില്ല. അത് വിശദമായി പഠിക്കേണ്ട വിഷയമാണ്. അപ്പോഴും ജനാധിപത്യവിരുദ്ധമായ ജാതീയവിവേചനം നിലനില്‍ക്കുന്നിടത്തോളം ജാതിസംവരണവും നിലനില്‍ക്കാനാണിട. ഇത്രയും കാലം സംവരണം നിലനിന്നിട്ടും സമൂഹത്തിന്റെ മുഖ്യധാരയിലെത്താനാകാത്ത വിഭാഗങ്ങള്‍ നിരവധിയാണ്. ജനസംഖ്യാനുപാതികമായി അവകാശപ്പെട്ട സ്ഥാനങ്ങളില്‍ അവരെത്തിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്ന നിര്‍ണ്ണായക സ്ഥാനങ്ങള്‍ അവര്‍ക്കിപ്പോഴും അന്യമാണ്. പലപ്പോഴും സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അവിടേക്ക് എത്താന്‍ പോലും അവര്‍ക്കാവുന്നില്ല. ഇത്തരം പശ്ചാത്തലത്തിലാണ് ഈ പ്രക്ഷോഭം. മാത്രമല്ല, സംവരണത്തിന്റെ അന്തസത്തയെ തകര്‍ക്കുന്ന സാമ്പത്തിക സംവരണമെന്ന വാദത്തിലേക്കാണ് ഇതു നീങ്ങുന്നത്. മണ്ഡല്‍ കമ്മിഷന്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നപ്പോള്‍ രക്തരൂക്ഷിത കലാപം നടത്തിയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തിനെതിരെ അവിടങ്ങളിലെ സവര്‍ണ്ണ പുത്രന്മാരെ തെരുവില്‍ ഇറക്കിയും സംവരണത്തിനെതിരെ മുന്‍പും നടത്തിയ കലാപങ്ങളുടെ ലേറ്റസ്റ്റ് എപ്പിസോഡ് മാത്രമാണ് ഈ നാടകം. ഗുജറാത്തില്‍ മോദി രണ്ടാമനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കവും പ്രക്ഷോഭത്തിനു പുറകിലുണ്ടെന്ന് വ്യക്തം. എങ്കിലും ഇത് നല്‍കുന്ന സൂചനകള്‍ ആശങ്കാജനകമാണ്. സംവരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ എന്നും രക്തരൂക്ഷിതമാണ്. അപ്പോഴും മുകളില്‍ പറഞ്ഞപോലെ ഇന്ത്യന്‍ സമൂഹത്തിന്റെ അനന്തമായ വൈവിധ്യങ്ങള്‍ മൂടിവെക്കാന്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് കഴിയില്ല എ്ന്നുമാത്രമല്ല, അതിനെ കൂടുതല്‍ വ്യക്തമാക്കാനാണ് സാധ്യത. അതാകട്ടെ ബിജെപിയടക്കമുള്ള മുഴുവന്‍ പാര്‍ട്ടികളിലും പ്രതിഫലിക്കും. സംഘപരിവാറിനു ഭീഷണിയാകും. ഇത്തരമൊരു സാഹചര്യത്തിലാണ് പലപ്പോഴും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇനിയും നടപ്പാക്കാത്ത സ്വകാര്യമേഖലയിലെ സംവരണത്തിന്റെ പ്രസക്തി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply