സംവരണം : സുപ്രിം കോടതി നിരീക്ഷണം തെറ്റ്

സംവരണം : സുപ്രിം കോടതി നിരീക്ഷണം തെറ്റ് ജാട്ടുകളെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കിയ നടപടി രാഷ്ട്രീയലാഭത്തിനാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടായാലും ഇല്ലെങ്കിലും പ്രസ്തുത തീരുമാനം റദ്ദാക്കിയ സുപ്രിംകോടതി നടത്തിയ നിരീക്ഷണം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സംവരണത്തിനു വേണ്ടി പിന്നാക്കാവസ്ഥ തിരുമാനിക്കുന്നത് ജാതി മാത്രം നോക്കിയാവരുതെന്നാണ് കോടതി. പറഞ്ഞത്.  പിന്നാക്കാവസ്ഥയെന്നാല്‍ സാമ്പത്തികമോ വിദ്യാഭ്യാസപരമോ ആയ പിന്നാക്കാവസ്ഥയല്ലെന്നും സാമൂഹ്യ പിന്നാക്കാവസ്ഥയാണെന്നും കോടതി വ്യക്തമാക്കി. കേള്‍ക്കുമ്പോള്‍ ശരിയാണെന്നു തോന്നുന്ന നിരീക്ഷണം. പക്ഷെ ഇന്ത്യയില്‍ ഏതെങ്കിലും വിഭാഗത്തിന്റെ സാമൂഹ്യ പിന്നോക്കാവസ്ഥക്കു കാരണം ജാതിയല്ലാതെ […]

supremeസംവരണം : സുപ്രിം കോടതി നിരീക്ഷണം തെറ്റ്

ജാട്ടുകളെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കിയ നടപടി രാഷ്ട്രീയലാഭത്തിനാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടായാലും ഇല്ലെങ്കിലും പ്രസ്തുത തീരുമാനം റദ്ദാക്കിയ സുപ്രിംകോടതി നടത്തിയ നിരീക്ഷണം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സംവരണത്തിനു വേണ്ടി പിന്നാക്കാവസ്ഥ തിരുമാനിക്കുന്നത് ജാതി മാത്രം നോക്കിയാവരുതെന്നാണ് കോടതി. പറഞ്ഞത്.  പിന്നാക്കാവസ്ഥയെന്നാല്‍ സാമ്പത്തികമോ വിദ്യാഭ്യാസപരമോ ആയ പിന്നാക്കാവസ്ഥയല്ലെന്നും സാമൂഹ്യ പിന്നാക്കാവസ്ഥയാണെന്നും കോടതി വ്യക്തമാക്കി. കേള്‍ക്കുമ്പോള്‍ ശരിയാണെന്നു തോന്നുന്ന നിരീക്ഷണം. പക്ഷെ ഇന്ത്യയില്‍ ഏതെങ്കിലും വിഭാഗത്തിന്റെ സാമൂഹ്യ പിന്നോക്കാവസ്ഥക്കു കാരണം ജാതിയല്ലാതെ മറ്റെന്താണ്? അതു പറയാന്‍ കോടതിക്കു കഴിഞ്ഞുമില്ല. സംവരണവിരുദ്ധരാകട്ടെ കോടതിയുടെ ഈ വാക്കുകള്‍ ആഘോഷിച്ചുതുടങ്ങി.
ജാതിയില്‍നിന്ന് വ്യത്യസ്തമായി, പിന്നാക്കാവസ്ഥ കണക്കാക്കുന്നതിന് പുതിയ മാനദണ്ഡവും രീതിയും സമ്പ്രദായവും കണ്ടെത്തണമെന്നു പറയുമ്പോള്‍ ആ ദിശയിലൊരു നിര്‍ദ്ദേശവും കോടതിക്കില്ല. മറിച്ച്  ഈ വിഭാഗങ്ങളെ തുടര്‍ച്ചയായ തിരച്ചിലിലൂടെയാണ് കണ്ടെത്തേണ്ടതെന്നുമാത്രം പറഞ്ഞുവെക്കുന്നു. ചരിത്രപരമായ അനീതിമാത്രം മനസ്സില്‍വെച്ചുകൊണ്ടുള്ള നയം കൂടുതല്‍ അര്‍ഹതയുള്ള പിന്നാക്കവിഭാഗങ്ങള്‍ക്ക് വേണ്ടത്ര സംരക്ഷണം ലഭിക്കാത്തതിന് ഇടയാക്കുമെന്നും പിന്നാക്കാവസ്ഥ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം സ്വയം പ്രഖ്യാപിത പിന്നാക്കവിഭാഗ പൗരന്‍മാരുടെ കാഴ്ചപ്പാട് മാത്രമാകരുതെന്നും കോടതി പറയുന്നു. ആ മാനദണ്ഡം സാമ്പത്തികമാണ് എന്ന വാദം ശക്തമായി നിലനില്‍ക്കുമ്പോഴാണ് കോടതി ഇത്തരത്തില്‍ അവ്യക്തമായ നിരീക്ഷണം നടത്തുന്നത്.
എന്തായാലും ഒരു കാര്യം കോടതി അംഗീകരിക്കുന്നു.  ചരിത്രപരമായ കാരണങ്ങളാല്‍ ഹിന്ദുസമുദായത്തില്‍ പിന്നാക്കാവസ്ഥയ്ക്ക് ജാതിയാണ് കാരണമായിരുന്നതെന്നും ഇപ്പോഴും ജാതി പ്രധാനവും വ്യതിരിക്തവുമായ ഘടകമായിരിക്കാമെന്നതുമാണത്. അത്രയും നന്ന്.
സത്യത്തില്‍ എത്രയോ കാലമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. സംവരണത്തിന്റെ പ്രാഥമികലക്ഷ്യം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമോ തൊഴിലും വിദ്യാഭ്യാസവും നല്‍കലോ അല്ല. മറിച്ച് സാമൂഹ്യനീതി നേടിയെടുക്കലാണ്. അതിനു ഇന്നോളം നിഷേധിക്കപ്പെട്ട നിര്‍ണ്ണായക സ്ഥാനങ്ങളില്‍ അവരെത്തണം. തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങലില്‍ എത്തണം. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ഓരോ വിഭാഗത്തിലേയും സാമ്പത്തികമായി ഉയര്‍ന്നവര്‍ തന്നെയാണ് ആദ്യമെത്തുക. സാമ്പത്തിക പരിഗണന വെച്ച് അവരെ ഒഴിവാക്കുക എന്നു വെച്ചാല്‍ ഫലത്തില്‍ ആ സമുദായത്തെ ഒഴിവാക്കലാണ്. അതിനാല്‍ തന്നെ സാമ്പത്തിക സംവരണം എന്ന ആശയം സാമൂഹ്യനീതി എന്ന ലക്ഷ്യത്തെ തകര്‍ക്കുന്നതാണ്. അവിടെയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം തെറ്റായിപോകുന്നത്. ഫലത്തിലത് അവിടേക്കാണെത്തുക. തീര്‍ച്ചയായും സംവരണം എന്നന്നേക്കുമുള്ളതല്ല എന്ന് അംബേദ്കര്‍ പോലും പറഞ്ഞിട്ടുണ്ട്. സംവരണത്തിന്റെ ഉദ്ദേശലക്ഷ്യം നേടിയ സമുദായങ്ങളുണ്ടെങ്കില്‍ ഒഴിവാക്കുന്നതില്‍ തെറ്റൊന്നുമില്ല. അത് വിശദമായി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യവിരുദ്ധമായ ജാതിയും ജാതീയവിവേചനവും നിലനില്‍ക്കുന്നിടത്തോളം ജാതിസംവരണവും നിലനിന്നേ പറ്റൂ. എന്തായാലും ഇത്രയും കാലം സംവരണം നിലനിന്നിട്ടും സമൂഹത്തിന്റെ മുഖ്യധാരയിലെത്താനാകാത്ത വിഭാഗങ്ങള്‍ നിരവധിയാണ്. ജനസംഖ്യാനുപാതികമായി അവകാശപ്പെട്ട സ്ഥാനങ്ങളില്‍ അവരെത്തിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്ന നിര്‍ണ്ണായക സ്ഥാനങ്ങള്‍ അവര്‍ക്കിപ്പോഴും അന്യമാണ്. പലപ്പോഴും സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അവിടേക്ക് എത്താന്‍ പോലും അവര്‍ക്കാവുന്നില്ല.
ഇന്നത്തെ പത്രത്തിലെ തന്നെ ഒരു വാര്‍ത്ത നോക്കുക. എം.ജി സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന ദലിത് വിദ്യാര്‍ഥിനിക്ക് ലാബ് അനുവദിക്കാതെ വകുപ്പ് ഉന്നതരുടെ വിവേചനം. നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജില്‍ റിസര്‍ച് നടത്തുന്ന വിദ്യാര്‍ഥിനിക്കാണ് ഈ അവസ്ഥ നേരിടേണ്ടിവന്നിരിക്കുന്നത്.  നേരത്തേ ഈ വിദ്യാര്‍ഥിനിയെ മണിക്കൂറുകളോളം  ലാബില്‍ പൂട്ടിയിട്ടിരുന്നു. ജില്ലാ പൊലീസ ്‌സൂപ്രണ്ടിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസത്തെിയാണ്  മോചിപ്പിച്ചത്. തുടര്‍ച്ചയായി എല്‍ക്കേണ്ടിവരുന്ന പീഡനത്തിനെതിരെ പരാതി നല്‍കിയിട്ടും സര്‍വകലാശാല നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് യുവതി വനിതാ, മനുഷാവകാശ കമീഷനുകള്‍ക്കും പട്ടികജാതിവര്‍ഗ കമീഷനും പരാതി നല്‍കുകയായിരുന്നു..
സാമ്പത്തികമല്ലല്ലോ ഈ പീഡനങ്ങളുടെ അടിസ്ഥാനം. അതു ജാതി തന്നെ. സംസ്ഥാനത്തെ ദളിത് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ ഇത്തരം അനുഭവം നിരവധിയാണ്. ജാതിചിന്ത മറികടന്നു എന്ന തെറ്റായ ദുരഭിമാനം പേറുന്ന കേരളത്തില്‍ പോലും ഇതാണവസ്ഥ. മുളയന്‍ മജിസ്‌ട്രേറ്റായാല്‍ എന്ന ചൊല്ല് ഇപ്പോഴും നിലനില്‍ക്കുന്ന സമൂഹമാണ് നമ്മുടേത് എന്നു മറക്കരുത്. ഈ സാഹചര്യത്തില്‍ സുപ്രിംകോടതി നിരീക്ഷണം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതാണെന്ന് പറയാനാകില്ല.

വാല്‍ക്കഷ്ണം : എന്തായാലും സുപ്രിം കോടതി വളരെ സ്വാഗതാര്‍ഹമായ മറ്റൊരു നിര്‍ദ്ദേശം കൂടി പറഞ്ഞു. . ജാതിയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ തുല്യലക്ഷണമുള്ള വിഭാഗങ്ങളെപ്പോലെ വൈകല്യത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ ഭിന്നഗുണങ്ങളുള്ള വിഭാഗങ്ങളെയും സംവരണത്തിന് പരിഗണിക്കണമെന്നതാണ്. ഭിന്നലൈംഗിക ശേഷിക്കാര്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരാണ്. അവര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ നല്‍കണമെന്ന സുപ്രീം കോടതിയുടെ മുന്‍ നിര്‍ദേശം അവഗണിക്കാന്‍ പറ്റാത്ത ഒന്നാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply