ഷഷ്ഠിപൂര്‍ത്തിയില്‍ കേരളം വരള്‍ച്ച ബാധിതം

കേരളത്തിന്റെ ഷഷ്ഠിപൂര്‍ത്തി കെങ്കേമമായി ആഘോഷിക്കുകയാണല്ലോ. കേരളം പ്രബുദ്ധമെന്നും സാക്ഷരമെന്നുമുള്ള സ്ഥിരംപല്ലവികള്‍ മുഴങ്ങുകയാണ്. അതേസമയം 60-ാം പിറന്നാളിന്റെ തൊട്ടുതലേന്ന് കേരളത്തെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രകൃതി നമുക്കു നല്‍കുന്ന പിറന്നാള്‍ സമ്മാനം. ഇടവപ്പാതി മഴ 34% കുറഞ്ഞതിനെത്തുടര്‍ന്നു 14 ജില്ലകളെയും വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന ദുരന്തനിവാരണ സമിതി യോഗത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം 69 ശതമാനവും കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അതിരൂക്ഷമായ വരള്‍ച്ചയാണ് […]

ddd

കേരളത്തിന്റെ ഷഷ്ഠിപൂര്‍ത്തി കെങ്കേമമായി ആഘോഷിക്കുകയാണല്ലോ. കേരളം പ്രബുദ്ധമെന്നും സാക്ഷരമെന്നുമുള്ള സ്ഥിരംപല്ലവികള്‍ മുഴങ്ങുകയാണ്. അതേസമയം 60-ാം പിറന്നാളിന്റെ തൊട്ടുതലേന്ന് കേരളത്തെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രകൃതി നമുക്കു നല്‍കുന്ന പിറന്നാള്‍ സമ്മാനം.
ഇടവപ്പാതി മഴ 34% കുറഞ്ഞതിനെത്തുടര്‍ന്നു 14 ജില്ലകളെയും വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന ദുരന്തനിവാരണ സമിതി യോഗത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം 69 ശതമാനവും കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അതിരൂക്ഷമായ വരള്‍ച്ചയാണ് കേരളം നേരിിന്‍ പോകുന്നത്. വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചതോടെ ജല ഉപയോഗത്തിനു നിയന്ത്രണം വരും. സഹകരണ ബാങ്കുകളില്‍നിന്നുള്‍പ്പെടെയുള്ള കാര്‍ഷിക വായ്പകള്‍ക്കു മൊറട്ടോറിയം നിലവില്‍വരും. നിലവില്‍ ഡാമുകളില്‍ ജലനിരപ്പു ശരാശരിയെക്കാള്‍ 22 ശതമാനത്തോളം കുറവാണ്. തുലാമഴ ഇനിയും കനിഞ്ഞില്ലെങ്കില്‍ വേനല്‍ക്കാലത്തു വൈദ്യുതി നിയന്ത്രണത്തിനും സാധ്യതയുണ്ട്.
ചരിത്രത്തിലൊരിക്കലും നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. കേരളത്തിന്റെ ശുചിത്വത്തെ കുറിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ അഭിമാനപൂരിതരാണു നാം. പൊതുസ്ഥലത്ത് വിസര്‍ജ്ജനം നടത്താതിരിക്കുന്നതില്‍ ഒന്നാമതാണ് നാം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രണ്ടുലക്ഷത്തില്‍ പരം വീടുകളില്‍ ഇപ്പോഴും ശൗചാലയങ്ങളില്‍ ഇല്ലെങ്കിലും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു ശരിയായിരിക്കാം. പകരം പക്ഷെ നാമെന്താണ് ചെയ്യുന്നത്? പൊതുസ്ഥലങ്ങളിലെല്ലാം മാലിന്യനിക്ഷേപം നടത്തുന്നു. സ്വന്തം ഇടങ്ങള്‍ വൃത്തിയാക്കി പൊതുയിടിങ്ങള്‍ മലിനമാക്കുന്നു. അതിന്റെ ഫലമാണല്ലോ ഇന്നേറ്റവും ചര്‍ച്ചയാകുന്ന തെരുവുനായവിഷയം. എന്നിട്ടോ, ആ വിഷയം മറിച്ചുവെച്ച് നമ്മള്‍ തെരുവുനായ്ക്കളെ നിയമവിരുദ്ധമായി കൂട്ടത്തോടെ തല്ലിക്കൊല്ലുന്നു. 60-ാം പിറന്നാള്‍ ആഘോഷിക്കുന്ന കേരളത്തിന്റെ തെരുവുകളില്‍ നിറയുന്നത് മനുഷ്യനോട് ഏറ്റവും ഇണങ്ങുന്ന നായ്ക്കളുടെ ശവങ്ങളാണ്. വേദനാരഹിതമായി കൊല്ലുക എന്ന മിനിമം സംസ്‌കാരവും നിയമവുംപോലും അതില്‍ നാം പാലിക്കുന്നില്ല.
60-ാം വര്‍ഷത്തില്‍ കേരളം ഇന്നു നേരിടുന്ന ഏറ്റവും ഗുരുതരമായ വിഷയം പരിസ്ഥിതിയുടേതുതന്നെയാണ്. വികസനമെന്ന പേരില്‍ പരിസ്ഥിതിയെ തകര്‍ക്കുന്നതിന്റെ ദുരന്തഫലങ്ങളാണ് നാമിന്ന് അനുഭവിക്കുന്നത്. പശ്ചിമഘട്ടം ഒന്നടക്കം ക്വാറികളാണ്. ഗുണ്ടകളും രാഷ്ട്രീയനേതൃത്വങ്ങളും മതനേതൃത്വങ്ങളുമെല്ലാം അവരുടെ സംരക്ഷകരായി രംഗത്തുണ്ട്. ബാക്കിവരുന്ന പശ്ചിമഘട്ടത്തെയെങ്കിലും സംരക്ഷിക്കാനായി രൂപം കൊടുത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ രൂപംകൊണ്ട ഐക്യനിര നാം കണ്ടതാണ്. മറുവശത്ത് വനങ്ങളെല്ലാം വെട്ടിനിരത്തി. മനുഷ്യന്‍ കാട്ടിലേക്കു കയറിയപ്പോള്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി. ജലാശയങ്ങളെല്ലാം മലിനമായി. പുഴകളെല്ലാം വറ്റുവരണ്ടു. നീര്‍ത്തടങ്ങള്‍ ഇല്ലാതായി. കിണറുകള്‍ മൂടി. പാടങ്ങളെല്ലാം നികത്തി. ഒരുതുള്ളി മഴവെള്ളം പോലും മണ്ണിലേക്കിറങ്ങാത്തവിധത്തില്‍ ഭൂമിയെ കോണ്‍ക്രീറ്റ് കൊണ്ടും ടൈല്‍ കൊണ്ടും മൂടി. എല്ലാറ്റിന്റേയും അനന്തരഫലമിതാ വരള്‍ച്ചയുടെ രൂപത്തില്‍ നമ്മെ നോക്കി അട്ടഹസിക്കുന്നു.
60 വര്‍ഷമായിട്ടും നാമൊന്നും പഠിക്കുന്നില്ല എന്നതാണ് അതിനേക്കാള്‍ വലിയ ദുരന്തം. പരിസ്ഥിതി മലിനീകരണത്തിനെതിരെ നടക്കുന്ന ചെറുത്തുനില്‍പ്പുകളോട് ഭരണകൂടത്തിന്റേയും കമ്പനികളുടെ മാനേജ്‌മെന്റുകളുടേയും തൊഴിലാളി സംഘടനകളുടേയും രാഷ്ട്രീയനേതൃത്വങ്ങളുടേയും നിലപാടുകള്‍ തന്നെ നോക്കുക. ഇപ്പോഴും അവര്‍ക്കു പറയാനുള്ളത് വികസനത്തെ കുറിച്ചുമാത്രമാണ്. അതിന്റെ പേരില്‍ ക്വാറികളും വനംനശീകരണവും അതിരപ്പിള്ളിയും കാതിക്കുടവും വിളപ്പില്‍ശാലകളും അനിയന്ത്രിതമായ നഗരവല്‍ക്കരണവും വാഹനപെരുപ്പവും പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചുള്ള വന്‍കിടപദ്ധതികളും ഹൈവേ വികസനങ്ങളുമെല്ലാം ന്യായീകരിക്കപ്പെടുന്നു. ഇനിയുമൊരു 60 വര്‍ഷത്തേക്ക് കേരളം നിലനില്‍ക്കില്ല എന്നുതന്നെ ഉറപ്പിക്കാവുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഇനിവരും തലമുറക്ക് ഇവിടെ വാസം നാധ്യമോ എന്ന ചോദ്യമാണഅ ഈ 60-ാം പിറന്നാളില്‍ പ്രസക്തമാകുന്നത്.
പാരിസ്ഥിതിക മേഖലകളില്‍ മാത്രമല്ല, മറ്റെല്ലാ മേഖലകളിലും നമ്മുടെ സ്ഥിതി വിഭിന്നമല്ല. വിദ്യാഭ്യാസമേഖലയെ കുറിച്ച് നാം അഭിമാനം കൊള്ളുമ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം നാം സൗകര്യപൂര്‍വ്വം മറക്കുന്നു. വിദ്യാഭ്യാസമേഖലയിലെ കച്ചവടവല്‍ക്കരണത്തെ കുറിച്ചും നിശബ്ദരാകുന്നു. പൊതുവിദ്യാലയങ്ങളേയും മലയാളമീഡിയത്തെയും കുറിച്ച് വാചാലരാകുമ്പോള്‍ കുട്ടികളില്ലാതെ അവയെല്ലാം പൂട്ടിപോകുന്നു. ആരോഗ്യമേഖലയെ കുറിച്ച് ഊറ്റം കൊള്ളുമ്പോള്‍ പനി പിടിച്ചുപോലും മരിക്കുന്ന അവസ്ഥയും മൂടിവെക്കുന്നു. മാത്രമല്ല കാന്‍സര്‍, കരള്‍ രോഗങ്ങള്‍, ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, ഹൃദയസ്തംഭനം, വൃക്കരോഗങ്ങള്‍ തുടങ്ങി ജീവിതചര്യരോഗങ്ങളില്‍ നാം ഏറ്റവും മുന്നിലാണെന്നും മറക്കുന്നു. ആരോഗ്യമേഖല എറ്റവും വലിയ കഴുത്തറുപ്പന്‍ കച്ചവടമായിരിക്കുന്നു. മാത്രമല്ല, മദ്യത്തിലും മയക്കുമരുന്നിലും നാം മുന്‍നിരയില്‍ തന്നെ. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ കുറിച്ച് കൊട്ടിഘോഷിക്കുമ്പോള്‍ സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണവരുടേതെന്നും ഓര്‍ക്കുന്നില്ല. മറുവശത്ത് സദാചാരപോലീസ് അരങ്ങുതകര്‍ക്കുന്നു. സാമൂഹ്യവികസനത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോള്‍ ലക്ഷകണക്കിനു ദളിത് – ആദിവാസികള്‍ ഭവനരഹിതരാണെന്നും മറക്കുന്നു. ഭൂമിയുള്ളവര്‍തന്നെ മൂന്നോ നാലോ സെന്റ് ജാതികോളനികളില്‍ തളച്ചിടപ്പെടുന്നു. മറുവശത്ത് ലക്ഷകണക്കിനു വീടുകളും ഫ്‌ലാറ്റുകളും പൂട്ടിയിട്ടിരിക്കുന്നു. ഭൂപരിഷ്‌കരണത്തെ കുറിച്ച് വാചാലരാകുമ്പോള്‍ തോട്ടം മേഖലയെ മറക്കുന്നു. തൊഴിലാളിവര്‍ഗ്ഗത്തെ കുറിച്ച് ഊറ്റം കൊള്ളുമ്പോള്‍ അസംഘടിത മേഖലകളിലെ അവസ്ഥ സൗകര്യപൂര്‍വ്വം മൂടിവെക്കുന്നു. ജാതി മത ചിന്തകളെ മറികടന്നു പറയുമ്പോള്‍ എസ് സി / എസ് ടി ഒഴികെയുള്ളവര്‍ക്കായി ജാതിരഹിതവിവാഹ പരസ്യങ്ങള്‍പോലും പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. വര്‍ഗ്ഗീയതയും മതമൗലികവാദവും പെരുകുന്നു. പ്രവാസജീവിതത്തെ കുറിച്ച് ഏറെ സംസാരിക്കുമ്പോഴും ഇതരസംസ്ഥാനത്തൊഴിലാളികളോട് മനുഷ്യത്വപരമായി പെരുമാറുന്നതേയില്ല. യൂറോപ്പിനോടും മറ്റും താരതമ്യം ചെയ്യുമ്പോഴും നമ്മുടെ ലോക്കപ്പുകളില്‍ ഇപ്പോഴും മരണങ്ങള്‍ നടക്കുന്നു. രാഷ്ട്രീയപകയുടെ രക്തം തെരുവുകളെ ചുവപ്പിക്കുന്നു.
ഇത്തരമൊരു പട്ടിക എത്രവേണമെങ്കിലും വലിച്ചുനീട്ടാം. അതേസമയം നേട്ടങ്ങളുടേതായ ഒരു ലിസ്‌റ്റെടുത്താല്‍ അധികം നീളുകയുമില്ല. ഇത്തരമൊരവസ്ഥയിലാണ് നാം ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്നത്. ഇല്ലാത്ത പ്രബുദ്ധതയെ കുറിച്ച് വാചാലരാകാതെ സത്യത്തെ സത്യമായി കാണാന്‍ ഈയവസരത്തിലെങ്കിലും തയ്യാറാകുമോ എന്നതാണ് ഈയവസരത്തില്‍ പ്രസക്തമായ ചോദ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply