ശ്രേഷ്ഠഭാഷാ പദവി ഭാഷാജനാധിപത്യത്തിന് എതിര്

ഡോ.പി.രണ്‍ജിത് കാത്തിരുന്ന് കാത്തിരുന്ന് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു എന്ന് ഉള്‍പ്പുളകമണിയുന്നതിന് പകരം, ലഭിക്കാനിടയുള്ള നൂറുകോടി രൂപ രാഷ്ട്രീയക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ എങ്ങിനെ വീതിച്ചെടുക്കണമെന്ന് തര്‍ക്കിക്കുന്നതിനും പകരം, ഇന്ത്യയിലെ ഭാഷകളുടെ ചരിത്രത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച ചില ആശങ്കകള്‍ പങ്കുവെക്കാനാണ് ഇവിടെ ശ്രമം. കോളനികാലത്തും ശേഷവും ഇന്ത്യാ വന്‍കരയിലെ ഭാഷകളെ സംബന്ധിച്ച നിരീക്ഷണങ്ങള്‍, ഒട്ടേറെ പരിണാമ തരംഗങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരസ്പരവിരുദ്ധമായ രണ്ടു പ്രക്രിയകള്‍ എടുത്തുകാണിക്കുന്നു. ഒന്ന് സമൂഹത്തിന്റെ മുകള്‍ത്തട്ടില്‍ നിന്ന് താഴേക്ക് ചെലുത്തുന്ന ഒരു ഏകീകരണ നിലവാരവല്‍ക്കരണ പ്രക്രിയയാണ്. […]

macmalayalam
ഡോ.പി.രണ്‍ജിത്
കാത്തിരുന്ന് കാത്തിരുന്ന് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു എന്ന് ഉള്‍പ്പുളകമണിയുന്നതിന് പകരം, ലഭിക്കാനിടയുള്ള നൂറുകോടി രൂപ രാഷ്ട്രീയക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ എങ്ങിനെ വീതിച്ചെടുക്കണമെന്ന് തര്‍ക്കിക്കുന്നതിനും പകരം, ഇന്ത്യയിലെ ഭാഷകളുടെ ചരിത്രത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച ചില ആശങ്കകള്‍ പങ്കുവെക്കാനാണ് ഇവിടെ ശ്രമം.
കോളനികാലത്തും ശേഷവും ഇന്ത്യാ വന്‍കരയിലെ ഭാഷകളെ സംബന്ധിച്ച നിരീക്ഷണങ്ങള്‍, ഒട്ടേറെ പരിണാമ തരംഗങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരസ്പരവിരുദ്ധമായ രണ്ടു പ്രക്രിയകള്‍ എടുത്തുകാണിക്കുന്നു. ഒന്ന് സമൂഹത്തിന്റെ മുകള്‍ത്തട്ടില്‍ നിന്ന് താഴേക്ക് ചെലുത്തുന്ന ഒരു ഏകീകരണ നിലവാരവല്‍ക്കരണ പ്രക്രിയയാണ്. അടുത്തടുത്തു കിടക്കുന്ന അനേകം ഭാഷകളെ ഒരൊറ്റ ഭാഷയുടെ ഭേദങ്ങളായി ചിത്രീകരിച്ച് അവയ്‌ക്കൊരു പൊതുരൂപം ഉണ്ടാക്കിയെടുക്കാനുള്ള ‘പരിശ്രമം’. പത്രപ്രവര്‍ത്തനത്തിലൂടെ, പാഠപുസ്തകങ്ങള്‍, നിഘണ്ടുക്കള്‍, വ്യാകരണകൃതികള്‍ എന്നിവയിലൂടെ ഒരു പൊതുഭാഷയിലൂടെയുള്ള ആശയവിനിമയം മാത്രമാണ് ശരി എന്ന് നമ്മെ നിരന്തരം ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്നു. ഉത്തരേന്ത്യയില്‍ ബ്രജ് ഭാഷ, ഭോജ്പുരി, മൈഥിലി, പഹാഡി തുടങ്ങി ഒട്ടനേകം ഭാഷകള്‍ക്കു മേല്‍ ഒന്നര നൂറ്റാണ്ടായി ഹിന്ദി എന്ന പൊതുഭാഷ രൂപം കൊണ്ടുവരുന്നത് നാം കണ്ടുകൊണ്ടിരിക്കയാണല്ലോ. ഇന്നത്തെ ശ്രേഷ്ഠഭാഷകളടക്കം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളെല്ലാം ഇത്തരത്തില്‍ രൂപംകൊണ്ടു വന്നവയാണ്. ചിലതിന് അല്പം കൂടി നീണ്ട ചരിത്രമുണ്ടാകാം എന്നു മാത്രം.
ഏകീകരണ മാനകീകരണ പ്രക്രിയക്ക് വിരുദ്ധമായ മറ്റൊന്ന് ഭാഷകളുടെ ഉപയോഗത്തില്‍ സംഭവിക്കുന്നുണ്ട്. അനുഭവങ്ങള്‍ ആഴത്തില്‍ പങ്കുവെക്കാനുള്ള ഉപാധിയാക്കി സ്വന്തം ഭാഷയെ കൂടുതല്‍ കൂടുതല്‍ സൂക്ഷ്മമാക്കാനുള്ള ശ്രമം. ഈ കാഴ്ചപ്പാടില്‍ ഒരൊറ്റ ഭാഷാസമൂഹം എന്ന് നാമിന്ന് കരുതുന്നവ ചെറിയ ചെറിയ, എന്നാല്‍ പരസ്പരം വളരെ ഇഴയടുപ്പമുള്ള സമൂഹങ്ങളായി ദൃശ്യമാവും.
പ്രകൃതിയില്‍ നിന്നും സാമൂഹ്യജീവിതത്തില്‍ നിന്നും കാര്യങ്ങള്‍ ‘മനസ്സിലാക്കാനും’ പരസ്പരം പങ്കുവെക്കുന്നതിലൂടെ ആഴത്തിലുള്ള അനുഭവങ്ങളാക്കി മാറ്റാനും അതു തലമുറകള്‍ക്കായി പകര്‍ന്ന് സംവാദത്തിലൂടെ പടരാനും ഭാഷയെ സൂക്ഷ്മമാക്കിയേ തീരൂ. ഒരു ആദിവാസി തന്റെ ഭാഷയില്‍ സംസാരിക്കുമ്പോള്‍ വാക്യങ്ങള്‍ കവിതപോലെ ധ്വന്യാത്മകമായി മാറുന്നത് അവളുടെ / അയാളുടെ വാക്കുകളില്‍ അനുഭവങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുന്നതു കൊണ്ടാണ്.
സമൂഹത്തിന്റെ താഴെ തട്ടുകളില്‍ സംഭവിക്കുന്ന വൈവിധ്യവല്‍ക്കരണത്തിന്റെയും വികേന്ദ്രീകരണത്തിന്റെയും ഈ പ്രക്രിയ മുകള്‍ത്തട്ടിലേക്കും വ്യാപിക്കും. സമൂഹത്തിലെ അധികാരബന്ധങ്ങളില്‍ സംഭവിക്കുന്ന കേന്ദ്രീകരണത്തിന്റെയും വികേന്ദ്രീകരണത്തിന്റെയും വിരുദ്ധ പ്രവണതകളുമായി ഭാഷാപരിണാമങ്ങള്‍ക്കും ബന്ധമുണ്ടെന്നു വ്യക്തം. തങ്ങളുടെ അനുഭവങ്ങള്‍ അധികാരികള്‍ക്കു മനസ്സിലാകാത്ത ഭാഷയില്‍ പരസ്പരം പങ്കു വെക്കണമെന്ന തിരിച്ചറിവില്‍ നിന്നാണ് പാണഭാഷയും പറയഭാഷയും പുലയഭാഷയും നമ്മുടെ നാട്ടില്‍ രൂപം കൊണ്ടത്. ആയിരത്തിനുമേല്‍ ഭാഷാസമൂഹങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് ഗ്രിയേഴ്‌സന്റേതു പോലുള്ള ഭാഷാസര്‍വ്വെകളില്‍ കണ്ടെത്തിയതിന്റെ കാരണം ഈ വൈവിധ്യവല്‍ക്കരണമല്ലാതെ മറ്റൊന്നുമല്ല. ഭാഷാശാസ്ത്രം കൃത്യപ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഏഴായിരത്തിനടുത്തു ഭാഷകളില്‍ അഞ്ഞൂറോളം എണ്ണം ഇന്ത്യയില്‍ ഇന്നു സംസാരിച്ചു വരുന്നു. ഭാഷാന്യൂനപക്ഷങ്ങള്‍ എന്ന പ്രയോഗം കൊണ്ട് കേരളത്തില്‍ അര്‍ഥമാക്കേണ്ടത് തമിഴും കന്നഡയും മാത്രമല്ല, കുറുമ്പരും മുഡുഗരും പണിയരും കുറിച്യരും പാണരും നായാടികളും പോലുള്ള ആദിവാസി ജാതി സമൂഹങ്ങളെയോ ബ്യാരിയും പോര്‍ച്ചുഗീസ് മലയാളവും ലക്ഷദ്വീപ് മലയാളവും പോലുള്ള ചെറുസമൂഹങ്ങളെയോ ആണ്.
ഭാഷാസമൂഹങ്ങള്‍ ചെറുതായി ചെറുതായി വരികയും അവരവരുടെ നാട്ടുഭാഷ ഒന്നാംഭാഷയായി കരുതുകയും ചെയ്യുമ്പോള്‍ സമൂഹം കൂടുതല്‍ സങ്കുചിതവും അടഞ്ഞതും ആയി മാറി വംശീയവാദം പോലെ ഭാഷാമൌലികവാദം രൂപംകൊള്ളുമോ എന്ന ആശങ്ക പെട്ടെന്നുണ്ടാകാം. ഒരു പ്രദേശത്തെ വലിയൊരു കൂട്ടം ഭാഷകളെ പരസ്പരം ബന്ധിപ്പിക്കുന്ന സമ്പര്‍ക്കഭാഷകളുടെ ഉപയോഗം സാമൂഹ്യജീവിതത്തിന്റെ വിശാലതയ്ക്ക് അനിവാര്യമാണ്. നാമിന്ന് ഇംഗ്ലീഷ് സമ്പര്‍ക്കഭാഷയായി ഉപയോഗിക്കുന്നതു പോലെ അറബിയും തമിഴും സംസ്‌കൃതം പോലും പല കാലങ്ങളില്‍ ഇവിടെ ഉപയോഗിച്ചിരുന്നു. സാമൂഹ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ ഒന്നാം ഭാഷക്കു പുറമെ മൂന്നോ നാലോ രണ്ടാം ഭാഷകളോ സമ്പര്‍ക്കഭാഷകളോ ഉപയോഗിക്കുന്നവര്‍ക്കാണ് ഇന്നത്തെ ദേശാന്തര ആഗോളവല്‍കൃത ജീവിതത്തില്‍ കൂടുതല്‍ അതിജീവന സാധ്യത.
വ്യത്യസ്തതകളെ അംഗീകരിക്കലാണ് ജനാധിപത്യമെങ്കില്‍, ഭാഷാചരിത്രത്തിലെ രണ്ടു വിരുദ്ധ പരിണാമങ്ങളില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് വൈവിധ്യവല്‍ക്കരണത്തിന്റെയും വികേന്ദ്രീകരണത്തിന്റെയും പ്രക്രിയയാണ്. ശ്രേഷ്ഠഭാഷാ പദവി നല്‍കി ഔദ്യോഗിക ഭാഷകളെ മാത്രം പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അധികാരകേന്ദ്രീകരണത്തിന്റെ പക്ഷത്തു നിന്നു മാത്രം സമുഹത്തെ നോക്കിക്കാണുകയാണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് യഥാര്‍ത്ഥത്തില്‍ സഹായിക്കേണ്ടത് ന്യൂനപക്ഷങ്ങളെയല്ലേ ?
ഈ ലേഖകന്റെ അന്വേഷണമനുസരിച്ച് കേരളത്തില്‍ 65 ഓളം ന്യൂനപക്ഷഭാഷകളുണ്ട്. (ജാതിഭാഷകള്‍ പരിഗണിക്കാതെ). അവയില്‍ 45 എണ്ണമെങ്കിലും കേരളത്തിന്റെയോ തെക്കന്‍ പശ്ചിമഘട്ടത്തിന്റെയോ തനതു ഭാഷകള്‍. മുക്കാല്‍ പങ്കു ഭാഷകളും ഇന്നത്തെ തലമുറ കഴിഞ്ഞാല്‍ പിന്നെ മരണം വരിക്കുന്നവ. കേരളത്തിലെ ജൈവസമ്പത്തിനെ കുറിച്ചുള്ള അറിവിന്റെയും അനുഭവങ്ങളുടെയും വലിയൊരു ശേഖരം തന്നെയാണ് ഈ ഭാഷാസമൂഹങ്ങള്‍.
ശ്രേഷ്ഠഭാഷാ പദവികൊണ്ട് ലഭിക്കാനിടയുള്ള സാമ്പത്തിക സഹായത്തില്‍ പകുതിയെങ്കിലും ന്യൂനപക്ഷഭാഷകളെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള ജനാധിപത്യ ബോധം നമുക്കുണ്ടാകുമോ ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply