ശൈശവവിവാഹം: ഇന്ത്യന്‍ നിലപാട് ഗാന്ധിവിരുദ്ധം.

എം പീതാംബരന്‍ ശൈശവവിവാഹത്തെ എതിര്‍ത്തുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ അവതരിക്കപ്പെട്ട പ്രമേയത്തെ പിന്തുണയ്ക്കാതിരിക്കുകവഴി, ഇന്ത്യ ചെയ്തത്, സ്വന്തം ഭരണഘടനാതാല്‍പ്പര്യങ്ങളേയും നിയമങ്ങളേയും നിഷേധിക്കലും രാഷ്ട്രപിതാവിനെ അവഹേളിക്കലുമാണ്. ഗാന്ധിവധം ആവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. ശൈശവവിവാഹത്തെ ഏറ്റവും വലിയ തിന്മയായിട്ടാണ് ഗാന്ധിജി കണ്ടത്. ഇതിനെതിരെ തന്റെ പത്രാധിപത്യത്തിലുള്ള പ്രസിദ്ധീകരണങ്ങളില്‍ ഗാന്ധിജി എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യം കൈവരിക്കുന്നതിനായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ സമരങ്ങള്‍ക്കൊപ്പം രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. ലഭ്യമാകുന്ന സ്വാതന്ത്ര്യം നിലനില്‍ക്കണമെങ്കില്‍ അതിനനുസൃതമായ സാമൂഹ്യ- സാമ്പത്തിക- സാംസ്‌ക്കാരിക- രാഷ്ട്രീയ പരിസരം സ്വതന്ത്ര ഇന്ത്യയില്‍ […]

download (1)

എം പീതാംബരന്‍
ശൈശവവിവാഹത്തെ എതിര്‍ത്തുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ അവതരിക്കപ്പെട്ട പ്രമേയത്തെ പിന്തുണയ്ക്കാതിരിക്കുകവഴി, ഇന്ത്യ ചെയ്തത്, സ്വന്തം ഭരണഘടനാതാല്‍പ്പര്യങ്ങളേയും നിയമങ്ങളേയും നിഷേധിക്കലും രാഷ്ട്രപിതാവിനെ അവഹേളിക്കലുമാണ്. ഗാന്ധിവധം ആവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. ശൈശവവിവാഹത്തെ ഏറ്റവും വലിയ തിന്മയായിട്ടാണ് ഗാന്ധിജി കണ്ടത്. ഇതിനെതിരെ തന്റെ പത്രാധിപത്യത്തിലുള്ള പ്രസിദ്ധീകരണങ്ങളില്‍ ഗാന്ധിജി എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യം കൈവരിക്കുന്നതിനായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ സമരങ്ങള്‍ക്കൊപ്പം രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. ലഭ്യമാകുന്ന സ്വാതന്ത്ര്യം നിലനില്‍ക്കണമെങ്കില്‍ അതിനനുസൃതമായ സാമൂഹ്യ- സാമ്പത്തിക- സാംസ്‌ക്കാരിക- രാഷ്ട്രീയ പരിസരം സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടാകണമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. സ്വാതന്ത്ര്യ സംസ്ഥാപനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഖാദി, ഗ്രാമവ്യവസായം, അയിത്തോച്ചാടനം, രാഷ്ട്രഭാഷാ പ്രചാരണം എന്നിങ്ങനെ 18 നിര്‍മ്മാണപരിപാടികള്‍ ഗാന്ധിജി പ്രചരിപ്പിച്ചത്. വനിതകളുടെ സുസ്ഥിതിയും സ്വാതന്ത്ര്യവുമായിരുന്നു നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ മുഖ്യമായ ഒരു ഇനം. സ്ത്രീകളും പെണ്‍കുട്ടികളും പുരുഷന്റെ അടിമയായി നില്ക്കുന്നതിനെ മഹാത്മജി ശക്തിയായി എതിര്‍ത്തു. പുരുഷനു തുല്ല്യമായ സ്ഥാനവും അവസരങ്ങളും വനിതകള്‍ക്കുമുണ്ടാകണമെന്ന് അദ്ദേഹം നിരന്തരം വാദിച്ചു. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണെങ്കില്‍ പുരുഷനുള്ള അധികാരങ്ങള്‍ സ്ത്രീക്കും ഉണ്ട് എന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ശൈശവവിവാഹത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അധാര്‍മികതയെക്കുറിച്ചും ഗാന്ധിജി ബോധവല്‍ക്കരിച്ചുകൊണ്ടിരുന്നു. ഈ തിന്മയെ സമൂഹത്തില്‍നിന്ന് പൂര്‍ണ്ണമായും തുടച്ചുമാറ്റുകതന്നെ വേണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. സ്ത്രീ-പുരുഷസമത്വത്തിന്റേയും വിവാഹത്തിന്റേയും ആദ്ധ്യാത്മികതലം ഭാരതീയര്‍ക്കാണ് എളുപ്പം മനസ്സിലാകുക എന്നദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഗാന്ധിജിയുടെ ഇത്തരം ശക്തവും വ്യക്തവുമായ നിലപാടുകളാണ് ലക്ഷക്കണക്കിന് വനിതകളെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ അണിചേരാന്‍ പ്രേരിപ്പിച്ചത്. ഭാവിഭാരതത്തെക്കുറിച്ച് സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ഉണ്ടായിരുന്ന പ്രതീക്ഷകളേയും മഹാത്മാഗാന്ധിയുടെ നിലപാടിനേയുമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ഭരണനേതൃത്വം ഐക്യരാഷ്ട്രസഭയില്‍ അട്ടിമറിച്ചത്. ശെശവവിവാഹവും പ്രായപൂര്‍ത്തിയാകും മുമ്പുള്ള നിര്‍ബന്ധിത വിവാഹവും തടയണമെന്ന പ്രമേയത്തിലാണ് ഒപ്പുവക്കാന്‍ ഇന്ത്യ വിസ്സമ്മതിച്ചത്. യു.എന്‍.മനുഷ്യാവകാശ സംഘടനയാണ് പ്രമേയം കൊണ്ടുവന്നത്. 107 രാജ്യങ്ങള്‍ പ്രമേയത്തൊനുകൂലിച്ച് വോട്ടുചെയ്തു. സ്ത്രീസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശസംരക്ഷണത്തിനുംവേണ്ടി മുന്നണിപ്പോരാളിയായിരുന്ന മഹാത്മജിയുടെ സ്വന്തം നാട്, ശൈശവവിവാഹത്തിനെതിരായുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തെ പിന്തുണക്കുകതന്നെ ചെയ്യുമെന്നാണ് ലോകരാഷ്ട്രങ്ങള്‍ കരുതിയത്. സംഭവിച്ചത് മറിച്ചാണ്. ഗാന്ധിജി ഒരിക്കല്‍ കൂടി തിരസ്‌ക്കരിക്കപ്പെട്ടു; തമസ്‌ക്കരിക്കപ്പെട്ടു.
ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ രണ്ട്, അന്താരാഷ്ട്ര അഹിംസാദിനമായി ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം ആചരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ ഹിംസയാണ് ശൈശവവിവാഹം. ഇത്തരം ഹിംസക്കെതിരെ നിലപാട് സ്വീകരിക്കാതിരിക്കുന്നത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണ്.
ഭരണഘടനാ വിരുദ്ധം
സമത്വത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും ഏറെ പ്രാധാന്യം കല്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനക്കും ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ക്കും വിരുദ്ധമായ നിലപാടാണ് ഇക്കാര്യത്തില്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ കൈകൊണ്ടത്.് ശൈശവവിവാഹത്തിനെതിരായ ബോധവല്‍ക്കരണങ്ങളും പ്രവര്‍ത്തനങ്ങളും കാലാകാലങ്ങളില്‍ വിവിധ മതങ്ങളില്‍ നടന്നിട്ടുണ്ട്. പൊതുവായ സാമൂഹ്യനവോത്ഥാനത്തിന്റെ ഭാഗമായും ഈ സാമൂഹ്യതിന്മക്കെതിരെ മുന്നേറ്റമുണ്ടായി. ഇതിന്റെയെല്ലാം ഫലമായി സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ ശൈശവവിവാഹം നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ നിയമങ്ങളും ഉണ്ടായി.
നിയമ നിര്‍മ്മാണം
ശൈശവവിവാഹം കുറക്കുന്നതിനായി ഒരു നിയമം ഉണ്ടാകുന്നത് 1929 -ല്‍ ആണ്.1930 ഏപ്രില്‍ ഒന്നിന് ഇത് നിലവില്‍ വന്നു.ശൈശവവിവാഹ നിയന്ത്രണ നിയമപ്രകാരം 18 വയസ്സ് പൂര്‍ത്തീകരിക്കാത്ത ആണ്‍കുട്ടികളും 15 വയസ്സ് പൂര്‍ത്തീകരിക്കാത്ത പെണ്‍കുട്ടികളും വിവാഹിതരാകുന്നത് കുറ്റകരമാണ്. പിന്നീട് 1940 ലും 1978 ലും ഈ നിയമത്തിന് ഭേദഗതി ഉണ്ടായി. ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ഉം പെണ്‍കുട്ടികളുടേത് 18 ഉം ആയി ഉയര്‍ത്തി. 2007 നവംബര്‍ ഒന്നിന് ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്നു. കൂടുതല്‍ കര്‍ക്കശമായ നിയമമാണിത് നിയമങ്ങളെല്ലാം ഉണ്ടെങ്കിലും പ്രതിദിനം 3900 ശൈശവവിവാഹങ്ങള്‍ നടക്കുന്നു എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതിന്റെ പ്രത്യാഘാതങ്ങളായി മാതൃമരണം, ശിശുമരണം, പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പുള്ള നിരവധി പ്രസവങ്ങള്‍, ഇവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ശൈശവമാതാക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവ വര്‍ദ്ധിച്ചുവരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് എല്ലാവര്‍ഷവും ജനുവരി 24 “ദേശീയ പെണ്‍കുട്ടി ദിനമായി ആചരിക്കുന്നത്.
മുന്‍ നിലപാടിന് വിരുദ്ധം
സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ ഇന്ത്യ മുന്‍കാലങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുകയും പൊതുധാരണകളില്‍ ഒപ്പുവക്കുകയും ചെയ്തീട്ടുണ്ട്. കുട്ടികളുടെ അവകാശത്തിനായുള്ള യു.എന്‍. കണ്‍വെന്‍ഷന്‍, സ്ത്രീവിവേചന നിര്‍മ്മാര്‍ജന കണ്‍വെന്‍ഷന്‍, സാമ്പത്തിക-സാമൂഹിക-സാംസ്‌ക്കാരിക അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ എന്നിവ ഇവയില്‍ ചിലതാണ്. മുന്‍കാല നിലപാടുകളില്‍ നിന്ന് മാറി ചിന്തിക്കാന്‍ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തെ പ്രേരിപ്പിച്ചത് എന്തായിരിക്കും?
വോട്ടും നോട്ടും തന്നെ പ്രധാനം
2015 മുതല്‍ ശൈശവ വിവാഹവും പ്രായമാകുന്നതിന് മുമ്പുള്ള നിര്‍ബന്ധിത വിവാഹങ്ങളും തടയുന്നതില്‍ ശ്രദ്ധപതിപ്പിക്കുമെന്നായിരുന്നു യു.എന്‍ പ്രമേയത്തിലെ ആവശ്യം. ഗാന്ധിജിയുടെ ഭാരതം ഇതിനെ പിന്തുണക്കേണ്ടതല്ലെ? പിന്നെ എന്തുപറ്റി? ഉത്തരേന്ത്യയില്‍ ഏതാനും സംസ്ഥാനങ്ങളില്‍ അടുത്ത മാസം തിരഞ്ഞടുപ്പ് വരുന്നു. ലോകസഭാതെരഞ്ഞെടുപ്പും അടുത്തത്തി. ഓരോ മതത്തിലേയും അതീശശക്തികള്‍ പലപ്പോഴും ശൈശവവിവാഹത്തിന്‍ അനുകൂലമാണ്. വോട്ടുബാങ്കിന്റെ താക്കോലും അവരുടെ കയ്യിലാണ്. .അവരെ പിണക്കിയാല്‍ വോട്ടും അധികാരവും അതുവഴിയുള്ള സമ്പത്തും നഷ്ടമാകും. വനിതകള്‍ എങ്ങ്ിനെയെങ്കിലും സഹിച്ചും പൊറുത്തും പുരുഷന്മാര്‍ പറയുന്നിടത്ത് വോട്ട ചെയ്യും. ഇതായിരിക്കാം നേതൃത്വത്തിന്റെ കണ്ടെത്തല്‍. തിരഞ്ഞെടുപ്പുകാലത്ത് വോട്ടിനും നോട്ടിനുമല്ലേ പ്രാധാന്യം ? ഇതായിരിക്കും നിലപാടുമാറ്റത്തിന് കാരണം. എല്ലാ രാഷ്ട്രീയ കക്ഷികളും ഏറെക്കുറെ നിശബ്ദത പാലിക്കുന്നതും ഈ തത്ത്വം മനസ്സിലാക്കിയതുകൊണ്ടായിരിക്കുമോ ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply