ശിക്ഷയുടെ അര്‍ത്ഥഭേദങ്ങള്‍

ജിനേഷ് പൂനത്ത് ശിക്ഷ എന്ന വാക്കിന് വിദ്യാഭ്യാസം എന്ന അര്‍ത്ഥത്തേക്കാള്‍ പരിചിതമായത് കുറ്റവാളികളായി അടയാളപ്പെടുത്തപ്പെടുന്നവര്‍ക്ക് ഭരണകൂടമോ മറ്റ് തരത്തിലുള്ള അധികാരവര്‍ഗങ്ങളോ കല്‍പ്പിച്ചു നല്‍കുന്ന പ്രതിഫലമാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥി സമൂഹവും ഭരണകൂടവും തമ്മില്‍ രൂക്ഷമാകുന്ന സംഘര്‍ഷങ്ങള്‍ തുടരുകയും കാലങ്ങളായി നിലനിര്‍ത്തപ്പെട്ടിരുന്ന സര്‍ഗാത്മക ഇടങ്ങളിലേക്ക് ഭരണകൂടത്തിന്റെ കാവലാളുകള്‍ കടന്നെത്തി വിലക്കിന്റെ ചുമരെഴുത്തുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നത്, തങ്ങളുടെ ജീവിത വീക്ഷണങ്ങളെ, നിലപാടുകളെ നിര്‍ണ്ണയിക്കാന്‍ ഒരുങ്ങുന്ന ഭരണകൂടവുമായുള്ള വിദ്യാര്‍ഥി സമൂഹത്തിന്റെ ഏറ്റുമുട്ടില്‍ പുതിയ തലത്തിലേക്ക് രൂപപ്പെടുന്നുവെന്നതാണ്. ശിക്ഷ […]

sssജിനേഷ് പൂനത്ത്

ശിക്ഷ എന്ന വാക്കിന് വിദ്യാഭ്യാസം എന്ന അര്‍ത്ഥത്തേക്കാള്‍ പരിചിതമായത് കുറ്റവാളികളായി അടയാളപ്പെടുത്തപ്പെടുന്നവര്‍ക്ക് ഭരണകൂടമോ മറ്റ് തരത്തിലുള്ള അധികാരവര്‍ഗങ്ങളോ കല്‍പ്പിച്ചു നല്‍കുന്ന പ്രതിഫലമാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥി സമൂഹവും ഭരണകൂടവും തമ്മില്‍ രൂക്ഷമാകുന്ന സംഘര്‍ഷങ്ങള്‍ തുടരുകയും കാലങ്ങളായി നിലനിര്‍ത്തപ്പെട്ടിരുന്ന സര്‍ഗാത്മക ഇടങ്ങളിലേക്ക് ഭരണകൂടത്തിന്റെ കാവലാളുകള്‍ കടന്നെത്തി വിലക്കിന്റെ ചുമരെഴുത്തുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നത്, തങ്ങളുടെ ജീവിത വീക്ഷണങ്ങളെ, നിലപാടുകളെ നിര്‍ണ്ണയിക്കാന്‍ ഒരുങ്ങുന്ന ഭരണകൂടവുമായുള്ള വിദ്യാര്‍ഥി സമൂഹത്തിന്റെ ഏറ്റുമുട്ടില്‍ പുതിയ തലത്തിലേക്ക് രൂപപ്പെടുന്നുവെന്നതാണ്.
ശിക്ഷ എന്ന വാക്കിന് വിദ്യാഭ്യാസമെന്ന അര്‍ത്ഥത്തിന് പകരം അധികാരമേല്‍ക്കോയ്മ കുറ്റവാളിയായി കല്‍പ്പിക്കപ്പെടുന്നവര്‍ക്ക് നിര്‍ദാക്ഷിണ്യം പ്രഖ്യാപിക്കുന്ന പ്രതിഫലവും പ്രതിവിധിയുമായി മാറുന്നിടത്താണ് ഉന്നത വിദ്യാഭ്യാസമേഖല അടക്കമുള്ള കാമ്പസുകള്‍ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ തുറന്നുവയ്ക്കുന്ന കണ്ണാടിയായി മാറുന്നതും.
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ രാജ്യത്തെ വിവിധ മേഖലകളിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥി സമൂഹവുമായി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെടുകയും അതിന്നും തുടരുകയുംചെയ്യുന്നു. മോഡിയുടെ വലംകൈ എന്ന അഹങ്കാരത്തില്‍ നിര്‍ദാക്ഷിണ്യ നിലപാടുകളിലൂടെ ശിക്ഷാവിധികള്‍ പ്രഖ്യാപിച്ച്, വിദ്യാര്‍ഥി നേതൃത്വത്തിന് നേരെ ജയില്‍വാതിലുകള്‍ തുറന്നുവയ്ക്കാന്‍ ഉത്സാഹിക്കുകയും ചെയ്ത സ്മൃതി ഇറാനിക്ക് പകരം പ്രകാശ് ജാവദേക്കര്‍ വിദ്യാഭ്യാസമേഖലയുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തതോടെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങുകയല്ല അമര്‍ന്ന് എരിയുകയാണെന്നതാണ് യാഥാര്‍ഥ്യം.
പൊതു തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ശത്രുവായ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിച്ച് ബലിദാനി പരിവേഷം നേടിയെടുത്ത ആനുകൂല്യത്തില്‍നിന്ന് മാത്രം മന്ത്രിസ്ഥാനത്തെത്തിയ സ്മൃതിക്ക് താങ്ങാനാകുന്നതിനപ്പുറമായിരുന്നു വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനുള്ള സംഘപരിവാര്‍ അജന്‍ഡ. അവരുടെ മാറ്റം അനിവാര്യമായി തീരുകയും പകരം കാലങ്ങളായി സംഘ പ്രചാരകനായി പ്രവര്‍ത്തിച്ച് അജന്‍ഡകള്‍ എങ്ങിനെ നടപ്പാക്കണമെന്ന് കൃത്യമായി അറിയാവുന്ന പ്രകാശ് ജാവേദക്കര്‍ കടന്നെത്തുകയും ചെയ്തതോടെ വിവാദങ്ങള്‍ ഒഴിവാക്കി തീരുമാനങ്ങള്‍ പ്രാവര്‍ത്തിക്കമാക്കുകയെന്ന തന്ത്രമാണ് പരീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരം ഭരണകൂട ഇടപെടലുകള്‍ക്കെതിരേ ഉയരുന്ന പ്രതിഷേധം ആളിപ്പടരുന്നതിനു പകരം അമര്‍ന്നുകത്തുന്ന തരത്തിലേക്ക് മാറിയതും. ഇതിനര്‍ത്ഥം അമര്‍ന്ന് അണഞ്ഞില്ലാതാകുമെന്നല്ല, ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാമ്പസുകളുടെ അകംപൊള്ളി നീറിപുകഞ്ഞ് വന്‍ പ്രതിഷേധമായി ഉയര്‍ന്നേക്കുമെന്നതുതന്നെയാണ്.
അജന്‍ഡകള്‍ എന്തായാലും ശരി പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തതയോടെ അവതരിപ്പിച്ച് ശരി തെറ്റുകളെ ഇഴപിരിച്ച് പരിശോധിച്ച് നടപ്പാക്കേണ്ടുന്ന കേന്ദ്ര വിദ്യാഭ്യാസ നയം നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടര വര്‍ഷമായിട്ടും നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നിടത്താണ് സംഘ പരിവാര്‍ നിലപാടുകളും അകംപൊള്ളുന്ന കാമ്പസുകളുടെ പ്രതിരോധവും എങ്ങിനെ വിദ്യാഭ്യാസ മേഖലയെ തളര്‍ത്തുന്നുവെന്ന് തിരിച്ചറിയുക. സ്മൃതി ഇറാനി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പുറത്ത്‌വന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ കരട് വന്‍തോതിലുള്ള വിവാദങ്ങള്‍ക്ക് ഇട നല്‍കുകയും തുടര്‍ന്ന് പിന്‍വലിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍നിന്ന് മന്ത്രിമാറ്റത്തോടെ പുതു പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതുതന്നെ നയരൂപീകരണത്തില്‍ സര്‍ക്കാറിന് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കപ്പെടുന്നു.
വിദ്യാഭ്യാസ നയത്തിന്റെ കരട് ഒരോ ജില്ലാതലങ്ങളിലും ചര്‍ച്ച ചെയ്യപ്പെടണമെന്നും ഇത്തരത്തിലുള്ള വ്യാപക ചര്‍ച്ചയിലൂടെ ഉരുത്തിരിയപ്പെടുന്ന നിര്‍ദേശങ്ങളും ആശയങ്ങളും വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കി മാറ്റപ്പെടുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചത് സുതാര്യതയെന്ന വ്യാമോഹത്തിന് വേണ്ടിയായിരുന്നോയെന്ന് ആശങ്കപ്പെട്ടുപോകുന്നത്, ജില്ലാ തലങ്ങളില്‍ പോയിട്ട് നിയമ നിര്‍മാണ സഭയായ പാര്‍ലമെന്റില്‍ പോലും ഇതുവരെ അവതരിപ്പിക്കപ്പെട്ടില്ലെന്നിടത്താണ്. അടുത്ത മാസം നടക്കാന്‍ പോകുന്ന ബജറ്റ് സമ്മേളനത്തിലും ഇത്തരമൊരു നിയമത്തിനുമേലുള്ള ചര്‍ച്ച നടന്നേക്കാനുള്ള സാധ്യതയും തെളിയുന്നില്ല. അതുകൊണ്ട് തന്നെ നയ പ്രഖ്യാപനമില്ലാതെ സംഘ പരിവാര്‍ ആജ്ഞാനുവര്‍ത്തികളായ അക്കാദമിക് തലവന്‍മാരിലൂടെ അജന്‍ഡകള്‍ നടപ്പാക്കുകയെന്ന ഗൂഢ തന്ത്രമാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതെന്ന് സംശയിക്കപ്പെടുകയും ഈ സംശയത്തിന്റെ കനലില്‍ പ്രതിഷേധങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു.
കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് ദളിത് ജീവിതങ്ങള്‍ക്ക് മേല്‍ വീഴുന്ന ഒരോ മഴു അടയാളങ്ങളും എണ്ണിതിട്ടപ്പെടുത്തി പ്രതിഷേധത്തിന്റെ ഉയിര്‍പ്പുകള്‍ വളര്‍ത്തിയെടുക്കാന്‍ ഒരുമ്പെട്ടിറങ്ങുന്ന മുഖ്യധാരാ ഇടതുപക്ഷത്തിന് ഇതില്‍നിന്നുള്ള രാഷ്ട്രീയ ലാഭത്തില്‍ മാത്രമാണ് കണ്ണെന്നും പുറമ്പോക്കില്‍നിന്നുള്ള ദളിത് മോചനമല്ലെന്നും വിദ്യാഭ്യാസ സമൂഹം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐയുടെ കോലം കത്തിച്ച് ദളിത് വിദ്യാര്‍ത്ഥി സംഘടനയായ ബാപ്‌സ രംഗത്ത്‌വന്നത്. കേരളത്തിലെ പിണറായി സര്‍ക്കാറിനു കീഴില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരേ വിവേചനപരമായ ആക്രമണമാണ് നടക്കുന്നതെന്നും ദളിത് വിദ്യാര്‍ത്ഥികള്‍ ഇടതുപക്ഷ സംഘടനകള്‍ക്ക് മര്‍ദനോപകരണമോ അല്ലെങ്കില്‍ ശത്രുവിനെ മര്‍ദ്ദിക്കാനുള്ള ആയുധമോ ആയി മാറുന്നുവെന്നും ആരോപിച്ചായിരുന്നു ബാപ്‌സയുടെ പ്രതിഷേധം. മുണ്ടുടുത്ത മോഡിയെന്ന് പിണറായി വിജയനെ ഘടകകക്ഷി നേതാക്കള്‍ തന്നെ ആരോപിക്കുന്നതിനുംമുമ്പ് ദളിത് വിദ്യാര്‍ഥിസമൂഹം ഇത്തരത്തില്‍ മുദ്ര ചാര്‍ത്തിനല്‍കിയതും പ്രവര്‍ത്തന രീതിയിലേയും ഇടപെടലുകളിലേയും ഭരണകൂട സാമ്യതയെ മുന്‍നിര്‍ത്തിതന്നെയായിരുന്നു.
ഭരണകൂടങ്ങള്‍ക്കെതിരേ പ്രതിരോധമുയര്‍ത്തി ത്യാഗനിര്‍ഭര സമരങ്ങളിലൂടെ പടര്‍ന്ന് അവസാനം ഭരണകൂടം തന്നെയായി പരിണമിച്ച മുഖ്യധാരാ ഇടതുപക്ഷം കാലത്തിന്റെ വിചാരണയില്‍ ദളിത് വിദ്യാര്‍ഥി സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വിയര്‍ക്കേണ്ടിവരുമെന്നതുതന്നെയാണ് സമകാലിക ഉന്നത വിദ്യാഭ്യാസ കേന്ദ്ര കാമ്പസുകളിലെ ഉയിര്‍പ്പുകള്‍ അടയാളപ്പെടുത്തുന്നതും.
പൊള്ളുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കുമേല്‍ വിപ്ലവത്തിന്റെ കനല്‍ പുതച്ച് പരസ്പരം ഹൃദയത്തെ ചേര്‍ത്തുവച്ച എഴുപതുകളിലെ കേരള കാമ്പസുകളില്‍നിന്ന് മാറി, ജാതിയും മതവും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തിയ സൗഹൃദങ്ങളുടെ ഇടനാഴിയില്‍ സര്‍ഗാത്മകതയും ആവശ്യഘട്ടത്തില്‍ അതിജീവനത്തിന്റെ വിപ്ലവ പുതു പാഠങ്ങളും മറക്കപ്പെട്ട ദുരന്തപൂര്‍ണ്ണമായ കൗമാര യൗവനങ്ങളിലേക്ക് സമകാലിക കാമ്പസ് മാറിയതിന്റെ ദയനീയതയാണ് സമീപ കാലത്തായി പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കാലങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയതിനെ ഒരൊറ്റ ദിവസത്തെ ആവേശത്തില്‍ അടിച്ചുതകര്‍ക്കുന്നത് മാത്രമാണ് പ്രതിഷേധത്തിന്റെ അടയാളപ്പെടുത്തലെന്നും ഇതുകഴിഞ്ഞ് കാമ്പസുകളുടെ ഇരട്ടറകളിലേക്ക് വലിഞ്ഞ് വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും മുഖം ഒളിപ്പിച്ച് മത ജാതി സ്വതബോധത്തിന്റെ അതിരുകളില്‍ മറഞ്ഞിരുന്ന് നീട്ടിവലിച്ച് പോസ്റ്റിട്ട് കഴിഞ്ഞതെല്ലാം മറക്കാന്‍ വളരെ വേഗം സാധിക്കുന്ന തന്നിലേക്ക് ചുരുങ്ങിയ വിദ്യാര്‍ഥി സമൂഹമായി രൂപാന്തരപ്പെടുകയും ചെയ്യുമ്പോള്‍ നാളെകള്‍ നമുക്ക് മുന്നില്‍ ശുഭസൂചനയായി മാറുന്നേയില്ല.
സമകാലിക കേരളാ കാമ്പസുകളെ ചേര്‍ത്ത്‌വയ്ക്കുമ്പോള്‍ ആത്മഹത്യയ്ക്കും കൊലയ്ക്കും ഇടയിലെന്ന് കവിയെഴുതിയത് സത്യമാകുന്നു. നീറുന്ന സമകാലിക യാഥാര്‍ഥ്യങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി വിശകലനം ചെയ്ത് കത്തിപ്പടര്‍ന്ന് പൊട്ടിത്തെറിക്കേണ്ട കാലത്ത്, രാഷ്ട്രീയ ലാഭം മാത്രം മുന്‍നിര്‍ത്തി കീ കൊടുത്ത വിടുന്ന പാവകളെപോലെ അടിച്ചുതകര്‍ത്ത് വീണ്ടും നനഞ്ഞുകുതിര്‍ന്ന പടക്കമായി മാറുന്ന സമകാലിക കേരളീയ കാമ്പസുകളോട്, ഏകാധിപത്യ ഭരണകൂടത്തിന്റെ അടയാളങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന സംവിധാനത്തിന് മുന്നില്‍ കനത്ത പ്രതിരോധം തീര്‍ക്കുന്ന ഗ്രാമീണ ദളിത് വിദ്യാര്‍ഥി സമൂഹം പൊട്ടിത്തെറിക്കുക ഇങ്ങനെയാകും: അവനോട് പറയാത്ത തെറി വാക്ക് കെട്ടികിടന്നെന്റെ നാവു പൊള്ളുന്നു.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply