ശാസ്ത്രകാരന്മാര്‍ തെരുവിലിറങ്ങുമ്പോള്‍

വടക്കേടത്ത് പത്മനാഭന്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപും ഇന്ത്യയില്‍ നരേന്ദ്ര മോഡിയും അധികാരത്തിലെത്തിയതോടെ ശാസ്ത്ര ലോകത്തിന് അമ്പരപ്പുളവാക്കുന്ന ചില നയ വ്യതിയാനങ്ങളുണ്ടായി. ശാസ്ത്ര ലോകം അതുവരെ താലോലിച്ചിരുന്ന ചില ധാരണകളെ അട്ടിമറിക്കുന്ന തീരുമാനങ്ങളാണവര്‍ കൈക്കൊണ്ടത്. കാലാവസ്ഥാ വ്യതിയാനം എന്ന ശാസ്ത്ര സങ്കല്പത്തെ വ്യാജമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളയുകയും പാരീസ് ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുകയും ചെയ്തു ട്രംപ്. അത്തരം പ്രൊജക്ടുകളുടെ ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചു. മോദിയാകട്ടെ ശാസ്ത്ര ഗവേഷണങ്ങളില്‍ വേദിക് മാത്തമാറ്റിക്‌സ്, പഞ്ചഗവ്യത്തിന്റെ ഔഷധ ഗുണങ്ങള്‍ തുടങ്ങിയവക്ക് മുഖ്യധാരാ ശാസ്ത്രത്തിന്റെ […]

mmm

വടക്കേടത്ത് പത്മനാഭന്‍

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപും ഇന്ത്യയില്‍ നരേന്ദ്ര മോഡിയും അധികാരത്തിലെത്തിയതോടെ ശാസ്ത്ര ലോകത്തിന് അമ്പരപ്പുളവാക്കുന്ന ചില നയ വ്യതിയാനങ്ങളുണ്ടായി. ശാസ്ത്ര ലോകം അതുവരെ താലോലിച്ചിരുന്ന ചില ധാരണകളെ അട്ടിമറിക്കുന്ന തീരുമാനങ്ങളാണവര്‍ കൈക്കൊണ്ടത്. കാലാവസ്ഥാ വ്യതിയാനം എന്ന ശാസ്ത്ര സങ്കല്പത്തെ വ്യാജമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളയുകയും പാരീസ് ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുകയും ചെയ്തു ട്രംപ്. അത്തരം പ്രൊജക്ടുകളുടെ ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചു. മോദിയാകട്ടെ ശാസ്ത്ര ഗവേഷണങ്ങളില്‍ വേദിക് മാത്തമാറ്റിക്‌സ്, പഞ്ചഗവ്യത്തിന്റെ ഔഷധ ഗുണങ്ങള്‍ തുടങ്ങിയവക്ക് മുഖ്യധാരാ ശാസ്ത്രത്തിന്റെ പദവി നല്‍കി. തീര്‍ച്ചയായും ആ വഴിക്ക് കുറേ ഫണ്ട് ഒഴുകിയിട്ടുണ്ടാകുമെന്ന് തീര്‍ച്ച.
ഈ തീരുമാനങ്ങളാണ് ശാസ്ത്രജ്ഞരേയും ഗവേഷണ വിദ്യാര്‍ത്ഥികളേയും ലബോറട്ടറികളില്‍ നിന്ന് തെരുവുകളിലേക്ക് തള്ളിവിട്ടത്. ‘മാര്‍ച്ച് ഫോര്‍ സയന്‍സ്’ എന്ന പേരില്‍ റാലികളുടെ ഒരു പരമ്പര തന്നെയുണ്ടായി അമേരിക്കയില്‍ ഏപ്രില്‍ 22 ന്. ഇന്ത്യയില്‍ ആഗസ്ത് 9 നായിരുന്നു ശാസ്ത്ര സമൂഹത്തിന്റെ തെരുവു പ്രകടനങ്ങള്‍. ഈ റാലികളില്‍ ഉയര്‍ന്നുകേട്ട പ്രധാന മുദ്രാവാക്യങ്ങള്‍ ഇവയാണ്: അശാസ്ത്രീയവും നിഗൂഢവാദപരവുമായ ആശയങ്ങളുടെ പ്രചാരണത്തെ അപലപിക്കുക, ശാസ്ത്രീയ മനോഭാവവും മാനവിക മൂല്യങ്ങളും അന്വേഷണ ത്വരയും പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര-സാങ്കേതിക ഗവേഷണത്തിന് ജിഡിപിയുടെ 3% നീക്കിവെക്കുക (ഇപ്പോഴത് 0.8% മാത്രമാണ്.) ഉന്നത വിദ്യാഭ്യാസത്തിന് ജിഡിപി യുടെ 10% വകയിരുത്തുക, തെളിവിന്റെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ വിജ്ഞാനമല്ലാതെ, നിഗൂഢവാദപരമായ ആശയങ്ങള്‍ വിദ്യാഭ്യാസ വ്യവസ്ഥ പിന്തുടരുന്നില്ലെന്ന് ഉറപ്പു വരുത്തുക, തെളിയിക്കാവുന്ന വസ്തുതകളുടേയും യുക്തിയുടേയും അടിസ്ഥാനത്തില്‍ മാത്രം നയരൂപീകരണം നടത്തുക, ശാസ്ത്രീയാടിസ്ഥാനമില്ലാത്ത ആയുര്‍വേദം, യുനാനി, ഹോമിയോപ്പതി എന്നിവക്ക് പ്രാധാന്യം നല്‍കുന്നത് അവസാനിപ്പിക്കുക എന്നതും അവരുടെ ആവശ്യങ്ങളിലുള്‍പ്പെടും.
ഒറ്റനോട്ടത്തില്‍ പുരോഗമനപരമെന്നും വിമോചനാത്മകമെന്നും തോന്നിക്കുന്ന ആശയങ്ങള്‍ തന്നെയാണിവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. എല്ലാ വ്യാജങ്ങളും വാസ്തവത്തില്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്ന ഈ സത്യാനന്തര കാലത്ത് ശാസ്ത്രം രക്ഷകനായിത്തന്നെയാണ് പ്രത്യക്ഷപ്പെടുക. ശാസ്ത്രം അതിന്റെ ആദര്‍ശാത്കമായ രൂപത്തില്‍ അങ്ങനെ തന്നെയാണു താനും. എന്നാല്‍, പ്രായോഗിക തലത്തില്‍ നിലവിലുള്ള അധീശത്വവുമായി ചേര്‍ന്ന് ഒരു അധികാര പ്രത്യയശാസ്ത്ര വ്യവസ്ഥയായി അത് രൂപാന്തരപ്പെടുന്നുണ്ട്. എപ്പോഴും വിശുദ്ധവും ആരാലും ചോദ്യം ചെയ്യപ്പെടാനാവാത്തതുമെന്ന് അത് അവകാശപ്പെടുമ്പോള്‍ സംശയിക്കണം. ബേക്കണും ദക്കാര്‍ത്തെയും ഐസക് ന്യൂട്ടണും മുതല്‍ വ്യവസായ വിപ്ലവം വരെയുള്ള പൈതൃകത്തില്‍ അഭിരമിച്ച് അധികാര ഗര്‍വ്വ് കാട്ടുമ്പോള്‍ അത് ചോദ്യം ചെയ്യപ്പെടണം. ശാസ്ത്രം അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഉന്മൂലനം ചെയ്യുമെന്നത് ഒരു മിഥ്യാധാരണയാണ്. ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ഒട്ടനവധി പേര്‍ ശാസ്ത്രത്തോടൊപ്പം അന്ധവിശ്വാസങ്ങളും പേറുന്നവരാണ്. ശാസ്ത്ര പഠനം കൊണ്ടുമാത്രം അന്ധവിശ്വാസങ്ങള്‍ അവസാനിപ്പിക്കാനാവില്ലെന്ന് സ്പഷ്ടം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിര്‍ത്തുന്ന സാമൂഹിക ഘടന മാറാത്തിടത്തോളം ശാസ്ത്രം അവയുമായി സഹവര്‍ത്തിത്വത്തിലെത്തുകയാണ് ചെയ്യുക. പെണ്‍കുഞ്ഞുങ്ങളുടെ ചേലാകര്‍മ്മം നടത്തുന്ന മോഡേണ്‍ മെഡിസിന്‍ സര്‍ജന്‍ മറ്റെന്തിനെയാണ് ഉദാഹരിക്കുന്നത്? സാമൂഹിക ഘടനയെ മാറ്റിമറിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളാണ് അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഫലപ്രദമായി ചെറുത്തിട്ടുള്ളത്. മാനവിക മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്ന ധാര്‍മ്മിക ചിന്തകളാണ് അവയ്ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുള്ളത്.
ശാസ്ത്രത്തിന്റെ കേവലമായ പഠനം കൊണ്ട് സാമൂഹ്യ നീതി ഉറപ്പാക്കാനാവില്ലെന്ന് മാത്രമല്ല, ആധുനിക ശാസ്ത്രം സാമ്പത്തിക വ്യവസ്ഥയുമായി ചേര്‍ന്ന് സ്വയം ഒരു അന്ധവിശ്വാസമായും സാമൂഹ്യ തിന്മയായും മാറുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ പിന്‍ബലം കൊണ്ടാണ് നെഹ്‌റൂവിയന്‍ നയപരിപാടികള്‍ വന്‍കിട ഡാമുകളേയും വന്‍ വ്യവസായങ്ങളേയും ഹരിത വിപ്ലവം പോലുള്ള കാര്‍ഷിക പരിഷ്‌കരണങ്ങളേയും പിന്തുണച്ചത്, ഇന്നും പിന്തുണച്ചുകൊണ്ടിരിക്കുന്നത്. അവ വരുത്തിവെച്ച ദുരിതങ്ങള്‍ അനുഭവിക്കുന്ന, അശരണരും അഭയാര്‍ത്ഥികളുമാക്കപ്പെട്ടവര്‍, ഇന്ന് തിരിഞ്ഞു ചിന്തിക്കുമ്പോള്‍ ശാസ്ത്രത്തെ പിടിച്ചാണയിട്ടുകൊണ്ടാണ് അധികാരിവര്‍ഗ്ഗം ന്യായീകരണങ്ങള്‍ കണ്ടെത്തുന്നത്.
വൈദ്യ മേഖലയില്‍ ആധുനിക വൈദ്യശാസ്ത്രം നല്‍കിയ സംഭാവനകള്‍ അത്ഭുതാവഹമാണ്. എന്നാല്‍, അതു മാത്രമെന്ന അധികാര ഗര്‍വ്വ് വരുത്തിവെക്കുന്ന വിനകള്‍ക്ക് പിഴ മൂളുന്നത് പാവം രോഗികളാണ്. ടെക്‌നോക്രസിയുടേയും നിഗൂഢവത്ക്കരണത്തിന്റേയും പരമകാഷ്ഠയില്‍ എത്തിനില്‍ക്കുന്ന ആധുനിക വൈദ്യം വിഭവ ദുര്‍വിനിയോഗത്തിന്റേയും ആഡംബരത്തിന്റേയും വിപണന തന്ത്രങ്ങളുടേയും കൈപ്പിടിയിലാണിന്ന്. വിജ്ഞാനത്തിന്റെ നിഗൂഢവത്ക്കരണവും വരേണ്യവത്ക്കരണവും ആണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌ന കാലുഷ്യത്തിന്റെ കാതല്‍. വൈദ്യ വൈജ്ഞാനികതയുടെ ബദല്‍ സാധ്യതകള്‍ വികസിപ്പിച്ചുകൊണ്ടേ, ഒരുപക്ഷെ, അതിനെ നേരിടാനാവൂ.
അറിവിന്റെ ഏകാവലംബമായി, പ്രപഞ്ചബോധത്തിന്റെ ഏക സ്രോതസ്സായി ആധുനിക ശാസ്ത്ര വ്യവസ്ഥയേയും അതിന്റെ പ്രഖ്യാപിത മാനദണ്ഡങ്ങളേയും പ്രതിഷ്ഠിക്കുന്ന ലോക ബോധമാണ്, അന്യഥാ വിമോചനാത്മകവും പുരോഗമനപരവുമായ ശാസ്ത്രത്തെ ഇപ്രകാരം ജീര്‍ണ്ണിപ്പിച്ചത്. ജ്ഞാന വ്യവസ്ഥകളുടെ ജനാധിപത്യപത്ക്കരണമാണ്, വൈവിധ്യവത്ക്കരണമാണ് ഈ ജീര്‍ണ്ണതയില്‍നിന്നും ശാസ്ത്രത്തെ തന്നെയും വിമോചിപ്പിക്കുക. യാഥാര്‍ത്ഥ്യത്തിന്റെ ബഹുത്വത്തെ അംഗീകരിക്കുകയും പ്രതീകങ്ങളുടേയും സര്‍ഗ്ഗാത്മക അന്വേഷണങ്ങളുടേയും ലോകങ്ങളുടെ സാംഗത്യം മനസ്സിലാക്കുകയും ചെയ്യുമ്പോഴേ വിജ്ഞാനം സമഗ്രവും സമ്പൂര്‍ണ്ണവുമാകൂ. കാര്യകാരണ യുക്തിയുടെ തടവുകാര്‍ മാത്രമല്ല മനുഷ്യര്‍, ദീര്‍ഘദര്‍ശിയും മിസ്റ്റിക്കും നാടോടിയുമാണ്. ലോകത്തെ വിവിധ രീതിയില്‍ വ്യത്യസ്ത കോണുകളില്‍ നിന്ന് കാണാനാവുന്നതിലൂടെയാണ് സംസ്‌കാരം വികസിക്കുന്നതും സമ്പന്നമാകുന്നതും.
‘മാര്‍ച്ച് ഫോര്‍ സയന്‍സ്’ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളില്‍, നിര്‍ഭാഗ്യവശാല്‍ വിജ്ഞാനത്തിന്റെ ജനാധിപത്യവത്ക്കരണമോ, അതുവഴി സയന്‍സിന്റെ തന്നെ വിമോചനമോ ഉള്‍പ്പെടുന്നില്ല. എന്നുമല്ല, ശാസ്ത്രീയതയുടെ ചുവടു പിടിച്ചു മാത്രമേ സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കാനാവൂ എന്നും ആവശ്യമുന്നയിച്ചുകൊണ്ട്, ശാസ്ത്രീയതക്ക് ഏകപക്ഷീയമായ ചില മാനദണ്ഡങ്ങള്‍ കല്പിച്ചു നല്‍കുകയും ചെയ്യുന്നു. ആദര്‍ശാത്മക ശാസ്ത്രത്തിന്റെ വിമോചനപരവും പുരോഗമനപരവുമായ ദിശക്ക് വിരുദ്ധമാണിത്. ഗവേഷണശാലകളുടെ ഇരുട്ടറകളില്‍നിന്ന് തെരുവിലെ ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിവരുന്ന ശാസ്ത്രപ്രതിഭകള്‍ ഇക്കാര്യത്തില്‍ ഒരാത്മപരിശോധനക്ക് തയ്യാറാവേണ്ടതുണ്ട്.

പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply