ശരീരവും ലിംഗവും നവോത്ഥാനവും – ബാബു കുഴിമറ്റം വിവാദത്തിനിടയില്‍ ചില ചിതറിയ ചിന്തകള്‍

യാക്കോബ് തോമസ് പെണ്‍കുട്ടികളോടടുക്കുകയോ അവരുമായി സംസാരിക്കുകയോ മോശമാണെന്നായിരുന്നു എന്റെ വിശ്വാസപ്രമാണം. അവരുടെ മുമ്പില്‍ ഞാന്‍ കൃത്രിമമായ ഗൗരവംനടിക്കും. പെരുമാറ്റം കൊണ്ട് ഞാനൊരു ലമ്പടനാണെന്നു മറ്റൊരാളെക്കൊണ്ട് പറയിക്കാതെ കഴിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചു. ഏതെങ്കിലും ഒരു പെണ്‍കുട്ടി എന്റെ മുകത്തുനോക്കി ഒന്നു പുഞ്ചിരിച്ചാല്‍ ഞാന്‍ കനപ്പിച്ച് ഇരിക്കും. എന്നില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാവില്ല. എന്റെ ഉള്ളില്‍ പെണ്‍കുട്ടികളോട് ഒരു വിദ്വേഷം തന്നെ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു – കേരളത്തില്‍ നവോത്ഥാനം കൊടുമ്പിരകൊണ്ട് കാലത്ത് അതിന്റെ ആത്മാവുപേറി വളര്‍ന്ന ചെറുകാടിന്റെ ആത്മകഥയിലെ […]

sexയാക്കോബ് തോമസ്
പെണ്‍കുട്ടികളോടടുക്കുകയോ അവരുമായി സംസാരിക്കുകയോ മോശമാണെന്നായിരുന്നു എന്റെ വിശ്വാസപ്രമാണം. അവരുടെ മുമ്പില്‍ ഞാന്‍ കൃത്രിമമായ ഗൗരവംനടിക്കും. പെരുമാറ്റം കൊണ്ട് ഞാനൊരു ലമ്പടനാണെന്നു മറ്റൊരാളെക്കൊണ്ട് പറയിക്കാതെ കഴിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചു. ഏതെങ്കിലും ഒരു പെണ്‍കുട്ടി എന്റെ മുകത്തുനോക്കി ഒന്നു പുഞ്ചിരിച്ചാല്‍ ഞാന്‍ കനപ്പിച്ച് ഇരിക്കും. എന്നില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാവില്ല. എന്റെ ഉള്ളില്‍ പെണ്‍കുട്ടികളോട് ഒരു വിദ്വേഷം തന്നെ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു – കേരളത്തില്‍ നവോത്ഥാനം കൊടുമ്പിരകൊണ്ട് കാലത്ത് അതിന്റെ ആത്മാവുപേറി വളര്‍ന്ന ചെറുകാടിന്റെ ആത്മകഥയിലെ ഈ ഭാഗം (ജീവിതപ്പാത, അധ്യാ. 13) അക്കാലത്തെ ആണ്‍വളര്‍ച്ചയിലെ ഒരു സന്ധിയെ കാണിക്കുന്നുണ്ട്. പുതിയ സാമുഹിക മാറ്റങ്ങളിലേക്കു സഞ്ചരിച്ച അക്കാലത്തെ സമൂഹത്തിന്റെ വലിയ ശത്രു ഫ്യൂഡല്‍കാലവും അതിലെ ജാതിയും മരുമക്കത്തായവുമായിരുന്നു. ഇതില്‍ മക്കത്തായത്തിന്റെ വേരുകള്‍ ആഴ്ന്നുകൊണ്ടിരുന്ന സമൂഹത്തില്‍ മരുമക്കത്തായത്തിന്റെ ശേഷിപ്പുകള്‍ വലിയ ഭീഷണിയായിരുന്നു. അതാണിവിടെ സൂചിപ്പിക്കുന്ന ലമ്പടത്തം.  മരുമക്കത്തായത്തിലെ സംബന്ധലൈംഗികതയുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമാണ് ഈ ലമ്പടത്തം. നവോത്ഥാനം ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്തത് അനവധി സ്ത്രീകളെ/ പുരുഷന്മാരെ പ്രാപിക്കുന്ന സംബന്ധത്തിന്റെ ലമ്പടത്തെയാണ്. നവോത്ഥാനത്തിന്റെ മൂല്യക്രമത്തിലേക്കു വളരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ വെല്ലുവിളി ഈ ലമ്പടത്തം ഇല്ലാതാക്കുക എന്നതാണ്. ലമ്പടത്തം ഇല്ലാതാക്കി ഒരാളെ മാത്രം പ്രണയിക്കുന്ന, വിവാഹം ചെയ്യുന്ന ആദര്‍ശാത്മകതയിലേക്കു പ്രവേശിക്കുന്നതോടെയാണ് അയാളൊരു നവോത്ഥാന കേരളീയനാകുന്നുള്ളു. ചുരുക്കത്തില്‍ നവോത്ഥാനം കേരളീയതയിലെ ലമ്പടത്തത്തെ നീക്കംചെയ്ത് ലൈംഗികവികാരങ്ങള്‍ അടക്കിയ പുരുഷനെയും സ്ത്രീയെയും നിര്‍മിക്കുകയായിരുന്നു. ഇതിന്റെ വിപുലമായ ആഖ്യാനമാണ് ഇന്ദുലേഖ നോവല്‍  ലമ്പടത്തത്തില്‍ നിന്ന് ഒരാളെമാത്രം ആഗ്രഹിക്കുന്ന പരിണാമം ഇവിടെ കാണാം.
നമ്പൂതിരിപ്പാട്: ശരി, സമ്മതിച്ചു. എന്നാല്‍ ഒരു പുരുഷനു് ഒരു സ്ത്രീയെ കണ്ടു കലശലായ ഭ്രമമുണ്ടായി ആ സ്ത്രീക്കു് ആ പുരുഷനില്‍ അശേഷം ഭ്രമമുണ്ടായതുമില്ല. ഇങ്ങിനെ വന്നാല്‍ ആ പുരുഷന്റെ ഭ്രമനിവൃത്തിക്കു് എന്തു മാര്‍ഗ്ഗമാണു് ഉള്ളതു്?
ചെറുശ്ശേരിനമ്പൂരി: ‘ഭ്രമം’ ‘ഭ്രമം’ എന്നു് ഇവിടുന്നു് പറയുന്നതിന്റെ താല്‍പര്യം എനിക്കു നല്ലവണ്ണം മനസ്സിലായില്ല. ‘ആഗ്രഹം’ എന്നാണു് ഈ വാക്കിനു് അര്‍ത്ഥം ഉദ്ദേശിച്ചത് എന്നുവരികില്‍ സ്ത്രീക്ക് ഇങ്ങട്ട് ആഗ്രഹമില്ലെന്നറിഞ്ഞാല്‍ പുരുഷന്‍ ധൈര്യത്താല്‍ തനിക്കു അങ്ങട്ടുള്ള ആഗ്രഹത്തെ ജയിച്ച്, ആ സ്ത്രീയുമായുള്ള സുഖാനുഭവത്തില്‍ ഉണ്ടാവുന്ന കാംക്ഷയെ ത്യജിക്കണം………..
നമ്പൂതിരിപ്പാട്: ഇതു ചെറുശ്ശേരി പറയുന്നതു കുറെ വിഡ്ഢിത്വമാണെന്ന് എനിക്കു തോന്നുന്നു. പുരുഷന് ഇഷ്ടപ്രകാരം ഒരു സ്ത്രീയെ സാധിക്കുന്നുവെങ്കില്‍ പിന്നെ ആ സ്ത്രീക്കു് ആ പുരുഷനോടു് ഇങ്ങട്ടു ഭ്രമമുണ്ടായിരുന്നുവോ ഇല്ലയോ എന്നു് എന്തിനു ചിന്തിക്കണം?
ചെറുശ്ശേരിനമ്പൂരി: ഞാന്‍ പറഞ്ഞു മനസ്സിലാക്കാം. ഒരു സ്ത്രീസുഖം പുരുഷനു സാധിച്ചു എന്നു പറയണമെങ്കില്‍ ആ സ്ത്രീയെ പുരുഷന്‍ രമിപ്പിച്ചു സുഖിപ്പിച്ചിട്ടുവേണം. ഒരു സ്ത്രീയെ താന്‍ രമിപ്പിക്കുന്നതില്‍നിന്നും തന്നാല്‍ അവള്‍ രമിച്ചു സുഖിക്കുന്നു എന്ന് അറിയുന്നതില്‍നിന്നുമാണ് പുരുഷനു സുഖാനുഭവം ഉണ്ടാവേണ്ടത്. അപ്രകാരംതന്നെ ഒരു പുരുഷനുമായി സുഖിച്ചു എന്ന് ഒരു സ്ത്രീ പറയേണ്ടത് ആ പുരുഷനെ സ്ത്രീ രമിപ്പിച്ചു സുഖിപ്പിച്ചാല്‍ മാത്രമാണ്. ഈ സുഖാനുഭവം അന്യോന്യം സംപൂര്‍ത്തിയായി ഉണ്ടാവേണമെങ്കില്‍ അന്യോന്യം കലശലായ അനുരാഗം ഉണ്ടായിരിക്കേണം. അങ്ങിനെയല്ലാതെ സ്ത്രീസുഖം സാധിക്കുവാന്‍ ഇച്ഛിക്കുന്നവര്‍ മൃഗപ്രായം സാധിച്ചാല്‍ എന്തോ അന്യോന്യം ചില ഗോഷ്ഠികള്‍ കാണിച്ചു എന്നു മാത്രമേ പറഞ്ഞുകൂടു.
നമ്പൂതിരിപ്പാട്: ശിക്ഷ! ഇതു മഹാദുര്‍ഘടംതനെ. ഇങ്ങിനെയായാല്‍ വളരെ സ്ത്രീകളുമായി സുഖിപ്പാന്‍ ഒരു പുരുഷനു സാധിക്കുകയില്ല, നിശ്ചയം.
ചെറുശ്ശേരിനമ്പൂരി: ശരി, സൂക്ഷ്മത്തില്‍ ഒരു പുരുഷനു് ഒരു സ്ത്രീ. ഒരു സ്ത്രീക്ക് ഒരു പുരുഷന്‍. അങ്ങിനെയാണു സൃഷ്ടി സ്വഭാവേന വെച്ചിട്ടുള്ളത്.
പലരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ കഴിയുമായിരുന്ന സംബന്ധം ഇവിടെ ഭ്രമമാകുന്നു. അതിനെ ഇല്ലാതാക്കിയ ശത്രുവാണ് ആഗ്രഹം. കാണുന്ന സ്ത്രീകളെയെല്ലാം പ്രാപിക്കാന്‍ തോന്നുന്ന ഭ്രമത്തെ നിരോധിച്ച് ഒരാളില്‍ ലൈംഗികത ഒതുക്കുവാന്‍ ആവശ്യപ്പെടുന്ന ആഗ്രഹത്തിന്റെ രൂപീകരണത്തെയാണ് നോവല്‍ വിവരിക്കുന്നത്. പലരെ പ്രാപിക്കുന്ന ഭ്രമം തെറ്റാകുകയും ആഗ്രഹം പ്രകൃതിനിയമമായ ശരിയാവുകയും ചെയ്യുന്നു. പെണ്ണുങ്ങളെ കാണുമ്പോഴെല്ലാം ഭ്രമം തോന്നുന്ന സൂരിനമ്പൂതിരിപ്പാടിന്റെ സ്ഥാനത്ത് ഒരാളെ പ്രണയിക്കുന്ന മാധവന്മാര്‍ കടന്നുവരുന്നു. ഇവരാണ് പുതിയ കേരളത്തിന്റെ ആണത്ത വൈകാരികതയെ അടയാളപ്പെടുത്തിയത്.  ഈ ആഗ്രഹത്തിന്റെ കേന്ദ്രം മനസാണ്. മനസുകൊണ്ട് പ്രണയിക്കകുയും ശരീരത്തെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നതാണ് അക്കാലത്തെ സ്‌നേഹം. ശരീരം അത്ര പ്രധാനമല്ലിവിടെ. ശരീരം രണ്ടാംകിടയാവുന്നതോടെ ശരീരബന്ധങ്ങള്‍ അടിസ്ഥാനപരമായി മോശമാവുകയും അതിനാല്‍ പലരെ പ്രാപിക്കുന്നത് കുറ്റകരമായ ഒന്നായി അടയാളപ്പെടുകയും ചെയ്യുന്നു.  ഇവിടെയാണ്  പ്രണയ ആത്മഹത്യകള്‍ ഉന്നയിക്കപ്പെടുന്നത്. മനസുകൊണ്ട് പ്രണയിച്ച ആളെ വിവാഹത്തിനായി കിട്ടാതാകുമ്പോള്‍ മറ്റൊരാളുടെ പങ്കാളിയാകുന്നത് കുറ്റകരമാകുന്നു.  കുമാരനാശാന്റെ വീണപൂവിലെ പൂവിന്റെ ആത്മഹത്യ ഈ ലൈംഗികതാ പരിവര്‍ത്തന പശ്ചാത്തലത്തിലാണ് ഉന്നയിക്കുന്നത്.
ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
‘എന്നെച്ചതിച്ചു ശഠ’നെന്നതു കണ്ടു നീണ്ടു
വന്നേറുമാധിയഥ നിന്നെ ഹനിച്ചു പൂവേ
താന്‍ സ്‌നേഹിച്ച വണ്ട് തന്നില്‍ മാത്രമല്ല മറ്റ് നിരവധി പൂവുകളിലും തേന്‍ നുകരുന്നുണ്ടെന്ന കുസുമാന്തരലോലത്വം തിരിച്ചറിവാണ് പൂവിന്റെ ജീവന്‍ അപഹരിച്ചത്. അനവധി ലൈംഗികത പാപമാണെന്നും ആ പാപം ചെയ്യുന്നതിന്റെ ശിക്ഷ മരണമാണെന്നും നമ്മുടെ സാംസ്‌കാരിക അന്തരീക്ഷത്തില്‍ ഉറപ്പിക്കപ്പെടുകയായിരുന്നു ഇത്തരം ആഖ്യാനങ്ങള്‍ ചെയ്തത്. കുമാരനാശാന്റെ കവിതകളിലെല്ലാം ആധുനിക പ്രണയവും അത് പൂര്‍ത്തിയാവാഞ്ഞ് നായികമാര്‍ ആത്മഹത്യ ചെയ്യുന്നതുമാണ്. ഒരാളെ മനസുകൊണ്ട് പ്രണയിച്ചുകഴിഞ്ഞാല്‍ ഭാവി ജീവിതത്തിന് അയാളെ ലഭിച്ചിരിക്കണമെന്നും മറ്റൊരാളുടെ ഒപ്പം ജീവിതം പങ്കിടുന്നത് പാപമാണെന്നുമുള്ള ചിന്ത ആശാന്‍ കവിതകള്‍ ഉന്നയിക്കുന്നു. ചുരുക്കത്തില്‍ നവോത്ഥാനം ഉന്നയിച്ചത് ശരീരത്തിനേക്കാള്‍ പ്രധാനമായ മനസുണ്ടെന്നാണ്. കൊളോണിയില്‍ മതബോധത്തിന്റെ സദാചാരത്തിലൂടെയാണ് ഈ നവബോധ്യങ്ങള്‍ ഇവിടെ വ്യാപിക്കുന്നത്. ഇവിടുത്ത ജാതി വ്യവസ്ഥയുമായി സവിശേഷമായി കണ്ണി ചേര്‍ന്നുകൊണ്ടാണ് ഈ പ്രക്രിയ നടക്കുന്നതും. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഈ മാറ്റത്തെ ‘എല്ലാവരുടെയും’ മാറ്റമായി പൊതുവില്‍ നിര്‍വചിച്ചു.
1.
ശരീരത്തിനെ രണ്ടാംകിടയാക്കുകയും മനസിനെ അതിനുമീതെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ട് നവോത്ഥാനം സ്ത്രീ പുരുഷ വ്യത്യാസത്തെ കൂടുതലായി ഉറപ്പിക്കുകയും സ്ത്രീയെ വീടിനുള്ളിലേക്ക് ഒതുക്കുകയും ചെയ്യുന്നതുകാണാം. മനസിനാല്‍ നിയന്ത്രിക്കപ്പെടുന്ന ശരീരമായിരുന്നു നവോത്ഥാനത്തിലെ ശരീരങ്ങള്‍. അതുകൊണ്ടാണ് പ്രകടമായ ആഭരണ കാഴ്ചകള്‍ക്കല്ല ഈ ശരീരത്തില്‍ പ്രധാന്യം നല്കിയത് മറിച്ച് ‘ആന്തരികമായ മാനസികത’യ്ക്ക് ഊന്നല്‍ നല്കുന്ന സൗന്ദര്യം ധ്വനിപ്പിക്കുന്ന ആഭരണങ്ങളായിരുന്നു.    ശരീരം/ മനസ്, അകം/ പുറം പൊതുവിടം/ സ്വകാര്യയിടം തുടങ്ങിയ നിരവധി ദ്വന്ദങ്ങളിലൂടെ ലിംഗപരമായ വലിയൊരു വേര്‍തിരിവും സ്‌െ്രെതണതയുടെ അകം/വീട് കേന്ദ്രീകൃതമായ വ്യവഹാരങ്ങളെയും അകത്തെ പൊലിപ്പിക്കുന്ന വിധത്തിലുള്ള ശാലീനതയില്‍ ഊന്നുന്ന സ്ത്രീ സൗന്ദര്യവല്കരണവും നടത്തുന്നതായി കാണാം. പുതിയ സൗന്ദര്യവല്കരണ ചിന്തകള്‍ ലിംഗഭേദത്തിലൂന്നുകയും വീടിനുള്ളിലെ ലക്ഷ്മിയായി/ ഗൃഹചക്രവര്‍ത്തിനിയായി അവളെ പ്രതിഷ്ഠിക്കുകയും ഭര്‍ത്താവിനെ പുറത്തിന്റെ ആളായി ചിത്രീകരിക്കുകയും ചെയ്തു.  ഭര്‍ത്താവിന്റെ/ വീടിന്റെ നിലനില്‍പിനാവശ്യമായ, ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താനുള്ള സൗന്ദര്യം സ്ത്രീക്കാകാമെന്നു വാദിക്കുകയും ചെയ്തു. വീട്ടിലിരിക്കുന്ന ഭാര്യ/ കുലീനയ്ക്ക് എതിരായി വേശ്യ എന്ന സ്ത്രീയുണ്ടെന്നും വേശ്യയെപ്പോലെ ഒരു പാട് പുരുഷന്മാരെ ആകര്‍ഷിച്ച് ഭാര്യ ജീവിക്കാന്‍ പാടില്ലെന്നും ഭര്‍ത്താവ് മറ്റ് സ്ത്രീകളെ തേടിപ്പോകാത്തവിധത്തില്‍ അയാളെ വശീകരിച്ച് നിര്‍ത്തുകയായിരിക്കണം ഭാര്യയുടെ ശരീര/ സൗന്ദര്യത്തിന്റെ ലക്ഷ്യമെന്നും വിശദീകരിക്കപ്പെട്ടു. ഈ ഗാര്‍ഹികതയും കുലീനതയും സവര്‍ണത ഏറെ നിറഞ്ഞ സങ്കല്പമായിരുന്നു.
ഇതിലൂടെ അടിസ്ഥാനപരമായി ലൈംഗികത വിലക്കപ്പെട്ട കനിയായി മാറ്റപ്പെടുകയും അതാഗ്രഹിക്കുകന്നതോ അതിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നതോ വിലക്കുകയും ചെയ്യുന്നു. ലൈംഗികത പുരണ്ട ആഘോഷങ്ങളും സാഹിത്യവും ഇക്കാലത്ത് കടുത്ത വിമര്‍ശനത്തിന് വിധേയമാകുന്നതുകാണാം. കൊടുങ്ങല്ലൂര്‍ ഭരണിപോലെ തെറിപ്പാട്ടു പാടുന്ന ഉത്സവങ്ങളെയും മദ്യമൊക്കെ ഉപയോഗിക്കുന്ന ചടങ്ങുകളെയും  നിരോധിക്കണമെന്ന് അക്കാലത്തെ പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. കീഴാളമായ പലതും മ്ലേച്ഛമാക്കപ്പെടുകയും മേലാളമായതു പലതും ശരിയായി നിലനില്‍ക്കപ്പെടുകയും ചെയ്യുന്നു.  ഇതിലൂടെ ലൈംഗികത മുക്തമായ ശരീരങ്ങളെയും മനസുകളെയുമാണ് കേരളീയ നവോത്ഥാനം സവിശേഷമായി നിര്‍മിച്ചെടുത്തത്. അഥവാ ലൈംഗികതയുമായി നടക്കുന്നവരെ വേശ്യകളുടെ അധോലോകമായി മുദ്രകുത്തി ആദര്‍ശാത്മകമായ മുഖ്യധാരയെ ശരിയായി പ്രതിഷ്ഠിച്ചു. ഇതാണ് അക്കാലത്തെ സാഹിത്യത്തിലൊക്കെ മുഴങ്ങിയ ചിന്തകള്‍. ലൈംഗികതമാത്രമല്ല നഗ്‌നതാ വിവരണവും മറ്റും കലയല്ലെന്നും നഗ്‌നത മറച്ചു പറയുന്നതാണ് ശരിയായ കലയെന്നും അക്കാലത്ത് വാദങ്ങളുയരുന്നുണ്ട്. ആധുനിക മലയാളിയുടെ വീട്, മതം, വിദ്യാലയം, പൊതുവിടം,  ഭരണകൂടം മുതലായവയിലെല്ലാം ശരീരത്തിന്റെ ശൂന്യതയോ ബഹിഷ്‌കരണമോ അന്തര്‍ലീനമായിരുന്നു. ഇല്ലാത്ത ഈ ശരീരത്തെ വര്‍ത്തമാനകാലത്തിന്റെ കണ്ണാടിയില്‍ കാണുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്നത്.
2.
നവോത്ഥാനകാലത്തുനിന്ന് ആകെ മാറിമറിഞ്ഞ വര്‍ത്തമാനകാലം നവോത്ഥാനത്തിലെ മനസിനെ വല്ലാതെ പ്രശ്‌നവല്കരിക്കുകയും മറച്ചുവച്ച ശരീരത്തെ വല്ലാതെ ഉന്നയിക്കുകയും ചെയ്യുന്നിടത്താണ് കേരളത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം ലൈംഗികത ഉന്നയിക്കപ്പെടുന്നത്. സ്ത്രീപീഡന വാര്‍ത്തകള്‍ ഉണ്ടാകുമ്പോഴും  സാംസ്‌കാരിക നായകരുടെ പ്രസ്താവനകള്‍, സാഹിത്യകൃതികള്‍ എന്നിവയിലൊക്കെ ലിംഗപരമായ പരാമര്‍ശങ്ങള്‍ ഉയരുമ്പോഴുമാണ് ചര്‍ച്ചകള്‍ വരിക.   അടുത്തകാലത്ത് കേരളത്തില്‍ ഉന്നയിക്കപ്പെട്ട ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവയെല്ലാം ചര്‍ച്ചചെയ്തത് കര്‍ത്താവായ പുരുഷന്‍ പെണ്ണിനെ ഇരയാക്കിയ സംഭവങ്ങളെന്ന നിലയിലാണ്. പുരുഷാധിപത്യം എന്നൊരു ബാനറിലാണ് എല്ലാ വായനകളും ലയിച്ചത്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ‘കുഴിമറ്റം വിവാദ’വും അതാണ് വിളിച്ചു പറയുന്നത്. ഇത്തരം വായനകള്‍ മറ്റൊന്നുകൂടി ഉല്പാദിപ്പിക്കുന്നതുകാണാം, പുരുഷന്‍ എന്തുംചെയ്യുന്ന വഷളനാണെന്നും അവന്റെ അപരമായ പെണ്ണാകട്ടെ അത്തരം വഷളത്തരമൊന്നും ഇല്ലാത്ത അവനെപ്പോലെയാകാന്‍ വയ്യാത്ത ശുദ്ധയാണെന്നുമുള്ള നിര്‍മിച്ചെടുക്കലാണ്. ആണും പെണ്ണും എല്ലാനിലയിലും വിഭിന്നമായ ദ്വന്ദ്വങ്ങളാണെന്നും അതങ്ങനെതന്നെ വേണമെന്നുമുള്ള ഉറപ്പിക്കലാണ് ഇതിലൂടെ സാധിക്കുന്ന പ്രവര്‍ത്തനം. സ്ത്രീവിരുദ്ധത എന്ന പ്രയോഗത്തിന് അടുത്തകാലത്ത് കേരളത്തിലുണ്ടായിട്ടുള്ള വേരോട്ടം ഇത് കൃത്യമായി ചൂണ്ടിക്കാണിക്കുന്നു.
എന്തും സ്ത്രീവിരുദ്ധത എന്ന അളവുകോലുകൊണ്ട് അളക്കുന്ന പ്രവണത സ്ത്രീയെ സവിശേഷമായി പുരുഷനു വിരുദ്ധമായി നിര്‍വചിക്കുകയാണെന്നുള്ള വസ്തുതയാണ് മറയ്ക്കപ്പെടുന്നത്. സിനിമ, കല, സാഹിത്യം, മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എല്ലാം സ്ത്രീ വിരുദ്ധത എന്ന അളവുകൊണ്ട് അളക്കുന്നതിലൂടെ സ്ത്രീ പുരുഷനെപ്പോലെ ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയാത്ത ഒരു സ്വത്വമാണെന്നും നിലവിലുള്ള സ്ത്രീത്വം ‘ശരി’യാണെന്നും സൂക്ഷ്മമായി പ്രഖ്യാപിക്കുകയാണ്. അടിസ്ഥാനപരമായി നിലവിലുള്ള കേരളീയ സ്ത്രീത്വത്തെ നിര്‍മിച്ചത് പുരുഷാധിപത്യപരമായ നവോത്ഥാനമാണെന്നും ഭിന്ന ധര്‍മത്തിലൂന്നിയ, ഗൃഹത്തിന്റെ അകത്തിനുടമയായിട്ടാണ്  അവളെ ഭാവന ചെയ്തതെന്നും ഈ ബിംബത്തെ ഉടയ്ക്കുന്നതിലൂടെയേ പുതിയ സ്‌െ്രെതണത സാധ്യമാവുകയുള്ളൂവെന്നും ഈ ചര്‍ച്ചകളിലൊന്നും ഉന്നയിക്കപ്പെടുന്നില്ല. ഇതേ പോലതന്നെ പുതിയ പുരുഷത്വവും. പുരുഷാധിപത്യത്തിനപ്പുറത്ത്  പുരുഷന്മാരുടെ  സാധ്യതകള്‍ പലതരം ആണത്തത്തിന്റെ ഇടങ്ങള്‍ കാര്യമായി കടന്നുവരുന്നില്ല. കുടുംബത്തിനകത്തുമാത്രം ലൈംഗികതയെ കാണുന്ന ആണും പെണ്ണുമാണ് ഇന്നും കേരളീയതയെ നിര്‍വചിക്കുന്നത്. നവോത്ഥാനത്തിന്റെ മനസിനാല്‍ നയിക്കപ്പെടുന്ന പ്രണയവും കാമവുമാണ് ഇന്നും നമ്മുടെ അടിസ്ഥാനം. അതിനാല്‍ ലൈംഗികതയുടെ കര്‍തൃത്വത്തില്‍ പെണ്ണിനെ പ്രതിഷ്ഠിക്കുന്ന ചിന്തകളിന്നും കാര്യമായി ഇല്ല. എന്നാലതിന്റെ അപരമായിട്ടവളെ നിര്‍ത്തുന്നതാണ് സ്ത്രീപീഡനത്തിന്റെ ആഖ്യാനയുക്തി. ലൈംഗികത എന്ന ഭീകരതയില്‍ അകപ്പെടാതെ പെണ്ണ് നടക്കണം എന്നു ആവര്‍ത്തിച്ച് പഠിപ്പിക്കപ്പെടുന്നു.
ഈ പശ്ചാത്തലത്തിലാണ് ലൈംഗികതയും ശരീരവുമൊക്കെ ആസ്വദിക്കുന്ന പെണ്‍, ആണ്‍ സ്വത്വങ്ങളെക്കുറിച്ച് നാം സംസാരിക്കേണ്ടത്. നവോത്ഥാനത്തിന്റെ ശരീരഭാരത്തില്‍ നിന്നും മനസില്‍ നിന്നും ശരീരത്തെ വിമോചിപ്പിച്ച് കുടുംബത്തിന്റെ അകം/പുറം എന്ന ദ്വന്ദ്വത്തെ റദ്ദാക്കി  ശരീരത്തിനെ അഭിമുഖീകരിക്കുന്ന ചിന്തയെ വളര്‍ത്തേണ്ടത്. ലൈംഗികത വിലക്കപ്പെട്ട കനിയല്ല മറിച്ചത് ആഴത്തില്‍ ആസ്വദിക്കപ്പെടേണ്ടുന്ന അനുഭവമാണെന്ന ബോധ്യത്തിലേക്ക് പെണ്ണിനും ആണിനും കടന്നുപോകാന്‍ വഴിയൊരുക്കേണ്ടിയിരിക്കുന്നു. അടിസ്ഥാനപരമായി ജീവിതം ആസ്വദിക്കപ്പെടേണ്ടുന്ന പോരാട്ടത്തിന്റെ മുന്തിരിച്ചാറാണെന്ന തിരിച്ചറിവാണ് ഉണ്ടാക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ശരീരവും ലിംഗവും നവോത്ഥാനവും – ബാബു കുഴിമറ്റം വിവാദത്തിനിടയില്‍ ചില ചിതറിയ ചിന്തകള്‍

  1. അവസരോചിതമായ നല്ല ലേഖനം. യാക്കോബിന് അഭിനന്ദനങ്ങള്‍ .. ലേഖനത്തില്‍ കൃത്രിമവാദഗതികള്‍ ഇല്ലെന്നു പറഞ്ഞുകൂടാ. പ്രണയിതാവല്ലാത്ത ആളെ വരിക്കുന്നത് പാപമാണെന്ന് കുമാരനാശാന്‍ അര്‍ത്ഥമാക്കിയോ? ആവിധം ഒരര്‍ത്ഥം വീണപൂവിലെ പ്രസക്ത വരികള്‍ക്ക് ഉണ്ടോ? കേരളീയ പെരുമാറ്റരീതിയുടെയും ഇണയെസംബന്ധിച്ച മലയാളിസങ്കല്‍പ്പത്തിന്‍റെയും പുറപ്പാട് വോത്ഥാന മൂല്യത്തില്‍ നിന്നാകാം. എന്നാല്‍ വിവിധങ്ങളായ അന്യദേശങ്ങളുമായുള്ള സമ്പര്‍ക്കവും, ടെക്നോളജിയും കേരളത്തിന്‍റെ മാനസിക ജലാശയത്തില്‍ ഉപ്പു കലര്‍ത്താന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായില്ലെ? ആ രാസമാറ്റത്തിന്‍റെ ഫലമല്ലേ living together നമുക്കും ആകാം എന്ന ചിന്തയുടെ വ്യാപനം? അതോ യാകോബ് പറയുന്നതു പോലെ, വീര്‍പ്പുമുട്ടിയ മോഹങ്ങളുടെ സ്വാഭാവിക ജയില്‍ചാട്ടമോ?

  2. Avatar for Critic Editor

    Interesting observations.
    However,it is worth remembering that kerala renaissance(navotdhanam)of late nineteenth and twentieth century is worthy of being called rather patriarchal or bourgeois renaissance; modernity in the true sense is yet too far away from this limited or qualified ‘navotdhanam’

Leave a Reply