ശബരിമലയും പാരിസ്ഥിതിക വെല്ലുവിളികളും

ശബരിമലയില്‍ ഇക്കുറി തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവവും നമ്മുടെ കണ്ണു തുറപ്പിക്കില്ല എന്നു തോന്നുന്നു. പുല്ലുമേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് നൂറില്‍ പരംപേര്‍ മരിച്ച സംഭവം മറക്കാറായിട്ടില്ലല്ലോ. എന്നിട്ടുപോലും നാം പഠിക്കുന്നില്ല എന്നതിനു ഉദാഹരണാണ് ഈ അപകടവും. ഇനിയിതാ മകരവിളക്കുകാലം ആസന്നമായിരിക്കുകയാണ്. ശബരിമല ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണത്തെകുറിച്ച് പര്‍വ്വതീകരിച്ച കണക്കുകളാണ് എപ്പോഴും അവതരിപ്പിക്കാറ്. കണക്കുകള്‍ എന്തായാലും ശബരിമലക്കും പരിസരപ്രദേശങ്ങള്‍ക്കും താങ്ങാവുന്നതിലേറെ ‘പുരുഷാര’മാണ് അവിടെ എത്തിക്കൊണ്ടിരിക്കുന്നത്. അത് മനഷ്യനും പ്രകൃതിക്കും ഉണ്ടാക്കുന്ന വിനാശങ്ങള്‍ ചില്ലറയല്ല. ഓരോ […]

sabarimala

ശബരിമലയില്‍ ഇക്കുറി തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവവും നമ്മുടെ കണ്ണു തുറപ്പിക്കില്ല എന്നു തോന്നുന്നു. പുല്ലുമേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് നൂറില്‍ പരംപേര്‍ മരിച്ച സംഭവം മറക്കാറായിട്ടില്ലല്ലോ. എന്നിട്ടുപോലും നാം പഠിക്കുന്നില്ല എന്നതിനു ഉദാഹരണാണ് ഈ അപകടവും. ഇനിയിതാ മകരവിളക്കുകാലം ആസന്നമായിരിക്കുകയാണ്.
ശബരിമല ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണത്തെകുറിച്ച് പര്‍വ്വതീകരിച്ച കണക്കുകളാണ് എപ്പോഴും അവതരിപ്പിക്കാറ്. കണക്കുകള്‍ എന്തായാലും ശബരിമലക്കും പരിസരപ്രദേശങ്ങള്‍ക്കും താങ്ങാവുന്നതിലേറെ ‘പുരുഷാര’മാണ് അവിടെ എത്തിക്കൊണ്ടിരിക്കുന്നത്. അത് മനഷ്യനും പ്രകൃതിക്കും ഉണ്ടാക്കുന്ന വിനാശങ്ങള്‍ ചില്ലറയല്ല. ഓരോ വര്‍ഷവും നടക്കുന്ന ശബരിമല തീര്‍ത്ഥാടനം ജൈവസമ്പന്നമായ ഒരു വനമേഖലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മാരക ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിട്ടും ഇക്കാര്യം ഗൗരവപരമായി നാം പരിഗണിക്കുന്നതേയില്ല. ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പോലും ഇതവഗണിച്ചു.
ഇന്ത്യയിലെ 48 കടുവാ സങ്കേതങ്ങളില്‍ വച്ച് വളരെ പ്രാധാന്യമുള്ള ഒന്നാണ് 925 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പെരിയാര്‍ കടുവാ സങ്കേതം. വംശനാശഭീഷണി നേരിടുന്നതും തദ്ദേശീയവുമായ ഒട്ടേറെ സസ്യജന്തു ജാലങ്ങളുടെ കലവറയായ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ക്രിട്ടിക്കല്‍ ഹാബിറ്റാറ്റിന്റെ കോര്‍ ഏരിയയിലാണ് ശബരിമല എന്ന തീര്‍ത്ഥാടന ടൂറിസ നഗരം വളര്‍ന്നുകൊണ്ടിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനം ഒരു പാരിസ്ഥിതിക ദുരന്തമായി തീരാതിരിക്കാനുള്ള ഒട്ടേറെ നടപടികള്‍ വനം വകുപ്പിന്റെയും ചില പരിസ്ഥിതി ഗ്രൂപ്പുകളുടെയും ശ്രമഫലമായുണ്ടായെങ്കിലും അതിനെയെല്ലാം പരാജയപ്പെടുത്തുന്ന തരത്തിലുള്ള നയസമീപനങ്ങളാണ് തീര്‍ത്ഥാടന ടൂറിസത്തിന്റെ വരുമാനത്തില്‍ മാത്രം കണ്ണുവച്ചിരിക്കുന്ന ദേവസ്വം ബോര്‍ഡ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം തീര്‍ത്ഥാടകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ ഇവരാരും തയ്യാറാകുന്നില്ല.
പുണ്യനദിയായ പമ്പയുടെ അവസ്ഥയാണ് അതിനേക്കാള്‍ ദയനീയം. അതിന്ന് കോളീഫോം ബാക്ടീരിയയുടെ കലവറയാണ്. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനകാലത്ത് പമ്പാ നദിയിലെ മാലിന്യത്തിന്റെ തോത് മുമ്പൊരിക്കലും ഇല്ലാത്ത വിധം വര്‍ദ്ധിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. മകരവിളക്കിന് തലേന്ന് പമ്പക്ക് പടിഞ്ഞാറ് ചെറിയാനവട്ടത്തിന് സമീപം നടത്തിയ പരിശോധനയില്‍ നൂറ് മില്ലിലിറ്റര്‍ ജലത്തില്‍ 11,60,000 എം.പി.എന്‍ (മാക്‌സിമം പ്രോബബിള്‍ നമ്പര്‍) കോളിഫോം ബാക്ടീരിയ കണ്ടെത്തി. ഇതേ ദിവസംതന്നെ പമ്പയ്ക്ക് കിഴക്ക് ത്രിവേണിയില്‍നിന്ന് ഉദ്ദേശം നൂറ് മീറ്റര്‍ മാറി വാട്ടര്‍ അഥോറിറ്റിയുടെ പമ്പിങ് സ്‌റ്റേഷന് സമീപം (കൊച്ചുപമ്പ) നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 10,40,000 ആയിരുന്നു. വെള്ളത്തില്‍ മനുഷ്യവിസര്‍ജ്ജം കലര്‍ന്നതാണ് കോളിഫോം ബാക്ടീരിയയുടെ അളവ് ഇത്രയധികം കൂടാന്‍ കാരണം. സീസണിന്റെ തുടക്കത്തില്‍ ത്രിവേണിക്ക് സമീപം നടത്തിയ പരിശോധനയില്‍ നൂറ് മില്ലിലിറ്റര്‍ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 190 എം.പി.എന്നും പമ്പക്ക് താഴെ നടത്തിയ പരിശോധനയില്‍ 850 എന്‍.പി.എന്നുമായിരുന്നു അളവ്. പമ്പയുടെ നാശം അതൊഴുകിയെത്തുന്ന മദ്ധ്യതിരുവിതാംകൂറിലെയും കുട്ടനാട്ടിലെയും ജനജീവിതത്തെക്കൂടിയാണ് കഷ്ടത്തിലാക്കുന്നത്.
അതേസമയം ശബരിമലയില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ശിക്ഷാര്‍ഹരാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയും ഈടാക്കാന്‍ വകുപ്പുള്ളതാണ് ഈ നിയമം. എന്നാല്‍ അതൊന്നും നടപ്പാക്കപ്പെടുന്നില്ല. എങ്കിലും കോടതി ഇടപെടലുണ്ടായതോടെ ഗ്രീന്‍ മിഷന്‍ ശബരിമല എന്ന പേരില്‍ ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പരിപാടി ആരംഭിച്ചു. പമ്പയില്‍ തുണി വലിച്ചെറിയുന്നതും പമ്പ മലിനമാകുന്നതും തടയുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, മാലിന്യ ശേഖരണികളില്‍ മാത്രം മാലിന്യം നിക്ഷേപിക്കുക, ജൈവഅജൈവമാലിന്യം പ്രത്യേകം വേര്‍തിരിച്ചെടുക്കുക തുടങ്ങിയ പദ്ധതികളാണ് മിഷന്‍ ഗ്രീന്‍ ശബരിമലയില്‍ ആസൂത്രണം ചെയ്തത്. ഇതില്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഫലമുണ്ടായത്. പമ്പയില്‍ ഭക്തന്മാര്‍ വസ്ത്രം ഉപേക്ഷിച്ചുപോകുന്നത് തടയാന്‍ വലിയ പരിശ്രമത്തിലൂടെ ഏറെക്കുറെക്കഴിഞ്ഞു. വര്‍ഷാവര്‍ഷങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച് ലേലം ചെയ്യുന്നതിലൂടെ മാത്രം ദേവസ്വം ബോര്‍ഡിന് വലിയൊരു തുക വരുമാനമായി ലഭിക്കുന്നുണ്ടായിരുന്നു എന്നത് വേറെ കാര്യം. അതേസമയം പ്ലാസ്റ്റിക് ഇപ്പോഴും ഭീഷണിതന്നെ. ഇടുക്കിയിലെ വണ്ടിപ്പെരിയാറില്‍ നിന്നും പുല്ലുമേട് വഴിയുള്ള വഴിയിലും മകരവിളക്ക് കഴിയുന്നതോടെ പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍ പുതിയ മലകള്‍ തീര്‍ക്കും. ഈ പ്ലാസ്റ്റിക്കെല്ലാം പശ്ചിമഘട്ടത്തിലെ വനഭൂമിയില്‍ അടിഞ്ഞുചേരുകയാണ്. പെരിയാര്‍, പമ്പ എന്നീ കേരളത്തിലെ രണ്ട് പ്രധാനനദികളുടെ കൈവഴികളിലേക്ക് ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നു.
അതേസമയം ശബരിമല പൂങ്കാവനത്തിലേക്കുള്ള പ്രവേശന കവാടമായി പമ്പയെ മാറ്റുമെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രഖ്യാപനം. ശബരിമല മാസ്റ്റര്‍ പ്‌ളാന്‍ അനുസരിച്ച് 99 കോടിയുടെ വികസന പ്രവര്‍ത്തനങ്ങാണ് പ്രസാദം പദ്ധതിയിലൂടെ നടപ്പാക്കുക. പരിസ്ഥിതി സംരക്ഷണത്തിലൂന്നി പമ്പാനദി സംരക്ഷിക്കുന്നതിനായി ‘ശുചിത്വ പമ്പ’ എന്നപേരില്‍ പദ്ധതി ആരംഭിക്കുമെന്നാണ് മന്ത്രി പറയുന്നത്. പമ്പയില്‍ അത്യാധുനിക മാലിന്യ സംസ്‌കരണ പ്‌ളാന്റ് സ്ഥാപിക്കും. തീര്‍ഥാടകര്‍ പമ്പയില്‍ മുങ്ങുന്നതിനുമുമ്പ് അവരുടെ ശരീരം വൃത്തിയാക്കുന്നതിനായി ഷവര്‍ സംവിധാനം സ്ഥാപിക്കും. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍.
മറുവശത്ത് ശബരിമലയെ ഹൈടെക് ആക്കാനായി 78 കോടിയുടെ പദ്ധതിയാണ് ദേവസ്വം ബോര്‍ഡ് തയ്യാറാക്കുന്നത്. പ്‌ളാസ്റ്റിക് ശേഖരിച്ച് പമ്പയില്‍ എത്തിക്കുന്നതിനും സന്നിധാനത്ത് മാലിന്യ നിര്‍മാര്‍ജന പ്‌ളാന്റിനുമായി 10 കോടി വകയിരുത്തിയിട്ടുണ്ട്. സന്നിധാനത്തെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ രണ്ട് മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനും പൊലീസ് ബാരക്കിനു സമീപം ശൗചാലയ കോംപ്‌ളക്‌സ് നിര്‍മിക്കുന്നതിനും ഒമ്പതു കോടി വീതമുള്ള രൂപരേഖയാണ് സമര്‍പ്പിച്ചത്. ഭസ്മക്കുളം പുതുക്കിപ്പണിയാന്‍ എട്ട് കോടി, സന്നിധാനത്ത് ശര്‍ക്കര ഗോഡൗണിന് ആറു കോടി, സന്നിധാനത്തിനു ചുറ്റിനും റോഡ് നിര്‍മിക്കാന്‍ മൂന്ന് കോടി, സ്വാമി അയ്യപ്പന്‍ റോഡ് നവീകരിക്കുന്നതിനു അഞ്ച് കോടി, പാണ്ടിത്താവളത്ത് വിരിപ്പന്തല്‍ നിര്‍മിക്കാന്‍ ഒമ്പതു കോടി, പ്രസാദ വിതരണ കേന്ദ്രത്തിന് അഞ്ച് കോടി എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്.
സന്നിധാനത്തെ മലിനജലം ശുദ്ധീകരിച്ച് ടോയ്‌ലറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദ്ധതിക്ക് രണ്ട് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മലിനജലം ശുദ്ധീകരിച്ച് ടോയ്‌ലറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദ്ധതിക്ക് രണ്ട് കോടി, ബെയ്‌ലി പാലത്തിനു സമീപം സ്ഥിരം തടയണ നിര്‍മിക്കുന്നതിനും ശുദ്ധീകരിച്ച വെള്ളം ടോയ്‌ലറ്റിലേക്ക് എത്തിക്കുന്ന പ്‌ളാന്റിനുമായി മൂന്ന് കോടി, ദിനംപ്രതി അഞ്ച് ടണ്‍ ഉല്‍പാദനശേഷിയുള്ള ബയോഗ്യാസ് പ്‌ളാന്റ് പദ്ധതിക്ക് മൂന്ന് കോടി, അരവണയും അപ്പവും പ്‌ളാന്റില്‍നിന്ന് വിതരണ കൗണ്ടറിലേക്ക് കൊണ്ടുപോകുന്നതിനായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 50 ബഗീസ് വാങ്ങുന്നതിന് 2.5 കോടി, ചന്ദ്രാനന്ദന്‍ റോഡിലും പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും എല്‍.ഇ.ഡി ലൈറ്റുകളും സ്‌റ്റൈയ്ന്‍ലസ് സ്റ്റീല്‍ ഇരിപ്പിടങ്ങളും നിര്‍മിക്കാന്‍ രണ്ടു കോടി, കുന്നാറില്‍നിന്ന് വരുന്ന വെള്ളം സംഭരിച്ചു സൂക്ഷിക്കാന്‍ പാണ്ടിത്താവളത്ത് വാട്ടര്‍ ടാങ്ക് നിര്‍മിക്കാന്‍ ആറു കോടി, സ്വാമിഅയ്യപ്പന്‍ റോഡില്‍ ബയോടോയ്‌ലറ്റുകള്‍ക്ക് 50 ലക്ഷം എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കാണ് രൂപരേഖ സമര്‍പ്പിച്ചിട്ടുള്ളത്. വിശ്രമപന്തലുകള്‍ നിര്‍മിക്കുന്നതിനു വനംവകുപ്പ് തടസ്സമുണ്ടാക്കുന്ന ഭാഗങ്ങളില്‍ മരം വെച്ചുപിടിപ്പിക്കാനും അഞ്ചുകോടിയുടെ പദ്ധതിയുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി ശബരിമലയെ ഹൈടെക് ആക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം.
നടക്കുമെങ്കില്‍ കുറെ കാര്യങ്ങളൊക്കെ നല്ലതുതന്നെ. എന്നാല്‍ ശബരിമല ടൗണ്‍ഷിപ്പിന്റെ വികസനത്തിനായി ഇനിയും വനഭൂമി വിട്ടുകിട്ടുമോ എന്ന ആലോചനയിലാണത്രെ ദേവസ്വം ബോര്‍ഡ്. തീര്‍ത്ഥാടനത്തിനായി വിമാനത്താവളവും നിര്‍മ്മിക്കാനാണ് നീക്കം. അതുവഴി, തീര്‍ത്ഥാടകരുടെ എണ്ണം കുറക്കുന്നതിനു പകരം ഇനിയും വര്‍ദ്ധിപ്പിക്കാനാണ് ശ്രമം. അതെല്ലാമുണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതിക നാശം കണക്കാക്കാന്‍ അളവുകോലുകള്‍ ഉണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാനനവാസന്‍ എന്ന വാക്കും പിന്നീട് അര്‍ത്ഥരഹിതമാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply