വ്യാജ ഏറ്റുമുട്ടലുകള്‍ തുടരുമ്പോള്‍..

ഒരുപക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യം നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ ഒന്ന് കേരളത്തിലായിരുന്നു. അടിയോരുടെ പെരുമന്‍ സഖാവ് വര്‍ഗ്ഗീസായിരുന്നു അന്നു കൊല്ലപ്പെട്ടത്. ദശകങ്ങള്‍ക്കുശേഷം രാമചന്ദ്രന്‍ നായര്‍ എന്ന പോലീസുകാരന്‍ അക്കാര്യം തുറന്നു പറയുകയും ലക്ഷ്മണയെന്ന പോലീസ് ഓഫീസര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. അഖിലേന്ത്യാതലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമായി അതു മാറി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളാകെ മാറിയിരിക്കുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ രാജ്യമെമ്പാടും വ്യാപിക്കുകയാണ്. ദണ്ഡകാരുണ്യമേഖലയില്‍ ദിനംപ്രതി അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്നാണ് ഈ […]

xഒരുപക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യം നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ ഒന്ന് കേരളത്തിലായിരുന്നു. അടിയോരുടെ പെരുമന്‍ സഖാവ് വര്‍ഗ്ഗീസായിരുന്നു അന്നു കൊല്ലപ്പെട്ടത്. ദശകങ്ങള്‍ക്കുശേഷം രാമചന്ദ്രന്‍ നായര്‍ എന്ന പോലീസുകാരന്‍ അക്കാര്യം തുറന്നു പറയുകയും ലക്ഷ്മണയെന്ന പോലീസ് ഓഫീസര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. അഖിലേന്ത്യാതലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമായി അതു മാറി.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളാകെ മാറിയിരിക്കുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ രാജ്യമെമ്പാടും വ്യാപിക്കുകയാണ്. ദണ്ഡകാരുണ്യമേഖലയില്‍ ദിനംപ്രതി അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്നാണ് ഈ കൂട്ടക്കൊലകള്‍ക്കു പേരിട്ടിരിക്കുന്നത്. മാവോയിസ്റ്റുകള്‍ തന്നെയാണ് മുഖ്യമായും കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം ഒഡീഷാ ആന്ധ്ര അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 27 ആയി ഉയര്‍ന്നു. മാവോയിസ്റ്റ്പാര്‍ട്ടിയുടെ പ്രധാന നേതാക്കളായഗജറാല രവിയും ദയയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സംഭവം വ്യാജ ഏറ്റമുട്ടല്‍ കൊലപാതകങ്ങളാണെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി അംഗം ആര്‍കെ എന്നറിയപ്പെടുന്നരാമകൃഷ്ണ കൂടി പങ്കെടുത്ത രഹസ്യയോഗം നടന്ന സ്ഥലം ഗ്രേഹണ്ട്, ഒഡീഷ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയുടെ നേതൃത്തില്‍ വളയുകയായിരുന്നു. എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങളും സുരക്ഷ സേന മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.
മാവോയിസ്റ്റുകളെ ഏറ്റുമുട്ടല്‍ നാടകങ്ങളിലൂടെ കൊന്നുകളയുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രധാന കാരണം പൊതുസമൂഹത്തിന്റെ നിസംഗതയാണ്. ജനാധിപത്യസംവിധാനത്തില്‍ വിശ്വസിക്കാതെ, സായുധസമരം നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് ജനാധിപത്യ ഭരണകൂടം അനുവദിക്കുന്ന മനുഷ്യാവകാശങ്ങള്‍ നല്‍കേണ്ടതില്ല എന്ന പൊതുബോധം ഇവിടെ രൂപപ്പെടുന്നുണ്ട്. മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ശരിയാണെന്നംഗീകരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചര്‍ച്ചക്കെന്നു പറഞ്ഞു വിളിച്ച് ആസ്ദ്, കിഷന്‍ജി പോലുള്ള നേതാക്കളെ കൊന്നുകളയാനും മുരളി കണ്ണമ്പിള്ളിയെ അന്യായമായി തടവിലാടാനും കഴിയുന്നത് അതുകൊണ്ടാണ്. എന്നാല്‍ അത്തരം ലളിതമായ യുക്തി വരുംകാലത്ത് ഭീകരമായ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നതായിരിക്കും.
തീര്‍ച്ചയായും മാവോയിസ്റ്റ് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഒരാളല്ല ഈ കുറിപ്പെഴുതുന്നത്. അത് കാലഹരണപ്പെട്ട ആശയം തന്നെയാണ്. ലോകത്തെവിടേയും നടപ്പാക്കിയ സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് – മാവോയിസ്റ്റ് ഭരണസംവിധാനങ്ങളൊക്കെ ജനാധിപത്യസംവിധാനത്തേക്കാള്‍ ചരിത്രപരമായി പുറകില്‍ തന്നെയാണ്. അത്തരമൊരു സംവിധാനത്തിനായി ആയുധമെടുത്തുള്ള പോരാട്ടം ഒരു ആധുനിക സമൂഹത്തിനു യോജിച്ചതല്ല. അടിമുടി ആയുധമണിഞ്ഞ ഭരണകൂടത്തോട് ഗറില്ലാ മോഡല്‍ സമരം നടത്തി വിജയിക്കലും അസാധ്യമാണ്. ജയിച്ചാല്‍ തന്നെ ആ ഭരണകൂടവും നിലനില്‍ക്കുക ആയുധമണിഞ്ഞായിരിക്കും. എല്ലാ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളളിലും ജനങ്ങള്‍ തെരുവിലിറങ്ങിയത് ജനാധിപത്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു. അവയെ എങ്ങനെ ഭരണകൂടം നേരിട്ടു എന്നതിനു മികച്ച ഉദാഹരണം ചൈന തന്നെ. അതേസമയം അതിനര്‍ത്ഥം മാവോയിസത്തില്‍ വിശ്വസിക്കുന്നു എന്ന കാരണത്താല്‍, ജനാധിപത്യസംവിധാനം ഏതൊരു വ്യക്തിക്കും നല്‍കുന്ന അവകാശങ്ങള്‍ അവര്‍ക്കില്ല എന്നല്ല. ഭരണകൂടത്തേയും മാവോയിസ്റ്റുകളേയും ഒരുപോലെ കണ്ട്, അവരുടെ അവകാശങ്ങളെ കുറിച്ചു സംസാരിക്കാന്‍ മടിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഒന്നു മറക്കുന്നു… മനുഷ്യാവകാശപ്രവര്‍ത്തകരുടെ പ്രാഥമികകടമ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നിലപാടെടുക്കുക എന്നതാണ്. മറ്റുവിഭാഗങ്ങളെ നേരിടാന്‍ അതിശക്തമായ ഭരണകൂടം നിലവിലുണ്ടെന്നു മറക്കരുത്.
ഇനി സമകാലിക മാവോയിസ്റ്റ് രാഷ്ട്രീയത്തിലേക്കുവന്നാല്‍. അവരുടെ നിയന്ത്രണത്തിലുള്ള അതിവിശാലമായ ദണ്ഡകാരണ്യ മേഖല ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. ഒഡീഷ, ബംഗാള്‍, ആന്ധ്ര, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ എട്ടു വലിയ സംസ്ഥാനങ്ങളിലായി ദണ്ഡകാരണ്യ മേഖല വ്യാപിച്ചുകിടക്കുന്നു. പ്രാചീന കാലത്ത് സ്വന്തം ഗോത്ര റിപ്പബ്ലിക്കുകളുണ്ടായിരുന്ന, ഇപ്പോള്‍ ഏറ്റവും നിസ്വരായ ആദിമ ജനതകളുടെ ആവാസകേന്ദ്രമാണ് ഈ വനമേഖല. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടില്‍, മൗര്യസാമ്രാജ്യ രൂപികരണകാലത്താണ് ഈ പ്രദേശം നാടുവാഴിത്തത്തിന്‍ കീഴിലാവുന്നത്. രക്തരൂക്ഷിതമായ ഒരു സുദീര്‍ഘ പ്രക്രിയയായിരുന്നു അത്. ആദിമസമൂഹങ്ങള്‍ തകര്‍ക്കപ്പെട്ടു. ജനങ്ങള്‍ ചിന്നിച്ചിതറുകയും ഗോത്ര റിപബ്ലിക്കുകള്‍ നാമാവശേഷമാവുകയും ചെയ്തു. അതവരെ നിരാലംബരാക്കി. 2,000 വര്‍ഷത്തോളമായി അവര്‍ ദിഖൂസിന്റെ അഥവാ വിദേശികളുടെ ആധിപത്യത്തിന്‍ കീഴിലാണ്. യജമാനന്മാര്‍ മാറിമാറി വന്നു. നാടുവാഴിത്തത്തിന്റെയും കോളനിവാഴ്ചയുടെയും കീഴില്‍ അവര്‍ അമര്‍ന്നു. ഭീകരമായ ചൂഷണത്തിനും അടിച്ചമര്‍ത്തലിനും വിധേയരായി. ജനസംഖ്യാകണക്കുകളില്‍ ‘പട്ടികവര്‍ഗം’ എന്നപേരില്‍ പ്രത്യക്ഷപ്പെടുന്ന ഇവരുടെ യഥാര്‍ഥ സംഖ്യ ഔദ്യോഗിക കണക്കുകളെക്കാള്‍ വളരെ കൂടുതലാണ്. 1947 നു ശേഷം വന്‍ കിട പദ്ധതികളുടെ പേരില്‍ ഏതാണ്ട് അഞ്ചുകോടി ആദിവാസികളെ കുടിയിറക്കി.കൊള്ളപ്പലിശക്കാരുടെയും ജന്മിമാരുടെയും അടിമകളാണിവര്‍. പ്രകൃതിവിഭവങ്ങളില്‍ ഭൂമിയിലെ ഏറ്റവും സമ്പന്നമായ മേഖലയാണെങ്കിലും അസമത്വം നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. കല്‍ക്കരി, ഇരുമ്പ്, ബോക്‌സൈറ്റ് തുടങ്ങി അതീവ പ്രാധാന്യമുള്ള ധാതുക്കള്‍ ഇവിടെയുണ്ട്. ഇവിടത്തെ ഇരുമ്പയിര് ലോകത്തില്‍ വച്ചേറ്റവും വിശിഷ്ടമാണ്. ഇതിനുപുറമെ ചെമ്പും ക്രോമിയവും മാംഗനീസും നാകവും സ്വര്‍ണവും ഇവിടെയുണ്ട്. കൂടാതെ ചുണ്ണമ്പുകല്ല്, ഫോസ്‌ഫൈറ്റ് തുടങ്ങിയ അനേകം മറ്റു ധാതുവിഭവങ്ങളും ഇവിടെയുണ്ട്. ‘ചുവപ്പന്‍ ഇടനാഴി’ എന്ന് ഇപ്പോള്‍ വിളിക്കപ്പെടുന്ന പ്രദേശത്താണ് ഈ ധാതുനിക്ഷേപങ്ങള്‍ മുഖ്യമായും കാണപ്പെടുന്നത്. കൊളോണിയല്‍ ഭരണാധികാരികള്‍ അമൂല്യമായ ഈ ധാതുനിക്ഷേപം കണ്ടെത്തുകയും അതേത്തുടര്‍ന്ന് ദേശീയ, അന്തര്‍ദേശീയ കുത്തകകളുടെ വിഹാരഭൂമിയായി ഈ പ്രദേശം മാറുകയും ചെയ്തു.
അനിയന്ത്രിതമായി ധാതുസമ്പത്ത് കൊള്ളയടിക്കുന്നതിന് ഏക തടസ്സം ഇവിടുത്തെ ദരിദ്രജനവിഭാഗങ്ങളായിരുന്നു.അവരുടെ മണ്ണിലായിരുന്നു ഈ ധാതുനിക്ഷേപങ്ങള്‍ ഉണ്ടായിരുന്നത്. ഭരണവര്‍ഗ താല്‍പ്പര്യങ്ങള്‍ ഭാവിതലമുറകളേയും പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളെയും പോലും പരിഗണിക്കാതെ ഈ അമൂല്യ സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടി ഇവരെ പുറന്തള്ളാന്‍ ശ്രമിച്ചുപോന്നു. ഏകപക്ഷീയമായ ഇത്തരം കുടിയൊഴിപ്പിക്കലുകളെ ഈ ജനത അത്ര വിജയകരമല്ലാതിരുന്നിട്ടും നേരിട്ടുപോന്നു. ഈ മേഖലയാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനകേന്ദ്രമായി മാറിയത്. അത് സ്വാഭാവികമാണ്. മാവോയിസ്റ്റുകള്‍ക്കു സംസ്ഥാന അതിര്‍ത്തികളോ ഭാഷകളുടെ ബാഹുല്യമോ പ്രശ്‌നമായിരുന്നില്ല. ഇവിടെ നിരവധി പ്രദേശങ്ങള്‍ ഭരിക്കുന്നത് മാവോയിസ്റ്റുകളാണ്. ആദിവാസികളില്‍ വലിയൊരു വിഭാഗം അവര്‍ക്കൊപ്പമാണ്.
ആന്ധ്രയും ബീഹാറുമൊക്കെയായിരുന്നു നേരത്തെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങള്‍. ബലപ്രയോഗമെന്നതിനേക്കാള്‍ പുതുതായി വന്ന ഭരണകൂടങ്ങളുടെ പുരോഗമനപരമായ നിലപാടുകളായിരുന്നു അവരുടെ ശക്തി കുറയാന്‍ കാരണം. എന്നാല്‍ ഇവിടെ സൈനികപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  അതുകൊണ്ടാണ് ‘ദേശീയ അഖണ്ഡത’യ്ക്കും ‘വികസന’ ത്തിനും ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന് ഇന്ത്യന്‍ ഭരണകൂടം പ്രഖ്യാപിച്ചത്. ‘ദേശവിരുദ്ധ’, ‘വികസനവിരുദ്ധ’ ശക്തികള്‍ക്ക് പിന്തുണ നല്‍കരുതെന്ന് പൊതുജനങ്ങള്‍ക്ക് താക്കീത് നല്‍കി. ആദിവാസി ജനതയോട് അനുഭാവം കാട്ടുന്ന, മാവോയിസത്തെ എതിര്‍ക്കുന്നവരെ പോലും നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു. ഡോ.ബിനായക് സെന്‍ മുതല്‍ സോണി സോറി വരെയുള്ളവരുടെ അനുഭവം അതിനുദാഹരണമാണ്. ആദിവാസികള്‍ തന്നെ മാവോയിസ്റ്റുകള്‍ക്ക് എതിരാണെന്നു വരുത്താന്‍ വേണ്ടി സര്‍ക്കാര്‍ സേനകളുടെ ആഭിമുഖ്യത്തില്‍ ആദിവാസികളുടെ ഒരു കൂലിപ്പട്ടാളത്തെ സാല്‍ വാജൂദും എന്ന പേരില്‍ രൂപികരിച്ചിരുന്നു. നിശ്ചിത മാസശമ്പളത്തിനു പുറമെ, ഗ്രാമങ്ങള്‍ കൊള്ളയടിക്കാനും ചുട്ടെരിക്കാനും യഥേഷ്ടം കൊലയും ബലാല്‍സംഗങ്ങളും നടത്താനും ഇവര്‍ക്ക് അനുമതി നല്‍കപ്പെട്ടു.
അതേസമയം സര്‍ക്കാരും മാവോയിസ്റ്റുകളും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ ഇരകള്‍ ആദിവാസികളാണെന്നതാണ് ദുഖകരം. ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാന്‍ ആദിവാസികള്‍ നിര്‍ബന്ധിതരായി.ഗറില്ലകളുടെയും സൈന്യത്തിന്റെയും വെടിയുണ്ടകള്‍ക്കിടയില്‍ ആദിവാസികള്‍ അകപ്പെട്ടുപോയിരിക്കുകയാണ്.  ആദിവാസികള്‍ക്കിടയില്‍ എന്തെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ടെങ്കില്‍ അതും മാവോയിസ്റ്റുകള്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. മാവോയിസ്റ്റുകളുടെയും ഭരണകൂടത്തിന്റെയും രണ്ടു അധികാരകേന്ദ്രങ്ങള്‍ അവിടെ നിലനില്‍ക്കുന്നുണ്ട്. അതവാസിക്കണം. ആദിവാസികളുടെ പക്ഷത്തുനില്‍ക്കാന്‍ ഭരണകൂടവും ജനാധിപത്യസമരപാതകള്‍ സ്വീകരിക്കാന്‍ ആദിവാസികളും തയ്യാറാകണം. ആദിവാസികള്‍ക്ക് സ്വയംഭരണം ഉറപ്പുവരുത്തണം. അത്തരം ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളില്ലെങ്കില്‍ സമ്പൂര്‍ണ്ണനാശമുണ്ടാകുക സര്‍ക്കാരിനോ മാവോയിസ്റ്റുകള്‍ക്കോ ആവില്ല, ആദിവാസികള്‍ക്കായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply