വോട്ടേഴ്‌സ് ഡേ ചിന്തകള്‍

ഡേവീസ് വളര്‍ക്കാവ് ഇന്ത്യയിലെ 120 കോടി ജനതയില്‍ വോട്ടവകാശമുള്ളവരില്‍ ്‌നാഷണല്‍ വോട്ടേഴ്‌സ് ഡേ എന്നൊരു ദിനമുണ്ടെന്നറിയുന്ന വോട്ടര്‍മാര്‍ ഒരു കോടിപോലും വരില്ല. ഈ ദിനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാന്‍ നാട്ടിലെ ബൂത്തുകമ്മറ്റികള്‍ മടിക്കുന്നു. പ്രബുദ്ധരായ വോട്ടറെ പലരും ഭയപ്പെടുന്നു. 1950 ജനുവരി 25നാണ് ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷന്‍ രൂപംകൊണ്ടത്. 2011 മുതല്‍ നാഷണല്‍ വോട്ടേഴ്‌സ് ഡേയായി ജനുവരി 25 ആചരിച്ചുവരുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ രേഖപ്പെടുത്തിയ ജനാധിപത്യത്തില്‍, തിരഞ്ഞെടുപ്പ് ഒരു പ്രധാന സംഭവമാണ്. അതിനാല്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം […]

46921

ഡേവീസ് വളര്‍ക്കാവ്

ഇന്ത്യയിലെ 120 കോടി ജനതയില്‍ വോട്ടവകാശമുള്ളവരില്‍ ്‌നാഷണല്‍ വോട്ടേഴ്‌സ് ഡേ എന്നൊരു ദിനമുണ്ടെന്നറിയുന്ന വോട്ടര്‍മാര്‍ ഒരു കോടിപോലും വരില്ല. ഈ ദിനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാന്‍ നാട്ടിലെ ബൂത്തുകമ്മറ്റികള്‍ മടിക്കുന്നു. പ്രബുദ്ധരായ വോട്ടറെ പലരും ഭയപ്പെടുന്നു. 1950 ജനുവരി 25നാണ് ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷന്‍ രൂപംകൊണ്ടത്. 2011 മുതല്‍ നാഷണല്‍ വോട്ടേഴ്‌സ് ഡേയായി ജനുവരി 25 ആചരിച്ചുവരുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ രേഖപ്പെടുത്തിയ ജനാധിപത്യത്തില്‍, തിരഞ്ഞെടുപ്പ് ഒരു പ്രധാന സംഭവമാണ്. അതിനാല്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഈ ദിനത്തിന്റെ പ്രചരണം അനിവാര്യമാണ്.
പ്രാചീന കാലത്ത് ഒരിടത്ത് ഒത്തുകൂടുന്നവര്‍ കൈപൊക്കിക്കാട്ടി, തലയെണ്ണി ഭൂരിപക്ഷം കണ്ടെത്തിയിരുന്ന ഒരു സമ്പ്രദായത്തില്‍നിന്നും, കുറിപ്പെഴുതിയിടുന്നത് എണ്ണി തിട്ടപ്പെടുത്തുന്നതിലേയ്ക്കും, തുടര്‍ന്ന് ബാലറ്റ് പേപ്പറിലേയ്ക്കും ഇപ്പോള്‍ വോട്ടിംഗ് യന്ത്രത്തിലേക്കും രൂപാന്തരം വന്നതാണ് സമ്മതിദാനാവകാശം. എണ്ണം കൂടുതല്‍ – ഭൂരിപക്ഷം – എന്ന ഒരു മാനദണ്ഡത്തിലാണിതിന്റെ വിജയ രഹസ്യം. എന്നാല്‍ വിയോജിപ്പുകളും അപരന്റെ അഭിപ്രായ വീക്ഷണങ്ങളും തള്ളിക്കളയുന്നതല്ല ഈ തിരഞ്ഞെടുപ്പ് രീതി. ഭരണാധികാരികളെ തിരഞ്ഞെടുക്കാന്‍ മാത്രമല്ല, ഭാരവാഹികളെ കണ്ടെത്താന്‍, അഭിപ്രായ ഭിന്നതകളില്‍ സമന്വയത്തിന് ഇത്യാദി ആവശ്യങ്ങളിലും ഈ മാനദണ്ഡത്തിന്റേയും രീതിയുടേയും ആവിഷ്‌ക്കാരങ്ങള്‍ നമുക്ക് കാണാം. ഇലക്ഷനേക്കാളും സെലക്ഷനായാണ് ഈ വോട്ടിങ്ങ് രീതി സമൂഹത്തില്‍ ഉപയോഗിച്ചുവരുന്നത്. സംഘര്‍ഷാത്മകതയുള്ളിടത്ത് വോട്ടിങ്ങ് ഒരു സിദ്ധൗഷധമാണ്. എന്നാല്‍ വോട്ടുചെയ്‌തോട്ടു ചെയ്‌തോട്ടക്കലമായി നമ്മള്‍ എന്ന് കവി പാടിയ പോലെയായതും നമുക്കനുഭവമാണ്. സൃഷ്ടിപരമായതും ഒപ്പം നാശോന്മുകമായതുമായ ഘടകങ്ങള്‍ ഇതിലുണ്ടെന്നത് നാം തിരിച്ചറിയേണ്ടതാണ്. അതിനാല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പും, തെരഞ്ഞെടുപ്പില്‍ വോട്ടറുടെ സ്ഥാനവും തീരുമാനവും അടയാളപ്പെടുത്തേണ്ടതുണ്ട്. അങ്ങിനെ ഭരണക്രമത്തില്‍ ജനങ്ങളുടെ ഇടപെടല്‍ ഉണ്ടാകുന്നതിനുവേണ്ടിയാണ് നാം നാഷണല്‍ വോട്ടേഴ്‌സ് ഡേ ചിന്താവിഷയമാക്കേണ്ടത്.
18 വയസ്സില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശം സമീപകാലത്തുമാത്രം കരഗതമായതാണ്. ഒട്ടേറെ പ്രക്ഷോഭങ്ങള്‍ അതിന് ആവശ്യമായിവന്നിരുന്നു. ഇത് പുതിയ തലമുറയ്ക്ക് അജ്ഞാതമാണ്. അതിനുമുമ്പ് ഭൂനികുതിയടക്കുന്നവര്‍ക്കുമാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. ഭൂമിയാകട്ടെ വളരെ കുറച്ചുപേരുടെ കയ്യില്‍ മാത്രമായി ഒതുങ്ങിയിരുന്നു. കേരളത്തില്‍പോലും ഭൂപ്രഭുക്കളങ്ങനെ അവരുടെ ഇഷ്ടഭരണം നടത്തികഴിയുകയായിരുന്നു. വടക്കേ ഇന്ത്യയിലെ ചില ഭാഗത്ത് ഇന്നും ഭൂസ്വാമിമാരാണ് സമ്മതിദാനാവകാശികള്‍. ഒന്നുകില്‍ ബാലറ്റ് പേപ്പറില്‍ വോട്ടുരേഖപ്പെടുത്തി പെട്ടിയില്‍ മൊത്തമായി നിക്ഷേപിക്കും. അല്ലെങ്കില്‍ ഓരോ വ്യക്തിയോടും ഇന്ന ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ ആജ്ഞാപിച്ച് നടപ്പിലാക്കും. പോളിങ്ങ് സ്റ്റേഷനുകള്‍ കയ്യേറുന്ന വാര്‍ത്തകള്‍ നാം വായിക്കാറുള്ളത് ഓര്‍ക്കുക. ഇവിടെ കേരളത്തില്‍ അത്രക്കൊന്നുമില്ലെങ്കിലും ചെറിയ പതിപ്പുകള്‍ ധാരാളമുണ്ട്.
ഒരു പരിഷ്‌കൃത ജനതയ്ക്ക് സ്വീകരിക്കാനാകാത്ത നാനാവിധ അടിച്ചേല്‍പ്പിക്കലുകളെയാണ് വോട്ടവകാശവും പൗരബോധവും കൊണ്ട് നാം അതിജീവിക്കേണ്ടത്. കുടുംബത്തിലെ മുതിര്‍ന്നവരെ അനുകരിച്ചാണ് പലരും വോട്ടുചെയ്യുന്നത്. പാരമ്പര്യമായി ചെയ്തുവരേണ്ട ഒരു ചടങ്ങല്ല വോട്ടവകാശം. ഇന്നത് പൗരബോധത്തിന്റെ തലത്തില്‍, പ്രബുദ്ധതയുടെ തലത്തില്‍, ജനാധിപത്യത്തില്‍ പങ്കാളിയാകുന്ന വിധത്തിലാണ് ആവിഷ്‌ക്കരിക്കേണ്ടത്. ഒരു വോട്ടര്‍ വോട്ടുചെയ്യുമ്പോള്‍ സംഭവിയ്‌ക്കേണ്ടത് തനിക്കിഷ്ടപ്പെട്ടവര്‍ക്ക് വോട്ടുചെയ്യുകമാത്രമല്ല, സുതാര്യമായ ഭരണക്രമത്തിനായി ഭവിക്കണം ആ വോട്ട്. രാജ്യത്തെ പുതിക്കിപ്പണിയാനുള്ള താങ്കളുടെ ശേഷിയില്‍, പ്രസ്ഥാനത്തിന്റെ ശേഷിയില്‍, എന്റെ സമ്മതം നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു എന്ന സമ്മതപത്രമാണ് ഈ സമ്മതിദാനം എന്ന വോട്ടിങ്ങ്. ഇത്തരം വീക്ഷണത്തില്‍ ഒരു വോട്ടര്‍ പ്രബുദ്ധനാകാതെ തരമില്ല. ഭൂസ്വാമികള്‍ക്കെന്നപോലെ ആര്‍ക്കെങ്കിലും നമ്മുടെ സമ്മതി നല്‍കണമോ, അതോ പൗരസ്വതന്ത്ര്യത്തിനും ജനാധിപത്യത്തിനും നല്‍കണമോ എന്ന ഒരു തിരഞ്ഞെടുപ്പ് വോട്ടര്‍ തന്റെ ഹൃദയത്തില്‍ ആദ്യം നടത്തണം. ഒരു നിര്‍ധനന് നാം നല്‍കുന്ന പണം അയാള്‍ അത് ദുരുപയോഗം ചെയ്യുന്നത് നാം ഇഷ്ടപ്പെടുമോ? അതുപോലെ സ്ഥാനാര്‍ത്ഥിയ്ക്ക് സമ്മതിദാനം ചെയ്തുകഴിഞ്ഞു. ഇനി ജനപ്രതിനിധികള്‍ എങ്ങനെയെങ്കിലും ആയിക്കോട്ടെ എന്ന് കരുതാമോ? ഇല്ല, ഇത് രാഷ്ട്രീയ പ്രബുദ്ധതയല്ല. ‘യഥാപ്രജഃ തഥാരാജ’ എന്നതാണ് ചൊല്ല്. ജനങ്ങളെങ്ങനെയാണോ അതുപോലെയുള്ള ഭരണാധികാരികളാണ് ഉണ്ടാകുക എന്ന് വ്യാഖ്യാനം. ശ്രേഷ്ഠരായ ജനപ്രതിനിധികള്‍ ഉണ്ടാവാന്‍ ശ്രേഷ്ഠരായ വോട്ടര്‍മാര്‍ ഉണ്ടാവണം. സത്യസന്ധരായ ജനക്ഷേമം ലക്ഷ്യമാക്കിയ ഭരണാധികാരികള്‍ വേണോ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഉണ്ടാകണം.
വര്‍ഷങ്ങള്‍ക്കുശേഷം കൈവരുന്ന വോട്ടുചെയ്യാനുള്ള അവസരത്തെ മുന്‍വിധികളാല്‍, പാരമ്പര്യ ശീലങ്ങളാല്‍ സങ്കുചിതമാകാതെ നോക്കണം. നിലവിലുള്ള മത്സരാര്‍ത്ഥികള്‍ സ്വീകാര്യരല്ലെങ്കില്‍ അവര്‍ക്ക് വോട്ടുചെയ്യാതെ നിഷേധവോട്ടുചെയ്യാനുള്ള സംവിധാനമുള്ള ഒരു ഇലക്ഷനാണ് ഇനിവരാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ ഒരു വോട്ടര്‍ എത്ര പ്രധാനമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. പ്രത്യേകിച്ചും ന്യൂ ജനറേഷന്‍. ശ്രീ. എന്‍.കെ. ശേഷന്‍ തെരഞ്ഞെടുപ്പുകമ്മീഷന്‍ ചെയര്‍മാനായ നാളുകളിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവര്‍ത്തനം പൊതുസമൂഹത്തിന്റെ ശ്രദ്ധയിലും ആദരവിലും വ്യാപകമായി കടന്നുവരുന്നത്. നമ്മുടെ ഭാഗ്യം. ഇന്ന് കേരളത്തിലെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ നളിനിനെറ്റോയാണ്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഭരണാധികാരിയാകുന്നത് ജനാധിപത്യമല്ല. അങ്ങനെയുള്ളവര്‍ കേന്ദ്രമന്ത്രിസഭയില്‍പോലുമുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും നമ്മുടെ എ കെ ആന്റണിയുമടക്കമുള്ളവര്‍. വോട്ടര്‍മാരോട് ആലോചിക്കാതെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. മന്ത്രിമാരെ തിരഞ്ഞെടുക്കുമ്പോള്‍, മുന്നണികള്‍ ഉണ്ടാക്കുമ്പോള്‍ വോട്ടര്‍മാരുടെ അഭിപ്രായം ആരായണം. വോട്ടര്‍മാര്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സമ്മതം-അധികാരം വോട്ടര്‍മാര്‍ക്ക് ലഭിക്കണം. മുന്നണികളുടേയും, സ്ഥാനാര്‍ത്ഥികളുടേയും പ്രകടനപത്രികപോലെ വോട്ടര്‍മാരുടെ അവകാശപത്രികയ്ക്ക് വോട്ടര്‍മാര്‍ രൂപം നല്‍കാന്‍ ശ്രമിക്കണം.
നിര്‍ഭയമായി, പരപ്രേരണ ഒഴിവാക്കി, സ്വതന്ത്രമായി, രാജ്യത്തിന്റെ-നാടിന്റെ ശ്രേഷ്ഠഭാവി വിലയിരുത്തി, വോട്ട് ചെയ്യാന്‍ അവകാശം ലഭിച്ചതിന്റെ പുറകിലെ ത്യാഗങ്ങളെ ഓര്‍ത്ത് വോട്ട് ചെയ്യാന്‍ തയ്യാറാകണം. അങ്ങനെ പൂര്‍ണ്ണബോദ്ധ്യത്തോടെ പൂര്‍ണ്ണതൃപ്തിയോടെ വോട്ട് ചെയ്യാന്‍ എല്ലാ വോട്ടര്‍മാര്‍ക്കും കഴിയണം. വിയറ്റ്‌നാമിന്റെ നേതാവ് ഹോച്ചിമിന്റെ വാക്കുകള്‍ക്ക് നമുക്ക് കാതോര്‍ക്കാം. ”പൗരബോധമുള്ളവായിരിക്കുക എന്നതാണ് പ്രധാനം. അവകാശങ്ങളും കടമകളും അറിഞ്ഞിരിക്കുക. അതിനുവേണ്ടി പ്രവര്‍ത്തിക്കുക. ഇതാണ് ജനാധിപത്യത്തിന്റെ വിജയരഹസ്യം”.

e-mail : davisvalarkkavu@gmail.com

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply