വേണ്ടത് കൊടുങ്കാറ്റുകളില്‍ കുലുങ്ങാത്ത രാഷ്ട്രീയ മേല്‍ക്കൂരകള്‍

സിപി ജോണ്‍ ഗോവധവും ഗോമാംസവും വീണ്ടും ഇന്ത്യയിലെ പൊള്ളുന്ന രാഷ്ട്രീയപ്രശ്‌നമായി മാറിയിരിക്കുകയാണ്. ഗോസംരക്ഷണത്തിന്റേയും ഗോവധനിരോധനത്തിന്റേയും പ്രശ്‌നങ്ങള്‍ ഇന്നും ഇന്നലേയും തുടങ്ങിയതല്ല. സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ നമ്മുടെ ദേശീയനേതാക്കള്‍ ഗോസംരക്ഷണത്തെ കുറിച്ച് വാചാലരായിരുന്നു. ഗോമാംസം ഭക്ഷിക്കുന്ന ബ്രിട്ടീഷുകാരെ ഒറ്റപ്പെടുത്തുക എന്ന തന്ത്രം അതിലുണ്ടായിരുന്നു. 20-ാം നൂറ്റാണ്ടില്‍ നടന്ന രണ്ടു ലോകമഹായുദ്ധങ്ങള്‍ നമ്മുടെ ഗോസമ്പത്തിനെ കാര്യമായി ബാധിച്ചിരുന്നു. മാത്രമല്ല രാജ്യത്തെ പശുക്കളേയും കാളകളേയും എരുമകളേയുമെല്ലാം വ്യാപകമായി കൊന്നു ഭക്ഷിക്കുന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്ന് ദേശീയനേതാക്കളില്‍ വലിയൊരു വിഭാഗം കരുതിയിരുന്നു. മൃഗസമ്പത്തിന്റെ […]

beefസിപി ജോണ്‍

ഗോവധവും ഗോമാംസവും വീണ്ടും ഇന്ത്യയിലെ പൊള്ളുന്ന രാഷ്ട്രീയപ്രശ്‌നമായി മാറിയിരിക്കുകയാണ്. ഗോസംരക്ഷണത്തിന്റേയും ഗോവധനിരോധനത്തിന്റേയും പ്രശ്‌നങ്ങള്‍ ഇന്നും ഇന്നലേയും തുടങ്ങിയതല്ല. സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ നമ്മുടെ ദേശീയനേതാക്കള്‍ ഗോസംരക്ഷണത്തെ കുറിച്ച് വാചാലരായിരുന്നു. ഗോമാംസം ഭക്ഷിക്കുന്ന ബ്രിട്ടീഷുകാരെ ഒറ്റപ്പെടുത്തുക എന്ന തന്ത്രം അതിലുണ്ടായിരുന്നു. 20-ാം നൂറ്റാണ്ടില്‍ നടന്ന രണ്ടു ലോകമഹായുദ്ധങ്ങള്‍ നമ്മുടെ ഗോസമ്പത്തിനെ കാര്യമായി ബാധിച്ചിരുന്നു. മാത്രമല്ല രാജ്യത്തെ പശുക്കളേയും കാളകളേയും എരുമകളേയുമെല്ലാം വ്യാപകമായി കൊന്നു ഭക്ഷിക്കുന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്ന് ദേശീയനേതാക്കളില്‍ വലിയൊരു വിഭാഗം കരുതിയിരുന്നു. മൃഗസമ്പത്തിന്റെ എണ്ണം കുറയുമോ എന്നതുതന്നെയായിരുന്നു അവരുടെ ആശങ്ക. പ്രത്യേകിച്ച് കോടിക്കണക്കിന് ഗ്രാമീണര്‍ അവയെ ആശ്രയിച്ചുകൊണ്ട് ജീവിക്കുന്ന ഒരു രാജ്യത്ത്.
എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്ഥമായി ഗോസംരക്ഷണവും ഗോവധനിരോധനവും വര്‍ഗ്ഗീയചേരിതിരിവുണ്ടാക്കാന്‍ പറ്റിയ ഒന്നായി മാറ്റുക എന്ന തന്ത്രം അക്കാലത്തുതന്നെ തീവ്രഹിന്ദുവാദികള്‍ സ്വീകരിച്ചിരുന്നു. യുക്തിസഹമായ രീതിയില്‍ മൃഗസമ്പത്തിന്റെ സംരക്ഷണത്തിനപ്പുറത്തേക്ക് ഈ വിഷയത്തെ വലിച്ചുകൊണ്ടുപോയി ഒറ്റയടിക്ക് മുസ്ലിം – ദളിത് വിരുദ്ധ വികാരങ്ങള്‍ ശക്തിപ്പെടുത്താന്‍ ഈ ചിന്തക്ക് കഴിഞ്ഞു. അതോടെ പശു ഒരു ഉപജീവനമാര്‍ഗ്ഗമെന്നതിലുപരി വര്‍ഗ്ഗീയചിഹ്നമായി അവതരിക്കപ്പെട്ടു.
വേദങ്ങളിലും പുരാണങ്ങളിലും മൃഗബലി നടന്നിരുന്നതും ബലിയര്‍പ്പിച്ചിരുന്ന മൃഗങ്ങളെ ഭക്ഷിച്ചിരുന്നതുമൊക്കെ സര്‍വ്വസാധാരണമായ അറിവായിരുന്നു. എന്നാല്‍ അതായിരുന്നില്ല സാമൂഹ്യമണ്ഡലത്തില്‍ സ്വാധീനമുറപ്പിച്ചത്. തങ്ങളുടെ സാമൂഹ്യശത്രുവിനെ അടയാളപ്പെടു്ത്താനും പാര്‍ശ്വവല്‍ക്കരിക്കാനും തോല്‍പ്പിക്കാനും തരം കിട്ടിയാല്‍ നിഷ്‌കാസനം ചെയ്യാനും ഒരുമ്പെട്ടുനിന്നിരുന്ന ഒരു വിഭാഗം മൃഗചിഹ്നങ്ങളെ രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റുകയായിരുന്നു. മുസ്ലിം ആരാധനാലയങ്ങളിലേക്ക് പന്നികളെ ഓടിച്ചവിടുകയും ഹിന്ദുദേവാലയങ്ങള്‍ക്കുമുന്നില്‍ പശുക്കളെ അറക്കുകയും ചെയ്താല്‍ ഇന്ത്യയില്‍ വര്‍ഗ്ഗീയകലാപത്തിന്റെ ചേരുവകള്‍ പൂര്‍ത്തിയാകുന്ന അവസ്ഥ സംജാതമായി. പൊടുന്നനെ തീ പിടിക്കുന്ന മാനസികാവസ്ഥയിലേക്ക് ഇവ ആളിപടരുന്ന ഇന്ധനമായി മാറുകയായിരുന്നു. ഇവിടത്തെ വര്‍ഗ്ഗീയകലാപങ്ങള്‍ വിശകലനം ചെയ്താല്‍ അവയില്‍ മിക്കവയും ആരംഭിച്ചത് ഇത്തരം ‘മൃഗയാ വിനോദ’ങ്ങളില്‍ നിന്നായിരുന്നു എന്നു കാണാം. മനുഷ്യന്റെ സഹായി എന്നതില്‍നിന്ന് മൃഗം അവന്റെ നാശകാരണമായി മാറുന്നത്. ഇനിയും വളര്‍ച്ചയെത്തിയിട്ടില്ലാത്ത നമ്മുടെ സാമൂഹ്യബോധത്തിന്റെ പരിമിതി മൂലമാണ്.
സമകാലികരാഷ്ട്രീയത്തെ പിടിച്ചുലച്ച ദാദ്രിസംഭവം ഇത്തരത്തില്‍ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട മാനസികാവസ്ഥയുടെ വിസ്‌ഫോടനമാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്ത് അതിവേഗം നടക്കുന്ന വര്‍ഗ്ഗീയധ്രുവീകരണത്തിന്റെ ഏറ്റവും വികൃതമായ ഉദാഹരണമാണത്. അതുപോലെ ദളിതര്‍ നടുറോഡില്‍ നഗ്നരാക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്റെ മൂക്കിനുതാഴെ പിഞ്ചുകുഞ്ഞുങ്ങള്‍ ചുട്ടുകരിക്കപ്പെടുന്നു. ദളിതുകളേയും ന്യൂനപക്ഷങ്ങളേയും ഇരുത്തണ്ടേടത്ത് ഇരുത്തുക എന്ന സന്ദേശമാണ് ഇതെല്ലാം നല്‍കുന്നത്. പൊതുരംഗത്തേക്കുള്ള അവരുടെ പ്രവേശനം അപകടകരവും അപമാനകരവുമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഏതൊരു ചെറിയ പ്രതിഷേധത്തേയും ക്രൂരമായി അടിച്ചമര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ബീഫ് കഴിക്കാതിരുന്നാല്‍ മാത്രം ഇന്ത്യയില്‍ ജീവിക്കാമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഔദാര്യം ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. സത്യപ്രതിജ്ഞാ ലംഘനത്തിന് മുഖ്യമന്ത്രിയെ പുറത്താക്കുകയാണ് വേണ്ടത്. മോദിമന്ത്രിസഭയിലെ മന്ത്രിമാര്‍ പോലും പാക്കിസ്ഥാനിലേക്ക് ആളുകളെ കയറ്റി അയക്കാനുള്ള തിരക്കിലാണ്. രണ്ടിലധികം കുട്ടികളുള്ള ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാമെന്നും മുസ്ലിമുകള്‍ ഓടിപോകണമെന്നും ഭരണഘടന തൊട്ട് സത്യം ചെയ്തവര്‍ ഉച്ചത്തില്‍ പുലമ്പുമ്പോള്‍ ഇന്ത്യക്കാരെല്ലാം തുല്ല്യരാണെന്നും ആരോടും വിവേചനം പാടില്ല എന്നുമുള്ള ഭരണഘടനയുടെ അന്തസത്തയാണ് തെരുവില്‍ പിച്ചിചീന്തപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങളും ഉത്തരവാദിത്തമുള്ള പൗരസമൂഹവും എന്തു ചെയ്യണമെന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ കേരളമടക്കം അഞ്ചിടത്താണ് ഗോവധത്തിന് നിയന്ത്രണമില്ലാത്തത്. ഗോവധത്തെ രണ്ടുവര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റമാക്കികൊണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പെ നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 1950കളിലും 60കളിലുമാണ് ഈ നിയമങ്ങള്‍ മിക്കവാറും ഉണ്ടായത്. എന്നാല്‍ ഈ നിയമനിര്‍മ്മാണങ്ങളുടെ അടിത്തറ മുഖ്യമായും ഗോസമ്പത്തിനെ സംരക്ഷിക്കുക എന്നതായിരുന്നു. ഭരണഘടനയുടെ 48-ാം അനുച്ഛേദം ഇത്തരത്തിലുള്ള നിയമനിര്‍മ്മാണങ്ങളെ അംഗീകരിക്കുന്നുണ്ട്. ഗോസംരക്ഷണത്തിന്റെ വികാരപരമായ അംശവും നിയമനിര്‍മ്മാണങ്ങളുടെ പശ്ചാത്തലത്തില്‍ ഉണ്ടായിരുന്നു എന്നതും ശരിയാണ്. ഇന്ത്യയുടെ പാലുല്‍പ്പാദനത്തില്‍ 60 ശതമാനവും എരുമകളുടേതായിട്ടും അവയെ കൊല്ലുന്നത് വിലക്കിയിട്ടില്ല എന്നോര്‍ക്കുക.
ഈ സാഹചര്യത്തെയാണ് ബി ജെ പിയുടെ സഹോദരസംഘടനകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഭരണഘടന പാല്‍ തരുന്ന മൃഗങ്ങള്‍ എന്നു പറയുമ്പോള്‍ അതിനെ പശുമാത്രമാക്കി മാറ്റുകയും ബീഭല്‍സമായ രീതിയില്‍ വര്‍ഗ്ഗീയചേരിതിരിവിനുള്ള ഉപകരണമായി ഭരണഘടനയേയും നിലവിലുള്ള നിയമസംഹിതകളേയും ഉപയോഗിക്കുക എന്ന രാഷ്ട്രീയ തന്ത്രത്തെ കൂടുതല്‍ ഗൗരവമായും വസ്തുനിഷ്ഠമായും കാണേണ്ടതുണ്ട്. കൊടുങ്കാറ്റ് ആഞ്ഞുവീശുമ്പോള്‍ ഉറപ്പില്ലാത്ത മേല്‍ക്കൂരയെ കുറിച്ച് ചിന്തിച്ചിട്ട് വലിയ ഗുണമില്ല. കൊടുങ്കാറ്റുകളില്‍ കുലുങ്ങാത്ത രാഷ്ട്രീയ മേല്‍ക്കൂരകള്‍ നിര്‍മ്മിക്കുകയാണ് വേണ്ടത്. അതിന് ഫാസിസ്റ്റ് വിരുദ്ധ തന്ത്രങ്ങള്‍ പയറ്റുന്ന രാഷ്ട്രീയമുന്നണികള്‍ ഉണ്ടാകണം. ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പങ്ക് അതിന്റെ ഓണ്‍ ഷെയറിനേക്കാള്‍ കൂടുതലാണ്. ഇടുങ്ങിയ കക്ഷിരാഷ്ട്രീയ കളരികള്‍ക്കപ്പുറത്ത് വിശാലമായ രാഷ്ട്രീയവേദികള്‍ തെരഞ്ഞെടുപ്പു സഖ്യത്തിന്റെ രൂപത്തിലല്ലാതെതന്നെ ഉയര്‍ന്നുവരണം. രാജ്യത്തെ ആയിരകണക്കിനു കാമ്പസുകള്‍ ആധുനിക ജീവിതരീതി തങ്ങളുടെ അവകാശമാണ് എന്നുറക്കെ പറയേണ്ടിയിരിക്കുന്നു. (ൃശഴവ േീള ാീറലൃിശ്യേ) ഏതു വസ്ത്രം ധരിക്കണമെന്നും ഏതു ഭാഷയില്‍ സംസാരിക്കണമെന്നും ഏതു പാട്ടുകള്‍ കേള്‍ക്കണമെന്നും എന്തു ഭക്ഷിക്കണെമന്നുമെല്ലാം തീരുമാനിക്കാനുള്ള അവകാശം പുതിയ തലമുറ സാമൂഹ്യവിഭജന ശക്തികള്‍ക്ക് വിട്ടുകൊടുക്കരുത്. ചെറുപ്പക്കാരില്‍ നിന്നാരംഭിക്കേണ്ടിയിരിക്കുന്നു. അവര്‍ക്കേ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യമാകൂ..

(ഹോണ്‍ബില്‍ ബുക്‌സ് പ്രസിദ്ധ്ീകരിക്കുന്ന ബീഫിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply