വേണം യാത്രക്കാര്‍ക്കൊരു മാനിഫെസ്റ്റോ

സ്ഥിരമായി ഒരിടത്ത് ജോലി ചെയ്യുന്നവരോ ഒത്തുചേരുന്നവരോ അല്ലല്ലോ യാത്രക്കാര്‍. ജീവനക്കാരാകട്ടെ മറിച്ചും. അതിനാല്‍ തന്നെ അവര്‍ സംഘടിതരാണ്. സാധാരണനിലക്ക് ഇവരുടെ സംഘടനാ ശക്തി മുതലാളിക്കെതിരെയാണ് തിരിയേണ്ടത്. എന്നാല്‍ സാമാന്യം മികച്ച വേതനവും സൗകര്യങ്ങളും ലഭിക്കുന്നതിനാല്‍ ഇവരും മുതലാളിമാരും നല്ല ബന്ധമാണ്. പൊതുജനങ്ങള്‍ക്കെതിരെയാണ് ഇത്തരത്തിലുള്ള പല മേഖലകളിലേയും മുതലാളി – തൊഴിലാളി ഐക്യം പ്രവര്‍ത്തിക്കുന്നത്.

്അസംഘടിതരായ എത്രയോ ജനവിഭാഗങ്ങള്‍ അവര്‍ നിരന്തരമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ആരോടും പറയാതേയും നീതി ലഭിക്കാതേയും ജീവിക്കുന്നു എന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് കല്ലട ബസ് സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്. ഈ ഒറ്റസംഭവത്തെ തുടര്‍ന്ന് ദീര്‍ഘദൂര പ്രൈവറ്റ് ബസുകളിലെ ജീവനക്കാര്‍ക്കെതിരെ നൂറുകണക്കിന് പരാതികളാണ് അനുദിനം പുറത്തുവരുന്നത്. സര്‍ക്കാര്‍ വിഷയത്തിലിടപെട്ട് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു എന്നത് ആശ്വാസകരമാണ്. എന്നാല്‍ നടപടികള്‍ക്കെതിരെ പ്രത്യക്ഷസമരത്തിനിറങ്ങാനാണ് ബസുടമകള്‍ ആലോചിക്കുന്നത്.
സ്ഥിരമായി ഒരിടത്ത് ജോലി ചെയ്യുന്നവരോ ഒത്തുചേരുന്നവരോ അല്ലല്ലോ യാത്രക്കാര്‍. ജീവനക്കാരാകട്ടെ മറിച്ചും. അതിനാല്‍ തന്നെ അവര്‍ സംഘടിതരാണ്. സാധാരണനിലക്ക് ഇവരുടെ സംഘടനാ ശക്തി മുതലാളിക്കെതിരെയാണ് തിരിയേണ്ടത്. എന്നാല്‍ സാമാന്യം മികച്ച വേതനവും സൗകര്യങ്ങളും ലഭിക്കുന്നതിനാല്‍ ഇവരും മുതലാളിമാരും നല്ല ബന്ധമാണ്. പൊതുജനങ്ങള്‍ക്കെതിരെയാണ് ഇത്തരത്തിലുള്ള പല മേഖലകളിലേയും മുതലാളി – തൊഴിലാളി ഐക്യം പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘദൂര സ്വകാര്യബസുകൡ മാത്രമല്ല, സാധാരണ സ്വകാര്യ ബസുകൡും എന്തിന് കെ എസ് ആര്‍ ടി സി ബസുകളില്‍ പോലും കാണാവുന്ന അവസഥയാണിതെന്നതാണ് കൗതുകകരം.
ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങലായ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, മാലിന്യസംസ്‌കരണം, ഗതാഗതം തുടങ്ങിയവ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയും മറ്റു സേവന മേഖലകളും ഉല്‍പ്പാദനമേഖലകളുമെല്ലാം ആരോഗ്യകരമായ മത്സരത്തിന് അനുവദിക്കുകയുമാണ് ചെയ്യേണ്ടത്. അതാണ് ഒരു യഥാര്‍ത്ഥ ജനാധിപത്യസര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ നമ്മുടെ നാട്ടില്‍ നടക്കുന്നത് മറിച്ചാണ. ആരോഗ്യവും വിദ്യാഭ്യാസവും ഗതാഗതവുമൊക്കെ സ്വകാര്യമേഖലയുടെ കഴുത്തറപ്പന്‍ മത്സരത്തിനു വിട്ടുകൊടുക്കുകയാണ് നാം ചെയ്യുന്നത്. അതിന്റെ ദുരന്തങ്ങളാണ് കുറെകാലമായി ഈ മേഖലകളില്‍ നടക്കുന്നത്. ആരോഗ്യ – വിദ്യാഭ്യാസരംഗത്ത് ഇത് രൂക്ഷമായ അവസ്ഥയിലാണ്. ഗതാഗതത്തിന്റേയും പോക്ക് ആ നിലയിലേക്കാണ്. ആശുപത്രികളിലെത്തുന്ന നിസ്സഹായരും അസംഘടിതരുമായ രോഗികളുടെ അവസ്ഥതന്നെയാണ് യാത്രക്കാരുടേയും എന്നതാണ് യാഥാര്‍ത്ഥ്യം. അസംഘടിതരായതിനാല്‍ ഇവരാണ് ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും. രോഗികളുടെ പ്രശ്‌നങ്ങള്‍ കുറച്ചൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടതിനാല്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുക്കുന്നുണ്ട്. രോഗികളുടെ അവകാശങ്ങള്‍ ആശുപത്രികളില്‍ പതിച്ചു വെക്കണമെന്ന് നിയമവുമുണ്ട്. എന്നാല്‍ യാത്രക്കാരുടെ അവകാശങ്ങള്‍ ഇപ്പോഴും അംഗികരിക്കപ്പെട്ടിട്ടില്ല എന്നു പറയാം. യാത്രക്കാരുടെതായ ഒരു മാനിഫസ്റ്റോ പുറത്തിറക്കേണ്ട അടിയന്തിര സാഹചര്യമാണിത്.
കേരളത്തെ സംബന്ധിച്ച് ഇത്തരം ബസുകൡ കൂടുതല്‍ യാത്രചെയ്യുന്നത് ബാംഗ്ലൂരിലെ ഐടി മേഖലകളിലുള്ളവരും വിദ്യാര്‍ത്ഥികളുമാണ്. കൂടാതെ ഹൈദരാബാദ്, ചെന്നൈ, മധുര, മൈസൂര്‍, തിരുവനന്തപുരം തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് എന്നും ഒരുപാട് യാത്രക്കാര്‍ യാത്ര ചെയ്യുന്നു. കല്ലട പോലുള്ള നിരവധി ബസുകളുള്ള കമ്പനികളാണ് മിക്കവാറും യാത്രക്കാരോട് മോശമായി പെരുമാറുന്നത്. കസ്റ്റമേഴ്‌സിനോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും അവര്‍ യാത്രക്കാരോട് കാണിക്കുന്നില്ല. ബസിലെ ജീവനക്കാരുടെ സംസാരരീതിപോലും വളരെ മോശമാണ്. അത്യാവശ്യകാര്യങ്ങള്‍ക്കുപോലും നിര്‍ത്തി കൊടുക്കില്ല. സമയനിഷ്ഠ പലപ്പോഴും ഇല്ല. ഇടക്ക് വണ്ടിമാറും. മണിക്കൂറുകളോളും തെരുവില്‍ നിര്‍ത്തും. ചിലപ്പോള്‍ ഇറക്കിവിടുകയും ഇപ്പോഴുണ്ടായപോലെ മര്‍ദ്ദിക്കുകയും ചെയ്യും. അസംഘടിതരായതിനാല്‍ കാര്യമായ എതിര്‍പ്പൊന്നും ഉണ്ടാകില്ല. പിന്നീട് നിയമനടപടിക്കുപോകാനും ആരും ത.യ്യാറാകാറില്ല എന്നതാണ് ബസ് മാഫിയയുടെ ധൈര്യം.
തീര്‍ച്ചയായും പൊതുഗതാഗത സംവിധാനത്തിന്റെ അപര്യാപ്തത തന്നെയാണ് ഇതിനെല്ലാം കാരണമാകുന്നത്. കെ എസ് ആര് ടി സിയുടെ അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതിനാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. കെ എസ് ആര്‍ ടി സിക്കുവേണ്ട് കേരളത്തിലെ നാഷണല്‍ ഹൈവേയില്‍ പോലും സാധാരണ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നില്ല. ട്രേയിനുകളുടെ അപര്യാപ്തതയും തിരക്കും മൂലം മിക്കവാറും പേര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് സ്വകാര്യ ടൂറിസ്റ്റ് ബസുകളെ തന്നെ. മാത്രമല്ല, യാത്ര ചെയ്യുന്നവരില്‍ മിക്കവരും സാമാന്യം ഭേദപ്പെട്ട വരുമാനമുള്ളവരായതിനാല്‍ എ സി വണ്ടികളില്‍ ആഡംബരത്തോടെ തന്നെ പോകാന്‍ ആഗ്രഹിക്കുന്നവരാണ്. ട്രെയിനുകളിലെ എസി ടിക്കറ്റ് പെട്ടന്നു കിട്ടുക എളുപ്പവുമല്ല. ഇത്തരമൊരു സാഹചര്യത്തെയാണ് ഇക്കൂട്ടര്‍ ഭംഗിയായി മുതലെടുക്കുന്നത്. ഈ ബസുകളാകട്ടെ മിക്കവാറും അരുണാചല്‍ പ്രദേശത്തും മറ്റും രജിസ്റ്റര്‍ ചെയ്തതായതിനാല്‍ നമ്മുടെ സര്‍ക്കാരിന് കാര്യമായ നിയന്ത്രണമൊന്നുമില്ല. യാത്രക്കാരെ മാത്രമല്ല, നിയമവിരുദ്ധമായി ചരക്കുകള്‍ കൊണ്ടുപോകാനും ഈ വണ്ടികള്‍ ഉപയോഗിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്.
തീര്‍ച്ചയായും തങ്ങളുടെ പ്രതാപകാലത്ത് കെ എസ് ആര്‍ ടി സി ജീവനക്കാരും സാധാരണ സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരോട് പെരുമാറിയിരുന്നത് ഇതേ രീതിയില്‍ തന്നെയായിരുന്നു. സ്വകാര്യബസുടമകളില്‍ നിന്ന് പണം വാങ്ങി അവക്കുപുറകെ യാത്രക്കാരെ കയറ്റാതെ പോകുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. യാത്രക്കാരോട് പെതുവിലുണ്ടായിരുന്ന പെരുമാറ്റവും മോശമായിരുന്നു. കെ എസ് ആര്‍ ടി സിയെ തകര്‍ത്തതില്‍ അവര്‍ തങ്ങളുടെ പങ്കു വഹിച്ചിട്ടുണ്ട്. അവരില്‍ പെട്ടവരാണ് ഇന്ന് വാര്‍ദ്ധക്യത്തില്‍ പെന്‍ഷന്‍ പോലും കൃത്യമായി ലഭിക്കാതെ ദുരിതങ്ങളനുഭവിക്കുന്നവരില്‍ പലരും. സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ ഇന്നു വാങ്ങുന്ന അമിത നിരക്കിനെ പറ്റി പറയുമ്പോള്‍, സര്‍ക്കാര്‍ വര്‍ഷം തോറും കെ എസ് ആര്‍ ടി സിക്കു വെറുതെ കൊടുക്കുന്ന പണം കൂട്ടിയാല്‍ അതിനേക്കാള്‍ കൂടുതല്‍ വരും. എന്നിട്ടും ഓരോ ബസിനും ഓരോ കോടിയാണ് കടം. എന്നിട്ടും കെ എസ് ആര്‍ ടി സെയെ നന്നാക്കിയെടുക്കാന്‍ ശ്രമിക്കാതെ രാഷ്ട്രീയം കളിക്കുകയാണ് സര്‍ക്കാരും യൂണിയനുകളും എന്നതാണ് തമാശ. ഇപ്പോഴത്തെ സംഭവങ്ങളുടെ പേരില്‍ കെ എസ് ആര്‍ ടി സിയെ പ്രകീര്‍ത്തിക്കുന്നവര്‍ ഇവ കൂടി സൂചിപ്പിക്കണം. ദയാബായിക്ക് വളരെ മോശം അനുഭവമുണ്ടായത് അടുത്ത കാലത്താണല്ലോ. സാധാരണ സ്വകാര്യബസ് ജീവനക്കാരും യാത്രക്കാരോട് പെരുമാറുന്നത് നല്ല രീതിയിലൊന്നുമല്ല എന്നതും മറക്കരുത്. അവരുടെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം മാത്രം കണ്ടാല്‍ മതിയല്ലോ സാമൂഹ്യവിരുദ്ധത പ്രകടമാകാന്‍. മാത്രമല്ല, മിണ്ടിയാല്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് ജനങ്ങളെ പെരുവഴിയിലാക്കാന്‍ ഇവരാണ് മുന്നില്‍.
ഇത്തരമൊരു സാഹചര്യത്തിലാണ് അസംഘടിതരായ യാത്രക്കാരുടെ അവകാശ സംരക്ഷണം പ്രസക്തമാകുന്നത്. അക്കാര്യത്തില്‍ ആദ്യ ഉത്തരവാദിത്തം കാണിക്കേണ്ടത് സര്‍ക്കാരാണ്. അതിനായി വേണമെങ്കില്‍ നിയമനിര്‍മ്മാണം തന്നെ വേണം. പെതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതും ജനങ്ങളെ അതിലേക്ക് ആകര്‍ഷിക്കത്തവിധം ആധുനികവും കൃത്യനിഷ്ഠയുമുള്ളതാക്കി അതിനെ മാറ്റുകയും വേണം. കെ എസ് ആര്‍ ടി സിക്കുമാത്രം അതു സാധ്യമല്ലാത്തതിനാല്‍ സ്വകാര്യ ബസുകളേയും ഉപയോഗിക്കണം. സ്വകാര്യബസുകളും പൊതുവാഹനങ്ങളാണല്ലോ. എന്നാല്‍ കല്ലടയെപോലുള്ള കുത്തക കമ്പനികളെ നിയന്ത്രിച്ചേ മതിയാവൂ. മുമ്പൊക്കെ ബസ് സര്‍വ്വീസ് എന്നാണ് ഈ മേഖല അറിയപ്പെട്ടിരുന്നത്. പിന്നീടാണ് വ്യവസായമായത്. തീര്‍ച്ചയായും നിലനില്‍ക്കാന്‍ വരുമാനം വേണം. സര്‍വ്വീസ് എന്നു വെറുതെ പറയുന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ വ്യവസായത്തിനും നൈതികമാകാമല്ലോ. ഏതൊരു വ്യവസായത്തിന്റേയും വാണിജ്യത്തിന്റേയും അടിത്തറ ഉപഭോക്താക്കളാണ്. അവരെ അംഗീകരിച്ചേ മുന്നോട്ടുപോകാനാവൂ. ഇവിടെയത് യാത്രക്കാരാണ്. അതിനാല്‍ തന്നെ യാത്രക്കാരുടെ അവകാശങ്ങള്‍ അംഗികരിക്കണം. അവയുര്‍ത്തിപിടിക്കുന്ന ഒരു മാനിഫെസ്റ്റോവിന് രൂപം കൊടുക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala, Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply