വേണം നമുക്കൊരു സ്വതന്ത്ര സാംസ്‌കാരിക മേഖല

രാജ്യത്തെങ്ങും നിലനില്‍ക്കുന്ന അസഹിഷ്ണുതക്കും പോലീസിംഗിനും എതിരേയും നഷ്ടപ്പെടുന്ന പൊതുയിടങ്ങള്‍ തിരിച്ചുപിടിക്കാനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളും പ്രചരണങ്ങളും ശക്തിപ്പെടുകയാണ്. തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവവേദിയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം ശ്രദ്ധേയമായി. റീജിയണല്‍ തിയറ്റര്‍ കവാടത്തില്‍ സജ്ജീകരിച്ച വിശാലമായ കാന്‍വാസില്‍ ചിത്രം വരച്ചും ഒപ്പിട്ടും സന്ദേശങ്ങള്‍ എഴുതിയുമാണ് പ്രേക്ഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഫ്രീഡം ബുക്‌സ് പ്രസിദ്ധീകരിച്ച, കവിയും മാധ്യമപ്രവര്‍ത്തകനുമായ അനൂപ് കെ ആറിന്റെ സെവിഡോസെഡ്‌മോര്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം കവി അന്‍വര്‍ അലി നിര്‍വ്വഹിച്ചു. ഒരാള്‍പൊക്കം സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ […]

01രാജ്യത്തെങ്ങും നിലനില്‍ക്കുന്ന അസഹിഷ്ണുതക്കും പോലീസിംഗിനും എതിരേയും നഷ്ടപ്പെടുന്ന പൊതുയിടങ്ങള്‍ തിരിച്ചുപിടിക്കാനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളും പ്രചരണങ്ങളും ശക്തിപ്പെടുകയാണ്. തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവവേദിയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം ശ്രദ്ധേയമായി. റീജിയണല്‍ തിയറ്റര്‍ കവാടത്തില്‍ സജ്ജീകരിച്ച വിശാലമായ കാന്‍വാസില്‍ ചിത്രം വരച്ചും ഒപ്പിട്ടും സന്ദേശങ്ങള്‍ എഴുതിയുമാണ് പ്രേക്ഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഫ്രീഡം ബുക്‌സ് പ്രസിദ്ധീകരിച്ച, കവിയും മാധ്യമപ്രവര്‍ത്തകനുമായ അനൂപ് കെ ആറിന്റെ സെവിഡോസെഡ്‌മോര്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം കവി അന്‍വര്‍ അലി നിര്‍വ്വഹിച്ചു. ഒരാള്‍പൊക്കം സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഏറ്റുവാങ്ങി. കേരളീയം മാസികയുടെ ആഭിമുഖ്യത്തില്‍ നടന്ന നിലാവറിയാന്‍ പരിപാടി പോലീസിടപ്പെട്ട് അലങ്കോലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. സിവിക് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെങ്ങും തുടരുന്ന അസഹിഷ്ണുതയുടെയും നിയമവിരുദ്ധമായ പോലീസിങ്ങിന്റേയും അലയൊലികള്‍ തൃശൂരിലും ശക്തമാണ്. സാംസ്‌കാരികനഗരമായതുകൊണ്ടായിരിക്കാം അതേറ്റവും ശക്തമായിരിക്കുന്നത് സാംസ്‌കാരികമേഖലയില്‍ തന്നെയാണ്. 10 വര്‍ഷമായി നഗരത്തില്‍ നടക്കുന്ന മഴവില്‍ ചലചിത്രമേള (വിബ്ജിയോര്‍) ക്കുനേരെയായിരുന്നു പ്രധാനഭീഷണി. 2014ലെ മേളയില്‍ പ്രദര്‍ശിപ്പിച്ച, കാശ്മീരി സംവിധായകനായ ബിലാല്‍.എ.ജാനിന്റെ ഓഷ്യന്‍ ഓഫ് ടിയേഴ്‌സ് എന്ന സിനിമക്കെതിരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷി പറയാനെത്തിയ വിബ്ജിയോര്‍ ഫിലിം കളക്ടീവിന്റെ മുന്‍ സെക്രട്ടറി ശരത് ചേലൂരിനും കവി അന്‍വര്‍ അലിക്കുമെതിരെ അടുത്തയിടെ കോടിതില്‍ തന്നെ ഭീഷണിയുണ്ടായി. 2008 ല്‍ തമിഴ് സംവിധായകന്‍ ആര്‍.പി. അമുദന്റെ ‘വന്ദേമാതരം’ എന്ന മ്യൂസിക് വീഡിയോ വിബ്ജിയോറില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും ഹിന്ദുത്വ ശക്തികള്‍ പ്രതിഷേധിച്ചിരുന്നു. പക്ഷെ അന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തി പിരിയുകയായിരുന്നു. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ സാംസ്‌കാരികഫാസിസം കൂടുതല്‍ അക്രമാസക്തതയിലേക്കും അസഹിഷ്ണുതയിലേക്കും വളര്‍ന്നിട്ടുണ്ടെന്ന് പുതിയ സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.വിബ്ജിയോറിന്റെ ഭാരവാഹികളല്ലാത്ത, മേളയില്‍ പ്രതിനിധികളായി പങ്കെടുത്ത 6 സ്ത്രീകള്‍ നാടകകൃത്തും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമായ ഈവ് എന്‍സ്ലറിന്റെ ‘വെജൈന മോണോലോഗ്’ എന്ന നാടകത്തിന്റെ മലയാളരൂപം പ്രതിനിധികള്‍ക്കുമുന്നില്‍ അവതരിപ്പിച്ചതിനെതിരെ രംഗത്തു വന്നത് പോലീസ് തന്നെയായിരുന്നു. തുടര്‍ന്ന് രാത്രി പത്തുമണിയോടെ സംഗീത നാടക അക്കാദമിയുടെ മുന്നില്‍ ഓട്ടോ കാത്തുനില്‍ക്കുകയായിരുന്ന നാലു ചലച്ചിത്ര വിദ്യാര്‍ത്ഥികളെയും സിനിമാറ്റോഗ്രാഫറായ പെണ്‍കുട്ടിയെയും അവരുടെ കൂട്ടുകാരിയേയും പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയും ചെയ്തു.
ഈ സംഭവവികാസങ്ങള്‍ക്കുശേഷം സാംസ്‌കാരിക നഗരിയിലെ സാസ്‌കാരികവീഥിയെന്നറിയപ്പെടുന്ന പാലസ് റോഡും പരിസരവും കനത്ത പോലീസ് നിരീക്ഷണത്തിലാണ്. സാംസ്‌കാരിക – നാടക – സിനിമാ – മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിത്യവും ഒത്തുചേരുന്ന സാഹിത്യ അക്കാദമി മുറ്റത്ത് സിസി ടിവി ക്യാമറ സ്ഥാപിച്ച് പോലീസ് നിരീക്ഷണമാരംഭിച്ചു..ലോകത്ത് എത്രയോ സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള താന്‍ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ചര്‍ച്ചകളും നിലപാടുകളും കേട്ടിട്ടുള്ളത് അക്കാദമി മുറ്റത്താണെന്നും മുന്‍ പ്രസിഡന്റ് എം മുകുന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍, പരിപാടികളില്ലാത്ത ദിവസങ്ങളില്‍ സാധാരണ സര്‍ക്കാര്‍ ഓഫീസിനെ പോലെ ഓഫീസ് സമയം കഴിഞ്ഞാല്‍ ഗേറ്റടക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന അപൂര്‍വ്വം ചില സാസ്‌കാരിക ഇടങ്ങളും അങ്ങനെ നഷ്ടപ്പെടുകയാണ്. അവ തിരിച്ചുപിടിക്കുക എന്നതാണ് മലയാളികളുടെ അടിയന്തിരമായ സാസ്‌കാരിക ഉത്തരവാദിത്തം.
അന്താരാഷ്ട്രനാടകോത്സവത്തിന്റെ ആദ്യവര്‍ഷം ബുള്ളാ ഷാ എന്ന പേരില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള സൂഫി ഗായകനെ കുറിച്ചുള്ള നാടകത്തിനെതിരേയും പ്രതിഷേധമുണ്ടായി. എന്നാല്‍ നാടകസംവിധായിക പുറത്തിറങ്ങി വരുകയും പ്രകടനക്കാരെ മുഴുവന്‍ നാടകം കാണാന്‍ ക്ഷണിക്കുകയായിരുന്നു. നാടകം കണ്ട ശേഷം സംവിധായികക്ക് കൈകൊടുത്താണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത.് ഈ സഹിഷ്ണുതയാണ് രാജ്യത്തെങ്ങും വളരുന്ന അസഹിഷ്ണുതയുടെ പശ്ചാത്തലത്തില്‍ നഷ്ടപ്പെടുന്നത്.
ഇത്തരം സാഹചര്യത്തിലാണ് സ്വതന്ത്ര സാംസ്‌കാരിക മേഖല എന്ന ആശയത്തിന്റെ പ്രസക്തി. സ്വതന്ത്ര വ്യാപാര മേഖലയും പ്രത്യേക സാമ്പത്തിക മേഖലയും പ്രത്യേക കയറ്റുമതി മേഖലയുമൊക്കെയായി മെയ്ക്ക് ഇന്‍ ഇന്‍ഡ്യ ആഘോഷിക്കുമ്പോള്‍ പ്രത്യേക/സ്വതന്ത്ര സാംസ്‌കാരിക മേഖല ഏറെ പ്രസക്തമാകുന്നു.
ഓരോ വര്‍ഷവും ഇരുപതും മുപ്പതും ശതമാനം കണ്ടാണ് തിരുവനന്തപുരത്തു നടക്കുന്ന IFFK യില്‍ കാണികള്‍ വര്‍ദ്ധിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് താങ്ങാനാവാത്ത മേളയായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാറിയിട്ട് വര്‍ഷങ്ങളായി. തൃശൂരിലെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. കൊച്ചി മുസിരിസ് ബിനാലെയുടെ സിഗ്‌നേച്ചര്‍ ആയി മാറിയിരിക്കുന്ന പ്രധാന വേദി റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ DLF ന്റെ കയ്യിലുള്ള ആസ്പിന്‍വാള്‍ സമുച്ചയം ഏതു നിമിഷവും ഫഌറ്റ് ക്ലോംപ്ലക്‌സിനോ ഷോപ്പിംഗ് മാളിനോ വേണ്ടി നിരത്തപ്പെടാം. ഈ സാഹചര്യം സംസ്ഥാനതല പൊതു ഇടത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. സ്വതന്ത്ര സാമ്പത്തിക മേഖലക്ക് സര്‍ക്കാര്‍ വെച്ചു നീട്ടുന്ന ആനുകൂല്യങ്ങള്‍ ഇവിടേയും ബാധകമാകണം. തിയ്യറ്ററുകള്‍, പ്രദര്‍ശനശാലകള്‍, കോണ്‍ഫറന്‍സ് വേദികള്‍, ഗാലറികള്‍, താമസ സൗകര്യങ്ങള്‍, കഫേ, ബാര്‍ ഇവയൊക്കെയും സര്‍ക്കാര്‍ ചെലവില്‍ വേണം. പക്ഷേ നിയന്ത്രണങ്ങളരുത്. നാട്ടിലെ തൊഴില്‍ നിയമങ്ങള്‍ സ്വതന്ത്ര സാമ്പത്തിക മേഖലകളില്‍ റദ്ദു ചെയ്യാമെങ്കില്‍ സെന്‍സര്‍ഷിപ്പ് നിയമങ്ങളും നാടകാവതരണ നിയമങ്ങളും വികാരം വ്രണപ്പെടല്‍ നിയമങ്ങളും പോലീസിംഗും FCZ മേഖലയില്‍ പാടില്ല. സദാചാരപോലീസിന് ആ ഏരിയയില്‍ പ്രവേശനമുണ്ടാകില്ല.
കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയില്‍ സ്വതന്ത്ര സാമ്പത്തിക മേഖല നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാംസ്‌കാരിക തലസ്ഥാനത്ത് സ്വതന്ത്ര സാംസ്‌കാരിക മേഖലക്ക് ഏറെ പ്രസക്തിയുണ്ട്. തൃശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇക്കാര്യം സാംസ്‌കാരിക വകുപ്പിന്റ ശ്രദ്ധയില്‍ പെടുത്തിയിട്ടുമുണ്ട്. മൃഗശാല പുത്തൂരിലേക്ക് മാറ്റുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ മൃഗശാല നിലനില്‍ക്കുന്ന സ്ഥലമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അവിടെ ഒരു മരം പോലും മുറിക്കാതെ, പ്രകൃതിയനുസൃതമായ ഏറ്റവും കുറവ് നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടത്തേണ്ടത്. നാടകവും സിനിമയും മാത്രമല്ല, മറ്റു കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം, ചിത്ര – ശില്‍പ്പ പ്രദര്‍ശനങ്ങള്‍ക്കുള്ള വേദി, സാംസ്‌കാരിക പ്രതിരോധങ്ങള്‍ക്കുള്ള അവസരം, ചര്‍ച്ചകള്‍ക്കും പുസ്തകപ്രകാശനങ്ങള്‍ക്കുമുള്ള വേദി തുടങ്ങിയവക്കുപുറമെ ഇപ്പോള്‍ സ്ഥലമില്ലാതെ വീര്‍പ്പുമുട്ടുന്ന പബ്ലിക് ലൈബ്രറിയും ഇങ്ങോട്ടുമാറ്റാവുന്നതാണ്. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സാസ്‌കാരിക പ്രവര്‍ത്തകര്‍ ഇനി നേതൃത്വം നല്‍കേണ്ടത്.

കടപ്പാട് പാഠഭേദം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news, open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply