വേണം നമുക്കൊരു ഗ്രീന്‍ പാര്‍ട്ടി

പരിസ്ഥിതി സംരക്ഷണം രാഷ്ട്രീയത്തിലെ മുഖ്യ അജണ്ടയായി മാറുന്ന സാഹചര്യത്തിലാണ് കേരളം 58-ാം വയസ്സിലേക്ക് പ്രവേശിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും മണല്‍ മാഫിയക്കെതിരായ ജസീറയെന്ന സ്ത്രീയുടെ ഒറ്റയാള്‍ പോരാട്ടവും കാതിക്കുടം സമരവും നവതിയിലേക്ക് പ്രവേശിക്കുന്ന വിഎസിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിലപാടുകളുമൊക്കെ മുഖ്യധാരയിലെ പ്രധാന വിഷയങ്ങളായി മാറുന്നു എന്നതു തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ചെറുഗ്രൂപ്പുകളും നവസാമൂഹ്യപ്രസ്ഥാനങ്ങളുമൊക്കെ നയിച്ചിരുന്ന പരിസ്ഥിതിസമരങ്ങളെ അവഗണിച്ചിരുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇനിയുമതിനു കഴിയില്ല എന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. അതോടൊപ്പം പ്രസ്ഥാനങ്ങളിലും നേതാക്കളിലും കൃത്യമായ ധ്രുവീകരണവും പ്രകടമായി കൊണ്ടിരിക്കുന്നു. പാരിസ്ഥിതിക […]

downloadപരിസ്ഥിതി സംരക്ഷണം രാഷ്ട്രീയത്തിലെ മുഖ്യ അജണ്ടയായി മാറുന്ന സാഹചര്യത്തിലാണ് കേരളം 58-ാം വയസ്സിലേക്ക് പ്രവേശിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും മണല്‍ മാഫിയക്കെതിരായ ജസീറയെന്ന സ്ത്രീയുടെ ഒറ്റയാള്‍ പോരാട്ടവും കാതിക്കുടം സമരവും നവതിയിലേക്ക് പ്രവേശിക്കുന്ന വിഎസിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിലപാടുകളുമൊക്കെ മുഖ്യധാരയിലെ പ്രധാന വിഷയങ്ങളായി മാറുന്നു എന്നതു തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ചെറുഗ്രൂപ്പുകളും നവസാമൂഹ്യപ്രസ്ഥാനങ്ങളുമൊക്കെ നയിച്ചിരുന്ന പരിസ്ഥിതിസമരങ്ങളെ അവഗണിച്ചിരുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇനിയുമതിനു കഴിയില്ല എന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. അതോടൊപ്പം പ്രസ്ഥാനങ്ങളിലും നേതാക്കളിലും കൃത്യമായ ധ്രുവീകരണവും പ്രകടമായി കൊണ്ടിരിക്കുന്നു. പാരിസ്ഥിതിക വിഷയങ്ങളെ മുഖ്യ അജണ്ടയായി സ്വീകരിക്കുന്ന ഒരു ഗ്രീന്‍ പാര്‍ട്ടിയുടെ ആവശ്യകതയിലേക്കാണ് കേരളം നീങ്ങുന്നത്.
പരിസ്ഥിതിയും വികസനവുമെന്ന കാതലായ വിഷയത്തെ കുറിച്ചുള്ള സംവാദങ്ങള്‍ ആരംഭിച്ച് കാലമേറെയായി. സൈലന്റ് വാലി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളോടെയാണ് കേരളത്തില്‍ ഇത്തരമൊരു ചര്‍ച്ച ആരംഭിച്ചതെന്നു പറയാം. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സൈലന്റ് വാലിയില്‍ നിന്ന് ഗാഡ്ഗിലില്‍ എത്തിയിട്ടും വിഷയം മുഖ്യധാരയിലെത്തി എന്നല്ലാതെ ചര്‍ച്ചകളുടെ നിലവാരത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല എന്നു കാണാം. വികസനമൗലിക വാദികളും പരിസ്ഥിതി മൗലിക വാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെയാണ് നടക്കുന്നത്. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതുപോലെ ഉമ്മന്‍ ചാണ്ടി മഴുവെറിഞ്ഞ് കായലുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് പുസ്തകമെഴുതിയ എ പി അബ്ദുള്ളക്കുട്ടി വികസന മൗലികവാദികളുടെ പ്രതീകമാണ്. മുന്‍ മാര്‍ക്‌സിസ്റ്റും ഇപ്പോള്‍ കോണ്‍ഗ്രസ്സുമായ ഇദ്ദേഹം പ്രകടമാക്കുന്നത് പൊതുവില്‍ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടു തന്നെയാണ്. മണല്‍ മാഫിയക്കെതിരായ ജസീറയുടെ പോരാട്ടത്തിനെതിരേയും ഇദ്ദേഹം സജീവമാണല്ലോ.
തീര്‍ച്ചയായും മറുവശത്ത് പരിസ്ഥിതി മൗലികവാദവുമുണ്ട്. പരിസ്ഥിതി വകുപ്പ് അനുമതിയില്ലാതെയുള്ള മണല്‍ ഖനനം പൂര്‍ണമായി നിരോധിച്ച ദേശീയ ഹരിത െ്രെടബ്യൂണല്‍ വിധിക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. മണല്‍ ഖനനത്തിന് സമ്പൂര്‍ണ നിരോധം ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്നും പരിസ്ഥിതി സംരക്ഷണവും വികസനവും തമ്മില്‍ സന്തുലനം വേണമെന്നും അദ്ദേഹം പറഞ്ഞു. നദികളില്‍നിന്ന് അഞ്ചടി ആഴത്തിലെങ്കിലും മണല്‍ നീക്കിയില്ലെങ്കില്‍ വേനല്‍ക്കാലത്ത് നദിയില്‍ വെള്ളമുണ്ടാകില്ലെന്ന് തമിഴ്‌നാട്ടിലെ കാവേരി നദീതീരത്തെ തന്റെ വീടിന്റെയും ഭൂമിയുടെയും അനുഭവം വിവരിച്ച് സദാശിവം ചൂണ്ടികാട്ടി. മുമ്പൊരിക്കല്‍ നമ്മുടെ പ്രിയപ്പെട്ട സാഹിത്യകാരനും എഞ്ചിനിയറുമായ ആനന്ദും ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു. പശ്മിമഘട്ട സംരക്ഷണ വിഷയത്തിലും തീര്‍ച്ചയായും ഈ കാഴ്ചപ്പാടാണ് അനിവാര്യം. എല്ലാ മൗലികവാദങ്ങളും തിരസ്‌കരിക്കപ്പെടേണ്ടതാണ്. വേണ്ടത് പരിസ്ഥിതിയും വികസനവുമായുള്ള സന്തുലിതമായ കാഴ്ചപ്പാടും അതുയര്‍ത്തി പിടിക്കുന്ന ഹരിത പ്രസ്ഥാനവുമാണ്.
ഒന്നുറപ്പ്. പ്രകൃതിവിഭവങ്ങള്‍ അനന്തമാണന്നും അത് ചൂഷണം ചെയ്യലാണ് വികസനത്തിന്റെ അടിത്തറയെന്നുമുള്ള പഴയ ധാരണ തിരുത്തപ്പെട്ടു കഴിഞ്ഞു. പ്രകൃതി വിഭവങ്ങള്‍ പരിമിതമാണന്നും അത് വരും തലമുറക്കും മുഴുവന്‍ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നുമുള്ള ധാരണ ഇന്ന് ലോകമാകെ വ്യാപകമായി കഴിഞ്ഞു. ഈ രണ്ടു ധാരണകളുടേയും പ്രതിഫലനങ്ങള്‍ കേരളത്തില്‍ തന്നെ കാണാം. 1950 – 60കളോടെ കേരളത്തിലെ വനപ്രദേശങ്ങളിലേക്കും ഹൈറേഞ്ചിലേക്കുമെല്ലാം മുഖ്യമായി മധ്യതിരുവിതാംകൂറില്‍ നിന്ന് വ്യാപകമായി നടന്ന കുടിയേറ്റം ആദ്യനിലപാടിന്റെ പ്രതിഫലനമാണ്. മനുഷ്യാധ്വാനമാണ് അന്ന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടത്. അതിനെ പ്രമേയമാക്കി എത്രയോ കലാസൃഷ്ടികള്‍ പോലും ഉടലെടുത്തു. എന്നാല്‍ ആ കുടിയേറ്റം നമ്മുടെ സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക മേഖലകളിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഇന്ന് വ്യക്തമാണ്. നഷ്ടപ്പെട്ട ഭൂമിക്കായുള്ള ആദിവാസി പ്രക്ഷോഭം മുതല്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വരെ അതെത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയൊരു ഹരിത രാഷ്ട്രീയത്തിനു പ്രസക്തിയേറുന്നത്.
സൈലന്റ് വാലി, പെരിങ്ങോം, മാവൂര്‍, പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍, പെരിയാര്‍ സംരക്ഷണം, അതിരപ്പിള്ളി, വ്യവസായിക – നഗര മാലിന്യ വിരുദ്ധ സമരങ്ങള്‍ തുടങ്ങി എത്രയോ പാരിസ്ഥിതിക സമരങ്ങളിലൂടെ കേരളം കടന്നു പോയി. കരിമണല്‍ ഖനനം, കളിമണ്‍ ഖനനം, പാടം നികത്തല്‍, കായല്‍ – നദീ സംരക്ഷണം, കരിങ്കല്‍ ക്വാറി, വനസംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിനു സമരങ്ങള്‍ വേറേയും. ഇത്രയൊക്കെയായിട്ടും പാരിസ്ഥിതിക സംരക്ഷണത്തിനായുള്ള ഒരു രാഷ്ട്രീയ നിലപാട് നമ്മുടെ പാര്‍ട്ടികള്‍ക്കില്ല എന്നതാണ് കൗതുകകരം. പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ സിപിഎമ്മിന്റെ സമ്മുന്നത നേതാക്കളായ വിഎസും എസ്ആര്‍പിയുമായുള്ള അഭിപ്രായ വ്യത്യാസം നോക്കുക. കാതിക്കുടം സമരത്തില്‍ ഹരിത എംഎല്‍എമാരെന്നു പറയപ്പെടുന്ന ടിഎന്‍ പ്രതാപനും വിഡി സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതയും സമാനം തന്നെ. വികസനത്തിന്റെ പേരിലും തൊഴിലാളികളുടെ തൊഴിലിന്റെ പേരിലുമൊക്കെ പരിസ്ഥിതി സമരങ്ങള്‍ പൊതുവില്‍ എതിര്‍ക്കപ്പെടുകയാണ് ചെയ്തത്. പ്ലാച്ചിമടയിലും മാവൂരും കാതിക്കുടത്തുമൊക്കെ പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പ്രാഥമികാവകാശത്തിനുവേണ്ടിയുള്ള പാവപ്പെട്ടവരുടെ സമരത്തിനെതിരെ ഏറ്റവും ശക്തമായി രംഗത്തുവന്നത് തൊഴിലാളികളും യൂണിയനുകളുമാണ്. വര്‍ഗ്ഗശത്രുക്കളാകേണ്ട മാനേജ്‌മെന്റുകളും യൂണിയന്‍ നേതൃത്വങ്ങളും സാധാരണക്കാര്‍ക്കെതിരെ കൈകോര്‍ക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. ഒപ്പം എന്തിന്റെ പേരിലും പരസ്പരം കലഹിക്കുന്ന പ്രസ്ഥാനങ്ങളും ജനകീയ സമരങ്ങള്‍ക്കെതിരെ കൈ കോര്‍ക്കുന്നു. സിംഹവാലന്‍ കുരങ്ങനോ മനുഷ്യനോ മുഖ്യമെന്ന പഴയചോദ്യത്തിന്റെ പുതിയ പതിപ്പുകളാണ് ഇപ്പോഴുമുയരുന്നത്. എന്നാല്‍ എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് സമരങ്ങള്‍ മുന്നേറുമ്പോഴാണ് ചില നേതാക്കള്‍ രംഗത്തു വരുന്നത്. അത്തരത്തില്‍ രംഗത്തു വരുന്നതില്‍ മുന്‍പന്തിയില്‍ വി എസ് അച്യുതാനന്ദനാണ്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ വിഎസിന്റെ ഇടപെടലുകളും ശക്തമാകും. അതിനപ്പുറം ആശയപരമായോ രാഷ്ട്രീയമായോ ഈ വിഷയങ്ങളില്‍ ഒരു നിലപാട് അച്യുതാനന്ദന്‍ മുതല്‍ വിടി ബല്‍റാം വരെയുള്ളവര്‍ക്കില്ല എന്നതാണ് വസ്തുത. ആ കുറവ് നികത്താന്‍ ഇനിയും വൈകിയാല്‍ കേരളത്തിന്റെ നിലനില്‍പ്പുതന്നെയണ് തകരാന്‍ പോകുന്നത്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ചെറുഗ്രൂപ്പുകള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പുറമെ സംസ്ഥാനതലത്തില്‍ പരിസ്ഥിതി കേന്ദ്രവിഷയമായെടുത്ത് പ്രവര്‍ത്തിക്കുന്ന ഏകസംഘടന ശാസ്ത്ര സാഹിത്യ പരിഷത്താണല്ലോ. എന്നാല്‍ പേരുസൂചിപ്പിക്കുന്ന പോലെ മുഖ്യയായും ശാസ്ത്ര സാഹിത്യ പ്രചരണമാണ് പരിഷത്തിന്റെ മുഖ്യപരിപാടി. സിപിഎമ്മിനോടുള്ള വിധേയത്വം പലപ്പോഴും നിലപാടുകളുടെ മലക്കം മറച്ചലില്‍ പരിഷത്തിനെ എത്തിച്ചുകൊണ്ടേയിരുന്നു. എന്നും ജനങ്ങള്‍ക്കു പുറകിലാണ് പരിഷത്ത് ഇഴയുന്നത്. പശ്ചിമഘട്ട വിഷയത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയുടേതില്‍ നിന്ന് വ്യത്യസ്ഥമായ നിലപാട് പ്രഖ്യാപിച്ച പരിഷത്ത് അതില്‍ ഉറച്ചു നില്‍ക്കുമെന്ന് കരുതുക വയ്യ.
ഇത്തരം സാഹചര്യങ്ങളാണ് പല വികസിത രാഷ്ട്രങ്ങൡും ഗ്രീന്‍ പാര്‍ട്ടി ഉടലെടുത്തത്. അവയൊന്നും പരിസ്ഥിതി മൗലിക പാര്‍ട്ടികളല്ല. സാമൂഹ്യനീതി, അടിസ്ഥാനതല ജനാധിപത്യം, അഹിംസ, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് ഈ പാര്‍ട്ടികളുടെ അടിസ്ഥാനലക്ഷ്യങ്ങള്‍. രാഷ്ട്രീയ മേഖലയിലെ സജീവമായ ഇടപെടലില്ലാതെ ഈ ലക്ഷ്യങ്ങള്‍ നേടാനാവില്ല എന്നതാണ് ഈ പാര്‍ട്ടികളുടെ രൂപീകരണത്തിലേക്ക് നയിച്ചത്. അത്തരമൊരു സാഹചര്യം തന്നെയാണ് കേരളത്തിലും ഉടലെടുത്തിരിക്കുന്നത്. അറിവിന്റെ കുത്തകവല്‍ക്കരണത്തിനെതിരെ പൈറേറ്റ് പാര്‍ട്ടിക്ക് രൂപം കൊടുക്കാന്‍ കേരളത്തിലെ ചില സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങി കഴിഞ്ഞു. അതുപോലെതന്നെ 58-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന കേരളം ഗ്രീന്‍ പാര്‍ട്ടിയേയും ആവശ്യപ്പെടുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply