വേണം ദളിത് – ദളിതേതര സംവാദം

വടക്കേടത്ത് പത്മനാഭന്‍ ”ജനിച്ചു വീഴുന്ന ജാതിയും നിറവും ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പല്ല. ജീവിതവും രാഷ്ട്രീയവുമാണ് തെരഞ്ഞെടുപ്പുകള്‍. ഉയര്‍ന്ന ജാതിയുടെയും വെളുത്ത നിറത്തിന്റേയും പ്രിവിലേജുകള്‍ ഇടപെടുന്ന രാഷ്ട്രീയത്തില്‍ എല്ലായ്‌പ്പോഴും ഭാരമാണ്: കിട്ടുന്ന പ്രിവിലേജുകള്‍ കുടഞ്ഞു കളഞ്ഞ് ‘ഡി കാസ്റ്റ്’  ചെയ്യാനും ‘ഡി ക്ലാസ് ചെയ്യാനും നിരന്തരം ശ്രമിക്കുന്നതു കൂടിയാണ് രാഷ്ട്രീയം” അരുന്ധതി ബി എന്ന ആക്ടിവിസ്റ്റ്  പെണ്‍കുട്ടി ഒരു എഫ്.ബി. പോസ്റ്റില്‍ ഇങ്ങനെ എഴുതുന്നു. തന്റെ സവര്‍ണ്ണ സ്വത്വത്തെ അവിശ്വസിക്കുകയും ശത്രുതയോടെ വീക്ഷിക്കുകയും ചെയ്യുന്ന ദളിത് സഖാക്കളോടുള്ള ഒരു […]

dവടക്കേടത്ത് പത്മനാഭന്‍

”ജനിച്ചു വീഴുന്ന ജാതിയും നിറവും ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പല്ല. ജീവിതവും രാഷ്ട്രീയവുമാണ് തെരഞ്ഞെടുപ്പുകള്‍. ഉയര്‍ന്ന ജാതിയുടെയും വെളുത്ത നിറത്തിന്റേയും പ്രിവിലേജുകള്‍ ഇടപെടുന്ന രാഷ്ട്രീയത്തില്‍ എല്ലായ്‌പ്പോഴും ഭാരമാണ്: കിട്ടുന്ന പ്രിവിലേജുകള്‍ കുടഞ്ഞു കളഞ്ഞ് ‘ഡി കാസ്റ്റ്’  ചെയ്യാനും ‘ഡി ക്ലാസ് ചെയ്യാനും നിരന്തരം ശ്രമിക്കുന്നതു കൂടിയാണ് രാഷ്ട്രീയം” അരുന്ധതി ബി എന്ന ആക്ടിവിസ്റ്റ്  പെണ്‍കുട്ടി ഒരു എഫ്.ബി. പോസ്റ്റില്‍ ഇങ്ങനെ എഴുതുന്നു.
തന്റെ സവര്‍ണ്ണ സ്വത്വത്തെ അവിശ്വസിക്കുകയും ശത്രുതയോടെ വീക്ഷിക്കുകയും ചെയ്യുന്ന ദളിത് സഖാക്കളോടുള്ള ഒരു സവര്‍ണ്ണ പെണ്‍കുട്ടിയുടെ പരിദേവനം ഈ വരികളിലുണ്ട്. തന്റെ ദളിത് സഖാക്കള്‍ക്ക് സ്വീകാര്യയാവുന്നതിന് ‘ഡി കാസ്റ്റ്’ ചെയ്യാന്‍ (ജാതി സ്വത്വത്തെ തിരസ്‌കരിക്കാന്‍) തയ്യാറാണെന്നും അത് തന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നുമാണ് അരുന്ധതി പറഞ്ഞു വയ്ക്കുന്നത്. എന്നാല്‍, ഡിക്ലാസ് ചെയ്യുന്നതുപോലെ എളുപ്പമല്ല ഇന്ത്യയില്‍ ഡികാസ്റ്റ് ചെയ്യുക എന്നത്. മതം മാറുക എന്നതിനേക്കാള്‍ ദുഷ്‌കരമാണ് ജാതി മാറുക എന്നത്. ദളിതേതരനായ ഒരാള്‍ക്ക് ദളിത് അനുഭാവിയായിരിക്കുക എന്നതുപോലും ഒരസാധ്യതയാണിവിടെ.
ഇന്ത്യയിലെ ദളിത് സ്വത്വം ഏറ്റവുമധികം വെല്ലുവിളി നേരിടുന്നതും വെല്ലുവിളി ഉയര്‍ത്തുന്നതുമായ സമയമാണിത്. സ്വന്തമായൊരു നേതൃത്വവും പ്രത്യയശാസ്ത്രവും അതിനുണ്ടായിരിക്കുന്നു എന്നതു തന്നെ ദളിതേതര സംരക്ഷകരുടെ ചങ്കിടിപ്പിക്കാന്‍ പോരും. സ്വന്തമായൊരു ചരിത്രവും പൈതൃകവും നിര്‍മ്മാണഘട്ടത്തിലാണ്. എന്നാല്‍ ഇനിയും രൂപപ്പെട്ടിട്ടില്ലാത്ത ഒരു സുപ്രധാന ഘടകമുണ്ട്. ദളിതരും ദളിതേതരും തമ്മിലുള്ള സംവാദത്തിന്റെ തലമാണ്. സജീവമായ ഒരു ജനാധിപത്യ സമൂഹത്തില്‍ വിവിധ ഘടകങ്ങള്‍ തമ്മിലുള്ള തുറന്നതും സത്യസന്ധവുമായ സംവാദ മേഖലകളുടെ രൂപപ്പെടലാണ് പ്രധാനം.  അവയുടെ അഭാവത്തില്‍ ഏതു സ്വത്വ രൂപീകരണവും തീവ്രവാദമായാണ് വായിക്കപ്പെടുക.
കേരളത്തിലെങ്കിലും നവോത്താനകാലഘട്ടത്തില്‍ ശ്രീ നാരായണഗുരുവിന്റെ ശ്രദ്ദേയമായ സംഭാവന ഈ സംവാധം സാധ്യമാക്കി എന്നതാണ്. പിന്നോക്ക ജാതിസ്വത്വത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ അതിനെ അതിവര്‍ത്തിക്കുന്ന സവര്‍ണ്ണനുമായുള്ള സംവാദം സാധ്യമാക്കുന്ന ഒരു വ്യവഹാര തലം രൂപപ്പെടുത്തിയെടുത്തു എന്നതാണ് അതിന്റെ പ്രത്യക്ഷ പ്രതികരണമായിരുന്നു നായര്‍ നമ്പൂതിരി സമുദായങ്ങളില്‍ വളര്‍ന്നു വന്ന പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍. അവയുടെയെല്ലാം മൊത്തത്തിലുള്ള ഫലമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കേരളം സാക്ഷ്യം വഹിച്ച സാമൂഹ്യവിപ്ലവം.
പിന്നോക്ക ജാതികളുടെ വിമോചനത്തിന് ഒരാത്മീയ നേതൃത്വത്തെ കണ്ടെത്തണമെന്ന വിവേകാനന്ദന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡോ. പല്പുവും കൂട്ടരും ശ്രീനാരായണനെ തങ്ങളുടെ നേതാവായി സ്വീകരിക്കുന്നതോടെയാണ് നവോത്ഥാന പ്രക്രിയകള്‍ക്ക് കേരളത്തില്‍ ഒരു കുതിപ്പുണ്ടാകുന്നത്. എന്നാല്‍ പിന്നോക്ക ദളിത് സംവാദതലം രൂപപ്പെടുത്തുന്നില്‍ ഗുരു തീര്‍ത്തും പരാജയപ്പെട്ടു എന്നുവേണം കരുതാന്‍. അതുതന്നെയാണ് താന്‍ നേതൃത്വം കൊടുത്ത എസ്എന്‍ഡിപി യോഗത്തില്‍ നിന്ന് രാജിവെച്ച് പിരിയാന്‍ പ്രേരിപ്പിച്ച ഗുരുവിന്റെ ദുഃഖം
ഒരു രണ്ടാം നവോത്ഥാനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, പ്രഥമപരിഗണനയുണ്ടാവേണ്ടത് ഒരു ദളിത് ദളിതേതര സംവാദതലം രൂപപ്പെടുത്തേണ്ടതിനെ കുറിച്ചാണ്. ദളിത് സ്വത്വം പോലെ ദളിതേതര ജാതി സ്വത്വങ്ങളും ഇന്ത്യയിലിന്ന് യാഥാര്‍ത്ഥ്യമാണ്. ഒരു സമൂഹത്തിന്റെ സ്വത്വത്തിന്റെ ഭാഗമായിരിക്കുന്നിടത്തോളം ജാതിയും മതവും വംശവും ഭാഷയുമൊന്നും നിരോധാനം വഴിയോ അടിച്ചമര്‍ത്തല്‍ വഴിയോ ഇല്ലാതാക്കാനാവില്ല. ഒരാള്‍ക്ക് അയാളായിരുന്നുകൊണ്ടുതന്നെ സമൂഹത്തില്‍ സക്രിയമായും സര്‍ഗ്ഗാത്മകമായും ഇടപെടാനാവില്ലേ? ഒരു സവര്‍ണ്ണന് അയാളുടെ ജാതിസ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ ദളിത് വിമോചനത്തോടൊപ്പം നിലനില്‍ക്കാനാവില്ലേ? ദളിത് വിരുദ്ധ സവര്‍ണ്ണ സ്വത്വത്തിന്റെ മുറിച്ചു മാറ്റാനാവാത്ത അന്തഃസത്ത തന്നെയാണോ? ആണെന്നു സ്ഥാപിക്കാന്‍ മനുസ്മൃതി മുതല്‍ മഹാത്മാഗാന്ധിയെ വരെ ഉദ്ധരിച്ചുകൊണ്ട് ഒരു യുക്തിവാദിക്ക് എളുപ്പം കഴിയും. ഏതൊരു സ്വത്വ നിര്‍മ്മിതിയും വിരുദ്ധതയേക്കാള്‍ സൂക്ഷ്മമായ ഒരു സാംസ്‌കാരിക നിര്‍മ്മിതിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്വത്വങ്ങളുടെ സൂക്ഷ്മമായ ഈ സാംസ്‌കാരിക തലങ്ങളിലാണ് ക്രിയാത്മകമായ സംവാദങ്ങള്‍ക്ക് സാധ്യത കണ്ടെത്താനാവുക.
മുമ്പ് സൂചിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ , ഉല്പനിഷ്ണുവായ ഒരു പെണ്‍കുട്ടിക്ക് തന്റെ സവര്‍ണ്ണസ്വത്വം മൂലം ‘അപ്പോളജറ്റിക്’  ആകേണ്ടി വരുന്ന ദുരവസ്ഥയാണ് പ്രകടമാവുന്നത്. സ്വയം ഡി കാസ്റ്റ് ചെയ്യാനൊരുങ്ങുകയും അതാണ് ശരിയായ രാഷ്ട്രീയമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു അവര്‍. എന്നാല്‍ സ്വത്വത്തെ തള്ളിപ്പറയുന്നതിലൂടെയാണോ ഒരാള്‍ക്ക് ശരിയായ രാഷ്ട്രീയ കണ്ടെത്താനാവക? (ഇ.എംഎസ് അങ്ങനെ അവകാശപ്പെട്ടിരുന്നു എന്നത് മറക്കുന്നില്ല തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദത്തുപുത്രനാവുന്നതില്‍ അഭിമാനിച്ചിരുന്ന അദ്ദേഹം ശരിയായ രാഷ്ട്രീയ കണ്ടെത്തിയിരുന്നുവോ? ഡി ക്ലാസ് ചെയ്യുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമാണ് ഡി കാസ്റ്റ് ചെയ്യുക എന്നത്) ദളിത് സ്വത്വമായാലും സവര്‍ണ്ണ സ്വത്വമായാലും അതിനെ നിരാകരിക്കുക എന്നത് ആത്മഹത്യക്ക് തുല്യമാണ്. ആത്മഹത്യകളും ചാവേറുകളും രാഷ്ട്രീയമായ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അത് ശരിയായ രാഷ്ട്രീയ നിലപാടാണെന്ന് കരുതാമോ? സ്വത്വങ്ങള്‍ സ്വയം റദ്ദു ചെയ്യപ്പെടുകയും മറ്റൊരു തലത്തിലേക്കു വികസിക്കുകയും ചെയ്യുന്നത് ഒരു ജൈവ പ്രക്രിയിലൂടെയാണ്. അതാകട്ടെ, സര്‍ഗ്ഗാത്മക സംവാദത്തിലൂടെ രൂപപ്പെടേണ്ടതുണ്ടതുമാണ്. സ്വത്വങ്ങള്‍ പരസ്പരം വെല്ലുവിളിക്കുമ്പോള്‍ അവയുടെ സാംസ്‌കാരി തലം ഉള്‍വലിയുകയും ദൃഢവും പരുഷവുമായ പുറംതോടുകള്‍ മാത്രമായി തീരുകയും ചെയ്യും. പുറന്തോടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ തീപ്പൊരി ചിതറുകയും ചോര പൊടിയുകയും ചെയ്യുമ്പോള്‍ കാഴ്ചക്കാരുടെ ‘ഹായ് ഹായ്’ വിളികളില്‍ ദളിത് ദളിതേതര സംവാദം മുങ്ങി പൊയ്ക്കൂടാ. നിശ്ശബ്ദവും സംവാദാത്മകവുമായ മുന്‍കയ്യുകളിലൂടെയായിരിക്കും കേരളം ഒരു രണ്ടാം നവോത്ഥാനത്തിന് നാന്ദി കുറിക്കുക.

പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply