വെറുപ്പിന്റെ രാഷ്ട്രിയം

പി സുരേന്ദ്രന്‍ കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ കുറിച്ച് നന്നായറിയാവുന്ന ഒരാളാണ് ഞാന്‍. അവയെ തട്ടിപ്പുകേന്ദ്രങ്ങളായും തീവ്രവാദകേന്ദ്രങ്ങളായും വ്യാഖ്യാനിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. എന്തിനേയും വെറുപ്പിന്റെ കണ്ണടയില്‍ കൂടി മാത്രം കാണുന്ന അവസ്ഥയിലേക്കാണ് നാം മാറുന്നത്. സാങ്കേതികമായി വല്ല ചില പിഴവുകളുടെ പേരിലാണ് മനുഷ്യകടത്ത് എന്ന പദം നാം ഉപയോഗിക്കുന്നത്. അനാഥാലായങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നിലവില്‍വന്ന ചില ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നത് ശരിയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി ആരാണെന്നു ചോദിച്ചാല്‍ അറിയാത്ത ചില ഉത്തരേന്ത്യന്‍ പിന്നോക്ക പ്രദേശങ്ങളില്‍ […]

orphanage-issueപി സുരേന്ദ്രന്‍

കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ കുറിച്ച് നന്നായറിയാവുന്ന ഒരാളാണ് ഞാന്‍. അവയെ തട്ടിപ്പുകേന്ദ്രങ്ങളായും തീവ്രവാദകേന്ദ്രങ്ങളായും വ്യാഖ്യാനിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. എന്തിനേയും വെറുപ്പിന്റെ കണ്ണടയില്‍ കൂടി മാത്രം കാണുന്ന അവസ്ഥയിലേക്കാണ് നാം മാറുന്നത്.
സാങ്കേതികമായി വല്ല ചില പിഴവുകളുടെ പേരിലാണ് മനുഷ്യകടത്ത് എന്ന പദം നാം ഉപയോഗിക്കുന്നത്. അനാഥാലായങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നിലവില്‍വന്ന ചില ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നത് ശരിയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി ആരാണെന്നു ചോദിച്ചാല്‍ അറിയാത്ത ചില ഉത്തരേന്ത്യന്‍ പിന്നോക്ക പ്രദേശങ്ങളില്‍ നിന്നാണ് ഈ കുട്ടികള്‍ വരുന്നതെന്ന് മറക്കരുത്. അവരീ നിയമം അറിയാത്തതില്‍ അദ്ഭുതമെന്ത്? ഇവിടത്തെ അനാഥാലായങ്ങള്‍ക്കും ഇക്കാര്യത്തില്‍ വന്ന വീഴ്ച അന്വേഷിക്കണം, നടപടിയെടുക്കണം. അതിനുമപ്പുറം ഈ വിഷയം ആഘോഷിക്കുന്നത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമല്ലാതെ മറ്റെന്താണ്?
എന്തുകൊണ്ട് അനാഥാലയം നടത്തിപ്പുകാര്‍ ഉത്തേരന്ത്യയിലെ പിന്നോക്ക പ്രദേശങ്ങളില്‍ പോയി അനാഥാലയം തുടങ്ങുന്നില്ല എന്നതാണ് ഒരു പ്രധാന ചോദ്യം. കഴിഞ്ഞ ദിവസം ഒരു അനാഥാലയത്തില്‍ മലയാളമടക്കം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ബീഹാറില്‍ നിന്നുള്ള അസീസ് എന്ന കുട്ടിക്ക് പുരസ്‌കാരം കൊടുക്കാനിടയായി. മലയാളത്തില്‍ അവന്‍ നടത്തിയ മറുപടി പ്രസംഗം ആരേയും വേദനിപ്പിക്കുന്നതായിരുന്നു. തങ്ങളെല്ലാം തിരിച്ചുപോയാല്‍ അവിടെ ബാലവേല ചെയ്തു ജീവിക്കേണ്ടിവരുമെന്നാണ് അവന്‍ പറഞ്ഞത്. ഈ വിവാദം ഹിന്ദു – മുസ്ലിം വിഷയമായി മാറുന്നതില്‍ തങ്ങള്‍ക്കു ഖേദമുണ്ടെന്നു പറഞ്ഞ അവന്‍ ഇവിടെ വന്നതിനാലാണ് തങ്ങള്‍ ലോകം കണ്ടെതെന്നും വിശാലമായി ചിന്തിക്കാന്‍ കഴിവു നേടിയതെന്നും കൂട്ടിചേര്‍ത്തു. ഉമ്മയെ കഴിഞ്ഞാല്‍ ഈ ലോകത്ത് താനേറ്റവും സ്‌നേഹിക്കുന്നത് മീരടീച്ചറെയാണെന്നും അവന്‍ കൂട്ിചേര്‍ത്തു.
ഇവിടത്തെ അനാഥാലയങ്ങളില്‍ മിക്കവയും എത്രയോ കാലമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മികച്ച ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നിലനില്‍ക്കുന്നവയാണ്. അവയടച്ചുപൂട്ടി ഉത്തരേന്ത്യയില്‍ പോയി തുടങ്ങാന്‍ പറയുന്നത് പ്രായോഗികമാണോ? ചണത്തിന്റെ തണ്ടുകൊണ്ടുണ്ടാക്കിയ, പ്രാഥമികമായ ഒരു സൗകര്യങ്ങളുമില്ലാത്തതാണ് തന്റേതടക്കമുള്ള മിക്ക വീടുകളും എന്ന് അസീസ് പറഞ്ഞു. ജാര്‍ഖണ്ഠിലും മറ്റും സര്‍ക്കാരുകള്‍ എത്രയോ പണം വിദ്യാഭ്യാസ മേഖലയിലും മറ്റും ചിലവഴിച്ചെന്നും എല്ലാം സൗജന്യമാണെന്നും പറയുന്നു. എത്രയോ കോടി ചിലവഴിച്ച് അട്ടപ്പാടിയിലേയും വയനാട്ടിലേയും അവസ്ഥ എന്താണ്? ഈ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ അവിടെ പോയി കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഇടക്കുകണ്ട ആസാമീസ് യുവാവ്. ജീവിതത്തില്‍ അയാള്‍ നിസ്‌കരിച്ചിട്ടില്ല. പള്ളിയിലോ മദ്രസയിലോ പോയിട്ടില്ല. ഒരക്ഷരം പഠിച്ചിട്ടില്ല. എന്നിട്ടും ഒരു സുപ്രഭാതത്തില്‍ കലാപഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്ങനേയോ രക്ഷപ്പെട്ട് കേരളത്തിലെത്തി. ഇവിടെ ജോലി ചെയ്ത് ജീവിക്കുന്നു. ലോകത്തെ താന്‍ കണ്ടത് കേരളത്തിലെത്തിയിട്ടാണെന്ന് അവന്‍ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട അവന്‍ തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ല. ഇവിടെ നിന്ന് വിവാഹം കഴിച്ച്, ഇവിടെതന്നെ ജീവിക്കണമെന്ന് അവനാഗ്രഹിക്കുന്നു. പക്ഷെ നാമത് അനുവദിക്കുമോ?
മാതാപിതാക്കളുള്ളവരെയാണ് അനാഥരെന്നു പറഞ്ഞ് യത്തിംഖാനയിലാക്കുന്നതെന്നാണ് മറ്റൊരു വാദം. മുസ്ലിമിന്റെ കാഴ്ചപ്പാടില്‍ മാതാപിതാക്കള്‍ ഇല്ലാത്തതുമാത്രമല്ല അനാഥത്വം. ഭക്ഷണത്തിന്റെ, വസ്ത്രത്തിന്റെ, വിദ്യാഭ്യാസത്തിന്റെയെല്ലാം ഇല്ലായ്മ അവര്‍ക്ക് അനാഥത്വമാണ്. ആ വിശാസമാണ് ഇത്രയധികം അനാഥാലയങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് പ്രചോദനം. സക്കാത്ത് കൊടുക്കുന്നതിന്റെ പിന്നിലും ഈ വിശ്വാസമാണ്. അതു നടക്കട്ടെ. നിയമലംഘനങ്ങള്‍ മാത്രമാണ് തടയപ്പെടേണ്ടത്. സോളാറിനെ സരിതയിലേക്ക് ചുരുക്കിയപോലെ ഈ വിഷയത്തെ നാം മനുഷ്യകടത്താക്കി.
അനാഥാലയ വിഷയവുമായി ബന്ധപ്പെട്ട് എന്റെ മകന്‍ പോലും ഉയര്‍വന്നുവന്ന ആരോപണങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന അഭിപ്രായമാണ് പറഞ്ഞത്. വെറുപ്പിന്റെ മനശാസ്ത്രം എത്ര ശക്തമായാണ് പ്രചരിക്കുന്നതെന്ന് ഞാന്‍ അപ്പോഴാണ് മനസ്സിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു യോഗത്തില്‍ ഞാന്‍ പ്രസംഗിച്ചപ്പോള്‍ ഒരിടതുപക്ഷ നേതാവ് ചോദിച്ചത് എത്ര പണം കിട്ടിയെന്നാണ്. ഏതൊരാള്‍ക്കും സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കുന്നത്. അതേസമയം ഏതു തീവ്രവാദത്തേയും എതിര്‍ക്കണം. ഓരോ തുള്ളി ചോരക്കു ചുറ്റും ഒരുപാട് കണ്ണീരുമുണ്ട്. സമന്വയദര്‍ശനമാണ് നമുക്ക് വേണ്ടത്. ഒപ്പം പാര്‍ശ്വവല്‍കൃതര്‍ക്കൊപ്പം നില്‍ക്കുകയും വേണം. മുസ്ലിം തീവ്രവാദത്തെ എതിര്‍ത്തതിന്റെ പേരില്‍ ഏറെ പീഡനം നേരിട്ടിട്ടുള്ള വ്യക്തി കൂടിയാണ് ഞാന്‍. എന്നിട്ടും സ്‌കൂളില്‍ കെഎസ്ടിഎയും വീട്ടില്‍ നായരും അമ്പലത്തില്‍ ആര്‍എസ്എസുമായ സഹപ്രവര്‍ത്തക പറയുന്നത് ഞാന്‍ മുസ്ലിം പക്ഷപാതിയാണെന്നാണ്. എ്‌ന്റെ ഭാര്യ വിശ്വാസിയാണ്. അവള്‍ക്കായി എന്റെ വീട്ടില്‍ പൂജാമുറിയുണ്ട്. അതേസമയം എന്റെ വീട്ടിലെത്തുന്ന മുസ്ലിം സുഹൃത്തുക്കള്‍ നിസ്‌കരിക്കുന്നത് അതേ മുറിയിലാണ്. കൃഷഅണനെ പൂജിക്കുന്ന എന്റെ ഭാര്യ നോമ്പെടുക്കാറുമുണ്ട്. എന്റഎ അയല്‍പക്കക്കാരന്‍ ഹജ്ജിനുപോകുമ്പോള്‍ പറഞ്ഞത് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്നാണ്. ഞാനത് മകനെ കേള്‍പ്പിച്ചു. ദേവാലയങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നത് അവയുടെ ശില്‍പ്പസൗന്ദര്യത്തെയാണ്. പല ഹിന്ദുദേവാലയങ്ങളും എത്രയോ മനോഹരമാണ്. ബാബറി മസ്ജിദിന്റെ തകര്‍ന്ന ഗോപുരം എനിക്ക് മനോഹരമായ മുല്ലപ്പൂമൊട്ടായിരുന്നു.
തീര്‍ച്ചയായും ആ മുല്ലപ്പൂമൊട്ടിന്റെ തകര്‍ച്ചയും തുടര്‍ന്നുള്ള സംഭവവികാസങ്ങളും മുസ്ലിം ജനവിഭാഗത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. എനിക്ക് ഏറെ വേദനയുണ്ടാക്കിയ ഒരു സംഭവം പറയാം. എ രാമചന്ദ്രനെന്ന ചിത്രകാരന്റെ യയാതി എന്ന ചിത്രപരമ്പര വന്‍ വില കൊടുത്ത് വാങ്ങിയ ഒരു മുസ്ലിം സുഹൃത്തുണ്ടായിരുന്നു. ഒരു മ്യൂസിയമാരംഭിക്കാനായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ ബാബറി മസ്ജിദിന്റെ തകര്‍ച്ച അയാളെ തകര്‍ത്തു. ഇനി തനിക്കതിനു കഴിയില്ല എന്നാണയാള്‍ പറഞ്ഞത്. ബാബറി മസ്ജിദിനു ശേഷം എ്തിനും മുസ്ലിം വിഭാഗങ്ങളെ പ്രതി്കൂട്ടില്‍ നിര്‍ത്തുന്ന രീതി വര്‍ദ്ധിച്ചു. അനാഥാലയവിവാദത്തിലും അതുതന്നെയാണ് സംഭവിച്ചത്. അത് സൃഷ്ടിക്കുന്ന സാഹചര്യം ജനാധിപത്യത്തിനു ഗുണകരമല്ല. അതേസമയം കെഇഎനും മറ്റും പറയുന്ന പോലെ പാലടയിലും കാളനിലും മേല്‍ക്കൂര ചെരിഞ്ഞ വീടുകളിലും സവര്‍ണ്ണരാഷ്ട്രീയം കാണാനും ഞാന്‍ തയ്യാറല്ല.
ഒരു കാര്യം തീര്‍ച്ചയാണ്. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രവാഹം വര്‍ദ്ധിക്കുകയാണ്. ഇനിയവര്‍ ഇവിടെ തന്നെ വീട് വെച്ച് ജീവിക്കാനാരംഭിക്കും. അവരുടെ മക്കള്‍ ഇവിടത്തെ സ്‌കൂളുകളില്‍ പഠിക്കാനാരംഭിക്കും. വളരെ ഗുണകരമായ ഒന്നായാണ് ഞാനീ മാറ്റങ്ങളെ കാണുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ടുനടക്കാത്ത ആര്‍ക്കും അതിനെ കഴിയൂ.

അനാഥവേട്ട, കുറ്റവാളികളാര് എന്ന വിഷയത്തില്‍ സാഹിത്യ അക്കാദമിയില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply