വെങ്കിടി – ആനകളുടെ ഭാഗ്യം

  ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് നിരോധിക്കാന്‍ കേരളത്തിലെ ദേവസ്വങ്ങള്‍ ആലോചിക്കുന്നു. പകരം രഥം ഉപയോഗിക്കാനുള്ള സാധ്യതകളെ കുറിച്ചും ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഏറ്റവും ആഹ്ലാദിച്ചത് ആനവെങ്കിടിയായിരുന്നു – ഒരു പക്ഷെ ആനകളേക്കാള്‍. ആനവെങ്കിടിക്കു ആറുമണി കഴിഞ്ഞാല്‍ തൃശൂര്‍ നഗരത്തിലിറങ്ങാന്‍ ഭയമാണ്. എത്രയും വേഗം വീട്ടിലെത്തി വാതില്‍ അകത്തു നിന്നു കുറ്റിയിടും. വീട്ടില്‍ ആകെയുള്ളത് അമ്മ മാത്രം. പക്ഷെ അതുകൊണ്ടല്ല നേരത്തെ വീട്ടിലെത്തുന്നത്. സ്വന്തം തടി രക്ഷിക്കാന്‍. ഒരിക്കല്‍ തേക്കിന്‍കാട് മൈതാനിയില്‍വെച്ച് രണ്ടെണ്ണം കിട്ടി. എന്താണ് ആനവെങ്കിടി ചെയ്ത […]

venkidi2

 

ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് നിരോധിക്കാന്‍ കേരളത്തിലെ ദേവസ്വങ്ങള്‍ ആലോചിക്കുന്നു. പകരം രഥം ഉപയോഗിക്കാനുള്ള സാധ്യതകളെ കുറിച്ചും ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഏറ്റവും ആഹ്ലാദിച്ചത് ആനവെങ്കിടിയായിരുന്നു – ഒരു പക്ഷെ ആനകളേക്കാള്‍.
ആനവെങ്കിടിക്കു ആറുമണി കഴിഞ്ഞാല്‍ തൃശൂര്‍ നഗരത്തിലിറങ്ങാന്‍ ഭയമാണ്. എത്രയും വേഗം വീട്ടിലെത്തി വാതില്‍ അകത്തു നിന്നു കുറ്റിയിടും. വീട്ടില്‍ ആകെയുള്ളത് അമ്മ മാത്രം. പക്ഷെ അതുകൊണ്ടല്ല നേരത്തെ വീട്ടിലെത്തുന്നത്. സ്വന്തം തടി രക്ഷിക്കാന്‍. ഒരിക്കല്‍ തേക്കിന്‍കാട് മൈതാനിയില്‍വെച്ച് രണ്ടെണ്ണം കിട്ടി. എന്താണ് ആനവെങ്കിടി ചെയ്ത കുറ്റമെന്നാകും? ആനയെ സ്‌നേഹിച്ചുപോയി എന്നത് മാത്രം. സ്‌നേഹിക്കുന്നവര്‍ പീഡിപ്പിക്കപ്പെട്ടാല്‍ തടയാന്‍ ശ്രമിക്കില്ലേ? അതിനു ശ്രമിച്ചു. അതു മാത്രം. ആനയെ കുറിച്ച് ചാനലുകാര്‍ ചര്‍ച്ചക്കു വിളിച്ചാല്‍ പോലും മറ്റാരെയെങ്കിലും വിടും. 49-ാം വയസ്സില്‍ ജീവിതം അവസാനിപ്പിക്കാന്‍ എന്തായാലും ആനവെങ്കിടി എന്നറിയപ്പെടുന്ന വെങ്കിടാചലം തയ്യാറല്ല. ഭയം ആനഭ്രാന്തന്മാര്‍ എന്നു സ്വയം അവകാശപ്പെടുന്നവരെ.
വെങ്കിടാചലം എ.കോം ബിരുദധാരി. അവിവാഹിതന്‍. ആനകള്‍ക്കു വേണ്ടി ജീവിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ സാവകാശം ലഭിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സി.എക്കാര്‍ക്കും എം.ബി.എക്കാര്‍ക്കും ട്യൂഷനെടുത്ത് ജീവിതം. കൊടും ചൂടിലും ചെരുപ്പുപോലും ധരിക്കാതെ കളക്ടറേറ്റിലും മൃഗസംരക്ഷണ ഓഫീസിലും കോടതിയിലും പത്ര ഓഫീസുകളിലും പൂരപറമ്പുകളിലും നടന്നെത്തുന്ന ഇയാള്‍ ആനകളെ കൊണ്ട് ജീവിക്കുന്ന നിരവധി പേരുടെ കണ്ണില്‍ കരട്. അതുകൊണ്ടാണ് മൂന്നുവര്‍ഷം മുമ്പ് പൂരത്തിന് തേക്കിന്‍കാട് മൈതാനിയില്‍ വെച്ച് അടികിട്ടിയത്.
മേളത്തിനും പഞ്ചവാദ്യത്തിനുമൊപ്പം മസ്തകമുയര്‍ത്തി ചെവിയാട്ടുന്ന ഗജവീരന്മാര്‍ താളമേളങ്ങള്‍ ആസ്വദിക്കുകയാണെന്ന് വിശ്വസിക്കുന്നു നമ്മള്‍. എന്നാല്‍ സത്യം എന്തായിരിക്കാമെന്ന് വരച്ചുകാട്ടി ‘സഹ്യന്റെ മകനി’ലൂടെ സാക്ഷാല്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍. ഇന്ന് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ കാലിനടിയില്‍ അല്പം തണുത്ത വെള്ളവും കഴിക്കാന്‍ തണ്ണിമത്തനും കൂടുതല്‍ സമയം നില്ക്കുന്നിടത്ത് ഒരു ചെറിയ പന്തലും ജോലിഭാരത്തില്‍ അല്പം ആശ്വാസവും മദപ്പാടുള്ളപ്പോള്‍ അല്പം വിശ്രമവും സഞ്ചരിക്കാന്‍ ലോ ഫ്‌ളോര്‍ ലോറിയും മൈക്രോചിപ്പും റിഫ്‌ലെക്ടറും ലഭിക്കുന്നു എങ്കില്‍ ഈ ഗജവീരന്മാര്‍ നന്ദി പറയേണ്ടത് ആനവെങ്കിടിയോട്.
1997ല്‍ തൃശൂരില്‍ അടുത്തടുത്ത എട്ടുദിവസത്തില്‍ ഏഴുദിവസവും ഒരാന ഇടയുന്നു. എന്നും മയക്കുവെടിവെച്ച് ആനയെ തളക്കുന്നു. എന്നിട്ടും മനുഷ്യന്റെ ഒരു കൈ അകത്തേക്കു കടക്കത്തക്കവിധം ആനയുടെ കാലിലെ വലിയ വൃണം ചികത്സിക്കാന്‍ ആരും തയ്യാറാകുന്നില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ആന ചെരിയുന്നു. ഈ സംഭവമാണ് വെങ്കിടിയില്‍ ആനപ്രേമം മൊട്ടിടാന്‍ കാരണമായത്. എങ്#ിലും കാര്യമായ പൊതുപ്രവര്‍ത്തനമൊന്നുമില്ലാതെ ഒതുങ്ങികഴിഞ്ഞിരുന്ന വെങ്കിടാചലത്തെ ‘ആനവെങ്കിടി’യാക്കാന്‍ ഒരു വിദേശി വേണ്ടിവന്നു. ബ്രിട്ടീഷുകാരന്‍ ഇയാന്‍ റെഡ്മണ്ട്. 1989മുതല്‍ തൃശൂരില്‍ കൊട്ടിഘോഷിച്ച് ആഘോഷിച്ചിരുന്ന ടൂറിസ്റ്റ് പൂരം കാണാനായിരുന്നു 98ല്‍ ഇദ്ദേഹമെത്തിയത്. യാദൃശ്ചികമായി പരിചയപ്പെട്ട വിദേശിയുമായി ഏറെ സമയം സംസാരിക്കാന്‍ വെങ്കിടിക്കവസരം ലഭിച്ചു. 100 ആനകളെ തേക്കിന്‍കാട് മൈതാനിയിലെ പൊരിവെയിലത്തുനിര്‍ത്തി ടൂറിസം വകുപ്പ് നടത്തിയിരുന്ന ഈ മാമാങ്കത്തിന്റെ തട്ടിപ്പും ക്രൂരതയുമാണ് ഇയാന്‍ റെഡ്മണ്ട് മുഖ്യമായും സംസാരിച്ചത്. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തി അദ്ദേഹമത് പ്രഖ്യാപിക്കുകയും ചെയ്തു. കൂടെ വെങ്കിടിയും ഉണ്ടായിരുന്നു. അടുത്ത വര്‍ഷംമുതല്‍ ടൂറിസ്റ്റ് പൂരം നടത്താന്‍ മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ക്ക് ധൈര്യമുണ്ടായില്ല. ഈ സംഭവത്തോടെയാണ് തന്റെ ജീവിതദൗത്യം എന്തെന്ന് വെങ്കിടി തിരിച്ചറിഞ്ഞത്. പിന്നീടിന്നുവരെ ഇദ്ദേഹം തിരിഞ്ഞുനോക്കിയിട്ടില്ല, വിശ്രമമറിഞ്ഞിട്ടില്ല. വെങ്കിടിയില്‍നിന്ന് ആനവെങ്കിടിയിലേക്കുള്ള വളര്‍ച്ചയായിരുന്നു പിന്നീട് തൃശൂര്‍ കണ്ടത്. വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമുള്ള ആനപ്രേമിസംഘത്തിന്റെ സെക്രട്ടറി. കേരളത്തില്‍ എവിടെ ആനപീഡനമുണ്ടായാലും അവിടെയിവര്‍ ഓടിയെത്തുന്നു. പൂരം സീസണുകളില്‍ ഒരു നിമിഷം പോലും വിശ്രമമില്ലാതെ. പൂരപറമ്പുകളില്‍ നിന്ന് പൂരപറമ്പുകളിലേക്ക് ഒടുക്കത്തെ യാത്ര.
പീഡനങ്ങള്‍ക്കതിരായ പ്രതിഷേധങ്ങള്‍ ആനകളും ശക്തമാക്കാന്‍ തുടങ്ങിയിരുന്നു. ഓരോ വര്‍ഷവും ആനയുടെ കുത്തേറ്റ് ശരാശരി 30 – 40ഓളം പേര്‍ മരണമടഞ്ഞു. ‘ആനച്ചോറ് കൊലച്ചോറ്’ എന്ന പഴമൊഴി അന്വര്‍ത്ഥമാക്കി അവരില്‍ മിക്കവാറും പേര്‍ പാപ്പാന്മാര്‍. ദൃശ്യചാനലുകള്‍ സജീവമായതോടെ ആനകളുടെ പരാക്രമം ലൈവ് ആയും കാണാന്‍ തുടങ്ങി. എറന്നാകുളത്ത് രവിപുരത്ത് ഒരാന പാപ്പാനെ നടുറോഡില്‍ എറിഞ്ഞും ചവിട്ടിയും ആരെയും അടുപ്പിക്കാതെ നടത്തിയ പരാക്രമം മണിക്കൂറുകളോളം മലയാളികള്‍ ലൈവ് കണ്ടു. ഒരു മണിക്കൂര്‍ നീണ്ട മരണപരാക്രമണത്തിനുശേഷമായിരുന്നു പാപ്പാന്‍ മരിച്ചത്. ചേറ്റുവ, ഇരിങ്ങാലക്കുട തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ഇതാവര്‍ത്തിച്ചു. ഈ ദൃശ്യങ്ങള്‍ സാഹസികമായി പകര്‍ത്തി പല ഫോട്ടോഗ്രാഫര്‍മാരും അവാര്‍ഡ് നേടി. ആന മനുഷ്യനെ കൊല്ലുന്ന ഭയാനക ദൃശ്യങ്ങള്‍ സിഡിയിലാക്കി വിറ്റ് പലരും പണമുണ്ടാക്കി. എന്നാല്‍ വെങ്കിടി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചത് ആനകള്‍ക്കുവേണ്ടിയുള്ള തന്റെ നിയമപോരാട്ടത്തിന് സഹായകരമാകുന്ന നിലയില്‍.
കാട്ടുമൃഗമായിട്ടും നാട്ടില്‍ ജീവിക്കുന്നു എന്ന പേരില്‍ നാട്ടാനകളെ വനം വകുപ്പ് കയ്യൊഴിഞ്ഞിരുന്ന കാലമായിരുന്നു അത്. നാട്ടുനിയമങ്ങളുടേയും യാതൊരു വിധ സംരക്ഷണവും അവക്ക് ലഭിച്ചിരുന്നില്ല. കാട്ടില്‍ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ജീവി. ചൂടുകൂടിയാല്‍ മണിക്കൂറുകളോളം കാട്ടരുവികളില്‍ കുളിച്ചുതിമര്‍ക്കുന്ന ജീവി. വൃക്ഷലതാതികളുടെ തണല്‍പറ്റി ഗര്‍വ്വോടെ തലയുയര്‍ത്തി നടക്കുന്ന കാട്ടിലെ രാജാവ്.. അവനെയാണ് മണിക്കൂറുകളോളം പൊരി വെയിലത്ത് അനങ്ങാന്‍ പോലും അനുവദിക്കാതെ നിര്‍ത്തി നാം പൊരിക്കുന്നത്.. ദൈവമാകട്ടെ അവന് നല്കിയത് കറുത്ത ശരീരം. കറുപ്പ് താപവികിരണങ്ങളെ ഒന്നടങ്കം ആഗിരണം ചെയ്യുമെന്ന് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. പോരെങ്കില്‍ ഇത് ആഗോളതാപനത്തിന്റെ കാലവും. മദപ്പാടുപോലും മറച്ചുവെച്ച് ആനകളെ എഴുന്നള്ളിക്കാന്‍ മടിക്കാത്ത ആന ഉടമകളും ഏജന്റുമാരും പാപ്പാന്മാരും. ഏതൊരു ജീവിയുടേയും ശാരീരികാ ആവശ്യമായ ലൈംഗികതപോലും നാമവര്‍ക്കു നിഷേധിക്കുന്നു. വെങ്കിടി കോടതിയില്‍നിന്ന് കോടതിയിലേക്ക് കയറിയിറങ്ങി. പന്ത്രണ്ടുവര്‍ഷത്തിനിടെ നിരവധി അനുകൂലവിധികള്‍. അവ നടപ്പാക്കപ്പെടാതാകുമ്പോള്‍ വീണ്ടും കോടതിയില്‍. ഇന്നും തുടരുന്ന നിയമയുദ്ധം. ഉപ്പോള്‍ വെങ്കിടി ലക്ഷ്യം ഒന്നുകൂടി വിശാലമായിട്ടുണ്ട്. നേരത്തെ ആനകളെ പീഡിപ്പിക്കരുതെന്നേ പറഞ്ഞിരുന്നുള്ളു എങ്കില്‍ ഇപ്പോള്‍ ആനകളെ കാട്ടിലേക്കു തിരിച്ചുവിടാന്‍ കഴിയുമോ എന്ന ചിന്തയിലാണിയാള്‍. ആനയെഴുന്നള്ളിപ്പുകള്‍ നിരോധിക്കണമെന്നും വെങ്കിടി ആവശ്യപ്പെടുന്നു. അതിന്റെ നിയമവശങ്ങളാണ് ഇപ്പോള്‍ പഠിക്കുന്നത്. എളുപ്പമല്ല എന്നറിയാം. ആനസ്‌നേഹിയായ ജയറാം രമേഷിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ഇടക്ക് ആനയുടമ കൂടിയായ ഗണേഷ് കുമാര്‍ സംസ്ഥാന വനം മന്ത്രിയാകുകയും ചെയ്തത് നിരാശക്ക് കാരണമായതായും വെങ്കിടി തുറന്നു പറയുന്നു.
ഇതെല്ലാം പറയുമ്പോള്‍ വെങ്കിടി യുക്തിവാദിയാണെന്നു ആരെങ്കിലും കരുതുമോ? എങ്കില്‍ അല്ല. തികഞ്ഞ ദൈവവിശ്വാസി. മിക്ക ദിവസവും പകല്‍വന്ന് വടക്കുംനാഥനെ തൊഴും. എന്നാല്‍ വിഷ്ണുസംഹിതയില്‍ ഒരിടത്തും പൂരത്തിന് ആനയുടെ അനിവാര്യതയെ കുറിച്ച് പറയുന്നില്ല എന്നാണ് വെങ്കിടിയുടെ വാദം. മറിച്ച് വിഗ്രഹം ആറാട്ടിന് കൊണ്ടുപോകുന്നത് രഥത്തില്‍ വേണം എന്നാണ് പറഞ്ഞിരിക്കുന്നത്. പിന്നീടെപ്പോഴോ ആണ് ആന രംഗത്തുവരുന്നത്. അതാകട്ടെ തൊട്ടുകൂടായ്മയുടെ പേരിലും. വിഗ്രഹം കൊണ്ടുപോകുന്ന നമ്പൂതിരിയെ ആരും തൊടാതിരിക്കാനാണ് ആനപ്പുറത്ത് കയറ്റിയത്. അന്ന് ഒരാന മതിയായിരുന്നു. പിന്നീടാണ് പൂരകമ്മിറ്റിക്കാര്‍ മത്സരിച്ച് ആനകളുടെ എണ്ണം കൂട്ടിയതെന്ന് വെങ്കിടി വാദിക്കുന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആന പീഡനം നടക്കുന്നത് ഗുരുവായൂര്‍ ആനകോട്ടയിലാണെന്നു തുറന്നു പറയാനും ഈ ഭക്തനു മടിയില്ല.
വഴിയില്‍ വെച്ചുകണ്ടാല്‍ എന്താണു വിശേഷം എന്നു ചോദിച്ചു എന്നിരിക്കട്ടെ.. അപ്പോള്‍ വെങ്കിടി ഏതെങ്കിലും പത്മനാഭനെ കുറിച്ചോ കേശവനെ കുറിച്ചോ അര്‍ജുനനെ കുറിച്ചോ പറയാന്‍ തുടങ്ങും. ആനകളുടെ ഭാഗ്യം, ഇതുപോലൊരാള്‍ ഇവിടെ ജനിച്ചത്. കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ നിര്‍ത്താന്‍ ഏറ്റവും എളുപ്പവഴി ആനയെ കാണിച്ചുതരാമെന്നു പറയുന്നതാണല്ലോ.. കൊച്ചുകുഞ്ഞിനെ മുതല്‍ പടുവൃദ്ധനെ വരെ ആവേശത്തിലാക്കുന്ന കരയിലെ ഏറ്റവും വലിയ മൃഗം. എന്നാല്‍ ഈ ആവേശം ആനക്ക് സമ്മാനിക്കുന്നത് ദുരന്തം മാത്രം. അതുകൊണ്ടായിരിക്കാം ഇത്തരത്തില്‍ ആനവെങ്കിടിമാരും ഇവിടെ തന്നെ പിറക്കുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: person | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply