വൃന്ദക്കാവുമോ സിപിഎമ്മിനെ സ്ത്രീപക്ഷമാക്കാന്‍…?

സിപിഎം നേതൃത്വത്തില്‍ നടന്ന വനിതാ പാര്‍ലിമെന്റ് മുന്നോട്ടുവെച്ച വേണം നമുക്കൊരു സത്രീപക്ഷ കേരളം എന്ന മുദ്രാവാക്യം വളരെ പ്രസക്തമാണ്.പോളിറ്റ് വ്യൂറോ അംഗം വൃന്ദാകാരാട്ടാണ് പാര്‍ലിമെന്റിനു നേതൃത്വം നല്‍കിയത്. എന്നാല്‍ പ്രസംഗത്തിനപ്പുറം എന്തെങ്കിലും ചെയ്യാന്‍ വൃന്ദക്കു കഴിയുമോ? സ്വന്തം പാര്‍ട്ടി തന്നെ വൃന്ദയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുമോ..? സിപിഎമ്മിനെ സ്ത്രീപക്ഷമാക്കാന്‍ വൃന്ദക്കാവുമോ…? സാധ്യതയില്ല എന്നാണ് മുന്‍കാലസംഭവങ്ങള്‍ വെളിവാക്കുന്നത്. സ്ത്രീപക്ഷകേരളം എന്ന ആശയം പ്രായോഗികമാകണമെങ്കില്‍ ആദ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടത് സിപിഎം അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുമാണ്. ഒപ്പം ജനപ്രതിനിധി സഭകള്‍, സാമുദായികസംഘടനകള്‍, കുടുംബം, കാര്യാലയങ്ങള്‍, […]

vanitha

സിപിഎം നേതൃത്വത്തില്‍ നടന്ന വനിതാ പാര്‍ലിമെന്റ് മുന്നോട്ടുവെച്ച വേണം നമുക്കൊരു സത്രീപക്ഷ കേരളം എന്ന മുദ്രാവാക്യം വളരെ പ്രസക്തമാണ്.പോളിറ്റ് വ്യൂറോ അംഗം വൃന്ദാകാരാട്ടാണ് പാര്‍ലിമെന്റിനു നേതൃത്വം നല്‍കിയത്. എന്നാല്‍ പ്രസംഗത്തിനപ്പുറം എന്തെങ്കിലും ചെയ്യാന്‍ വൃന്ദക്കു കഴിയുമോ? സ്വന്തം പാര്‍ട്ടി തന്നെ വൃന്ദയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുമോ..? സിപിഎമ്മിനെ സ്ത്രീപക്ഷമാക്കാന്‍ വൃന്ദക്കാവുമോ…? സാധ്യതയില്ല എന്നാണ് മുന്‍കാലസംഭവങ്ങള്‍ വെളിവാക്കുന്നത്.
സ്ത്രീപക്ഷകേരളം എന്ന ആശയം പ്രായോഗികമാകണമെങ്കില്‍ ആദ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടത് സിപിഎം അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുമാണ്. ഒപ്പം ജനപ്രതിനിധി സഭകള്‍, സാമുദായികസംഘടനകള്‍, കുടുംബം, കാര്യാലയങ്ങള്‍, വിദ്യാലയങ്ങള്‍, മാധ്യമങ്ങള്‍, പൊതുയിടങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലേക്കും ഈ സന്ദേശം വ്യാപിപ്പിക്കണം. അതിനായി ഇത്തരമൊരു മുദ്രാവാക്യം മുന്നോട്ടുവെച്ച വൃന്ദയുടെ പാര്‍്ടടി മുന്‍കൈ എടുക്കുമോ എന്നതാണ് ചോദ്യം.
സാധാരണഗതിയില്‍ സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആശയങ്ങള്‍ ഉയര്‍ന്നുവരേണ്ടത് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നാണ്. എന്നാല്‍ സംഭവിക്കുന്നത് അങ്ങനെയല്ല. സിവില്‍ സമൂഹത്തില്‍ നിന്നൊരു വിഭാഗം പുതിയ ആശയങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ് പ്രസ്ഥാനങ്ങള്‍ പതിവ്. അങ്ങനെ എതിര്‍ത്തു തോല്‍പ്പിക്കാനാകില്ല എന്നു ബോധ്യപ്പെടുമ്പോളാണ് അവയെ അനുകൂലിക്കാന്‍ ചില സംഘടനകള്‍ മുന്നോട്ടുവരാറുള്ളത്. പലപ്പോഴും അത് ധൃതരാഷ്ട്രാലിംഗനമാകാറുണ്ട് എന്നതു വേറെ കാര്യം. പരിസ്ഥിതി, ഫെമിനിസം, ലിംഗനീതി, ദളിത് – ആദിവാസി പ്രശ്‌നങ്ങള്‍, ലൈംഗികന്യൂനപക്ഷങ്ങള്‍, ലൈംഗികത്തൊഴിലാളികള്‍, ലൈംഗികത തുടങ്ങിയ സമകാലിക സജീവവിഷയങ്ങളിലെല്ലാം ഈ പ്രവണത പ്രകടമാണ്. അല്‍പ്പകാലം മുമ്പുവരെ ഇത്തരം എതിര്‍പ്പുകളുടെ മുന്‍നിരയില്‍ സിപിഎം ആയിരുന്നെങ്കില്‍ ഇപ്പോള്‍ അതേറ്റെടുത്തിരിക്കുന്നത് മുഖ്യമായും ബിജെപിയും മറ്റു സാമുദായികാടിസ്ഥാനത്തിലുള്ള സംഘടനകളുമാണ്. ഈ സാഹചര്യത്തില്‍ സിപിഎമ്മില്‍ നിന്ന് ഇത്തരമൊരു മുന്‍കൈ ഉണ്ടായത് നന്നായി. പക്ഷെ സൂചിപ്പിച്ച പോലെ ധൃതരാഷ്ട്രാലിംഗനം എന്ന ആശങ്ക സ്വാഭാവികമാണെന്നുമാത്രം. കൂടാതെ വിഷയത്തെ വെറും കക്ഷിരാഷ്ട്രീയപ്രശ്‌നമായും വോട്ടുരാഷ്ട്രീയപ്രശ്‌നായും മാറ്റുമെന്ന ആശങ്കയും. അതിനെ ശരിയായ വഴിക്കു നയിക്കാന്‍ വൃന്ദക്കാവുമോ?
ബദല്‍ സ്ത്രീവികസനത്തിന്റെ പാതകളില്‍ കരുത്തോടെ മുന്നേറാറാണ് വനിതാ പാര്‍ലിമെന്റ് ആഹ്വാനം ചെയ്തത്. എന്നാല്‍ പതിവുപോലെ സത്രീവിരോധത്തിന്റെ മുഖമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറിയെന്ന് പറഞ്ഞ് സാക്ഷാല്‍ വൃന്ദ കാരാട്ട് തന്നെ സമ്മേളനത്തിന്റെ ഗൗരവം ചോര്‍ത്തുകയായിരുന്നു. അതേസമയം രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങളിലടക്കം ശക്തമായ സാന്നിധ്യമാകും വിധം സ്ത്രി ശക്തി ഉയരണമെന്നും വൃന്ദ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിലടക്കം ശക്തമായ സാന്നിധ്യമായിരുന്ന സ്ത്രീകള്‍ രാഷ്ട്രീയത്തിലടക്കം അരികുവല്‍ക്കരിക്കപ്പെടുകയാണ്. രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന വേദിയില്‍ മിക്കപ്പോഴും സ്ത്രീകള്‍ അദൃശ്യരാണ്. പാര്‍ലമെന്റില്‍ മൂന്നില്‍ ഒന്ന് വനിതാ സംവരണമാക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
പാര്‍ലിമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സംവരണം വേണമെന്ന വൃന്ദയുടെ നിലപാടിന്റെ സത്യസന്ധത ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇന്ത്യയിലെ മറ്റെല്ലാ പാര്‍ട്ടികളേയും പോലും സിപിഎമ്മും അതംഗീകരിക്കുന്നില്ല എന്ന് പകല്‍ പോലെ വ്യക്തമല്ലേ?. അല്ലെങ്കില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തങ്ങള്‍ മത്സരിക്കുന്ന സീറ്റുകളില്‍ മൂന്നില്‍ ഒന്നില്‍ വനിതകളെ മത്സരിപ്പിക്കാമല്ലോ. പാര്‍ട്ടിക്കകത്തെ പ്രധാന സ്ഥാനങ്ങളില്‍ സ്ത്രീകളെ തെരഞ്ഞെടുക്കാമല്ലോ. അതൊന്നും സംഭവിക്കുന്നില്ലല്ലോ. സത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ കാര്യമില്ലെന്നു പറയുന്നവരും മൂന്നിലൊന്നു സംവരണം വേണമെന്നു പറയുന്നവരും തമ്മില്‍ പ്രവര്‍ത്തിയില്‍ കാര്യമായ അന്തരമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലത്ത് ഏറ്റവും ശക്തമായ പ്രതിരോധം ഉയര്‍ന്നത് സിപിഎമ്മില്‍ നിന്നായിരുന്നു. അത്തരമൊരു പ്രസ്ഥാനം വര്‍ഗ്ഗസമരത്തെ തകര്‍ക്കും, ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കും, ബൂര്‍ഷ്വാ – അരാജക സ്ത്രീ സ്വാതന്ത്ര്യവാദത്തെ പ്രചരിപ്പിക്കും എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍ എന്നത് വൃന്ദ കാരാട്ട് ഓര്‍ക്കുന്നുണ്ടാകും. ഇപ്പോഴാകട്ടെ സദാചാരപോലീസ് ചമയുന്ന വര്‍ഗ്ഗീയ സംഘടനകള്‍ക്കെതിരെ രംഗത്തിറങ്ങുമ്പോഴും അവരുടെ നിലപാടുകളില്‍ നിന്ന് ഏറെ അകലെയൊന്നുമല്ല സിപിഎം എന്നതു വ്യക്തം. ചെങ്ങറ സമരത്തെ പിന്തുണച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന രാത്രിസമരത്തിനെതിരെ രംഗത്തുവന്നതും തൃശൂരില്‍ ലാലൂര്‍ മലിനീകരണ വിരുദ്ധസമരത്തില്‍ പങ്കെടുക്കാനെത്തിയ ലൈംരികത്തൊഴിലാളികളെ ആട്ടിയോടിച്ചതും ചുംബനസമരത്തെ രൂക്ഷമായി വിമര്‍ശിച്ചതുമെല്ലാം അടുത്ത കാലത്തുതന്നെയാണ്. തങ്ങളുടെ കോട്ടകളായ കോളേജുകളില്‍ സദാചാരപോലീസ് ചമയുന്നത് എസ് എഫ് ഐ തന്നെയാണ്. വര്‍ഗ്ഗീയസംഘടനകളുമായി താരതമ്യം ചെയ്ത് ഭേദമാണെന്നു പറഞ്ഞാശ്വസിക്കാവുന്ന ഒന്നല്ല ഇതൊന്നും. അവിടെ ഏത്രത്തോളം ഇടപെടാന്‍ വൃന്ദക്കു കഴിയും എന്നതാണ് പ്രസക്തം. മുത്തങ്ങസമരത്തിനുശേഷം ആദിവാസി ക്ഷേമസമിതിയും ചങ്ങറ സമരത്തിനുശേഷം പട്ടിക ജാതി ക്ഷേമ സമിതിയും ഉണ്ടാക്കിയപോലെ സ്ത്രീകള്‍ക്കിടിയല്‍ മറ്റൊരു പോഷകസംഘടനയാണ് ലക്ഷ്യമെങ്കില്‍ അതു വിപരീതഫലമാണുണ്ടാക്കുക. സ്ത്രീ – ജാതി വിഷയങ്ങള്‍ വര്‍ഗ്ഗനിര്‍വ്വചനത്തില്‍ ഒതുങ്ങാത്തവയാണെന്നും അവക്കുള്ളത് വര്‍ഗ്ഗേതരതലമാണെന്നും അംഗീകരിക്കാത്തിടത്തോളം സ്വയം മാറാന്‍ വൃന്ദക്കോ പാര്‍്ട്ടിക്കോ കഴിയില്ല. അതല്ല, ആത്മാര്‍ത്ഥമായാണ് വൃന്ദയിതെല്ലാം പറയുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകള്‍ സമരം നടത്തുന്ന ചിത്രലേഖയെ പിന്തുണക്കുകയാണ്.
സമാനമാണ് വ്യത്യസ്ത ലിംഗപദവി ഉള്ളവരുടെയും ഭിന്ന ലൈംഗികതക്ക പ്പുറമുള്ള സ്വവര്‍ഗ്ഗാനുരാഗികളുടെയും പ്രശ്‌നങ്ങളില്‍ ഇടപെടാനും അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കെപ്പടാനും നിലപാടെടുത്ത എ.കെ.ജി പഠന ഗവേഷണ കേന്ദ്രം നടത്തുന്ന നാലാം കേരള പഠന കോണ്‍ഗ്രസ് നിലപാട്. കേരള സമൂഹത്തില്‍ ഒരു മേഖലയിലും അംഗീകാരം കിട്ടാത്തവരും ആട്ടി യോടിക്കപ്പെടുന്നവരുമാണിവര്‍. മനുഷ്യര്‍ എന്നനിലയില്‍ ലഭിക്കുന്ന അവകാശങ്ങളും അധികാരങ്ങളും ഇവര്‍ക്കൊരോരുത്തര്‍ക്കും ഉറപ്പാക്കേുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നു കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട് രേഖയില്‍ പറയുന്നു.
ജീവിക്കാനായി ഇവരില്‍ ഏറെപേരും കേരളം വിട്ടോടേണ്ട സാഹചര്യമാണെന്ന് രേഖ പറയുമ്പോള്‍ അതില്‍ തങ്ങളടക്കമുള്ളവരുടെ ഉത്തരവാദിത്തവും പരിശോധിക്കണം. കാരണം കേരളം പ്രബുദ്ധമാണെന്നാണല്ലോ അവകാശവാദം. കര്‍ണ്ണാടകത്തിലും തമിഴ് നാട്ടിലും മഹാരാഷ്ട്രയിലും ആന്ധ്രയിലുമെല്ലാം ഇവര്‍ക്കു ലഭിക്കുന്ന അവകാശങ്ങള്‍ പോലും കേരളത്തില്‍ ലഭ്യമല്ല. 2015 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമം ഇവര്‍ക്ക് തുല്ല്യ അവകാശവും ക്ഷേമവും ഉറപ്പു നല്‍കുന്നു എങ്കിലും സാമൂഹ്യസമ്മിതി ഇനിയും ഇവരുടെ അവകാശങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇപ്പോഴിതാ ഒരു സമീപനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎമ്മും ഈ നിലപാടെടുക്കുന്നു. തീര്‍ച്ചയായും അത് ഗുണം ചെയ്യുംമെന്നുറപ്പ്. അപ്പോഴും ലൈംഗികപദവിയുടെ പേരില്‍ വിവേചനമനുഭവിക്കുന്ന സ്ത്രീകളുടെ പ്രതിനിധിയായ വൃന്ദക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. അത് നിര്‍വ്വഹിക്കാന്‍ അവര്‍ക്കാകുമെന്ന് കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “വൃന്ദക്കാവുമോ സിപിഎമ്മിനെ സ്ത്രീപക്ഷമാക്കാന്‍…?

  1. ഈ മൂനില്‍ ഒന്ന് സ്ത്രീ പ്രാധിനിത്യത്തിനു സബ് കോട്ട വേണ്ടേ?

Leave a Reply