വീണ്ടും വനിതാബില്‍…!!!

ചെറിയ ഇടവേളക്കുശേഷം വനിതാ സംവരണ ബില്‍ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. ബില്‍ വീണ്ടും കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് കോണ്‍ഗ്രസ് പിന്തുണ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ദിവസം കത്തയച്ചു. ബില്‍ 2010 മാര്‍ച്ച് ഒമ്പതിന് രാജ്യസഭ പാസാക്കിയിരുന്നുവെന്ന കാര്യം സോണിയ കത്തില്‍ ഓര്‍മ്മിപ്പിച്ച സോണിയ എന്നാല്‍ പിന്നീട് പലകാരണങ്ങള്‍മൂലം നീക്കം അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടികാട്ടി. ലോക്‌സഭയില്‍ സര്‍ക്കാരിനുള്ള ഭൂരിപക്ഷം പ്രയോജനപ്പെടുത്തി വനിതാ സംവരണ ബില്‍ പാസാക്കണമെന്ന് സോണിയ കത്തില്‍ അഭ്യര്‍ഥിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന […]

www

ചെറിയ ഇടവേളക്കുശേഷം വനിതാ സംവരണ ബില്‍ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. ബില്‍ വീണ്ടും കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് കോണ്‍ഗ്രസ് പിന്തുണ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ദിവസം കത്തയച്ചു. ബില്‍ 2010 മാര്‍ച്ച് ഒമ്പതിന് രാജ്യസഭ പാസാക്കിയിരുന്നുവെന്ന കാര്യം സോണിയ കത്തില്‍ ഓര്‍മ്മിപ്പിച്ച സോണിയ എന്നാല്‍ പിന്നീട് പലകാരണങ്ങള്‍മൂലം നീക്കം അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടികാട്ടി. ലോക്‌സഭയില്‍ സര്‍ക്കാരിനുള്ള ഭൂരിപക്ഷം പ്രയോജനപ്പെടുത്തി വനിതാ സംവരണ ബില്‍ പാസാക്കണമെന്ന് സോണിയ കത്തില്‍ അഭ്യര്‍ഥിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തെ കോണ്‍ഗ്രസ് എക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നും തുടര്‍ന്നും പിന്തുണയുണ്ടാവുമെന്നും കത്തില്‍ സോണിയ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയും മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുംആയിരുന്നു എന്നും
1989 ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനുള്ള നീക്കം തടസപ്പെടുത്തിയെങ്കിലും 1993 ല്‍ ഭരണഘടനാ ഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയെന്നും സോണിയാഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുത്തലാഖ് നിരോധനം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന, സ്ത്രീകള്‍ക്കായി സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കല്‍, റേഷന്‍ സബ്സിഡി ഉള്‍പ്പെടെ സ്ത്രീകളുടെ അക്കൗണ്ടിലെത്തിക്കല്‍ തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയായാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വനിതാ സംവരണ ബില്‍ വീണ്ടും കൊണ്ടുവരാന്‍ കേന്ദ്രം നീക്കമാരംഭിച്ചിരിക്കുന്നത്. ദശകങ്ങളായി പാര്‍ലിമെന്റ് പാസ്സാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ചരിത്രമാണ് ഈ ബില്ലിനുള്ളത്. മുലായംസിംഗും ലല്ലുപ്രസാദ് യാദവും മായാവതിയുമൊക്കെ ചേര്‍ന്നാണ് ബില്ലിനെ തുരങ്കം വെക്കുന്നതെന്നാണ് പൊതുവിലുള്ള പ്രചരണം. കോണ്‍ഗ്രസ്സും ബിജെപിയും സിപിഎമ്മുമൊക്കെ ബില്ലിനായി കൈകോര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുഷ്മാസ്വരാജും സോണിയാഗാന്ധിയും വൃന്ദാകാരാട്ടും കൈകോര്‍ത്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെടകയും ചെയ്തിരുന്നു.
സത്യത്തില്‍ ബില്‍ പാസ്സാക്കാന്‍ കഴിയാത്തതിനു പറയപ്പെടുന്ന കാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നു കാണാം. ശക്തമായ തീരുമാനമെടുത്താല്‍ എന്തുവില കൊടുത്തും ബലം പ്രയോഗിച്ചും ബില്ലുകള്‍ പാസ്സാക്കിയ ചരിത്രമാണ് നമ്മുടെ ജനപ്രതിനിധി സഭകള്‍ക്കുള്ളത്. എന്നിട്ടാണ് കോണ്‍ഗ്രസ്സും ബിജെപിയുമടക്കം മിക്കവാറും പാര്‍ട്ടികളെല്ലാം പിന്തുണക്കുന്ന ബില്‍ പാസ്സാക്കാന്‍ കഴിയാതിരുന്നത്. !! യാഥാര്‍ത്ഥ്യം അതല്ല. ബില്‍ പാസ്സാക്കണമെന്നു പറയുന്നവര്‍ക്കും അതില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷെ സോണിയാഗാന്ധിക്കും സുഷ്മസ്വരാജിനും വൃന്ദാകാരാട്ടിനും ഉണ്ടായിരിക്കാം. എന്നാല്‍ ഇവരുടെ പാര്‍ട്ടിയിലെ പുരുഷ നേതാക്കള്‍ക്ക് ബില്ലിനോട് താല്‍പ്പര്യമുണ്ടായിരുന്നില്ല എന്നതുതന്നെ യഥാര്‍ത്ഥ കാരണം. അതുമറിച്ചുവെക്കാന്‍ കുറ്റം മുലായത്തിന്റേയും മറ്റും തലയില്‍ കെട്ടിവെക്കുന്നു എന്നുമാത്രം.
അതേസമയം ബില്ലിനെ തുറന്നെതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന വിഷയം ഇന്ത്യനവസ്ഥയില്‍ വളരെ പ്രസക്തമാണ്. സംവരണത്തിനുള്ളിലെ സംവരണം എന്ന അവരുടെ ആവശ്യത്തോട് എന്തുകൊണ്ട് ഇത്രയും വര്‍ഷമായി ബില്ലിന്റെ ശക്തരായ വക്താക്കള്‍ മുഖം തിരിക്കുന്നു? ഇക്കാര്യം കൂടി ബില്ലില്‍ എഴുതി ചേര്‍ത്താല്‍ വനിതാ സംവരണ സീറ്റുകളുടെ എണ്ണം കുറയില്ല. മറിച്ച് അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ പട്ടിക ജാതി – പട്ടികവര്‍ഗ – പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും. അതാണ് യഥാര്‍ത്ഥ പ്രശ്നം. ഇന്നത്തെ അവസ്ഥയില്‍ ബില്‍ പാസ്സായാല്‍ പാര്‍ലിമെന്റിലെത്തുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും സവര്‍ണ്ണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ. ലിംഗവിവേചനത്തിനുള്ളിലും ജാതിവിവേചനം ശക്തമാണെന്ന വസ്തുത മൂടിവെക്കാനാണ് ബില്ലിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്.
വനിതാസംവരണ സീറ്റുകള്‍ നിശ്ചയിക്കുമ്പോള്‍ അതില്‍ പട്ടികജാതി – വര്‍ഗ്ഗ സംവരണ സീറ്റുകളും ഉണ്ടാകാമെന്നാണ് ഇതിനു ബില്ലിനെ പിന്തുണക്കുന്നവര്‍ പറയുന്ന മറുപടി. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അങ്ങനെ വരുന്നത് പക്ഷെ അവകാശമാകില്ലല്ലോ. അവകാശമായാണ് ഇക്കാര്യം അംഗീകരിക്കപ്പെടേണ്ടത്. ജനറല്‍ സീറ്റുകളില്‍ ദളിതരെ മത്സരിപ്പിക്കാത്തപോലെ, സ്ത്രീസംവരണ സീറ്റില്‍ ഒരു പാര്‍ട്ടിയും ദളിത് സ്ത്രീയെ മത്സരിപ്പിക്കുമെന്ന് പ്രതീക്ഷിക്കവയ്യ. ബില്ലനുകൂലികളെന്നു പറയുന്നവരുടെ കാപട്യം വ്യക്തമാക്കാന്‍ ഒറ്റകാര്യം മാത്രം പരിശോധിച്ചാല്‍ മതി. ബില്‍ പാര്‍ലിമെന്റിലെത്തിയശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ എത്ര സ്ത്രീകള്‍ക്ക് സീറ്റുകൊടുത്തു എന്നതാണത്. ഈ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ മൂന്നിലൊന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത്തരമൊരു ബില്‍പോലും ആവശ്യമില്ലല്ലോ. കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിച്ചത് എട്ടുശതമാനം സീറ്റുകളിലാണ്. ബിജെപിയും കോണ്‍ഗ്രസ്സുമടക്കമുള്ള പാര്‍ട്ടികളുടെ ഇക്കാര്യത്തിലെ ആത്മാര്‍ത്ഥത ഇതില്‍ നിന്ന് വ്യക്തമാണല്ലോ. അധികാരത്തില സ്ത്രീപ്രാതിനിധ്യത്തില്‍ മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനും മുതലാളിത്ത രാഷ്ട്രമായ അമേരിക്കയും കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയും ഏറെ മുന്നിലാമെന്നു കൂടി ഓര്‍ക്കുക.
ലിംഗവിവേചനത്തിനും ജാതിവിവേചനത്തിനും സമാനതകള്‍ ഏറെയുണ്ട്. വര്‍ഗ്ഗ – ജാതി പരിഗണനകളില്ലാതെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങള്‍ നിരവധിയുണ്ടെന്നത് ശരി. അതേസമയം ദളിത് സ്ത്രീകളാണ് ഇന്ത്യനവസ്ഥയില്‍ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ജാതീയവും വര്‍ഗ്ഗപരവും ലിംഗപരവുമായ ചൂഷണം അവര്‍ നേരിടുന്നു. അതിനാല്‍ തന്നെ അവരെയായിരിക്കണം നാം പ്രാഥമികമായി അഭിസംബോധന ചെയ്യേണ്ടത്. ആ അര്‍ത്ഥത്തില്‍ ജാതിസംവരണമുള്‍പ്പെടുത്തി വനിതാസംവരണ ബില്‍ പാസ്സാക്കുകയാണ് വേണ്ടത്. സത്യത്തില്‍ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളിലും സംവരണം അനിവാര്യമാണ്. അതിനുകൂടിയാണ് ജനാധിപത്യവിശ്വാസികള്‍ ശബ്ദമുയര്‍ത്തേണ്ടത്.
അതേസമയം ചര്‍ച്ച ചെയ്യേണ്ടതായ മറ്റൊരാവശ്യം കേരളത്തിലെ ചില ദളിത് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. ഒരു കാലത്ത് അംബേദ്കര്‍ ഉന്നയിക്കുകയും എന്നാല്‍ ഗാന്ധിയുടെ നിലപാടിനെ തുടര്‍ന്ന് പൂനാ പാക്ടിലൂടെ തള്ളിക്കളയുകയും ചെയ്ത പ്രതേക നിയോജകമണ്ഡലമെന്ന ആവശ്യമാണത്. ദലിതര്‍, ആദിവാസികള്‍, മത-വംശീയ ന്യൂന പക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയ പാര്‍ശ്വവല്‍കൃതര്‍ക്കെല്ലാം പ്രത്യേക നിയോജകമണ്ഡലങ്ങള്‍ എന്ന ആവശ്യവും തീര്‍ച്ചയായും പരിഗണിക്കപ്പെടണം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply