വിബ്ജിയോര്‍ പ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണി തുടരുന്നു

10 വര്‍ഷമായി തൃശൂരില്‍ നടക്കുന്ന മഴവില്‍ ചലചിത്രമേള പ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാറിന്റെ ഭീഷണി തുടരുന്നു. കോടതിവളപ്പില്‍ വെച്ച് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി എന്ന വാര്‍ത്ത ബിജെപി നേതാക്കള്‍ നിഷേധിക്കുമ്പോഴും നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. സത്യസന്ധമായി സാക്ഷി നല്‍കിയതിന്റെ പേരിലായിരുന്നു ബിജെപി നേതാക്കളായ അഡ്വ.ബി.ഗോപാലകൃഷ്ണനും അഡ്വ.രവികുമാര്‍ ഉപ്പത്തും തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് വിബ്ജിയോര്‍ ഫിലിം കളക്ടീവിന്റെ മുന്‍ സെക്രട്ടറി ശരത് ചേലൂര്‍ പറയുന്നു. വിബ്ജിയോര്‍ ഫിലിം കളക്ടീവ് നല്‍കിയ പരാതിയിന്‍മേല്‍ നടക്കുന്ന കോടതി നടപടികളില്‍ (CASE NUMBER CC 363/2014 CJM) […]

vibgyorprotest

10 വര്‍ഷമായി തൃശൂരില്‍ നടക്കുന്ന മഴവില്‍ ചലചിത്രമേള പ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാറിന്റെ ഭീഷണി തുടരുന്നു. കോടതിവളപ്പില്‍ വെച്ച് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി എന്ന വാര്‍ത്ത ബിജെപി നേതാക്കള്‍ നിഷേധിക്കുമ്പോഴും നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.
സത്യസന്ധമായി സാക്ഷി നല്‍കിയതിന്റെ പേരിലായിരുന്നു ബിജെപി നേതാക്കളായ അഡ്വ.ബി.ഗോപാലകൃഷ്ണനും അഡ്വ.രവികുമാര്‍ ഉപ്പത്തും തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് വിബ്ജിയോര്‍ ഫിലിം കളക്ടീവിന്റെ മുന്‍ സെക്രട്ടറി ശരത് ചേലൂര്‍ പറയുന്നു. വിബ്ജിയോര്‍ ഫിലിം കളക്ടീവ് നല്‍കിയ പരാതിയിന്‍മേല്‍ നടക്കുന്ന കോടതി നടപടികളില്‍ (CASE NUMBER CC 363/2014 CJM) സാക്ഷിപറയാന്‍ എത്തിയതായിരുന്നു ശരത്തും കവി അന്‍വര്‍ അലിയും. 2014 ലെ 9-ാം ഫിലിം ഫെസ്റ്റിവലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാശ്മീരി സംവിധായകനായ ബിലാല്‍.എ.ജാനിന്റെ ഓഷ്യന്‍ ഓഫ് ടിയേഴ്‌സ് എന്ന 27 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് ബിജെപി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെല്ലുവിളിക്കുകയും പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ വേദി ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രേക്ഷകരെല്ലാം ഒറ്റക്കെട്ടായി അതിനെതിരെ അണിനിരന്നിരുന്നു. അന്നത്തെ സംഭവത്തിന്റെ സാക്ഷി വിസ്താരത്തിനു ശേഷമായിരുന്നു ഭീഷണി. ഇരുവിഭാഗം വക്കീല്‍മാരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി പുറത്തിറങ്ങിയ തങ്ങളെ അഡ്വ.ഗോപാലകൃഷ്ണനും അഡ്വ.രവികുമാര്‍ ഉപ്പത്തും – നീ ഇതിന് പശ്ചാത്തപിക്കേണ്ടി വരും, നിനക്കുള്ള പണി വച്ചിട്ടുണ്ട്, പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്‌തോളാം..തുടങ്ങിയ ഭീഷണികളുമായി സമീപിക്കുകയായിരുന്നു. എന്ന് ശരത് പറയുന്നു. കോടതി വരാന്തയില്‍ വച്ചാണ് സംഭവം
കാശ്മീരിലെ കുപവാറ ജില്ലയില്‍ 1991 ല്‍ നടന്ന സംഭവമാണ് ഓഷ്യന്‍ ഓഫ് ടിയേഴ്‌സ് എന്ന സിനിമ. ഒരു ബറ്റാലിയന്‍ ഇന്ത്യന്‍ പട്ടാളം ഗ്രാമീണരുടെ വീടുകളില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ ബലാത്സംഗം ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം വരെ നല്‍കിയതാണ്. സ്ത്രീകള്‍ക്കു നേരേയുള്ള ലൈംഗീകാതിക്രമങ്ങള്‍ സാധാരണ സാമൂഹിക ജീവിതത്തില്‍ നിന്നും അവരെ എത്ര ഒറ്റപ്പെട്ടവരാക്കി മാറ്റിനിര്‍ത്തുന്നുവെന്ന് വെളിപ്പെടുത്താനാണ് സംവിധായകന്‍ സിനിമയിലൂടെ ശ്രമിക്കുന്നത്. ആ വര്‍ഷത്തെ വിബ്ജിയോര്‍ മേളയുടെ വിഷയവും ലിംഗനീതി എന്നതായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പബ്ലിക് സര്‍വ്വീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റ് ആണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. അടൂര്‍ ഗോപാലകൃഷ്ണന്‍, മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍ തുടങ്ങിയ പ്രഗത്ഭരായ ചലച്ചിത്രകാരന്‍മാര്‍ പി.എസ്.ബി.ടി യുടെ ട്രസ്റ്റ് മെമ്പര്‍മാരാണ്. പക്ഷേ, ബിജെപിക്കാര്‍ ഇതിനെ വ്യാഖ്യാനിച്ചത് പാക്കിസ്ഥാന്റെ കാശ് വാങ്ങി ഇന്ത്യയ്‌ക്കെതിരേ നിര്‍മ്മിച്ച സിനിമയെന്നാണ്. സിനിമ ഒരു വട്ടം പോലും കാണാത്തവരാണ് സിനിമയുടെ പ്രദര്‍ശനം അലങ്കോലപ്പെടുത്തിയും ഓഫീസും ഉപകരണങ്ങളും അടിച്ചു തകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും വിബ്ജിയോര്‍ മേളയുടെ സജീവപ്രവര്‍ത്തകനായ മുന്‍ എം എല്‍ എ രാജാജി മാത്യു തോമസ് പറയുന്നു.
സിനിമ പൊതുപ്രദര്‍ശനത്തിന് യോഗ്യമാണോ എന്ന് തീരുമാനിക്കുന്ന ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള സിനിമയോട് വിയോജിപ്പുള്ളവര്‍ക്ക് അത് കാണാതിരിക്കാം. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാം. നിയമപരമായി എതിര്‍ക്കാം. എന്നാല്‍ സാംസ്‌കാരിക ഫാസിസം കൂടുതല്‍ അക്രമാസക്തതയിലേക്കും അസഹിഷ്ണുതയിലേക്കും വളര്‍ന്നിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണ് ബിജെപി നടത്തിയ ഗുണ്ടായിസമെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയ രാജാജിയും കൂട്ടരും ചൂണ്ടികാട്ടി.
വിബ്ജിയോര്‍ ഫിലിം കളക്ടീവ് ഡിജിറ്റല്‍ ആക്ടിവിസത്തിന് സംവദിക്കാനുള്ള ജനാധിപത്യപരമായ ഇടം നല്‍കുന്ന ഒരു ചലച്ചിത്ര മേളയാണ്. നിയമാനുസൃതമായ എല്ലാ അംഗീകാരങ്ങളോടും കൂടിയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി വിബ്ജിയോര്‍ നടത്തുന്നത്. സാമൂഹിക പ്രതിബദ്ധതയോടെ നിര്‍മ്മിക്കപ്പെടുന്ന, അനീതിക്കും അസമത്വങ്ങള്‍ക്കും എതിരെ പ്രതികരിക്കുന്ന ചെറു ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, വീഡിയോ ഗാനങ്ങള്‍ എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply